Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലിബർഹാൻ കമ്മീഷൻ കണ്ടതും കോടതി കണ്ണടച്ചതും
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightലിബർഹാൻ കമ്മീഷൻ...

ലിബർഹാൻ കമ്മീഷൻ കണ്ടതും കോടതി കണ്ണടച്ചതും

text_fields
bookmark_border

'1992 ഡിസംബർ ആറിന്​ ദേശീയ-പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പള്ളിത്തകർച്ച. മുഴുവൻ സംഘ്​പരിവാർ നേതാക്കളും അന്നവിടെ നിലയുറപ്പിച്ചിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അവരൊക്കെ ബാബരി മസ്​ജിദ്​ ധ്വംസനത്തിൽ ഭാഗഭാക്കായി. ഭരണ-പൊലീസ്​ ഉദ്യോഗസ്​ഥരും മാധ്യമ പ്രവർത്തകരും സംഭവസ്​ഥലത്തുണ്ടായിരുന്നു. എല്ലാ നീക്കങ്ങളും രാഷ്​ട്രീയാധികാരം എന്ന ഏക ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു. രാജ്യത്തി​െൻറയും പുറംലോകത്തി​െൻറയും മാധ്യമങ്ങളുടെയും കൺമുന്നിലായിരുന്നു ആ ക്രൂരത നടന്നത്​. പള്ളി തകർച്ച തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. തകർക്കാൻ പുറപ്പെട്ടവരെ പിടികൂടാൻ ശ്രമിച്ചതുമില്ല'.

1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദ് തകര്‍ച്ചയും അതി​െൻറ തുടര്‍ച്ചയായി അയോധ്യയിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളും അന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്​റ്റിസ്​ ലിബർഹാൻ കമ്മീഷ​െൻറ റിപ്പോർട്ടി​െൻറ ആമുഖത്തിൽ പറയുന്നതാണിത്​. മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എല്‍.കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രി വാജ്‌പേയി തുടങ്ങിയ സംഘ്​പരിവാറി​െൻറ 68 നേതാക്കള്‍ കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 17 വർഷം നീണ്ട അ​േന്വഷണത്തിലൂടെ ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയതും ബാബരി മസ്​ജിദ്​ തകർത്തത്​ സംബന്ധിച്ച ഗൂഢാലോചന കേസിൽ വിധി നിർണയിക്കു​േമ്പാൾ സി.ബി.ഐ പ്രത്യേക കോടതി കണ്ണടച്ചതും ഒരേ കാര്യങ്ങൾ തന്നെ.

ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ടവരെയെല്ലാം കുറ്റവിമുക്​തരാക്കിയ സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടി​െൻറ സമ്പൂർണ നിരാകരണമായാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്​. കമ്മീഷ​െൻറ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമാണ് കോടതിയുടെ കണ്ടെത്തല്‍ എന്നും കോടതി വിധി പ്രഹസനമാണെന്നും ആരോപിച്ച്​ ജസ്​റ്റിസ്​ ലിബർഹാൻ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്​. ഗൂഢാലോചന നടന്നില്ല എന്ന കോടതി കണ്ടെത്തല്‍ കമ്മീഷ​െൻറ കണ്ടെത്തലുമായി യോജിക്കുന്നില്ലെന്ന്​ അദ്ദേഹം പറയുന്നു. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ ആധികാരികമല്ലെന്നാണ്​ ജഡ്ജി എസ്.കെ. യാദവ് വിധിയിൽ എടുത്തുപറഞ്ഞത്​. അതിനെ ചോദ്യം ചെയ്യുന്നുണ്ട്​ ജസ്​റ്റിസ്​ ലിബർഹാൻ. 'പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചത് സംഘ്​പരിവാർ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണെന്ന കമ്മീഷ​െൻറ പ്രധാന കണ്ടെത്തലുകളൊന്നും കോടതി പരിഗണിച്ചില്ല. കോടതി ഇത്തരം വിഷയങ്ങളിലേക്ക് കടന്നിട്ടില്ലേ എന്നുവരെ സംശയിക്കണം. വിഡിയോ, ഓഡിയോ തെളിവുകളുടെ ആധികാരികതയാണ് കോടതി ചോദ്യം ചെയ്തത്. എന്നാല്‍ ഇത് മാത്രമല്ല തെളിവുകളായി ഉണ്ടായിരുന്നത്. ഒട്ടേറെ കണ്ടെത്തലുകള്‍ കമ്മീഷന്‍ നടത്തിയിരുന്നു'- അദ്ദേഹം വ്യക്​തമാക്കുന്നു.

തെളിവുകൾ നശിപ്പിച്ചത്​ ആരാണെന്നും ജസ്​റ്റിസ്​ ലിബർഹാൻ ​ത​െൻറ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്​. ദൃശ്യമാധ്യമ പ്രവർത്തകരാണ് പ്രാഥമികമായി ആക്രമണത്തിൽ ലക്ഷ്യമാക്കപ്പെട്ടത്​. അവരുടെ കാമറകളും ഫിലിം സ്​ട്രിപ്പുകളും ആസൂത്രിതമായി നശിപ്പിക്കപ്പെട്ടു. അതുകൊണ്ട്​ തന്നെ അതിനുപിന്നിലെ ഉദ്ദേശ്യം വ്യക്​തമാണ്​. രംഗം ഒപ്പിയെടുക്കാനുള്ള ഒരു സജ്​ജീകരണവും സംസ്​ഥാന സർക്കാർ ചെയ്​തില്ല. ഭാവിയിൽ അപരാധികൾ രക്ഷപ്പെടാൻ വേണ്ടി തെളിവുകൾ നശിപ്പിക്കലായിരുന്നു ആക്രമണത്തി​െൻറ ഉദ്ദേശ്യം. ഇതി​െൻറ ഉത്തരവാദിത്വം ശരാശരി കർസേവകരുടെ മേൽ ചുമത്താനാകില്ല. സംഭവസ്​ഥലത്ത്​ സന്നിഹിതരായ നേതൃത്വത്തി​െൻറ പിന്തുണയോടെ ആർ.എസ്​.എസ്​ കാഡറുകളാണ്​ ഈ ഹീനകൃത്യം നിർവഹിച്ചതെന്ന്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ​


എല്ലാം മുൻകൂട്ടി തയാറാക്കിയത്​, വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നതും

ആഭ്യന്തര മന്ത്രാലയത്തി​െൻറ നിര്‍ദേശ പ്രകാരം ഹൈകോടതി മുന്‍ ജഡ്ജി ജസ്​റ്റിസ് മന്‍മോഹന്‍സിങ് ലിബര്‍ഹാന്‍ മേധാവിയായി 1992 ഡിസംബര്‍ 16നാണ്​ കമ്മീഷൻ രൂപവത്​കരിക്കപ്പെട്ടത്​. മൂന്നുമാസമായിരുന്നു കമ്മീഷ​െൻറ കാലാവധി. എന്നാല്‍ 17 വര്‍ഷം വൈകി 2009 ജൂണ്‍ 30നാണ് കമ്മീഷന്‍ റിപോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് സമര്‍പ്പിച്ചത്. 1000ലധികം പുറങ്ങളടങ്ങിയതായിരുന്നു റി​പ്പോർട്ട്​.

48 തവണയാണ് കമ്മീഷ​െൻറ കാലാവധി നീട്ടിയത്. ജുഡീഷ്യല്‍ രംഗത്ത് ഇത്​ ഒരു റെക്കോഡായി മാറുകയും ചെയ്​തു. നൂറിലധികം സാക്ഷികള്‍ക്കായി 399 വിസ്താരങ്ങള്‍ നടത്തിയ കമ്മീഷന്‍ എട്ടുകോടി രൂപ ചെലവഴിച്ചു. മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ അദ്വാനി, വാജ്‌പേയി തുടങ്ങിയ സംഘ്​പരിവാറി​െൻറ നേതാക്കളടക്കം കുറ്റക്കാരെന്ന്​ കമ്മീഷൻ വിലയിരുത്തിയ 68 പ്രതികളിൽ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പള്ളി പൊളിക്കുമ്പോള്‍ യു.പിയിലെ ചീഫ് സെക്രട്ടറിയായിരുന്ന വി.കെ. സക്‌സേന, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.ജി.പി, ഡി.ഐ.ജി, ഫൈസാബദ് ജില്ലാ മജിസ്‌ട്രേറ്റ്, പോലിസ് സൂപ്രണ്ട് എന്നിവരെല്ലാം കമ്മീഷന്‍ കണ്ടെത്തിയ കുറ്റക്കാരുടെ പട്ടികയിലുണ്ട്. ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്തതും വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരവുമാണ് സംഘ്​പരിവാർ പള്ളി തകര്‍ത്തതെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ വ്യക്​തമായി രേഖപ്പെടുത്തിയിട്ടുണ്ട്​. ഇതൊന്നും ​പക്ഷേ, സി.ബി.ഐ കോടതിയുടെ കണ്ണിൽപ്പെട്ടില്ലയെന്ന്​ മാത്രം.

ബി.ജെ.പി അടക്കമുള്ള സംഘ്​പരിവാർ സംഘടനകളുടെ മുന്‍നിര നേതാക്കളാണ് പള്ളി തകര്‍ക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന്​ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്​തമാണ്​. അയോധ്യയിലെ ക്ഷേത്ര നിര്‍മാണം ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനതയുടെ ആവശ്യമായിരുന്നില്ല. ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനതക്കു താൽപര്യമില്ലാതിരുന്ന ബാബരി മസ്ജിദ് പ്രശ്‌നത്തെ ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിക്കാനും വര്‍ഗീയമായി വിഭജിക്കാനും രാഷ്​ട്രീയ അധികാരം വ്യാപിപ്പിക്കാനും സംഘ്​പരിവാർ ഉപയോഗിക്കുകയായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന സമയത്ത് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ കര്‍സേവകര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തി.

പള്ളിയുടെ 200 മീറ്റര്‍ അടുത്ത് തമ്പടിച്ചിരുന്ന ഇവര്‍ക്ക്, കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ നേതാക്കളോ പ്രാദേശിക ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കമ്മീഷന്‍ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കര്‍സേവകര്‍ മസ്ജിദി​െൻറ ഉള്ളില്‍ കടക്കുന്നതും മിനാരങ്ങള്‍ തകര്‍ക്കുന്നതും തടയാന്‍ അദ്വാനി, ജോഷി, അശോക് സിംഗാള്‍, വിജയ്‌രാജെ സിന്ധ്യ, ആര്‍.എസ്.എസ് നേതാവ് എച്ച്.വി. ശേഷാദ്രി തുടങ്ങിയവര്‍ ശ്രമിച്ചില്ല. കര്‍സേവകരെ മസ്ജിദി​െൻറ മുകളില്‍ നിന്നു താഴെയിറക്കുന്നതിന്​ നേതാക്കള്‍ ദുര്‍ബലമായ ശ്രമമാണു നടത്തിയത്. പള്ളി തകര്‍ക്കുന്നതിനു മികച്ച പരിശീലനം ലഭിച്ച സ്വയംസേവക്മാരെ ഭരണകൂടത്തി​െൻറ സഹായത്തോടെ ഉന്നതരായ ഈ നേതാക്കള്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന്​ റിപ്പോർട്ടിൽ വ്യക്​തമായി കുറ്റപ്പെടുത്തുന്നുണ്ട്​.

ബി.ജെ.പിയിലെ അദ്വാനിയടക്കമുള്ള കപട മിതവാത നേതൃത്വങ്ങള്‍ ആര്‍.എസ്.എസി​െൻറ കൈയിലെ ഉപകരണമായിരുന്നു. ആര്‍.എസ്.എസ് നിര്‍മിച്ചെടുത്ത പദ്ധതിയുടെ രാഷ്​ട്രീയ വിജയം ഇവര്‍ സ്വന്തമാക്കി. സംശയത്തി​െൻറ ആനുകൂല്യമോ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒഴികഴിവോ ഏതായാലും ഈ നേതാക്കള്‍ക്കു നല്‍കാനാവില്ലെന്ന്​ കമ്മീഷൻ വ്യക്​തമാക്കുന്നുണ്ട്​. ജനങ്ങളുടെ വിശ്വാസത്തെയാണ് ഈ നേതാക്കള്‍ ലംഘിച്ചത്. ജനാധിപത്യത്തില്‍ ഇതില്‍പ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതില്‍ കമ്മീഷൻ മടി കാട്ടിയുമില്ല. 'ഒരു വശത്ത് ഒരേസമയം ബി.ജെ.പിയുടെയും ആര്‍.എസ്.എസി​െൻറയും ഏറ്റവും പരിചിത മുഖങ്ങളായ അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ പള്ളി തകര്‍ത്തതിനെ തള്ളിപ്പറയുകയും അവരുടെ നിഷ്‌കളങ്കത പൊതുജനത്തിനു മുന്നില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതും വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതുമായിരുന്നതിനാല്‍ ഈ കപടമിതവാദികള്‍ ഒരുതരത്തിലും നിഷ്‌കളങ്കരായിരുന്നുവെന്ന് പറയാനാവില്ല'- ജസ്​റ്റിസ്​ ലിബർഹാൻ റിപ്പോർട്ടിൽ അഭി​പ്രായപ്പെട്ടു.


ഒഴുകിയത്​ കോടികൾ, മൗനാനുവാദം നൽകി സർക്കാർ

സ്വാഭാവികമായി ലക്ഷ്യപ്രപ്തിയിലെത്തിയ പ്രക്ഷോഭമായിരുന്നില്ല പള്ളിപൊളിക്കല്‍ സംഭവമെന്ന്​ റിപ്പോർട്ടിൽ ആവർത്തിക്കുന്നുണ്ട്​. സംഘ്​പരിവാർ ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്‌തെടുത്ത പദ്ധതിയുടെ വിജയമായിരുന്നു പള്ളിപൊളിക്കൽ. ഇതിനായി സംഘ്​പരിവാറി​െൻറ കൈകളിലേക്ക് കോടികള്‍ ഒഴുകി. വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ക്ക് വന്‍ തുകകള്‍ സംഭാവനയായി ലഭിച്ചു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്രോതസ്സുകളില്‍ നിന്നു മാത്രമല്ല, കൃത്യമായ ബാങ്ക് അക്കൗണ്ടുകളിലൂടെയും കോടികള്‍ ഒഴുകി. പ്രധാനമായും രാമജന്മഭൂമി ന്യാസ്, ഭാരത് കല്യാണ്‍ പരിഷത്ത്, പാദുക പൂജന്‍ നിധി, ശ്രീരാമ ജന്മഭൂമി ന്യാസ്, ശ്രീരാം ശിലാ പൂജന്‍, ജാന്‍ ഹിതേഷി എന്നീ സംഘടനകള്‍ക്കാണ് പണം ലഭിച്ചത്. ഓങ്കാര്‍ ബാവേ, മഹന്ത് പരമഹംസ് രാമചന്ദ്രദാസ്, നൃത്യ ഗോപാല്‍ദാസ്, ഗുര്‍ജന്‍ സിങ്, നരാദ് സരന്‍, ആചാര്യ ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരിഡാല്‍മിയ, നാനാഭഗവത്, ജസ്വന്ത് സിങ്് ഗുപ്ത, ബി.പി. തോഷ്ണിവാള്‍, സീതാറാം അഗര്‍വാള്‍, അശോക് സിംഗാള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ശതകോടിക്കണക്കിനു പണം ഉപയോഗിച്ച് ആര്‍.എസ്.എസി​െൻറ പട്ടാളച്ചിട്ടയനുസരിച്ചുള്ള പ്രവര്‍ത്തനമാണ് മസ്ജിദ് തകര്‍ച്ചയില്‍ കലാശിച്ചതെന്ന്​ കമ്മീഷൻ വ്യക്​തമാക്കുന്നു.

ആര്‍.എസ്.എസിനെ പള്ളിപൊളിക്കലി​െൻറ മുഖ്യസൂത്രധാരകനായാണ് റിപോര്‍ട്ട് പരാമര്‍ശിക്കുന്നത്. ആര്‍.എസ്.എസ് അതി​െൻറ രൂപവത്​കരണ കാലം മുതല്‍ ഹിന്ദുരാഷ്​​്ട്രമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആര്‍.എസ്.എസി​െൻറ രാഷ്​ട്രീയ വിഭാഗമായാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അയോധ്യാ പ്രക്ഷോഭത്തെക്കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന പ്രചാരണം മാറ്റിനിര്‍ത്തിയാല്‍ സാധാരണ ജനങ്ങളുടെ (ഇടത്തരം ഹിന്ദുക്കളില്‍ നിന്നു പോലും) പിന്തുണയോ സഹകരണമോ ഇതിനു ലഭിച്ചിരുന്നില്ല. അതിനാല്‍ രഥയാത്രകളും പൊതുസമ്മേളനങ്ങളും നടത്തി വൈകാരികമായി ഉത്തേജിപ്പിച്ച് ജനകീയമാക്കി മാറ്റാന്‍ ശ്രമം നടത്തിയെന്ന്​ കമ്മീഷൻ കുറ്റപ്പെടുത്തുന്നു.

റിപ്പോര്‍ട്ടില്‍ ഏറ്റവുമധികം കുറ്റപ്പെടുത്തിയിരിക്കുന്നത് അന്നത്തെ യു.പി. മുഖ്യമന്ത്രി കല്യാണ്‍ സിങിനെയാണ്. ബാബരി മസ്ജിദ് തകര്‍ച്ചയിലേക്കു നയിച്ച മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി കല്യാണ്‍ സിങും അദ്ദേഹത്തി​െൻറ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണെന്ന്​ റിപ്പോർട്ടിലുണ്ട്​. കര്‍സേവകര്‍ക്ക് മൗനാനുവാദം മാത്രമല്ല, അതിനു വേണ്ട ഭൗതികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും ഇവര്‍ നല്‍കി. ഉദ്യോഗസ്ഥതലത്തിലും സഹായങ്ങൾ ലഭ്യമാക്കി. ഡിസംബര്‍ ആറിലെ സംഭവങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ അധികാരമേറ്റയുടനെ കല്യാണ്‍ സിങ് തിരക്കഥയെഴുതി തുടങ്ങി. ഈ പദ്ധതിയെ പിന്തുണയ്ക്കാത്ത മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റുകയാണ്​ കല്യാൺ സിങ്​ ആദ്യം ചെയ്​തത്​. ഹൈകോടതിയിലും സുപ്രിം കോടതിയിലും കേന്ദ്രസര്‍ക്കാറി​െൻറ മുമ്പിലും നിരന്തരം കള്ളംപറയുകയും ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്നു മാധ്യമങ്ങളോട്​ കള്ളം പറഞ്ഞ്​ കല്യാൺ സിങ്​ കേന്ദ്രമോ സുപ്രിംകോടതിയോ ഇടപെടുന്നത് ഒഴിവാക്കുന്നതിൽ വിജയിച്ചു. കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിക്കുന്നതിനെ കല്യാണ്‍ എതിര്‍ത്തു. കേന്ദ്രസര്‍ക്കാരോ സുപ്രിംകോടതിയോ മുന്‍കരുതലെടുക്കുന്നത് ഒഴിവാക്കാനാവശ്യമായ നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് ആര്‍.എന്‍. ശ്രീവാസ്തവ കല്യാണ്‍സിങി​െൻറ നേരിട്ടുള്ള ആജ്ഞ അനുസരിച്ചാണു പ്രവര്‍ത്തിച്ചതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. സംഭവസമയത്ത് ഉത്തര്‍പ്രദേശ് ഗവര്‍ണറായിരുന്ന സത്യനാരായണന്‍ റെഡ്ഢിയും സംഘപരിവാറി​െൻറ ഒത്തുകളിക്കു കൂട്ടുനിന്നു. ന്യൂനപക്ഷ സര്‍ക്കാര്‍ ആണെന്ന പ്രശ്‌നമടക്കമുള്ള കേന്ദ്രസര്‍ക്കാറി​െൻറ പരിമിതകള്‍ ചൂഷണം ചെയ്തു സ്വന്തം അജണ്ട നടപ്പാക്കുകയായിരുന്നു കല്യാൺ സിങ്​ സര്‍ക്കാര്‍ എന്ന്​ റിപ്പോർട്ടിൽ വ്യക്​തമായി പറയുന്നുണ്ട്​.

ദേശവിരുദ്ധരെന്ന വിളി ഭയന്നാകണം, മുസ്​ലിം നേതാക്കളും നിശബ്​ദരായി

റിപോർട്ടിൽ മുസ്‌ലിം സംഘടനകളുടെ നിലപാടുകളെയും ജസ്​റ്റിസ്​ ലിബർഹാൻ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്​. ഉന്‍മത്തരായ ഹിന്ദു ആശയവാദികള്‍ക്ക് പൊതുജനത്തി​െൻറയുള്ളില്‍ ഭയമുളവാക്കാനുള്ള അവസരം സൃഷ്​ടിച്ചുകൊടുത്തതില്‍ ഉന്നതരായ മുസ്‌ലിം രാഷ്​ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ഇന്ത്യാ വിരുദ്ധരെന്നോ ദേശീയ വിരുദ്ധരെന്നോ മുദ്രകുത്തുമെന്ന്​ ഭയക്കുന്നതിനാലാവണം, രാജ്യത്തെ മതഭ്രാന്തിലേക്ക്​ തള്ളിയ സംഘ്​പരിവാർ നേതൃത്വത്തി​െൻറ ചരിത്ര വക്രീകരണത്തിനെതിരെ സാരവത്തായ ഒന്നും മുസ്​ലിം നേതൃത്വത്തി​െൻറ ഭാഗത്തുനിന്നുണ്ടായില്ലെന്ന്​ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. മസ്​ജിദ്​ ധ്വംസനം തങ്ങളു​െട വികാരത്തെ വല്ലാതെ മുറിപ്പെടുത്തിയെന്ന്​ മുസ്​ലിം സമുദായത്തിനുവേണ്ടി ഹാജരായവർ വ്യക്​തമാക്കി.

എന്നാൽ, ബാബരി മസ്​ജിദ്​ ധ്വംസനത്തിന്​ പിന്നിൽ ഗൂഢാലോചന നടന്നതിന്​ ഉപോദ്​ബലകമായ തെളിവുകൾ ഹാജരാക്കാൻ അവർക്ക്​ കഴിഞ്ഞില്ല. കമ്മീഷന്​ മുമ്പാകെ ബദൽ സിദ്ധാന്തങ്ങളോ കാഴ്​ചപ്പാടോ മുസ്​ലിമുകൾക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടില്ല. അനുരഞജ്​ന ചർച്ചകളിൽ പ​ങ്കെടുത്തുവന്ന ഉത്തരവാദിത്വമുള്ളവരും വിദ്യാസമ്പന്നരുമായ മുസ്​ലിം നേതാക്കൾ എന്തെങ്കിലും പ്രധാന കാര്യങ്ങൾ വെളിപ്പെടുത്താനോ വസ്​തുതകൾ നിരത്താനോ തയാറായില്ല. തെളിവുകൾ സമ്പാദിക്കാനുള്ള പ്രക്രിയയിലും മുസ്​ലിം സമൂഹത്തി​െൻറ സഹായം അധികം ലഭ്യമായില്ല. ബാബരി മസ്​ജിദ്​ ആക്ഷൻ കമ്മിറ്റി, വഖഫ്​ ബോർഡ്​, മറ്റ്​ സംഘടനകൾ, വ്യക്​തികൾ, എന്നിവർ എല്ലാ ഘട്ടങ്ങളിലും കമ്മീഷന്​ മുമ്പാകെ ഹാജരായെങ്കിലും കമ്മീഷൻ നിലവിൽ വന്ന്​ ഏതാണ്ട്​ പത്ത്​ വർഷം പിന്നിട്ട ശേഷമാണ്​ മുസ്​ലിം നിയമ ബോർഡ്​ അതി​െൻറ നടപടികളിൽ പങ്കാളിയായത്​.

അരനൂറ്റാണ്ട്​ മുമ്പ്​ നിയമവിരുദ്ധമായി മസ്​ജിദി​െൻറ പൂട്ട്​ തകർത്ത്​ രാമവിഗ്രഹം പ്രതിഷ്​ഠിച്ചതിലെ കള്ളക്കളികൾ വെളിച്ചത്താക്കുന്നതിലും ആൾ ഇന്ത്യ ബാബരി മസ്​ജിദ്​ ആക്ഷൻ കമ്മിറ്റി പരാജയപ്പെട്ടു. ചില സാമുദായിക മുസ്​ലിം നേതാക്കൾ പല കാരണങ്ങളാലും കാഴ്​ചക്കാരായി മാറുകയും തികച്ചും അപ്രസക്​തമായ ദൗത്യം നിർവഹിക്കുകയും ചെയ്​തു. 1983ന​ുശേഷം ചരിത്രത്തി​െൻറ ദുർവ്യാഖ്യാനങ്ങളെ പ്രതിരോധിക്കാനുള്ള അവരുടെ പരിശ്രമങ്ങൾ തീർത്തും ദുർബലമായി. ഇവക്ക്​ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞതുമില്ല. ബാബരി മസ്​ജിദ്​ ആക്ഷൻ കമ്മിറ്റിയും പിന്നീട്​ ആൾ ഇന്ത്യ ബാബരി മസ്​ജിദ്​ ആക്ഷൻ കമ്മിറ്റിയും ക്രിയാത്​മകമായ രീതിയിൽ മുസ്​ലിം സമൂഹത്തെ പ്രതിനിധീകരിച്ചില്ല.

പല പരിവർത്തനങ്ങൾക്കും വിധേയമായ സംഘ്​ അവകാശ വാദങ്ങൾക്കുള്ള മറുപടി ചില നിഷേധ പ്രസ്​താവനകളിലൊതുങ്ങി. ആർ.എസ്​.എസും വി.എച്ച്​.പിയും കത്തിച്ചുനിർത്തിയ ഭയാശങ്കകളെ സാഹചര്യമുടണായിട്ടും സഗൗരവം നേരിടാതെ മുസ്​ലിം നേതൃത്വം നിഷ്​ക്രിയരായി നിന്നു. ഉത്തരവാദിത്വ നിർവഹണത്തിലെ മുസ്​ലിം നേതൃത്വത്തി​െൻറ വീഴ്​ചയാണ്​ സംഘ്​പരിവാറിന്​ കാര്യങ്ങൾ അനായാസകരമാക്കിയതെന്ന്​ ചൂണ്ടിക്കാട്ടിയ കമ്മീഷൻ, റിപ്പോർട്ടിൽ മുസ്​ലിം നേതൃത്വത്തെയും സംഘടനകളെയും അപരാധികളിലെ മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liberhan commissionBabri Masjid VerdictBabri Masjid case
News Summary - What Liberhan commission found and CBI special court droped
Next Story