Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഭഗവദ്ഗീതയും അയ്യപ്പനും...

ഭഗവദ്ഗീതയും അയ്യപ്പനും തമ്മിലെന്ത്?

text_fields
bookmark_border
Narayana Guru-BR Ambedkar
cancel
camera_alt

ശ്രീനാരായണ ഗുരു, ഡോ. ബി.ആർ. അംബേദ്കർ

കേരളം വ്യത്യസ്തമായ നിരവധി രാഷ്ട്രീയ സാംസ്കാരിക സംഗമങ്ങളുടെ വേദിയായിരുന്നിട്ടുണ്ട്. 1913ലാണ് പുലയരുടെ നേതൃത്വത്തിൽ കൊച്ചിയിൽ വിഖ്യാതവും വിമോചനാത്മകവുമായ കായൽ സമ്മേളനം അരങ്ങേറിയത്. ചരിത്ര ഗവേഷകൻ ചെറായി രാമദാസിന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘ജാതിഭേദവാഴ്ചക്ക് മാരകമായ പ്രഹരമേൽപിച്ചു’’കൊണ്ടാണ് എറണാകുളം ചെറായിയിലെ തുണ്ടിടപ്പറമ്പിൽ സഹോദരൻ അയ്യപ്പന്റെ കർതൃത്വത്തിൽ കീർത്തിയേറിയ മിശ്രഭോജന വിപ്ലവം 1917ൽ സൃഷ്ടിക്കപ്പെട്ടത്. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച സന്ദർഭത്തിൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ യോഗം ചേർന്ന് ക്ഷേത്ര പ്രവേശനത്തെ പിന്തുണച്ചു. അതേസമയം ഇരിങ്ങാലക്കുടയിൽ ചില ബ്രാഹ്മണ തന്ത്രിമാർ യോഗം ചേർന്ന് ക്ഷേത്ര പ്രവേശനത്തെ എതിർക്കുകയാണുണ്ടായത്.

ചരിത്രത്തെ മുന്നോട്ടെടുക്കുന്ന യോഗങ്ങളും സംഗമങ്ങളും അരങ്ങേറിയതിനൊപ്പം തന്നെ പുരോഗമനാത്മകതയെ പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയ സംഗമങ്ങളും കേരളത്തിൽ അരങ്ങേറിയിട്ടുണ്ട്. കേരള ചരിത്രത്തിൽ മനുഷ്യർക്കിടയിലെ ഭേദചിന്തകൾക്കെതിരായി മനുഷ്യസ്നേഹത്തിന്റെയും മൈത്രിയുടെയും അനുകമ്പയുടെയും ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്​ നാരായണഗുരു സ്വാമികളുടെ അരുളിലും അൻപിലും പ്രവർത്തിപ്പിക്കപ്പെട്ട ഒന്നായിരുന്നു ആലുവയിലെ സർവമത സമ്മേളനം. ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അയ്യപ്പസംഗമവും, ഹിന്ദുത്വ വാദികളുടെ കൈകാര്യ കർതൃത്വത്തിൽ സമാന്തര അയ്യപ്പസംഗമങ്ങളും നടക്കുന്ന ഇക്കാലത്ത് കായൽ സമ്മേളനത്തിൽ നിന്നും ആലുവ സർവമത സമ്മേളനത്തിൽ നിന്നും അയ്യപ്പസംഗമത്തിലേക്കുള്ള ദൂരത്തിന്റെ ചരിത്രപരമായ സാംസ്കാരിക പരിണാമം ആഴത്തിൽ പഠനത്തിനും വിശകലനത്തിനും വിധേയമാക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.


അയ്യപ്പഭക്തിയും ഗീതയിലെ ഭക്തിയും

പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ കേരള മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ‘യഥാർഥ’ ഭക്തനെ ചൂണ്ടിക്കാട്ടാൻ ഗീതയിലെ വരികൾ ഉദ്ധരിക്കുകയുണ്ടായി. ഈ സന്ദർഭത്തിലാണ് അയ്യപ്പഭക്തിയും ഗീതയിലെ ഭക്തിയും സംബന്ധിച്ച്​ ആഴത്തിൽ പരിശോധിക്കേണ്ടി വരുന്നത്. ഗീതയിൽ വിവരിക്കുന്ന ‘അദ്വേഷ്ടാ സർവഭൂതാനാം’ തുടങ്ങിയ ആശയങ്ങളുൾപ്പെടെ ബുദ്ധമതത്തിൽ നിന്ന്​ വൈദിക ബ്രാഹ്മണമതം സ്വീകരിച്ചിട്ടുള്ളതാണ്. മൈത്രിയെപ്പറ്റി പറയുന്ന ഗീതയിൽ തന്നെയാണ് ചാതുർവർണ്യ വാദവും ഉള്ളടങ്ങിയിരിക്കുന്നത്. ഒരു കൈയിൽ തത്ത്വമസിയും മറുകൈയിൽ ജാതിവ്യവസ്ഥയും കൊണ്ടുനടക്കാൻ ഒരു ബുദ്ധിശൂന്യന് മാത്രമേ കഴിയൂ എന്ന് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്. ഗീതക്കൊപ്പംതന്നെ ഛാന്ദോഗ്യോപനിഷത്തും പ്രസ്തുത ഉപനിഷത്തിലെ തത്ത്വമസിയും അയ്യപ്പസംഗമ വേദിയിൽ ഉദ്ധരിക്കപ്പെടുകയുണ്ടായി.

എന്നാൽ, തത്ത്വമസി പ്രതിപാദിക്കപ്പെട്ട അതേ ഛാന്ദോഗ്യോപനിഷത്തിലാണ്, ചണ്ഡാളന്മാരെ യാഗശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്ന് വിധിച്ചിട്ടുള്ളത്. സ്ത്രീകളും വൈശ്യരും ശൂദ്രരും പാപയോനികളാണെന്ന് പറയുന്നതും ഗീത തന്നെ. ഗീതയിലെ ഭക്തിയെയും ഭക്തനെയും കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ ഇങ്ങനെ എഴുതുന്നു: ‘‘ഭക്തി കൊണ്ടുമാത്രം രക്ഷ കിട്ടുകയില്ലെന്നും ഭക്തിയോടൊപ്പം തന്റെ വർണത്തിന് നിശ്ചയിച്ചിട്ടുള്ള കടമ കൂടി നിർവഹിച്ചാൽ മാത്രമേ രക്ഷകിട്ടുകയുള്ളൂ എന്നും, തന്നെ ആരാധിക്കുന്നവർക്കും തന്റെ ഭക്തന്മാർക്കും അദ്ദേഹം (കൃഷ്ണൻ) മുന്നറിയിപ്പ് നൽകുന്നുണ്ട്. ചുരുക്കത്തിൽ ഒരു ശൂദ്രൻ എത്ര വലിയ ഭക്തനായാലും ശൂദ്രന്റെ കടമ അതിലംഘിച്ചാൽ, അതായത് ഉയർന്ന വർഗങ്ങളുടെ ദാസ്യവൃത്തി ചെയ്തുകൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവന് രക്ഷ കിട്ടുകയില്ല’’. ചുരുക്കത്തിൽ ഗീതയിൽ വിവരിക്കുന്ന ഭക്തനും ഭക്തിയും ചാതുർവർണ്യ ജാതിവ്യവസ്ഥയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതിന് അയ്യപ്പനുമായി ഒരു ബന്ധവുമില്ല എന്നതാണ് ചരിത്രവസ്തുത.

അയ്യപ്പൻ കേരളത്തിലെ തദ്ദേശീയ അവർണ ജനവിഭാഗങ്ങളുടെ ദൈവമാണ്. ബ്രാഹ്മണികമായ ആചാരാനുഷ്ഠാനങ്ങളല്ല അയ്യപ്പ ഭക്തിക്ക് പിന്നിലുള്ളത്. ഇരുമുടിക്കെട്ടും ശരണമന്ത്രങ്ങളും ശബരിമല തീർഥാടനത്തിലെ വ്യത്യസ്തവും മറ്റെങ്ങും കാണാനാവാത്തതുമായ അനുഷ്ഠാനങ്ങളും വൈദിക ബ്രാഹ്മണ മതത്തിൽനിന്ന്​ ഉരുവം കൊണ്ടവയല്ല. ശബരിമലയിലെ പ്രാചീന ചരിത്രത്തിൽ നാം കാണുന്നത് മല അരയരെയും ഈഴവരെയും പുലയരെയും മറ്റുമാണ്.


ഗീതയിലെ ധർമവും ഭരണഘടനാ ധാർമികതയും

‘ചാതുർവർണ്യം മയാ സൃഷ്ടം’ എന്നെഴുതിയ ഗീതയുടെ ധാർമിക വ്യവസ്ഥയുടെ അടിസ്ഥാനം വർണധർമ ജാതിവ്യവസ്ഥയാണ്. ബ്രാഹ്മണത്വത്തെ രക്ഷിക്കാൻ വേണ്ടിയാണ് ഭഗവാൻ വാസുദേവൻ അവതരിക്കുന്നതെന്ന് ഗീതാ ഭാഷ്യത്തിന്റെ ആമുഖത്തിൽ ശങ്കരാചാര്യർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് ആത്മാഭിമാനത്തോടെ ജനങ്ങൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ആമചാടി തേവന്റെയും ടി.കെ.മാധവന്റെയും സഹോദരൻ അയ്യപ്പന്റെയും നാരായണഗുരുവിന്റെയും നേതൃത്വത്തിൽ നടന്ന സഹന- സാഹസ സമരങ്ങളിലൂടെയാണ്.

വൈക്കത്ത് ക്ഷേത്രപ്രവേശന സമരം നടക്കുന്ന കാലത്ത് ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ പക്കലും ഗീതയുണ്ടായിരുന്നു. പക്ഷേ ‘യഥാർഥ ഭക്തന്റെ’ ലക്ഷണം പാലിച്ച് അവർണരെ വഴിനടക്കാൻ പോലും നമ്പ്യാതിരി അനുവദിക്കുകയുണ്ടായില്ല. ഗീതയോ ഗീതയിലെ ഭക്തിസൂക്തികളോ അല്ല ഇന്ത്യയിലെ അവർണ ജനകോടികളുടെ വിമോചന സമരപാത. ഗീതയിൽ സാഹോദര്യം ഉണ്ടായിരുന്നെങ്കിൽ നാരായണഗുരുവിന് അരുവിപ്പുറത്ത് ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’ എന്നെഴുതിവെക്കേണ്ടി വരുമായിരുന്നില്ല. നാരായണഗുരു ഒരിക്കൽ നടരാജ ഗുരുവിനോട് പറഞ്ഞു: ‘‘ഗീത ഉപദേശിച്ച കൃഷ്ണൻ പിന്നീട് ദു:ഖിച്ചിരിക്കാം’’ എന്ന്. ഗീതയിലെ ജാതിഹിംസ ഗുരു ആഴത്തിൽ തിരിച്ചറിഞ്ഞിരുന്നു എന്ന് ഇതിലൂടെ വ്യക്തം.

ഇന്ത്യയിൽ സമാനതകളില്ലാത്ത ക്രൂര വംശഹത്യയുടെ നടത്തിപ്പുകാരനായ യോഗിയുടെ ആശംസാപത്രം വായിക്കപ്പെട്ടതോടെ ഗീതയിലെ ചാതുർവർണ്യമാണ് ഉയർത്തപ്പെട്ടത്. ‘കൊല്ലുന്നവനില്ല ശരണ്യത/മറ്റെല്ലാവിധ നന്മയുമാർന്നീടിലും’ എന്ന ഗുരു വാക്യങ്ങൾ ചില അഗാധ ബോധ്യങ്ങളിലേക്കാണ് നമ്മെ നയിക്കുക. അധികാരത്തിന്റെ തിളക്കത്തിലേറി വന്നതാണ് ആശംസാപത്രമെങ്കിലും, കൊല്ലുന്നവന് ശരണ്യതയില്ലെന്ന് ഗുരു പറഞ്ഞത് ഉത്തരദേശത്തെ ചില ‘യോഗി’മാരെ കണ്ടിട്ടുകൂടിയാണ്. അതുകൊണ്ടുതന്നെ ആലുവ സർവമത സമ്മേളനത്തിൽനിന്ന്​ അയ്യപ്പസംഗമത്തിലേക്കുള്ള ദൂരം അളക്കാൻ ഒരുവേള നാം നിർബന്ധിതരാകും. നമ്മെ നാമാക്കിയ ചരിത്രത്തെ മറക്കാതിരിക്കാൻ ചരിത്രത്തിലേക്കല്ലാതെ വേറെ എങ്ങോട്ടാണ് നാം നോക്കേണ്ടത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhagavad GitaLord AyyappaSabarimalaLatest News
News Summary - What is the connection between the Bhagavad Gita and Lord Ayyappa?
Next Story