ഏതാണ് യഥാർഥ ശിവസേന?
text_fieldsഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ട വിമത നീക്കത്തിനൊടുവിൽ ഉയർന്ന, യഥാർഥ ശിവസേന ആരുടേതെന്ന തർക്കം സുപ്രീംകോടതിയോളം എത്തിയിരിക്കുകയാണ്. വിമത നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ തന്റെ പക്ഷമാണ് യഥാർഥ ശിവസേനയെന്ന് അവകാശപ്പെടുന്നു. 55 ശിവസേന എം.എൽ.എമാരിൽ 40 പേരും പത്തിലേറെ എം.പിമാരും ഷിൻഡെ പക്ഷത്താണ്. താണെ, നവി മുംബൈ നഗരസഭകളിലെ മുൻ നഗരസഭാംഗങ്ങളും മറ്റുചില നേതാക്കളും ഷിൻഡെയോട് കൂറുപ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പാലൂട്ടിയ കൈകളിൽ തിരിഞ്ഞു കൊത്തിയ വഞ്ചകരായാണ് വിമതരെ ഉദ്ധവ് താക്കറെ പക്ഷം വിശേഷിപ്പിച്ചത്.
യഥാർഥ ശിവസേന തങ്ങളാണെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയും, വിമതരോടും ഉദ്ധവ് പക്ഷത്തോടും ശിവസേനയുമായി ബന്ധപ്പെട്ട തങ്ങളുടെ അവകാശവാദങ്ങൾക്ക് രേഖാമൂലം തെളിവുകൾ സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസിനെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് വിമതപക്ഷം നൽകിയ ഹരജിയും തുടർന്ന് ശിവസേന നൽകിയ ഹരജിയും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്.
പാർട്ടി പ്രമുഖിന് പരമാധികാരം നൽകുന്നതാണ് ശിവസേനയുടെ ഭരണഘടന. അതിനാൽ പരമാധികാരം ഉദ്ധവിന് തന്നെയാണ്. പാർട്ടിയുടെ അടയാളങ്ങളായ ശിവസേന ഭവൻ, കടുവ, അമ്പും വില്ലും എന്നിവ പിടിച്ചെടുക്കുകയാണ് വിമതരുടെ ലക്ഷ്യം. അതു സാധ്യമായാൽ ശിവസേനയെ ഇല്ലാതാക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് വിജയിക്കുമോ എന്നത് കണ്ടറിയണം. ഏക്നാഥ് ഷിൻഡെ സർക്കാർ കാലാവധി പൂർത്തിയാക്കുമോ എന്നതും കാണാൻ പോകുന്നേയുള്ളൂ. ശിവസേനയിലെ വിമതനീക്കത്തിന് രഹസ്യമായി ചുക്കാൻ പിടിക്കുകയും വിമത നേതാവിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്ത ബി.ജെ.പിയുടെ ഉള്ളിലിരിപ്പ് എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ കാരണവരും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാറും, യുവ തലമുറക്കാരനും ശിവസേന നേതാവുമായ ആദിത്യ താക്കറെയും പ്രവചിക്കുന്നത്. രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കി ഷിൻഡെ സർക്കാർ വീഴുമെന്ന് പലരും സംശയിക്കുന്നു. വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകമാണ്.
വിധി വിമത പക്ഷത്തിന് പ്രതികൂലവും ഉദ്ധവ് പക്ഷത്തിന് അനുകൂലവുമായാൽ ഷിൻഡെ സർക്കാർ വീഴും. ഹരജി ഭരണഘടനാ ബെഞ്ചിന് കൈമാറിയതോടെ നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെയും നിതിൻ ഗഡ്കരിയുടെയും പ്രതികരണങ്ങളിൽ ചില ആന്തരികാർഥങ്ങൾ രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു.
ഉദ്ധവ് താക്കറെ
പ്രത്യക്ഷത്തിൽ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ പൂർണമായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈകളിലാണെന്ന് ഇതിനകം വെളിപ്പെട്ടു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി എന്ന നിലയിൽ മറുപടി നൽകാൻപോലും സ്വാതന്ത്ര്യമില്ലെന്ന് ഷിൻഡെയുടെ വാർത്തസമ്മേളനങ്ങൾ ബോധ്യപ്പെടുത്തുന്നു.
ശിവസേനയെയും ഉദ്ധവ് താക്കറെയും ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ ചരടുവലിയിൽ വിമതപക്ഷം പാവകളാവുകയാണെന്ന് ഒരുപക്ഷം. റിയൽ എസ്റ്റേറ്റ്, സ്വകാര്യ സെക്യൂരിറ്റി, കേബിൾ തുടങ്ങിയ വ്യവസായ മേഖലകളിൽ വിഹരിക്കുന്ന ശിവസേനയിലെ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി വരുതിയിലാക്കിയതാണെന്നാണ് ആക്ഷേപം.
കോവിഡ് വ്യാപനശേഷം ശസ്ത്രക്രിയകൾക്ക് വിധേയനായ ഉദ്ധവ് മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയ ഏക്നാഥ് ഷിൻഡെ വിമത നീക്കത്തിന് നേതൃത്വം നൽകി എന്നത് ഔദ്യോഗിക പക്ഷത്തിന് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഷിൻഡെ പക്ഷത്ത് ആദ്യമാദ്യം ചേർന്നവരിൽ പലരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ. ഡി) അന്വേഷണം നേരിടുന്നവരാണ്. പ്രതാപ് സർനായിക് അടക്കമുള്ള വിമത നേതാക്കളുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
ശിവസേന ഒപ്പം നിന്നില്ലെങ്കിൽ സംസ്ഥാന ഭരണം പിടിക്കാൻ ബി.ജെ.പിക്ക് ആകില്ലെന്ന് 2014ലെയും 2019ലെയും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. ഒന്നുകിൽ ശിവസേന ഒപ്പം നിൽക്കണം അല്ലെങ്കിൽ അവർ തകരണം. കോൺഗ്രസ് കഴിഞ്ഞാൽ സംസ്ഥാനത്തെ അടിത്തട്ടുകളിൽ വേരോട്ടമുള്ള പാർട്ടിയാണ് ശിവസേന. അവരുടെ രാഷ്ട്രീയ സ്പേസിലാണ് ബി.ജെ.പിയുടെ നോട്ടം. സംസ്ഥാനത്ത് ശിവസേനക്കും ദേശീയതലത്തിൽ ബി.ജെ.പിക്കും മുൻകൈ എന്ന വ്യവസ്ഥയിലാണ് 1989ൽ ശിവസേന, ബി.ജെ.പിയുമായി സഹകരണമാരംഭിച്ചത്.
ഒരുഘട്ടത്തിൽ പോലും ആ ധാരണയെ ബി.ജെ.പി-ശിവസേന സഖ്യമെന്ന് വിശേഷിപ്പിക്കാൻ ശിവസേന സ്ഥാപകൻ ബാൽ താക്കറെ അനുവദിച്ചിരുന്നില്ല. ആരും ഇങ്ങനെ വിശേഷിപ്പിക്കാൻ ധൈര്യപ്പെട്ടിരുന്നുമില്ല. ശിവസേന-ബി.ജെ.പി സഖ്യം എന്നേ വിശേഷിപ്പിക്കാവൂ. ശിവസേന എന്നും മുന്നിൽതന്നെ വേണമെന്ന കാർക്കശ്യമായിരുന്നു താക്കറേക്ക്.
താക്കറേക്കുശേഷം 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യം വേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചു. സഖ്യ ശിൽപികളിലൊരാളായിരുന്ന ബി.ജെ.പി നേതാവ് പ്രമോദ് മഹാജൻ അപ്പോഴേക്ക് മരണപ്പെട്ടിരുന്നു. ഉരുക്കുമനുഷ്യനായി വിശേഷിപ്പിക്കപ്പെട്ടിരുന്ന എൽ.കെ. അദ്വാനി നരേന്ദ്ര മോദിയുടെ വരവോടെ നിഷ്പ്രഭനുമായി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ മോദിതരംഗം നൽകിയ ആത്മവിശ്വാസത്തിലാണ് തൊട്ടുപിറകെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന വേണ്ടെന്ന് ബി.ജെ.പി തീരുമാനിക്കുന്നത്. മോദി തരംഗത്തിൽ വലിയ ഒറ്റക്കക്ഷിയാവാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം എത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ദേവേന്ദ്ര ഫഡ്നാവിസ് അന്ന് മുഖ്യമന്ത്രി ആയെങ്കിലും വീഴാതിരിക്കാൻ ശിവസേനയുടെ താങ്ങു വേണമെന്ന സ്ഥിതിയായി. ബി.ജെ.പിയെ പിന്തുണച്ച് ഫഡ്നാവിസ് സർക്കാറിന്റെ ഭാഗമായെങ്കിലും അന്ന് ശിവസേനക്ക് പ്രതിപക്ഷത്തിന്റെ സ്വരമായിരുന്നു.
പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗങ്ങളിലൂടെ ശിവസേന എയ്ത വിമർശ ശരങ്ങൾ ചില്ലറ പ്രയാസങ്ങളല്ല പാർട്ടിക്ക് നൽകിയത്.എങ്കിലും, ശിവസേന ഇല്ലാതെ ഭരണത്തിലെത്തുക എളുപ്പമല്ലെന്ന ബോധ്യത്തിൽ 2019ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അവരെ ഒപ്പംകൂട്ടി. യഥാർഥത്തിൽ അന്നത്തെ ജനവിധി ബി.ജെ.പി-ശിവസേന സഖ്യത്തിനായിരുന്നു. എന്നാൽ, രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്ന വാക്ക് അമിത് ഷാ നിരസിച്ചെന്നാരോപിച്ച് ശിവസേന ഇടഞ്ഞു.
ആശയപരമായി വിരുദ്ധ ദിശയിലുള്ള എൻ.സി.പിയും കോൺഗ്രസുമായി ചേർന്ന് സർക്കാറുണ്ടാക്കി. അന്ന് തുടങ്ങിയ ബി.ജെ.പിയുടെ അട്ടിമറി ശ്രമമാണ് ശിവസേനാ വിമതരിലൂടെ ഇപ്പോൾ സാധ്യമായിരിക്കുന്നത്. വിമതർ, തങ്ങളാണ് ബാൽതാക്കറെയുടെ യഥാർഥ ഹിന്ദുത്വവാദികളായ ശിവസേനയെന്ന് അവകാശപ്പെടുന്നതിനു പിന്നിലും വിമത നേതാവിനെതന്നെ മുഖ്യമന്ത്രിയാക്കിയതിലും ബി.ജെ.പിയുടെ ഗൂഢതന്ത്രമുണ്ടെന്ന് ഉദ്ധവ് പക്ഷം സംശയിക്കുന്നു.
പെട്ടെന്നൊരു തെരഞ്ഞെടുപ്പാണ് ഉദ്ധവ് പക്ഷവും എൻ.സി.പിയും കോൺഗ്രസും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു തെരഞ്ഞെടുപ്പ് പക്ഷേ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ഉദ്ധവിനോടുള്ള സഹതാപം ജനവിധിയിൽ തങ്ങൾക്ക് പ്രതികൂലമാകുമെന്ന് അവർ ഭയക്കുന്നു. മുസ്‍ലിംകളും കമ്യൂണിസ്റ്റുകളും അടക്കം മുമ്പ് ശിവസേനയുടെ കടുത്ത എതിരാളികളായിരുന്നവരൊക്കെ ഉദ്ധവിനെ ഇഷ്ടപ്പെടുന്നു.
ഉദ്ധവിന്റെ നേതൃത്വത്തിൽ ശിവസേന പാടേ മാറി. ഒറ്റ ആഹ്വാനംകൊണ്ട് തെരുവിൽ ഇരച്ചെത്തിയവരായിരുന്നു ബാൽ താക്കറെയുടെ ശിവസൈനികർ. എന്നാൽ, ഇന്ന് അങ്ങനെയല്ല. അത് ഉദ്ധവ് ആഗ്രഹിക്കുന്നുമില്ല. അന്ന് മറാത്തി യുവത തൊഴിൽരഹിതരായിരുന്നുവെങ്കിൽ ഇന്നവർ സമൂഹത്തിലെ മിഡിൽ ക്ലാസിലേക്ക് ഉയർന്നു. എങ്കിലും ശിവസേന ഉദ്ധവ് താക്കറെയുടേതോ അതോ ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റേതോ എന്നതിന്റെ അന്തിമ വിധി മറാത്തികളുടെ കൈകളിലാണ്.