Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎ​ന്തുകൊണ്ടാവും...

എ​ന്തുകൊണ്ടാവും അവരെല്ലാം പൗരത്വം ഉപേക്ഷിച്ചുപോയത്​?

text_fields
bookmark_border
എ​ന്തുകൊണ്ടാവും അവരെല്ലാം പൗരത്വം ഉപേക്ഷിച്ചുപോയത്​?
cancel
camera_alt

പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി കാ​ന​ഡ​യി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്ന് (ചി​ത്രം : പ്രി​യ​ങ്ക പ​രാ​ശ​ർ)

ആറു ലക്ഷം പേർ, ചെറിയ സംഖ്യയല്ല ആറു ലക്ഷം ഇന്ത്യക്കാരാണ്​ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിരിക്കുന്നത്​. ഇത്​ അനൗദ്യോഗികമായ ഊഹക്കണക്കല്ല, വിദേശകാര്യ മന്ത്രാലയം പാർലമെൻറിൽ വെച്ചതാണ്​. ഈ കൂട്ട ഒഴിഞ്ഞുപോക്കിന്​ കാരണമെന്താണെന്ന്​ മന്ത്രാലയം പറയുന്നില്ല. എന്തുതന്നെയായാലും ഈ പ്രവണത ഗുരുതരംതന്നെ.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമി ഉൾപ്പെടെ നിരവധി പേർ ഇതുസംബന്ധിച്ച്​ ചോദ്യങ്ങളുയർത്തുന്നുണ്ട്​. വിദേശകാര്യ മന്ത്രാലയത്തിന്​ ലഭ്യമായ കണക്കുവെച്ച്​ ഇത്രയധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച്​ വിദേശത്ത്​ പാർപ്പുറപ്പിക്കാൻ തീരുമാനിക്കുന്നത്​ ഇതാദ്യമായാണ്​.

രാജ്യത്ത്​ ഏഴു വർഷം മുമ്പ്​​ അധികാരമേറിയ ഭരണകൂടത്തിനു കീഴിൽ ജനാധിപത്യ-മനുഷ്യാവകാശങ്ങൾ ഉല്ലംഘിക്കപ്പെടുകയും ആഭ്യന്തര നയങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്​തതുകൊണ്ടാണോ ഈ കൂടുവിട്ടുപറക്കൽ എന്ന തീരുമാനത്തിലെത്തൽ അത്ര എളുപ്പമല്ല. ഇത്തരം പ്രശ്​നങ്ങൾക്കിടയിലും ഏറെ സമാധാനമുള്ള രാജ്യംതന്നെയാണ്​ നമ്മുടെ ഇന്ത്യ.

എന്നാൽ, ഭരണഘടനയെ വിലമതിക്കാത്ത, ഏകാധിപത്യ പ്രവണതയിലേക്ക്​ രാജ്യഭരണം പോകുന്നു എന്നു കരുതുന്നവർ വർധിച്ചുവരുന്നുണ്ട്​. ഭരണാധികാരിയുടെ ഭ്രമകൽപനകളെല്ലാം നിയമങ്ങളായി മാറുന്ന അവസ്​ഥ. അവ്വിധമാണല്ലോ ഇപ്പോൾ കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിൻവലിക്കേണ്ടിവന്ന വിവാദ കാർഷിക നിയമങ്ങളും പൗരത്വ ഭേദഗതി നിയമവുമെല്ലാം ഉണ്ടായത്​, നിഷ്​ഠുര മുട്ടാള നിയമങ്ങളുടെ മറവിൽ മനുഷ്യാവകാശപ്രവർത്തകരെ കൊണ്ടുപോയി ജയിലിൽ പൂട്ടിയിട്ടിരിക്കുന്നത്​, വിദേശനാണയ നിയന്ത്രണ നിയമം ഭേദഗതി ചെയ്​ത്​ സർക്കാറിതര സന്നദ്ധ സംഘടനകളെ ഫണ്ടുകൾ തടഞ്ഞ്​ ശ്വാസംമുട്ടിക്കുന്നത്​, പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും മാധ്യമങ്ങൾക്കുംനേരെ സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ്​ തുടങ്ങിയ ഏജൻസികളെ അഴിച്ചുവിടുന്നത്​.

കുടിയേറ്റ വിഷയത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ വിലയിരുത്തലിൽ സ്വദേശത്ത്​ ലഭിക്കാത്ത മികച്ച ജീവിതനിലവാരത്തി​െൻറയും സാമൂഹികസുരക്ഷയുടെയും ലഭ്യതയാണ്​ ഇന്ത്യക്കാരെ കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക്​ ഉന്നംവെക്കാൻ പ്രേരിപ്പിക്കുന്നത്​.

1,33,049 ഇന്ത്യക്കാർ 2017ലും 1,34,561, 1,44,017, 85,248, 1,11,287 പേർ വീതം തുടർവർഷങ്ങളിലും ഇന്ത്യൻ പൗരത്വം വി​ട്ടൊഴിഞ്ഞിരിക്കുന്നുവെന്നാണ്​ വിദേശകാര്യ സഹമന്ത്രി നിത്യാനന്ദ്​ റായ്​ ലോക്​സഭയിൽ പറഞ്ഞത്​. 2019ലാണ്​ കൂടുതൽ പേർ പോയത്​, 2020ൽ എണ്ണക്കുറവ്​ കാണുന്നുവെങ്കിലും ആശ്വസിക്കാൻ വകയില്ല, ആ വർഷം കോവിഡ്​ ​പ്രതിസന്ധിമൂലം അന്താരാഷ്​ട്ര യാത്രകൾതന്നെ ഏറക്കുറെ മുടങ്ങിയിരിക്കുകയായിരുന്നുവല്ലോ, വ്യോമഗതാഗതം ഒരൽപം മെച്ചപ്പെട്ട 2021ൽ എണ്ണത്തിൽ വീണ്ടും വർധന വന്നതും ശ്രദ്ധിക്കുക.

പൗരത്വം കൈയൊഴിയാനുള്ള അപേക്ഷകളിൽ 40 ശതമാനം വന്നത്​ അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാരിൽനിന്നാണ്​. 30 ശതമാനം അപേക്ഷകൾ ആസ്​ട്രേലിയയിലും കാനഡയിലുംനിന്ന്​. മറ്റു രാജ്യങ്ങളിൽ നിന്ന്​ ബാക്കി 30 ശതമാനം അപേക്ഷകളും.

മൊറീഷ്യസ്​ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഫ്രഏഷ്യ ബാങ്ക്​ നടത്തിയ ആഗോള സ്വത്ത്​ കൈമാറ്റ സർവേപ്രകാരം 7000 അതിസമ്പന്നർ, അഥവാ കോടീശ്വര പ്രഭുക്കൾ 2020ൽ മാത്രം ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ച്​ വിദേശത്തേക്ക്​ കൂടുമാറിയിട്ടുണ്ട്​. ഇന്ത്യയിലെ വമ്പൻ കാശുകാരുടെ രണ്ടു​ ശതമാ​നമേ ഇതു വരൂ. ജനസംഖ്യയിലെന്നപോലെ ചൈനയാണ്​ ഇക്കാര്യത്തിൽ ഇന്ത്യക്കു​ മുന്നിലുള്ളത്​, 16,000 പൂത്തപണക്കാർ ആ രാജ്യം വിട്ടുപോയപ്പോൾ 5000 റഷ്യക്കാരും ഇതേ പാത സ്വീകരിച്ചു. ഹെൻലി ആൻഡ്​ പാർട്​ണേഴ്​സി​ൽ ലഭ്യമായ കണക്കുപ്രകാരം നിക്ഷേപം നടത്തുന്നതിനു പകരമായി ദീർഘകാല താമസ വിസയോ പൗരത്വമോ ലഭിക്കാനുള്ള സാധ്യത അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച്​ 2020ൽ 63 ശതമാനം കണ്ട്​ വർധിച്ചിരിക്കുന്നു. 30 രാജ്യങ്ങളാണ്​ ഈ സൗകര്യം വാഗ്​ദാനം ചെയ്യുന്നത്​. കിട്ടാവുന്ന എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ സാധ്യത തേടുന്നുണ്ട്​. 2019ൽ 1500ലേറെ പേരാണ്​ ഈ സൗകര്യത്തി​െൻറ സാധ്യത തേടിയത്​ എന്നു വരു​േമ്പാൾ എണ്ണം സാമാന്യം വലുതുതന്നെ. അവരുടെ വിവരങ്ങൾ മുഖവിലക്കെടുത്താൽ ദീർഘകാല താമസവിസ ലഭിക്കുമെങ്കിൽ നിക്ഷേപം നടത്താൻ സന്നദ്ധരായി ഇന്ത്യക്കാർ ഏറ്റവുമധികം ലക്ഷ്യമിടുന്നത്​ കാനഡയാണ്​. ആസ്​ട്രേലിയ, പോർചുഗൽ എന്നീ രാജ്യങ്ങളിലേക്കും അന്വേഷണം നീളുന്നു. നിക്ഷേപമിറക്കി പൗരത്വം നേടാൻ ശ്രമിക്കുന്നവരെ കൂടുതൽ ആകർഷിക്കുന്നത്​ തുർക്കിയും മാൾട്ടയുമാണ്​.

ദുബൈയിലും ഹോ​ങ്കോങ്ങിലും സിംഗപ്പൂരിലുമുള്ള പ്രവാസികൾ അവിടെ താമസം/പൗരത്വം ലഭിക്കാത്തപക്ഷം യൂറോപ്പിലേക്ക്​ ചേക്കേറാൻ പെട്ടിമുറുക്കുന്നുണ്ട്​. എന്തായാലും ഇന്ത്യയിൽ തിരിച്ചുപോയി നിക്ഷേപം നടത്താൻ അവർക്ക്​ താൽപര്യമില്ലെന്ന്​ മാധ്യമറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

തൊഴിലും വ്യവസായസാധ്യതകളും തേടി വിദേശ രാജ്യങ്ങളിലേക്കു പോവുകയും താമസിക്കുകയും ചെയ്യുന്നതിൽ ന്യായമുണ്ട്​. പക്ഷേ, എന്തു​െകാണ്ടാവും ഇത്രയേറെ സമ്പന്ന ഇന്ത്യക്കാർ ഇങ്ങനെ വേരുകൾ അറുത്തുമാറ്റിപ്പോകുന്നത്​​? അതും സമ്പന്നർക്കും വ്യവസായികൾക്കും ഏറ്റവും സ്വീകാര്യൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാനമന്ത്രി ആത്മനിർഭര ഭാരതത്തെക്കുറിച്ച്​ ഇത്രയേറെ പ്രസംഗിക്കുകയും ഊറ്റംകൊള്ളിക്കുകയും ചെയ്യുന്ന ഈ വേളയിൽ​? സ്വത്തും സമ്പത്തുമെല്ലാം ഫലപ്രദമായി വിനിയോഗിക്കാനും ആസ്വദിക്കാനുമെല്ലാം ഇന്നാട്ടിൽ എല്ലാ അവസരങ്ങളുമുണ്ടെന്നിരിക്കെ, രാജ്യത്തി​െൻറ സ്വത്തു മുഴുവൻ വിദേശങ്ങളിലേക്ക്​ ഒഴുകുന്നു എന്നത്​ ഗൗരവമായിതന്നെ നോക്കിക്കാണേണ്ട ഒരു വിഷയമാണ്​. സർക്കാർ ഇതിനെ​ വേണ്ടത്ര പ്രാധാന്യത്തോടെ സമീപിച്ചുതുടങ്ങിയോ എന്നറിയില്ല. എന്തായാലും സാമൂഹിക ശാസ്​ത്രജ്ഞരും ഗവേഷണ വിദ്യാർഥികളും മാധ്യമങ്ങളുമെല്ലാം ഇത്​ അടിയന്തരമായി പഠനവിധേയമാക്കുകതന്നെ വേണം.

മുതിർന്ന മാധ്യമ പ്രവർത്തകനും നിരീക്ഷകനുമായ ലേഖകൻ ഇന്ത്യാ ടുമാറോ വാർത്ത പോർട്ടൽ ചീഫ് എഡിറ്ററാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadacitizenshipIndian citizenship
News Summary - Why did they all renounce their citizenship
Next Story