മലയാളിയുടെ വിദേശപഠന കുടിയേറ്റം ആർക്കാണ് നേട്ടം, എന്താണ് നഷ്ടം?
text_fieldsലോകത്തെ മിക്ക വികസിത രാജ്യങ്ങളെയുംപോലെ കേരളവും വയോധികരുടെ നാടായിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോയി മടങ്ങി വരുന്നവരിൽനിന്ന് വിഭിന്നമായി യൂറോപ്പിലേക്ക് പോകുന്ന പലരും തങ്ങളുടെ ഇവിടത്തെ വേരുകൾ മുറിച്ചുമാറ്റി മറ്റൊരിടത്ത് വളരാനും പൂക്കാനുമാണ് ശ്രമിക്കുന്നത്. വയോജനങ്ങളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയോ സ്ഥാപനപരമായ സംവിധാനങ്ങളോ എന്തിന് മാനസിക നിലപോലും ഇല്ലാത്ത ഒരു സമൂഹത്തിൽ തങ്ങളുടെ മാതാപിതാക്കളെ മരിച്ചതിന് തുല്യം ജീവിക്കാൻ വിടുന്നതിനെയാണോ നമ്മൾ വികസനമെന്ന് പറയുന്നത്?
വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം മലയാളികളാണ്. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യം വിട്ടുള്ള കുടിയേറ്റം പുതിയ കാര്യമല്ല. കേരള മോഡൽ വികസനം സാധ്യമാക്കിയതിൽ പ്രധാനപ്പെട്ടൊരു പങ്ക് ഗൾഫ് പ്രവാസിയുടെ വിയർപ്പിന് അവകാശപ്പെട്ടതാണ്. ദാരിദ്ര്യം പട്ടിണി തൊഴിലില്ലായ്മ , കുറഞ്ഞ കൂലി സാമ്പത്തിക വികസനമില്ലായ്മ തുടങ്ങി സ്വന്തം നാട്ടിൽ നിന്നുകൊണ്ട് സന്തോഷപൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ലെന്നതാണ് അന്ന് മലയാളിയെ പലായനത്തിന് പ്രേരിപ്പിച്ചിരുന്നത്.
വേരുകൾ സ്വദേശത്ത് ഉറപ്പിച്ച് നിർത്തി ചില്ലകൾ മാത്രം വിദേശ നാട്ടിലെ സൂര്യന്റെ നേർക്ക് തിരിച്ചവരായിരുന്നു സ്വതന്ത്ര കേരളത്തിലെ ഒന്നും രണ്ടും തലമുറ മലയാളികൾ. അവരുടെ കാലത്തിൽ നിന്ന് ഭിന്നമായിഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂലിയുള്ള, ഉയർന്ന പ്രതിശീർഷ വരുമാനമുള്ള,ഉയർന്ന ജീവിതസാഹചര്യങ്ങളുള്ള, ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള ആരോഗ്യപൂർണ്ണമായ സമുദായിക മൈത്രിയും പരസ്പരബഹുമാനവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമാധാനപൂർണ്ണമായ ഇടമാണ് കേരളമിന്ന്.
എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്ന പുതുതലമുറയിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ആ രാജ്യങ്ങളിലെ സ്ഥിരതാമസ സൗകര്യവും പൗരത്വവുമാണ്. ലക്ഷ്യത്തിലുള്ള ഈ വൈരുധ്യമാണ് ആധുനിക മലയാളി യുവതയുടെ വിദേശ കുടിയേറ്റത്തെ പ്രശ്നഭരിതമാക്കുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ നേതൃത്വം കൊടുക്കുന്ന മൂന്നാംതലമുറ വിദേശ കുടിയേറ്റം ഉയർത്തുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കഴുത്ത് ഞെരിക്കുന്ന കടങ്ങൾ
മലയാളി വിദ്യാർഥികൾ വിദേശ പഠനത്തിന് ആവശ്യമായ ലക്ഷങ്ങൾ സ്വരൂപിക്കുന്നത് ബാങ്ക് വായ്പകളിലൂടെയാണ്. വീടും സ്ഥലവും പണയം വെച്ചാണ് മിക്കവരും പത്ത് മുതൽ മുപ്പത്തിയഞ്ച് ലക്ഷം രൂപ വരെ വായ്പ തരപ്പെടുത്തുന്നത്. നമ്മുടെ നാടിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പഠനശേഷം കേരളത്തിലേക്ക് തിരിച്ചുവരാൻ അവരെ അനുവദിക്കുന്നില്ല. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി ഇതിനകം പഠിച്ചിറങ്ങിയവർക്ക് പോലും മാന്യമായ തൊഴിൽ നേടാൻ പറ്റുന്ന ഒരവസ്ഥയല്ല ഇവിടെ. ഈ സാഹചര്യത്തിൽ ഭീമമായ പണം വായ്പയെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്ന ഒരു മലയാളി വിദ്യാർഥിക്ക് വിദേശത്ത് തന്നെ തുടരാനേ കഴിയൂ.
കോഴ്സ് പൂർത്തിയാക്കി ആറുമാസം കഴിഞ്ഞുമാത്രം തിരിച്ചടച്ചാൽ മതിയെങ്കിലും വിദ്യാഭ്യാസ വായ്പ എടുക്കുന്ന അന്നുമുതൽ പലിശ കണക്കാക്കി തിരിച്ചടക്കണമെന്നത് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ് . മിക്ക കുടുംബങ്ങളും മുൻഗണനാ വായ്പാപദ്ധതിയിൽ ഉൾപ്പെട്ട വിദ്യാഭ്യാസ വായ്പകളല്ല മറിച്ച് സ്ഥലം പണയം വെച്ച് ഉയർന്ന പലിശ കൊടുക്കേണ്ട വ്യക്തിഗത വായ്പകളാണ് എടുക്കുന്നത്. ഇത് വായ്പാ തിരിച്ചടവ് കൂടുതൽ ദുഷ്കരമാക്കും.
പഠനത്തോടൊപ്പം ജോലി ചെയ്ത് അവരുടെ ചെലവും നാട്ടിലെ വായ്പ തിരിച്ചടവും നടത്താമെന്ന പ്രതീക്ഷയിലാണ് പലരും വലിയ സാമ്പത്തികഭാരം കുടുംബങ്ങളുടെ മേൽ കയറ്റിവെച്ച് വിമാനം കയറുന്നത്. ഇക്കാര്യത്തിൽ വിജയം കാണുന്നവർ കുറവാണ് എന്നതാണ് സത്യം. കുറഞ്ഞ കൂലിക്ക് വെള്ളം കോരികളെയും വിറകുവെട്ടികളെയും ഉറപ്പുവരുത്താനുള്ള വികസിത രാജ്യങ്ങളുടെ കൗശലം മാത്രമാണ് പഠനത്തോടൊപ്പം സമ്പാദ്യവുമെന്ന മോഹനവാഗ്ദാനം. അവരുടെ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിന് നമ്മുടെ കുട്ടികൾ കിടപ്പാടവും കടത്തിലാക്കി അവിടെ ചെന്ന് വേലക്കാരായി ജീവിക്കുന്നതിനെയാണ് സാമ്പത്തിക വികസനമെന്ന് പറയുന്നതെങ്കിൽ തീർച്ചയായും വികസനത്തെ പുനർനിർവചിക്കേണ്ടിയിരിക്കുന്നു.
മുറിക്കുന്ന വേരുകൾ, മറക്കുന്ന കടമകൾ
വിദ്യാഭ്യാസമുള്ള മനുഷ്യരെ പ്രസവിക്കുന്ന ഒരു യന്ത്രമാണ് കേരളാ മോഡൽ വികസനം എന്നാൽ അവരെ ഊട്ടാനുള്ള പ്രാപ്തി അതിനില്ല. ആകയാൽ, തൊഴിൽ തേടിയുള്ള അന്യരാജ്യ പലായനങ്ങൾ നമ്മുടെ യുവജനങ്ങളുടെ അതിജീവനത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണ്. നമ്മൾ അയൽ സംസ്ഥാന തൊഴിലാളിക്ക് കൊടുക്കുന്നതിനെക്കാൾ മെച്ചപ്പെട്ട കൂലിയും ലേബർ ക്യാമ്പിലെ ഷെൽട്ടറിനെക്കാൾ മെച്ചമുള്ള പാർപ്പിടവും യൂറോപ് കൊടുക്കുന്നെങ്കിൽ അവരതിൽ സംതൃപ്തരാണ്. വയോധികരായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ സംരക്ഷണം നമ്മുടെ കടമയല്ലെന്ന ചിന്തകൂടി പൊതുബോധത്തിൽ ഉറപ്പിക്കുന്നതോടെ ധാർമികമായ തടസ്സങ്ങളും നീങ്ങുന്നു.
ലോകത്തെ മിക്ക വികസിത രാജ്യങ്ങളെയും പോലെ കേരളവും വയോധികരുടെ നാടായി കൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോയി മടങ്ങി വരുന്നവരിൽ നിന്ന് വിഭിന്നമായി യൂറോപ്പിലേക്ക് പോകുന്ന പലരും തങ്ങളുടെ ഇവിടത്തെ വേരുകൾ മുറിച്ചുമാറ്റി മറ്റൊരിടത്ത് വളരാനും പൂക്കാനുമാണ് ശ്രമിക്കുന്നത്. വയോജനങ്ങളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയോ സ്ഥാപനപരമായ സംവിധാനങ്ങളോ എന്തിന് മാനസിക നിലപോലും ഇല്ലാത്ത ഒരു സമൂഹത്തിൽ തങ്ങളുടെ മാതാപിതാക്കളെ മരിച്ചതിന് തുല്യം ജീവിക്കാൻ വിടുന്നതിനെയാണോ നമ്മൾ വികസനമെന്ന് പറയുന്നത്?.
സാമ്രാജ്യത്വ കാലത്ത് ഉന്നത ഗുണമേന്മയുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന മറ്റുരാജ്യത്തെ തൊഴിലാളിയുടെ ഉൽപന്നത്തിനായി സ്വന്തം സമ്പത്ത് രാജ്യത്തിന് വെളിയിൽ പോകുന്നത് തടയാനുള്ള എളുപ്പവഴി ആ തൊഴിലാളികളെ സ്വന്തം രാജ്യത്തുകൊണ്ടുവന്ന് പണിയെടുപ്പിക്കുകയാണ് എന്ന സാമ്രാജ്യത്വ ചൂഷണബുദ്ധി തന്നെയാണ് പഠനവും സമ്പാദ്യവും എന്ന തത്ത്വത്തിന്റെ പിറകിലുള്ളത്.
ഓരോ വർഷവും കൂടുതൽ ആളുകൾ ഇങ്ങനെ കേരളം വിടുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക- മാനുഷിക വിഭവങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനിടയാകുന്നു. കേരളത്തിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിന് ബദലായി വിദേശ വിദ്യാർഥികൾ പഠിക്കാൻ വരുന്ന വിധം മാറ്റങ്ങൾ നമ്മുടെ നാട്ടിലുമുണ്ടാകണം. നമ്മുടെ കുട്ടികളുടെ പഠനകുടിയേറ്റം ഫലത്തിൽ നാടിനൊരു നഷ്ടക്കച്ചവടം മാത്രമാണ്. കുടിയേറ്റത്തിന്റെ നേട്ടങ്ങൾ മുഴുവൻ വിദേശ രാജ്യം സ്വന്തമാക്കുകയും സാമൂഹിക സാമ്പത്തിക ബാധ്യതകൾ മുഴുവൻ മാതൃരാജ്യം വഹിക്കേണ്ടിവരുന്നതുമായ തരത്തിൽ അസന്തുലിതമാണ് കുടിയേറ്റത്തിന്റെ നേട്ടങ്ങളുടെ വിതരണം.
ഇതും മനുഷ്യക്കെണി തന്നെ
ലോകത്തിലെ മിക്ക വികസിത രാജ്യങ്ങളും ജനസംഖ്യാ വളർച്ചാനിരക്കിന്റെ കാര്യത്തിൽ മൈനസിലേക്ക് കാലൂന്നി നിൽക്കുന്നവരാണ് . അതുകൊണ്ടു തന്നെ അത്തരം രാജ്യങ്ങളിലെല്ലാം സമീപഭാവിയിൽ തന്നെ വിദഗ്ധ- അവിദഗ്ധ തൊഴിലാളികളുടെ ദൗർലഭ്യം ഉണ്ടാകും എന്നതുമുറപ്പാണ് . വയോധിക രാജ്യങ്ങളായി വികസിത മുതലാളിത്ത രാജ്യങ്ങൾ മാറുമ്പോൾ ഇന്ത്യ യുവാക്കളുടെ സമൃദ്ധികൊണ്ട് അനുഗ്രഹിക്കപ്പെട്ട രാജ്യമാണ്. കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി നമ്മുടെ യുവാക്കൾ രാജ്യം വിട്ടുപോകുന്നത് ഭാവിയിൽ നമ്മുടെ രാജ്യത്തും തൊഴിൽ ശക്തിയുടെ കുറവിന് കാരണമാകും.
ജനസംഖ്യയിൽ ഒന്നാമതുള്ള ചൈനയിൽ പോലും തൊഴിലാളി ക്ഷാമം ഉണ്ടെന്നത് നമ്മുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലക തന്നെയാണ്. രാജ്യത്തെ യുവാക്കൾക്ക് അന്തസ്സോടെ ജീവിക്കാൻ പറ്റുന്ന കൂലി കിട്ടുന്ന രീതിയിൽ തൊഴിൽ സാഹചര്യങ്ങൾ ആഭ്യന്തരമായി മെച്ചപ്പെടുത്തുകയും വിദേശത്തു പോകുന്ന ഇന്ത്യൻ പൗരർക്ക് മാന്യമായ വേതനവും ജീവിത സാഹചര്യങ്ങളും ആഗോളതലത്തിൽ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതുമായ ആഗോള ക്ഷേമരാഷ്ട്ര സങ്കൽപമാണ് നമ്മൾ മുന്നോട്ടുവെക്കേണ്ടത്.
അല്ലാതെ ദാരിദ്ര്യത്തെ ആഗോളവത്കരിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തെ അല്ല. ക്ഷേമരാഷ്ട്രമെന്ന സങ്കൽപത്തെ തന്നെ തോട്ടിൽ കളഞ്ഞുകൊണ്ട് , ആഗോള മുതലാളിത്തമെന്ന പേരിൽ സ്വദേശി ചങ്ങാത്ത മുതലാളിത്തം ഉണ്ടാക്കുന്ന ലോക വ്യവസ്ഥിതിയിൽ തൊഴിലാളികൾ പഴയ ഫാക്ടറി വ്യവസ്ഥയിലെ കൂലി അടിമകളേക്കാൾ മോശം അവസ്ഥയിലേക്ക് മാറുന്നു എന്നതാണ് സത്യം.
പഠനത്തോടൊപ്പം സമ്പാദ്യമെന്ന പടിഞ്ഞാറൻ വികസിത സമൂഹങ്ങളുടെ മനുഷ്യക്കെണിയുടെ മറ്റൊരു വകഭേദം തന്നെയാണ് തോന്നുമ്പോൾ പഠിക്കാനും മടുക്കുമ്പോൾ വിട്ടുപോകാനും വീണ്ടും ആഗ്രഹം തോന്നിയാൽ വന്ന് തുടരാനുമൊക്കെ അനുവദിക്കുന്ന പുതിയ വിദ്യാഭ്യാസ നയവും. രണ്ടിന്റെയും ലക്ഷ്യം കുറഞ്ഞ കൂലിക്ക് അധ്വാനിക്കാൻ തയാറുള്ള തൊഴിൽപടയെ കമ്പോളത്തിന് പുറത്ത് കരുതൽ ശേഖരമായി നിർത്തുക തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

