യൂർഗൻ ഹെബർമാസ് ബാക്കി വെച്ചത്
text_fieldsJürgen Habermas യൂർഗൻ ഹെബർമാസ്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകരിൽ ഒരാളും ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ രണ്ടാം തലമുറയിലെ പ്രമുഖനുമായ യൂർഗൻ ഹെബർമാസ് തന്റെ 96-ാം വയസ്സിൽ സ്റ്റാർൻബർഗിൽ വെച്ച് അന്തരിച്ചിരിക്കുന്നു. ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ അദ്ദേഹത്തെ "മഹാനായ ഒരു എൻലൈറ്റൻമെന്റ് ചിന്തകൻ" എന്ന് വിശേഷിപ്പിച്ചപ്പോൾ, ചാൻസലർ ഫ്രീഡ്രിച്ച് മെർസ് അദ്ദേഹത്തിന്റെ വിശകലന പാടവം ജനാധിപത്യ സംവാദങ്ങളെ ആഴത്തിൽ സ്വാധീനിച്ചതായി അനുസ്മരിക്കുകയുണ്ടായി. എന്നാൽ, ഹെബർമാസിന്റെ ദാർശനിക ജീവിതത്തെ സത്യസന്ധമായി വിലയിരുത്തുമ്പോൾ, തന്റെ തന്നെ സിദ്ധാന്തങ്ങളോട് അദ്ദേഹം പിൽക്കാലത്ത് പുലർത്തിയ വൈരുധ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
പൊതുമണ്ഡലവും പുനർ-ഫ്യൂഡൽവത്കരണവും
1962ൽ പുറത്തിറങ്ങിയ 'ദ സ്ട്രക്ചറൽ ട്രാൻസ്ഫർമേഷൻ ഓഫ് ദ പബ്ലിക് സ്ഫിയർ' എന്ന കൃതിയിലൂടെയാണ് ഹെബർമാസ് ശ്രദ്ധേയനായത്. യുക്തിസഹമായ സംവാദങ്ങളിലൂടെ ഭരണകൂടത്തെ ചോദ്യം ചെയ്യാൻ പൗരന്മാർ ഒത്തുചേരുന്ന 'പൊതുമണ്ഡലം' എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. എന്നാൽ ആധുനിക മുതലാളിത്തം ഈ മണ്ഡലത്തെ തകർക്കുന്നുവെന്നും പൗരന്മാരെ നിഷ്ക്രിയരായ ഉപഭോക്താക്കളാക്കി മാറ്റുന്നുവെന്നും അദ്ദേഹം വാദിച്ചു. അഥവാ തുറന്ന ചർച്ചയിലൂടെ ഉയർന്നുവരുന്നതിനു പകരം, പൊതുഅഭിപ്രായം ജനമാധ്യമങ്ങളാലും വാണിജ്യ താൽപര്യങ്ങളാലും നിർമിക്കപ്പെടുന്നതായിരുന്നു. ഇതിനെയാണ് 'പുനർ-ഫ്യൂഡൽവത്കരണം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.
ഭരണഘടനാപരമായ ദേശാഭിമാനം
നാസി ക്രൂരതകളെ ന്യായീകരിക്കാൻ ശ്രമിച്ച ചരിത്രകാരന്മാരോട് 1980കളിൽ അദ്ദേഹം ശക്തമായി വിയോജിച്ചിരുന്നു. വംശീയതക്ക് പകരം മനുഷ്യാവകാശങ്ങളും ജനാധിപത്യ നിയമങ്ങളും അടിസ്ഥാനമാക്കിയുള്ള 'ഭരണഘടനാപരമായ ദേശാഭിമാനം' എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിലെ പൗരന്മാർ തങ്ങളുടെ സാമൂഹിക ഐഡന്റിറ്റി വംശീയ ദേശീയതയിലോ സാംസ്കാരിക പ്രത്യേകതയിലോ അടിസ്ഥാനമാക്കരുത് എന്നും, മറിച്ച് ഭരണഘടന നിയമത്തിൽ അന്തർലീനമായിരിക്കുന്ന സാർവത്രിക തത്ത്വങ്ങളോടുള്ള പങ്കിട്ട അനുരാഗത്തിലാണ് അടിസ്ഥാനമാക്കണം എന്നും അദ്ദേഹം നിർദേശിച്ചു. മനുഷ്യാവകാശങ്ങൾ, നിയമാധിപത്യം, ജനാധിപത്യ നടപടിക്രമങ്ങൾ തുടങ്ങിയവയായിരുന്നു അവ.
എന്നാൽ നാൻസി ഫ്രേസറെപ്പോലുള്ള വിമർശകർ, ഹെബർമാസിന്റെ ഈ ആശയം സാമൂഹികമായ അനീതിയുടെ സാമ്പത്തിക വശങ്ങളെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മെച്ചപ്പെട്ട സംവാദത്തിലേക്കും, കൂടുതൽ ഉൾക്കൊള്ളുന്ന സംസാര സാഹചര്യങ്ങളിലേക്കും മാത്രം ഉദ്ദേശിച്ച ഒരു രാഷ്ട്രീയം — സിദ്ധാന്തത്തിൽ അല്ലെങ്കിലും പ്രായോഗികമായി — നിലവിലുള്ള മുതലാളിത്ത സ്ഥാപനങ്ങളുടെ ന്യായീകരണത്തിനുള്ള ഒരു രാഷ്ട്രീയമായി മാറാനുള്ള സാധ്യതയുണ്ട്.
അതായത്, സംവാദത്തിന്റെ മെച്ചപ്പെടുത്തലിന് മാത്രം ഊന്നൽ നൽകുന്നത്, സാമ്പത്തിക അസമത്വവും വിഭവവിതരണത്തിലെ അനീതിയും പോലുള്ള യഥാർഥ ഘടനാപരമായ പ്രശ്നങ്ങളെ മറച്ചുവെക്കുകയും, നിലവിലെ അധികാര-സമ്പത്ത് ക്രമത്തെ ന്യായീകരിക്കുകയും ചെയ്യുമെന്നാണ് ഫ്രേസറിന്റെ മുന്നറിയിപ്പ്.
കൂടാതെ, അദ്ദേഹത്തിന്റെ ഈ 'യൂനിവേഴ്സലിസം' കേവലം യൂറോപ്യൻ അനുഭവങ്ങളിൽ മാത്രം ഊന്നിയുള്ളതാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇത് ഒരു സ്ഥിരതയുള്ള ലിബറൽ-ജനാധിപത്യ സ്ഥാപനപരമായ ചട്ടക്കൂട് മുൻകൂട്ടി കരുതുകയും അതിനാൽ, ആ ചട്ടക്കൂടിന് പുറത്ത് നിൽക്കുന്നവർക്ക് അഥവാ കൊളോണിയലിസത്തിന് വിധേയമായവർക്കും, സാമ്പത്തികമായി അരികുവത്കരിക്കപ്പെട്ടവർക്കും ഘടനാപരമായി ഒഴിവാക്കപ്പെട്ടവർക്കുമൊക്കെ എന്തൊക്കെ വിമോചനാത്മകമായ സാമഗ്രികളാണ് ഇത് വാഗ്ദാനം ചെയ്യുന്നത് എന്ന ചോദ്യം അപരിഹാര്യമായി തുടരുകയും ചെയ്യുന്നു. ഇത് തന്നെ അദ്ദേഹത്തിന്റെ ചിന്തയിലെ ബ്ലൈൻഡ് സ്പോട്ടും.
ഗസ്സയിലെ നിലപാടും ബൗദ്ധികവും നൈതികവുമായ പാപ്പരത്തവും
2023 നവംബറിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ പിന്തുണച്ചുകൊണ്ട് ഹെബർമാസും സഹപ്രവർത്തകരും പുറപ്പെടുവിച്ച 'പ്രിൻസിപ്പിൽസ് ഓഫ് സോളിഡാരിറ്റി' എന്ന പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. ഇസ്രായേലിന്റെ സൈനിക നടപടി തത്വത്തിൽ ന്യായമാണെന്ന് വാദിച്ച അദ്ദേഹം 'വംശഹത്യ' എന്ന പദം ഉപയോഗിക്കുന്നതിനെ തന്നെ എതിർക്കുകയുണ്ടായി.
ഈ നിലപാട് ഹെബർമാസിന്റെ തന്നെ ദർശനങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഇറാനിയൻ സോഷ്യോളജിസ്റ്റായ ആസിഫ് ബയാത്ത് ചൂണ്ടിക്കാട്ടിയത്. ജർമനിയിൽ ഇസ്രായേൽ വിരുദ്ധ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നത് ഹെബർമാസ് പണ്ട് പറഞ്ഞ 'പുനർ-ഫ്യൂഡൽവത്കരണത്തിന്' സമാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത്തരത്തിൽ ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും അവിടുത്തെ ഇസ്രയേൽ അധിനിവേശത്തെക്കുറിച്ചും ഹെബർമാസ് പുലർത്തിയ മൗനം അദ്ദേഹത്തിന്റെ ദർശനങ്ങളിലെ വലിയൊരു വിടവായി തന്നെയാണ് കാണപ്പെടുന്നത്. സാമൂഹ്യശാസ്ത്രജ്ഞനായ ഇർഫാൻ അഹ്മദ് വാദിച്ചത് പോലെ, ഇത് ഹേബർമാസിനെ സാർവ്വലൗകികതയുടെ ദാർശനികൻ ആക്കുന്നതിന് പകരം 'വംശീയ ചിന്തകൻ' ആക്കുകയാണ് ചെയ്യുന്നത്.
ഹാമിദ് ദബാഷി കുറച്ച് കൂടി കടന്ന് ഇങ്ങനെ എഴുതി "ഗസ്സ മൊമന്റ് ഹെബർമാസിൽ ഒരു വൈരുദ്ധ്യത്തെ വെളിപ്പെടുത്തിയതല്ല, മറിച്ച് ഒരു സ്ഥിരതയെയാണ് വ്യക്തമാക്കിയത് " എന്നായിരുന്നു അത്. "തന്റെ ദാർശനിക പൈതൃകത്തിന്റെ സുഖപ്പെടാനാകാത്ത ഗോത്രീയതയോട് എക്കാലവും പൂർണമായി യോജിക്കുന്നയാളായിരുന്നു അദ്ദേഹം. അത് കേവലം ഒരു സാർവ്വലൗകിക ഭാവം സ്വീകരിച്ചിരുന്നു എന്ന് മാത്രം."
അദ്ദേഹം മുന്നോട്ടുവെച്ച സംവേദനപരമായ യുക്തിയും ജനാധിപത്യ മൂല്യങ്ങളും ഒരർഥത്തിൽ പരിമിതമെങ്കിലും വിമോചനത്തിനായുള്ള വിഭവങ്ങളായി മനസ്സിലാക്കാമെങ്കിലും സ്വന്തം സിദ്ധാന്തങ്ങൾ തന്നെ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ ഫലസ്തീൻ ജനതയുടെ കാര്യത്തിൽ പ്രയോഗിക്കാൻ അദ്ദേഹം തയാറായില്ല എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ 'നിർണായകമായ വൈരുദ്ധ്യം' ആയി ശേഷിക്കുന്നു. ഒരു ദാർശനികൻ തന്റെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും തമ്മിലുള്ള ചേർച്ചയിലൂടെ വേണം വിലയിരുത്തപ്പെടാൻ എന്ന നിബന്ധനയിൽ ഹെബർമാസ് ചരിത്രത്തിന് മുന്നിൽ പരാജയപ്പെട്ടുവെന്നാണ് തിരിച്ചറിയാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

