മസ്ജിദുൽ അഖ്സയെ ഉന്നമിടുമ്പോൾ
text_fields
ഫലസ്തീന്‍റെ രാഷ്ട്രീയവും മതപരവുമായ അടയാളങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി ആഗോള മുസ്‍ലിം സമൂഹത്തിന്‍റെ ആത്മീയ ഹൃദയത്തുടിപ്പായ മസ്ജിദുൽ അഖ്സയിൽ മുമ്പെങ്ങുമില്ലാത്തവിധം വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം നിരന്തരം തടസ്സപ്പെടുത്തുകയാണ് സയണിസ്റ്റുകൾ. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനും ലബനാനുമെതിരെ നടത്തിയ യുദ്ധത്തിന്റെ മറവിൽ അൽഅഖ്സ പൂർണമായും അടച്ചിട്ട് വിശ്വാസികളെ തടഞ്ഞ നടപടി ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇസ്രായേൽ അനധികൃതമായി ഉണ്ടാക്കിയ വിഭജനമതിൽ കാരണം വെസ്റ്റ് ബാങ്കിൽനിന്നുള്ള ഫലസ്തീനികൾക്ക് ഇന്ന് അഖ്സയിലേക്കെത്തുന്നതുതന്നെ...
ഫലസ്തീന്‍റെ രാഷ്ട്രീയവും മതപരവുമായ അടയാളങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി ആഗോള മുസ്‍ലിം സമൂഹത്തിന്‍റെ ആത്മീയ ഹൃദയത്തുടിപ്പായ മസ്ജിദുൽ അഖ്സയിൽ മുമ്പെങ്ങുമില്ലാത്തവിധം വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം നിരന്തരം തടസ്സപ്പെടുത്തുകയാണ് സയണിസ്റ്റുകൾ. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനും ലബനാനുമെതിരെ നടത്തിയ യുദ്ധത്തിന്റെ മറവിൽ അൽഅഖ്സ പൂർണമായും അടച്ചിട്ട് വിശ്വാസികളെ തടഞ്ഞ നടപടി ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇസ്രായേൽ അനധികൃതമായി ഉണ്ടാക്കിയ വിഭജനമതിൽ കാരണം വെസ്റ്റ് ബാങ്കിൽനിന്നുള്ള ഫലസ്തീനികൾക്ക് ഇന്ന് അഖ്സയിലേക്കെത്തുന്നതുതന്നെ അതിദുഷ്കരമാണ്.
അധിനിവേശത്തിന്റെ ചരിത്രം
1948ലെ നഖ്‌ബ മുതൽ ആരംഭിക്കുന്ന അൽഅഖ്സയുടെ അധിനിവേശ ചരിത്രം രക്തരൂഷിതവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമായിരുന്നു. ഏഴര ലക്ഷത്തിലധികം ഫലസ്തീനികളെ സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിച്ച് സ്ഥാപിതമായ ഇസ്രായേൽ, ആ യുദ്ധത്തിനൊടുവിൽ ഫലസ്തീന്‍റെ 78 ശതമാനവും കൈയടക്കി. അന്ന് ആ പഴയ നഗരവും അൽ അഖ്സയും ഉൾപ്പെടുന്ന കിഴക്കൻ ജറൂസലം ജോർഡനിലെ ഹാശിമിയ്യ രാജവംശത്തിന്‍റെ ഭരണപരമായ മേൽനോട്ടത്തിലായിരുന്നു. എന്നാൽ, 1967ലെ ആറുദിന യുദ്ധം സകല ഉടമ്പടികളെയും രാഷ്ട്രീയ സമവാക്യങ്ങളെയും തകിടംമറിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി കിഴക്കൻ ജറൂസലം സൈനിക നീക്കത്തിലൂടെ ഇസ്രായേൽ പിടിച്ചെടുത്തു. ഇതോടെ അൽഅഖ്സ നിലകൊള്ളുന്ന പഴയ നഗരം ഉൾപ്പെടെയുള്ള വിശുദ്ധ പ്രദേശങ്ങൾ ഇസ്രായേലിന്‍റെ നേരിട്ടുള്ള സൈനിക നിയന്ത്രണത്തിലായി.
സ്റ്റാറ്റസ്കോ കരാർ
1967ലെ ആറു ദിവസത്തെ യുദ്ധത്തിന് ശേഷം അന്നത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രി മോഷെ ദയാനും ജോർഡനിലെ ഹുസൈൻ രാജാവും തമ്മിലുണ്ടാക്കിയ സ്റ്റാറ്റസ്കോ കരാർ പ്രകാരം പള്ളിക്കുള്ളിലെ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ചുമതല (ജോർഡന്‍റെ മേൽനോട്ടത്തിൽ) വഖ്ഫ് ഇസ്‍ലാമിക് ട്രസ്റ്റിനും പുറത്തെ സുരക്ഷയും നിയന്ത്രണവും ഇസ്രായേലിനും നൽകി. മുസ്‍ലിംകൾക്ക് ആരാധനാ സ്വാതന്ത്ര്യവും അമുസ്‍ലിംകൾക്ക് സന്ദർശനാനുമതിയുമാണ് വ്യവസ്ഥ ചെയ്തത്. അൽ അഖ്സ സമുച്ചയത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് യഹൂദർ പുണ്യസ്ഥലമായി കരുതപ്പെടുന്ന വിലാപ മതിലിന്‍റെ നിയന്ത്രണം ഇസ്രായേലിന്‍റെ മതകാര്യ മന്ത്രാലയത്തിനായിരുന്നു. 1994ൽ ഇസ്രായേലും ജോർഡനും തമ്മിൽ ഒപ്പിട്ട സമാധാന കരാറിലൂടെ ഈ തീരുമാനങ്ങൾക്ക് ഔദ്യോഗിക നിയമസാധുതയും കൈവരുകയുണ്ടായി. ജറൂസലമിലെ മുസ്‍ലിം പുണ്യസ്ഥലങ്ങളിൽ ജോർഡനിന്‍റെ പ്രത്യേക പദവി ഇസ്രായേൽ ഇതിലൂടെ അംഗീകരിക്കുകയും ചെയ്തിരുന്നു.
1990ൽ അൽ അഖ്സ സമുച്ചയത്തിൽ യഹൂദർക്കുവേണ്ടി മൂന്നാം ക്ഷേത്രത്തിന്‍റെ കല്ലിടാനുള്ള ശ്രമം സൃഷ്ടിച്ച സംഘർഷം 21 ഫലസ്തീനികളുടെ മരണത്തിലാണ് കലാശിച്ചത്. 2000ത്തിൽ ഏരിയൽ ഷാരോൺ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പള്ളി പരിസരത്ത് പ്രവേശിച്ച് സ്റ്റാറ്റസ്കോ പരസ്യമായി ലംഘിച്ചു. ഈ സന്ദർശനമാണ് രണ്ടാം ഇൻതിഫാദയിലേക്ക് നയിച്ചത്. പള്ളിക്ക് താഴെയുള്ള ഖനനങ്ങളും, കുടിയേറ്റ ഗ്രൂപ്പുകളുടെ അതിക്രമങ്ങളും പലപ്പോഴും വലിയ സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട്.സാങ്കേതികമായി സ്റ്റാറ്റസ്കോ ഇപ്പോഴും നിലവിലുണ്ടെങ്കിലും പ്രായോഗികമായി, ഇസ്രായേൽ പൊലീസ്, ജോർഡനുണ്ടായിരുന്ന വഖ്ഫിന്‍റെ അധികാരം തമസ്കരിക്കുകയുമാണ്. ജോർഡൻ സ്ഥാനപതി പള്ളിയിൽ പ്രവേശിക്കുന്നതുപോലും പലതവണ തടയുകയുണ്ടായി.
ഇസ്രായേൽ കോടതികൾ യഹൂദർക്ക് പള്ളി പരിസരത്ത് ‘നിശ്ശബ്ദമായി പ്രാർഥിക്കാൻ’ അവകാശമുണ്ടെന്ന രീതിയിലുള്ള ചില പരാമർശങ്ങൾ നടത്തിയത് സന്ദർശകർ എന്ന പദവിയിൽനിന്ന് ആരാധകർ എന്ന പദവിയിലേക്ക് മാറ്റാനുള്ള ശ്രമത്തിന്‍റെ തുടക്കമായിരുന്നു. ഇസ്രായേൽ തുടരുന്ന കടന്നുകയറ്റങ്ങൾ ഇപ്പോൾ കേവലം നിയന്ത്രണങ്ങൾ എന്നതിലുപരി, സായുധ ഉപരോധമായി മാറിയിരിക്കുകയാണ്. റമദാനിൽ പള്ളിക്കുള്ളിൽ റെയ്ഡ് നടത്തുന്ന രീതി ഇക്കുറിയും ആവർത്തിച്ചു. ബെൻഗാവിറിനെപ്പോലുള്ള തീവ്രവലതുപക്ഷ മന്ത്രിമാർ പള്ളിക്കുള്ളിൽ സിനഗോഗ് വേണമെന്ന് ഇസ്രായേൽ നെസെറ്റിൽ പലതവണ ആവശ്യപ്പെടുകയുണ്ടായി. മൂന്നാം ക്ഷേത്രം പണിയാനുള്ള നീക്കങ്ങൾക്ക് ഇസ്രായേൽ ഭരണകൂടം നേരിട്ട് സൗകര്യമൊരുക്കുന്ന അവസ്ഥയിലാണിപ്പോൾ.
അഖ്സക്കെതിരായ യുദ്ധം
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ഈ യുദ്ധസാഹചര്യത്തിൽ മസ്ജിദുൽ അഖ്സ നേരിടുന്ന ഭീഷണികൾ അതിഗുരുതരമാണ്. യുദ്ധത്തിന്റെ മറവിൽ ഇസ്രായേൽ നടപ്പാക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി മസ്ജിദുൽ അഖ്സയുടെ വിഭജനമാണ്. 1994ലെ കൂട്ടക്കൊലക്ക് ശേഷം ക്രമസമാധാന പാലനം എന്ന വ്യാജേന ഹെബ്രോണിലെ പള്ളി വിഭജിച്ചതിന് സമാനമായി, അഖ്സ കോമ്പൗണ്ടിന്‍റെ ഒരു ഭാഗം ജൂത പ്രാർഥനക്കായി സ്ഥിരമായി വിട്ടുകൊടുക്കാൻ സൈനിക അധികാരം ഉപയോഗിക്കാനാണ് അധിനിവേശ ശക്തികൾ ശ്രമിക്കുന്നത്. വിവിധ യഹൂദ ഗ്രൂപ്പുകൾ ഇൗ മാസം ആദ്യം പള്ളിക്കുള്ളിൽ പ്രവേശിക്കാനും ബലികർമങ്ങൾ നടത്താനും ആഹ്വാനം ചെയ്തതും ഇതിന്‍റെ സൂചനയാണ്.
യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത മുതലെടുത്ത്, ‘ടെമ്പ്ൾ മൗണ്ട്’ ഗ്രൂപ്പുകൾ പള്ളി തകർക്കാനും അവിടെ പുതിയ നിർമാണങ്ങൾ നടത്താനുമുള്ള ശ്രമവും നടക്കുന്നുണ്ട്. യുദ്ധകാലത്തെ സകല നിയന്ത്രണങ്ങൾക്കുമിടയിൽ റെഡ് ഹീഫർ (ചുവന്ന പശു) ബലി നടത്താൻ രഹസ്യമായോ പരസ്യമായോ ഇസ്രായേൽ സർക്കാർ അനുവാദം നൽകിയാൽ അത് ഏറെ സ്ഫോടനാത്മകമായ സാഹചര്യമുണ്ടാക്കും. 2023 ഒക്ടോബർ മുതലാണ് പള്ളിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ആരംഭിച്ചത്. 2026 ഫെബ്രുവരി 28 മുതൽ ഏപ്രിലിലെ വെടിനിർത്തൽ വരെയുള്ള കാലയളവിൽ അഖ്സ ഏതാണ്ട് പൂർണമായും മുസ്‍ലിം ആരാധകർക്കായി അടച്ചിട്ടു. പള്ളിക്ക് താഴെയുള്ള ഖനനങ്ങളും പുരാവസ്തു ഗവേഷണങ്ങളും കൂടുതൽ ശക്തമാക്കാനും ഈ യുദ്ധകാലം ഉപയോഗപ്പെടുത്തുകയാണ് എന്ന് ഫലസ്തീനികൾക്ക് പരാതിയുണ്ട്. ഇത് പള്ളിയുടെ അടിത്തറയെ ദുർബലപ്പെടുത്തുകയും കെട്ടിടത്തിന് കേടുപാടുണ്ടാക്കുകയും ചെയ്യും.
അൽ അഖ്സയുടെ നേർക്കുള്ള ഏതൊരു നീക്കവും ലോകത്തുണ്ടാക്കുന്ന ആഘാതങ്ങൾ അത്യന്തം ഗുരുതരമായിരിക്കും. ലോകമെമ്പാടുമുള്ള 200 കോടിയിലധികം വരുന്ന മുസ്‍ലിംകൾക്ക് തങ്ങളുടെ പ്രഥമ ഖിബ്‍ലയും പുണ്യഗേഹവും സംരക്ഷിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ വലിയ നിരാശക്കും രോഷത്തിനും കാരണമാകും. നിലവിലെ സംഘർഷങ്ങൾ മൂന്നാം ലോകയുദ്ധത്തിലേക്ക് വഴിമാറിയാൽ അതിന്‍റെ മറവിൽ അൽ അഖ്സയെ കൃത്യമായി ടാർഗറ്റ് ചെയ്യാനുള്ള സാധ്യതകളേറെയാണ്. അത്തരമൊരു സാഹചര്യം മാനവികതക്കും ലോകസമാധാനത്തിനും കനത്ത പ്രഹരമായിരിക്കും ഏൽപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
