എന്തേ പൊലീസ് ഇങ്ങനെ?
text_fieldsകാക്കിയിട്ട ചുരുക്കം ചിലരുടെ തേർവാഴ്ചമൂലം സമൂഹത്തിൽ നിരന്തരം അപഹാസ്യരാവുകയാണ് കേരള പൊലീസ്. ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ നീതിയുടെ കാവൽക്കാരെത്തന്നെ വധശിക്ഷക്ക് വിധിച്ച് ജഡ്ജി വിധിന്യായത്തിൽ ആവശ്യപ്പെട്ടത്, നിർത്തൂ ഇൗ മൃഗീയ വിനോദം എന്നാണ്. പൊലീസിെൻറ കിരാതത്വം ഇൗ രീതിയിൽ തുറന്നു കാട്ടപ്പെടുന്നത് കേരളത്തിൽ ആദ്യമല്ല. നിരവധി ഞെട്ടിപ്പിക്കുന്ന പീഡനകഥകൾ അവരുടെ ക്രെഡിറ്റിലുണ്ട്. ഒരിക്കലും പാഠം പഠിക്കുന്നില്ലെന്നതാണ് പൊലീസിെൻറ ഏറ്റവും വലിയ വീഴ്ച. മൂന്നാംമുറ, മോശം പെരുമാറ്റം, കേട്ടാൽ അറപ്പുളവാക്കുന്ന പദപ്രയോഗങ്ങൾ... പൊലീസ് ഇങ്ങനെയൊക്കെയാണെന്ന ധാരണ പൊതുസമൂഹത്തിൽ ഉറച്ചുപോയിരിക്കുന്നു. ഇതിൽനിന്നെല്ലാം മുക്തമായ പൊലീസ് സേന സാധ്യമാകുമോ? ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളുടെ സംരക്ഷകരാകാൻ അവർക്ക് കഴിയുമോ?
പൊലീസ് പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകൾക്ക് അടുത്തകാലത്തായി ഒരു പഞ്ഞവുമില്ല. കസ്റ്റഡി മരണങ്ങൾ, ചോദ്യംചെയ്ത് വിട്ടയച്ചവരുടെ ആത്മഹത്യകൾ, െപാലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെയുള്ള അപകട മരണങ്ങൾ എന്നിങ്ങനെ നീളുന്നു അവ. ഇരകളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നുമെല്ലാം പൊലീസ് ൈകക്കൂലി വാങ്ങുന്നതടക്കം വാർത്തകൾ വേറെയും.

മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഉരുട്ടിക്കൊലപ്പെടുത്തിയത് നിയമം സംരക്ഷിക്കേണ്ട പൊലീസുകാർതന്നെയായിരുന്നു. കുറ്റക്കാരിൽ രണ്ടുപേർക്ക് വധശിക്ഷ ലഭിച്ചു. ഏതാനും വർഷം മുമ്പ് പാലക്കാട് പുത്തൂർ ഷീല വധക്കേസിൽ അറസ്റ്റിലായ സമ്പത്ത് മരിച്ചതും പൊലീസ് മർദനം മൂലമായിരുന്നു.
ഉന്നത പൊലീസുകാരടക്കം കേസിൽ പ്രതികളായി. തിരുവനന്തപുരം പാറശാലയിൽ ശ്രീജീവിെൻറ ആത്മഹത്യയിലും തൃശൂരിൽ മുടി നീട്ടി വളർത്തിയതിന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എങ്ങണ്ടിയൂർ സ്വദേശി വിനായകെൻറ ആത്മഹത്യയിലും പ്രതിക്കൂട്ടിൽ പൊലീസാണ്. എറണാകുളം വരാപ്പുഴയിൽ െപാലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിക്കുേമ്പാൾ മർദനത്തിൽ ചെറുകുടൽ അറ്റ നിലയിലായിരുന്നു. ദിവസങ്ങൾക്കകം ശ്രീജിത്ത് മരിച്ചു. മഫ്തിയിൽ സഞ്ചരിച്ച പൊലീസുകാരുടെ വാഹനം ബൈക്കിൽ തട്ടിയത് ചോദ്യം ചെയ്ത ആലുവ എടത്തല സ്വദേശി ഉസ്മാനും കൊടിയ മർദനമേറ്റു. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ഉസ്മാന് പിന്നാലെ കേസുകളുടെ നൂലാമാലകളുണ്ട്. പ്രണയത്തിെൻറ പേരിൽ കോട്ടയത്തെ കെവിന് ജീവൻ നഷ്ടമായതിനു പിന്നിലും പൊലീസിെൻറ ക്രിമിനൽ കരങ്ങളാണ്. ചങ്ങനാശ്ശേരിയിൽ ചോദ്യംചെയ്ത് വിട്ട സുനിൽകുമാർ- രേഷ്മ ദമ്പതികളുടെ ആത്മഹത്യയും പ്രതിക്കൂട്ടിലാക്കിയത് നീതിയുടെ കാവൽ ഭടന്മാരെ. ഇങ്ങനെ സമീപകാലത്തെ ഏതാനും സംഭവങ്ങളിൽ ഒതുങ്ങുന്നതല്ല പൊലീസിെൻറ കിരാതവൃത്തികൾ. ഇനിയും പുറത്തുവരാത്ത നൂറുനൂറ് സംഭവങ്ങൾ പ്രാദേശികമായി വേറെയുമുണ്ട്.
കവചമായി കാക്കി
ക്രിമിനൽവത്കരണം, അഴിമതി, രാഷ്ട്രീയ പക്ഷപാതിത്വം തുടങ്ങിയ ജീർണതകൾ കേരള പൊലീസിൽ പ്രകടമാകാൻ തുടങ്ങിയിട്ട് നാളേറെയായി. തിരുത്തലുകൾ വരുത്തേണ്ടവർ സംരക്ഷകരായി മാറിയപ്പോൾ അവ രാക്ഷസരൂപം പൂണ്ടുവെന്നു മാത്രം. അന്വേഷണ മികവിെൻറയും ക്രമസമാധാന പാലനത്തിെൻറയും പേരിൽ രാജ്യത്തെ മികച്ച പൊലീസ് സേനയെന്ന് കേരള പൊലീസിനെ വിളിച്ചവർ പോലും സമീപകാല സംഭവങ്ങളുടെ പേരിൽ നെറ്റി ചുളിക്കുന്നു.
കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ലെന്നും വീഴ്ചകളിൽനിന്ന് പാഠമുൾക്കൊള്ളാതെയാണ് സേന മുന്നോട്ടുപോകുന്നതെന്നും അവർ വിലയിരുത്തുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പതിന്മടങ്ങായി ഉയരുകയാണ്. കൈക്കൂലി സ്ഥാപനവത്കരിക്കപ്പെട്ടു. നിഷ്പക്ഷരാകേണ്ട പൊലീസിെൻറ രാഷ്ട്രീയ നിറം കൂടുതലായി പുറത്തേക്ക് വരുന്നു.
കാമുകിയുടെ അടുപ്പക്കാരനെ കൊലപ്പെടുത്തിയ ആലപ്പുഴ രാമങ്കരി എസ്.െഎ സുഗതൻ, ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ യുവാവിനെ കൊലപ്പെടുത്താൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി ആർ. ഷാജി, മാധ്യമപ്രവർത്തകനായ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ക്വേട്ടഷൻ നൽകുകയും ക്വേട്ടഷൻ ഏറ്റെടുത്തയാൾ കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതിയായ ഡിൈവ.എസ്.പി സന്തോഷ് നായർ, കൂട്ടുപ്രതിയായ ഡിവൈ.എസ്.പി അബ്ദുൽ റഷീദ് തുടങ്ങിയവരെല്ലാം നിയമത്തിെൻറ പിടി വീണവരാണ്.
സുഗതനും ഷാജിയും ശിക്ഷിക്കപ്പെട്ടു. എന്നാൽ, അബ്ദുൽ റഷീദ് പിന്നീട് എസ്.പിയായി. ഉണ്ണിത്താൻ വധശ്രമക്കേസ് തീർപ്പായിട്ടില്ല. നിയമപാലകരെന്ന നിലയിൽ ലഭിക്കുന്ന കാക്കിയുടെ സംരക്ഷണ കവചം കുറ്റകൃത്യങ്ങൾക്ക് മറയാക്കുകയാണ് ഇവർ ചെയ്തത്. ഇത്തരക്കാരെ പുറത്താക്കാൻ രാഷ്ട്രീയ നേതൃത്വവും ഉയർന്ന ഉദ്യോഗസ്ഥരും തയാറാകാത്തതാണ് പലപ്പോഴും സേനയിലെ ശുദ്ധീകരണത്തിന് തടസ്സമാകുന്നത്.
ഉന്നതർ വലയിൽ
ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ പ്രതികളായ വിജിലൻസ് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡി.ജി.പി, എ.ഡി.ജി.പി, െഎ.ജി റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ മുതൽ സിവിൽ പൊലീസ് ഒാഫിസർമാർ വരെ അനധികൃത സ്വത്ത്, അധികാര ദുർവിനിയോഗം, കൈക്കൂലി തുടങ്ങിയ കുറ്റങ്ങൾക്ക് അന്വേഷണം നേരിടുന്നു. ഡി.ജി.പിമാരായ ജേക്കബ് തോമസ്, ആർ. ശ്രീലേഖ, എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉൾപ്പെടെ പ്രമുഖർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾക്ക് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് മേധാവി േലാക്നാഥ് ബെഹ്റ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ എന്നിവർക്കെതിരെ വിജിലൻസ് കേസുകൾ വന്നെങ്കിലും തീർപ്പാക്കി. ഇതിൽ പലതും പൊലീസ് സേനാംഗങ്ങൾ തമ്മിലെ പടലപ്പിണക്കത്തിെൻറ ഭാഗമായുണ്ടായതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമുഖർക്കെതിരെയുള്ളതടക്കം 700ഒാളം വിജിലൻസ് കേസുകളാണ് ലോക്നാഥ് ബെഹ്റ ഡയറക്ടറായിരുന്നപ്പോൾ തീർപ്പാക്കിയത്.
പ്രതിയാകും, രക്ഷപ്പെടും
പൊലീസുകാർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുമെങ്കിലും കുറ്റപത്രം സമർപ്പിക്കുേമ്പാൾ രക്ഷപ്പെടുന്നതാണ് മിക്ക കേസുകളിലും സംഭവിക്കുന്നത്. പ്രവീൺ വധക്കേസിൽ ഡിവൈ.എസ്.പി ഷാജി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതൊഴിച്ചാൽ മറ്റ് കേസുകളിലെല്ലാം ആരോപണ വിധേയർ രക്ഷപ്പെട്ടു. ഉദയകുമാർ, സമ്പത്ത് കസ്റ്റഡി മരണങ്ങൾ, വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസ് എന്നിവയിലെല്ലാം സി.ബി.െഎ ഇടപെടലാണ് പൊലീസുകാരെ പ്രതിസ്ഥാനത്തെത്തിച്ചത്.
പൊലീസുകാർ പ്രതികളായ കേസുകളിൽ നിർണായക സാക്ഷികൾ കൂറുമാറുന്നതും നിത്യസംഭവമാണ്. സി.ബി.െഎ കുറ്റപത്രം സമർപ്പിച്ച കേസുകളുടെ വിചാരണയിൽ പോലും ഇൗ കൂറുമാറ്റം തുടരുന്നുണ്ട്.

നോക്കുകുത്തിയായി പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി
പൊലീസുകാർക്കെതിരായ പരാതികൾ അന്വേഷിക്കാൻ 2012ല് നിലവിൽവന്നതാണ് സംസ്ഥാന പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി. കഴിഞ്ഞ ഏപ്രില് വരെ പൊലീസുകാർക്കെതിരെ 3602 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്.
3261എണ്ണം തീര്പ്പാക്കുകയും ചെയ്തു. 341 കേസുകള് തീര്പ്പാക്കാനുണ്ട്. ഹൈകോടതി മുൻ ജഡ്ജി അധ്യക്ഷനും മുൻ ഡി.ജി.പി ഉൾപ്പെടെ നാല് പ്രമുഖർ അംഗങ്ങളുമായ അതോറിറ്റിയുടെ ശിപാർശകൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. അന്വേഷണോദ്യോഗസ്ഥരെ പോലും അതോറിറ്റിക്ക് അനുവദിച്ചിട്ടില്ല. സ്വന്തം നിലക്ക് തെളിവെടുപ്പ് നടത്തി അതോറിറ്റി തയാറാക്കുന്ന അന്വേഷണ റിപ്പോർട്ടുകളും അവഗണിക്കപ്പെടുന്നു.
പിങ്കുകൊണ്ടും രക്ഷയില്ല
സ്ത്രീസുരക്ഷക്കായി ‘പിങ്ക് പൊലീസ്’ വന്നിട്ടും കാര്യമായ മാറ്റം ഉണ്ടായില്ല. പരാതിക്കാരോടുള്ള സമീപനത്തിൽ ഇവർക്കും പുരുഷ പൊലീസിെൻറ സമീപനമാണെന്ന് ആരോപണമുണ്ട്. എറണാകുളത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വീട്ടമ്മ അടുത്തിടെ പരാതി നൽകി. തെൻറ കടയുടെ മുന്നിൽ യുവാക്കൾ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെതിരെയായിരുന്നു പരാതി. എന്നാൽ, ഇതിൽ നടപടിയെടുക്കുന്നതിനു പകരം പിങ്ക് പൊലീസ്, വീട്ടമ്മയെ അഭിസാരികയാക്കി ചിത്രീകരിക്കുകയായിരുന്നു ചെയ്തത്. യുവാക്കൾക്കെതിരെ ചെറുവിരൽ അനക്കിയതുമില്ല.
‘ഇനി എന്തു ജീവിതം’

വേദന കടിച്ചമർത്തി വിനായകെൻറ അച്ഛൻ കൃഷ്ണനാണ് ഇങ്ങനെ ചോദിക്കുന്നത്. പൊലീസിെൻറ ക്രൂര മർദനത്തെ തുടർന്ന് ഒരു വർഷംമുമ്പാണ് വിനായകൻ ജീവനൊടുക്കിയത്. അമ്മ ഒാമന തളർച്ചയിൽനിന്ന് കരകയറിയിട്ടില്ല. ഡെൻറൽ ക്ലിനിക്കിൽ േജാലി ചെയ്തിരുന്ന ഇവർ പിന്നീട് ജോലിക്ക് പോയിട്ടില്ല. ചേറ്റുവ ഹാർബറിൽ കയറ്റിറക്ക് െതാഴിലാളിയായ താൻ വല്ലപ്പോഴുമാണ് പണിക്ക് പോകുന്നതെന്ന് കൃഷ്ണൻ പറയുന്നു. അകാലത്തിലുള്ള മകെൻറ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ് -കൃഷ്ണെൻറ വാക്കുകൾ ഇടറി.
തൃശൂര് ഏങ്ങണ്ടിയൂരിലാണ് വിനായകെൻറ വീട്. സുഹൃത്ത് ശരത്തിനൊപ്പം പരിചയക്കാരിയോട് സംസാരിച്ചുനിൽക്കുേമ്പാഴാണ് ബൈക്കിൽവന്ന പാവറട്ടി സ്റ്റേഷനിലെ പൊലീസുകാർ ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് വിനായകെൻറ തലമുടി പിഴുതെടുക്കുകയും അതിക്രൂരമായി മർദിക്കുകയുമായിരുന്നു. 19കാരനായ വിനായകൻ ചെറുപ്രായത്തിൽ തിമിലവാദ്യവും തുന്നലും പഠിച്ചിരുന്നു. മിടുക്കനായിരുന്നു. എല്ലാം പോയി. മകെൻറ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. സസ്പെൻഷനിലായ അവർ നാലു മാസത്തിനകം തിരികെ കയറി. നീതി കിട്ടാൻ തങ്ങൾ ഏതു വാതിലിൽ മുട്ടണം -കൃഷ്ണൻ ചോദിക്കുന്നു.

പൊലീസ് ക്രിമിനലുകൾ 1129
സേനയിലെ ക്രിമിനലുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കനുസരിച്ച് 1129 ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥർ സേനയിലുണ്ട്. ഇതിൽ 10 ഡിവൈ.എസ്.പിമാർ, എട്ട് സി.െഎമാർ, 145 എസ്.െഎ -എ.എസ്.െഎ ഉദ്യോഗസ്ഥരുണ്ട്. 2018 മാർച്ച് വരെയുള്ള കണക്കാണിത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ക്രിമിനൽ കേസ് പ്രതികൾ -215. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 125.
പൊലീസിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ
| ജില്ല | ആകെ കേസ് |
| തിരുവനന്തപുരം | 215 |
| കൊല്ലം | 146 |
| ആലപ്പുഴ | 101 |
| എറണാകുളം | 125 |
| പത്തനംതിട്ട | 41 |
| കോട്ടയം | 92 |
| ഇടുക്കി | 34 |
| തൃശൂർ | 98 |
| പാലക്കാട് | 41 |
| മലപ്പുറം | 14 |
| കോഴിക്കോട് | 75 |
| വയനാട് | 43 |
| കണ്ണൂർ | 80 |
| കാസർകോട് | 24 |
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
