Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഭാരത് ജോഡോ കഴിയുമ്പോൾ...

ഭാരത് ജോഡോ കഴിയുമ്പോൾ എന്തുണ്ടാവും ബാക്കി ?

text_fields
bookmark_border
cartoon
cancel

പത്തൊമ്പത് ദിവസംകൊണ്ട് ഏഴു ജില്ലകളിലൂടെ 450 കിലോമീറ്റർ താണ്ടി ഭാരത് ജോഡോ യാത്ര കേരളം പിന്നിട്ടിരിക്കുന്നു. രാജ്യത്തെ ഒരു കോൺഗ്രസുകാരനുപോലും ആശ്വസിക്കാൻ വകയില്ലാത്തതരം സംഭവവികാസങ്ങൾ അഖിലേന്ത്യാ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുകൊണ്ടിരിക്കുമ്പോഴും രാഹുൽ ഗാന്ധി പ്രതീക്ഷ കൈവിട്ടിട്ടില്ല. പിന്നിലാണെന്ന് ആരൊക്കെ പരിഹസിച്ചാലും ഒന്നാമനായി പൂർത്തിയാക്കുമെന്ന് ദൃഢനിശ്ചയംചെയ്ത ഓട്ടക്കാരന്റെ ഭാവവും ഊർജ്ജവുമുണ്ട് ആ മുഖത്തും വാക്കുകളിലും.

ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധികുടുംബം താൽപര്യപൂർവം പരിഗണിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നടത്തിയ അതിനാടകീയ നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിനെയാകെ ഞെട്ടിച്ചുവെങ്കിലും ആ പ്രഹരത്തിന്‍റെ ആഘാതത്തെ സംഘടനാശരീരത്തിലേക്ക് അതേയളവിൽ കടക്കാതെ തടഞ്ഞതിന് ഇങ്ങ് തെക്കേമുനമ്പിലെ കാൽച്ചുവടുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നത് വ്യക്തം. ജീവിതത്തിൽ ഒരിക്കൽപോലും കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്തിട്ടില്ലാത്ത മനുഷ്യരും ഈ നടപ്പിന് നന്മകൾ നേരാൻ ഒത്തുചേർന്നുവെന്നത് ഭാരത് ജോഡോ യാത്ര ഉയർത്തിയ സന്ദേശത്തിന്റെ കാലിക പ്രസക്തിയൊന്നുകൊണ്ടുമാത്രമാണ്.

യാത്രയിൽ കേന്ദ്രസർക്കാറിനെയും സംഘ്പരിവാറിന്റെ വിഭജനരാഷ്ട്രീയത്തെയുമാണ് രാഹുൽ തുറന്നെതിർക്കുന്നതെങ്കിലും കേരളത്തിൽ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയത് സി.പി.എം നേതാക്കളും അണികളുമായിരുന്നു. എന്നാൽ, അവരുടെ പരിഹാസത്തോട് പ്രതികരിക്കാൻ രാഹുൽ ഒരിക്കൽപോലും മുതിർന്നില്ല. വിമർശനങ്ങളോട് അൽപനേരം മുഖംതിരിച്ച കോൺഗ്രസിലെ മറ്റ് നേതാക്കൾ പിന്നീട് മറുപടി തുടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ എല്ലാ രാഷ്ട്രീയപാർട്ടികളും ആരംഭിച്ചിരിക്കെ രാഹുലിനെ യാത്രയുടെ പേരിൽ കോൺഗ്രസും സി.പി.എമ്മും നടത്തുന്ന വിഴുപ്പലക്കലിന്‍റെ കാരണം ആർക്കും മനസ്സിലാകും. രാജ്യം ഫാഷിസത്തിന്റെ വായിലമർന്നാലും നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണിൽ നേട്ടമുണ്ടായാൽ മതിയെന്ന സ്വാർഥതനിറഞ്ഞ വിഡ്ഢിത്തം എന്നു മതിയാക്കും കേരളത്തിലെ കോൺഗ്രസ്-സി.പി.എം നേതാക്കൾ?

പദയാത്രയിലൂടെ രാജ്യത്തെ ഒരുമിപ്പിക്കാനായി രാഹുൽ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം കോൺഗ്രസ് പാർട്ടി കടുത്ത ഭിന്നിപ്പിലും പ്രതിസന്ധിയിലുമാണ് ഓരോ ദിവസവും കടന്നുപോകുന്നത്. കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം ഗോവയിലെ കോൺഗ്രസിലെ ഒരുവിഭാഗം ഒന്നടങ്കം ബി.ജെ.പി പാളയത്തിലായി. ദേശീയ നേതാക്കളിൽ പ്രമുഖനായ ഗുലാംനബി ആസാദ് പാർട്ടിയോട് സലാം ചൊല്ലി പുതിയ പാർട്ടിയുണ്ടാക്കി. ഹിമാചൽപ്രദേശിൽ പാർട്ടി വർക്കിങ് പ്രസിഡന്‍റ് ബി.ജെ.പിയിലേക്ക് ചേക്കേറി. ഈ കൊഴിഞ്ഞുപോക്കുകൾക്കിടയിലാണ് പാർട്ടി അധ്യക്ഷസ്ഥാനവുമായി ആശയക്കുഴപ്പവും അടികലശലും. ഗാന്ധികുടുംബം ഔദ്യോഗിക സ്ഥാനാർഥിയാക്കാൻ കണ്ടുവെച്ച അശോക് ഗെഹ് ലോട്ടിന്റെ അനുയായികൾ നടത്തിയ ധിക്കാരത്തേക്കാൾ വലിയ നാണക്കേട് ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവികാലത്തുപോലും ഹൈകമാൻഡ് അനുഭവിച്ചിട്ടുണ്ടാവില്ല. ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ നിയോഗിച്ച സൈന്യാധിപൻ സ്വന്തം സേനക്കുനേരെ വെടിയുതിർക്കുന്നതിന് സമാനമായ വിരോധാഭാസം. 22 വർഷങ്ങൾക്കുശേഷം കോൺഗ്രസിന്റെ തലപ്പത്തുനിന്ന് ഗാന്ധികുടുംബം പടിയിറങ്ങാൻ തീരുമാനിച്ചിരിക്കെയാണ് ഈ തിരിച്ചടിയെന്നതും വിസ്മരിക്കാനാവില്ല. സംഭവത്തിൽ പാർട്ടി അധ്യക്ഷ സോണിയയെ കണ്ട് ഗെഹ് ലോട്ട് ക്ഷമപറഞ്ഞ് ഹൈകമാൻഡിന് വിധേയപ്പെട്ടുവെങ്കിലും അവിടത്തെ സംഭവവികാസങ്ങൾ പാർട്ടിക്ക് സൃഷ്ടിച്ച ആഘാതം ചെറുതല്ല. രാഹുൽ ഗാന്ധിക്ക് താൻ ഉയർത്തുന്ന സന്ദേശം ഇന്ത്യൻ ജനതയുമായി പങ്കുവെക്കാൻ കഴിഞ്ഞേക്കും.പക്ഷേ, ഇന്ത്യയും പാർട്ടിയും ഭിന്നതകളില്ലാതെ നിലകൊള്ളണമെന്ന സന്ദേശം സ്വന്തം പാർട്ടിക്കാരെ, വിശിഷ്യാ മുതിർന്ന നേതാക്കന്മാരെ വിജയകരമായി പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കുമോ എന്നകാര്യത്തിൽ ഒരുറപ്പുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Jodo YatraRahul Gandhi
News Summary - What will be left when Bharat Jodo is over?
Next Story