Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപി.എം ശ്രീ നടപ്പാക്കാൻ...

പി.എം ശ്രീ നടപ്പാക്കാൻ ആർക്കാണിത്ര തിടുക്കം?

text_fields
bookmark_border
പി.എം ശ്രീ നടപ്പാക്കാൻ ആർക്കാണിത്ര തിടുക്കം?
cancel
പി.​എം ശ്രീ ​പ​ദ്ധ​തി​യെ ‘‘അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യും’’ എ​ന്ന് പ്ര​ഖ്യാ​പി​ച്ച​വ​ർ, അ​ധി​കാ​രം ല​ഭി​ച്ച​തോ​ടെ ‘‘മു​ൻ സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​തു​കൊ​ണ്ട് നി​ർ​ബ​ന്ധ​മാ​ണ്’’ എ​ന്ന നി​ല​പാ​ടി​ലേ​ക്ക് മാ​റു​ന്ന​ത് ക​ടു​ത്ത വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണ്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി) അറുപത് ശതമാനം ആശയങ്ങളും തങ്ങളുടേതാണെന്ന് തുറന്നുപറഞ്ഞത് കേന്ദ്രഭരണകൂടത്തെ നിയന്ത്രിക്കുന്ന ആർ.എസ്.എസാണ്. സംഘപരിവാറിന്റെ വിദ്യാഭ്യാസ ദർശനങ്ങളും സങ്കല്പങ്ങളും ദേശീയ നയമായി അവതരിപ്പിക്കുന്ന എൻ.ഇ.പി പ്രതിപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ അംഗീകരിaച്ചിരുന്നില്ല.

അധികാര കേന്ദ്രീകരണത്തിലും വാണിജ്യവത്കരണത്തിലും ഊന്നുന്ന, വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന എൻ.ഇ.പിക്ക് ബദലായി മമത ബാനർജിയുടെ ഭരണകാലത്ത് പശ്ചിമ ബംഗാളും സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ കർണാടകയും എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്‌നാടും ബദൽ നയങ്ങൾ രൂപവത്കരിക്കുകയും ചെയ്തു. അതിനിടെ, എൻ.ഇ.പി നടപ്പിലാക്കാനോ നടപ്പിലാക്കാതിരിക്കാനോ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ പേരിൽ മറ്റു ഫണ്ടുകൾ തടഞ്ഞുവെക്കാനാവില്ലെന്നും തമിഴ്നാടിന്റെ കേസിൽ പരമോന്നത കോടതി ഉറപ്പിച്ചുപറഞ്ഞു.

അത്തരമൊരു സാഹചര്യത്തിലാണ് ‘പി.എം. ശ്രീ’ പദ്ധതി കേന്ദ്രം അവതരിപ്പിക്കുന്നത്. എൻ.ഇ.പിയെ എതിർക്കുന്ന സംസ്ഥാനങ്ങളെ ഫണ്ടുകളും ആകർഷകമായ വാഗ്ദാനങ്ങളും നൽകി വരുതിയിലാക്കി പദ്ധതി നടപ്പിലാക്കുകയെന്ന തന്ത്രമാണ് പി.എം. ശ്രീയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. ഈ തന്ത്രം കേരളത്തിൽ രണ്ടാം പിണറായി സർക്കാറിനെ പി.എം. ശ്രീ ധാരണപത്രത്തിൽ ഒപ്പിടുന്നതിൽ കൊണ്ടെത്തിച്ചു. കേരളത്തിൽ അതിനെച്ചൊല്ലിയുണ്ടായ പുകിലുകൾ നമുക്കൊക്കെ അറിവുള്ളതാണ്. അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ് മാത്രമല്ല, എൽ.ഡി.എഫിലെ രണ്ടാംകക്ഷിയായ സി.പി.ഐ പോലും സർക്കാർ നടപടിയെ നഖശിഖാന്തം എതിർത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ശക്തമായ പ്രചാരണ വിഷയമായി.

പ്രതിപക്ഷത്തിരിക്കെ പി.എം. ശ്രീ വിരുദ്ധരായിരുന്ന യു.ഡി.എഫ് ഭരണം ലഭിച്ചതോടെ നിലപാട് മാറ്റി. അതിനെ ന്യായീകരിക്കാൻ യു.ഡി.എഫ് നേതാക്കൾ ഉന്നയിക്കുന്ന പ്രധാന വാദം ഇതാണ്: ‘‘എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച ധാരണപത്രപ്രകാരം സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങാൻ കഴിയില്ല; അതിനാൽ പദ്ധതി നടപ്പാക്കേണ്ടിവരും’’. ഈ വാദം നിയമപരമായും രാഷ്ട്രീയമായും വസ്തുതാപരമായും ദുർബലമാണ്. ഒപ്പിട്ട ഒരു ധാരണപത്രം ഒരു നയപരമായ തീരുമാനത്തിന് പകരമാകുന്നില്ല. അത് നടപ്പാക്കുക എന്നത് ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ ബോധപൂർവമായ നയപരമായ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

എൽ.ഡി.എഫ് സർക്കാർ 2025 ഒക്ടോബറിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചത് കേന്ദ്രം തടഞ്ഞുവെച്ച ‘സമഗ്ര ശിക്ഷാ’ ഫണ്ടുകൾ ലഭ്യമാക്കാനുള്ള നീക്കത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു. എന്നാൽ എതിർപ്പുകൾ ശക്തമായതോടെ, നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അവർ കേന്ദ്രത്തെ അറിയിച്ചു. സ്കൂൾ തിരഞ്ഞെടുപ്പ്, മോണിറ്ററിങ് കമ്മിറ്റി രൂപവത്കരണം, പി.എം. ശ്രീ ഫണ്ട് വിനിയോഗം തുടങ്ങിയ ഒരു ഘട്ടവും പൂർത്തിയാക്കിയിട്ടില്ല. കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും നടപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നും പാർലമെന്റിലും സുപ്രീം കോടതിയിലും നേരത്തെ തന്നെ അറിയിച്ചിട്ടുള്ള കേന്ദ്ര സർക്കാർ, ഒരു ചോദ്യത്തിനുത്തരമായി കഴിഞ്ഞ ദിവസവും പാർലമെന്റിൽ ഇതാവർത്തിച്ചു. ഒപ്പുവെച്ചതുകൊണ്ടു മാത്രം നടപ്പാക്കൽ നിർബന്ധമാണെങ്കിൽ, കേന്ദ്രം ഇങ്ങനെ പറയില്ലായിരുന്നുവല്ലോ.

പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ മാതൃക മുന്നിലുണ്ട്. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയമാണ്. പാഠ്യപദ്ധതി നിർണയിക്കാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ധാരണപത്രത്തിലെ ഒരു വ്യവസ്ഥയും സംസ്ഥാനത്തിന്റെ ഈ അധികാരത്തെ ഇല്ലാതാക്കുന്നില്ല. ‘‘കേന്ദ്രത്തിന് മാത്രമേ റദ്ദാക്കാൻ കഴിയൂ’’ എന്ന വാദം ഉയർത്തി സംസ്ഥാനം നയപരമായ തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.

അധികാരത്തിലെത്തിയാൽ പി.എം. ശ്രീ പദ്ധതിയെ ‘അറബിക്കടലിൽ എറിയും’ എന്ന് പ്രഖ്യാപിച്ചവർ, അധികാരം ലഭിച്ചതോടെ ‘മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് നിർബന്ധമാണ്’എന്ന നിലപാടിലേക്ക് മാറുന്നത് കടുത്ത വിശ്വാസവഞ്ചനയാണ്. പി.എം. ശ്രീ പദ്ധതിയുടെ ഉള്ളടക്കവും ലക്ഷ്യങ്ങളും സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാഠ്യപദ്ധതിയിലെ കേന്ദ്ര ഇടപെടലുകളും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യവുമായുള്ള ഏറ്റുമുട്ടലുകളും ഗൗരവമുള്ള വിഷയങ്ങളാണ്.

ധാരണപത്രത്തിൽ ഒപ്പുവെച്ചത് കേവലം ഒരു സാങ്കേതിക നടപടി മാത്രമായിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുക എന്നത് രാഷ്ട്രീയവും നയപരവുമായ തീരുമാനമാണ്. സംസ്ഥാന സർക്കാരിന് മുന്നിൽ ഇപ്പോഴും തിരുത്തലിനുള്ള അവസരങ്ങൾ തുറന്നുകിടക്കുന്നുണ്ട്. ‘‘ഒപ്പിട്ടുപോയതുകൊണ്ട് നടപ്പാക്കണം’’ എന്ന വാദം ലഭ്യമായ അവസരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ഭാവി അത്തരം ന്യായീകരണങ്ങളിലൂടെയല്ല, മറിച്ച് സുതാര്യമായ നയപരമായ ചർച്ചകളിലൂടെയും ഭരണഘടനാപരമായ അധികാരങ്ങളുടെ സംരക്ഷണത്തിലൂടെയുമാണ് നിർണയിക്കപ്പെടേണ്ടത്.

(മുസ്‍ലിം എംപ്ലോയീസ് ആൻഡ് കൾചറൽ അസോസിയേഷൻ - മെക്ക ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaDepartment of EducationPM SHRIEducation News
News Summary - പി.എം ശ്രീ നടപ്പാക്കാൻ ആർക്കാണിത്ര തിടുക്കം?
Next Story