ആരാണ് ഇതിനെല്ലാം ഉത്തരവാദി?
text_fields
കോഴിക്കോട് താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ പരിക്കു പറ്റിയ വിദ്യാർഥി കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. മനസ്സ് മരവിച്ചുപോകുന്ന എത്ര വാർത്തകളാണ് തുടരത്തുടരെ കേട്ടുകൊണ്ടിരിക്കുന്നത്. ‘‘ഷഹബാസിനെ കൊല്ലും എന്ന് ഞാൻ പറഞ്ഞില്ലേ. ഞാൻ പറഞ്ഞാ പറഞ്ഞതാ, ഓന്റെ കണ്ണൊന്നു പോയി നോക്ക്. കണ്ണൊന്നും ഇല്ല ഓന്’’ -അങ്ങാടിയിൽ വെച്ച് കൂട്ടുകാരനെ അടിച്ച് മരണാസന്നനാക്കിയിട്ട് അന്ന് രാത്രിയിൽ ആക്രമണത്തിൽ...
കോഴിക്കോട് താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ പരിക്കു പറ്റിയ വിദ്യാർഥി കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. മനസ്സ് മരവിച്ചുപോകുന്ന എത്ര വാർത്തകളാണ് തുടരത്തുടരെ കേട്ടുകൊണ്ടിരിക്കുന്നത്. ‘‘ഷഹബാസിനെ കൊല്ലും എന്ന് ഞാൻ പറഞ്ഞില്ലേ. ഞാൻ പറഞ്ഞാ പറഞ്ഞതാ, ഓന്റെ കണ്ണൊന്നു പോയി നോക്ക്. കണ്ണൊന്നും ഇല്ല ഓന്’’ -അങ്ങാടിയിൽ വെച്ച് കൂട്ടുകാരനെ അടിച്ച് മരണാസന്നനാക്കിയിട്ട് അന്ന് രാത്രിയിൽ ആക്രമണത്തിൽ പങ്കാളികളായ വിദ്യാർഥികളുടെ ചാറ്റിലെ വാക്കുകളാണിത്. ആ വോയ്സുകൾ ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയില്ല.
എന്തുകൊണ്ടായിരിക്കും ഇത്തരത്തിൽ കാര്യങ്ങൾ സംഭവിക്കുന്നത് എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ടുന്ന കാര്യമാണ്. ഒരു പരിധിവരെ തൊണ്ണൂറുകൾക്കു ശേഷവും, രണ്ടായിരത്തിന് ശേഷം ജനിച്ച മധ്യവർഗ ഫാമിലികളിലെ കുട്ടികൾക്ക് എന്താണ് അവരുടെ മാതാപിതാക്കളിൽനിന്നും ചുറ്റുപാടുകളിൽനിന്നും ലഭിച്ച ജീവിതവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ എന്നത് ഇതിൽ പ്രധാനമാണ്. പ്രവാസം സാധ്യമാക്കിയ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയുമൊക്കെ ഇടയിലേക്ക് ജനിച്ചുവീണ കുട്ടികൾ സാമൂഹിക ബന്ധങ്ങൾ, ഉത്തരവാദിത്തം എന്നതിനേക്കാൾ പല മാതാപിതാക്കളിൽനിന്നും കരിയർ, സൗകര്യമുള്ള ജീവിതം, സ്വന്തം കാര്യം നോക്കൽ തുടങ്ങിയ കാര്യങ്ങളാണ് കൂടുതൽ കേൾക്കുന്നത്.
അതോടൊപ്പം ഗെയിമുകളുടെയും സീരീസുകളുടെയും സമൂഹ മാധ്യമങ്ങളുടെയും പ്രകടനാത്മക ഇടങ്ങളും അവർക്ക് മുന്നിൽ തുറക്കപ്പെടുകയും ചെയ്യുന്നു. സൗകര്യങ്ങളും സംവിധാനങ്ങളും അനുഭവിച്ചു മാത്രം വരുന്നവർക്ക് വേദനകളെയും ‘തോൽവി’കളെയും അഭിമുഖീകരിക്കാൻ കഴിയാതെവരുന്നു. സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷമായ വലിയ സമ്പന്നർ മാത്രമാണ് വിജയിച്ച ജീവിതം ജീവിക്കുന്നവർ എന്ന് ധരിച്ചുവശാകുന്നവർ, അവരുടെ ഉപഭോഗ ശേഷിയും ആഡംബരങ്ങളും കൈവരിക്കാൻ കഴിയുന്നിടത്താണ് ജീവിതത്തിന്റെ അർഥം കണ്ടെത്താൻ കഴിയൂ എന്ന് വിശ്വസിക്കുന്നവർ, ‘മാസ്’ ആയി ജീവിക്കാൻ കള്ളും കഞ്ചാവും ലഹരിപദാർഥങ്ങളും വയലൻസുമൊക്കെ അനിവാര്യമാണെന്ന് വിചാരിക്കുന്നവർ, കുറച്ചൊക്കെ സാധനം ഉപയോഗിച്ചില്ലെങ്കിൽ പിന്നെ ആണാണെന്ന് പറഞ്ഞിട്ടെന്തിനാ എന്ന് കരുതുന്നവർ, വിട്ടുവീഴ്ച ചെയ്തുകൊടുത്താലും മാപ്പ് പറഞ്ഞാലും കുറച്ചിലായി തോന്നുന്നവരും അത് ഒരു ദുരഭിമാനമായി കൊണ്ടുനടക്കുന്നവരും തുടങ്ങിയ പല നിലയിലുള്ള ബോധ്യങ്ങളാണ് നാം ജീവിക്കുന്ന ഒരു സിസ്റ്റംതന്നെ പലപ്പോഴും ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കരുണയെ, ആർദ്രതയെ, ത്യാഗത്തെ, സഹാനുഭൂതിയെ ഒക്കെ നട്ടുനനച്ച് വളർത്തേണ്ടുന്ന വീടകങ്ങളും വിദ്യാലയങ്ങളും സ്വന്തത്തെ അമിതമായി സ്നേഹിക്കാനും മത്സരബുദ്ധിയോടെ മാത്രം കാര്യങ്ങളെ കാണാനും വ്യത്യസ്ത സാമൂഹിക സംഘാടനങ്ങളിൽനിന്നും സേവന മനോഭാവത്തിൽനിന്നും അകറ്റി ‘പഠന’ത്തിലും കരിയർ ഗ്രോത്തിലും മാത്രം ശ്രദ്ധ കൊടുക്കേണ്ടുന്നവരായി ഒരുതലമുറയെ രൂപപ്പെടുത്തുകയും ചെയ്യുകയാണോ എന്നതും ആലോചിക്കേണ്ട കാര്യമാണ്. ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടിക്ക് സ്വാഭാവികമായി എത്തിപ്പിടിക്കാൻ കഴിയാത്ത ആഗ്രഹങ്ങൾ (Aspirations) പലതരത്തിൽ അവരിൽ ഉണ്ടാക്കുകയും വളർത്തുകയും ജീവിതത്തിന്റെ മുൻഗണനതന്നെ അവതാളത്തിലാകുമാറ് കാര്യങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു സാമൂഹിക സാഹചര്യം നിലവിലുണ്ട്. സമൂഹ മാധ്യമങ്ങളും ഡിജിറ്റാലിറ്റിയും അത്തരത്തിൽ ഒരു ജീവിതരീതിയെത്തന്നെ (Form of life) സാധ്യമാക്കുന്നുണ്ട്. അത് വ്യക്തികളുടെ മാനസികാരോഗ്യത്തെയും വൈകാരിക പക്വതയെയും ഒക്കെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യുന്നു.
ഇത് സാമൂഹിക ഉത്തരവാദിത്തമില്ലാതെ, അപരരുടെ വേദനയെ മനസ്സിലാക്കാൻ സാധിക്കാത്ത, വയലൻസിനെയും അരാജകത്വത്തെയും അരാഷ്ട്രീയതയെയും ആഘോഷിക്കുന്ന അധാർമികതയെ ജീവിത രീതിയായി അവതരിപ്പിക്കുന്ന സാമൂഹിക അവസ്ഥകളെയാണ് രൂപപ്പെടുത്തുന്നത്. അതുതന്നെയാണ് വ്യക്തികളെ ഇത്രമാത്രം ക്രൂരതയിലേക്ക് തള്ളിവിടുന്നതും. നന്മയും ധാർമികതയുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതുതന്നെയാണ് നമുക്ക് മുന്നിലുള്ള പരിഹാരം. അതല്ലെങ്കിൽ ഉമ്മയെ കഴുത്തറുത്ത് കൊന്ന മകനും, ചുറ്റികകൊണ്ട് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ കൊന്ന ചെറുപ്പക്കാരനും താമരശ്ശേരിയിലെ പത്താം ക്ലാസിലെ ആ അഞ്ച് കുട്ടികളും ഇത്തരം സംഭവങ്ങളുടെ ആവർത്തനങ്ങളുമൊക്കെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുകയും അത് വേദനയോടെ നോക്കിനിൽക്കേണ്ടിവരുകയും ചെയ്യുന്ന സാഹചര്യമാണ് സംജാതമാവുക.
(എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.