വോള്‍വോയും ഡ്രൈവര്‍മാരും

ടി. ജുവിൻ
08:55 AM
05/05/2019
volvo-23

2001ല്‍ വോള്‍വോ ഇന്ത്യയില്‍ വിറ്റത് വെറും 20 ബസുകളാണ്. 2011 ഡിസംബറായപ്പോഴേക്കും അയ്യായിരം വോള്‍വോകള്‍ ഇന്ത്യന്‍ നിരത്തില്‍ ഓടുന്നുണ്ടായിരുന്നു. നിലവില്‍ ആഡംബര ബസ് വിപണിയുടെ 76 ശതമാനം വോള്‍വോക്കുണ്ട്. 2000ല്‍ സിംഗപ്പൂരില്‍ നിന്നും ഹോങ്കോങില്‍ നിന്നും ഇറക്കുമതി ചെയ്ത രണ്ട് ബി സെവൻ ആര്‍ ബസുകള്‍ ആറ് മാസം ഓടിച്ചുകാണിച്ചാണ് വോള്‍വോ ഇന്ത്യയില്‍ വിപണി തുറന്നത്. അന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ ബസിനെക്കാള്‍ അഞ്ചിരട്ടിയായിരുന്നു വോള്‍വോയുടെ വില. ലോകം മുഴുവന്‍ വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഓടുന്ന ബസുകള്‍ക്ക് 12 മീറ്ററാണ് നീളം. എന്നാല്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇത് 11 മീറ്ററായി കുറക്കാന്‍ വോള്‍വോ നിര്‍ബന്ധിതമായി. മുന്നില്‍ എഞ്ചിനുള്ള ബസുകള്‍ കണ്ടുപരിചയിച്ചവര്‍ക്ക് പിന്നില്‍ എഞ്ചിനുള്ള വോള്‍വോ അത്ഭുതമായിരുന്നു. തീര്‍ന്നില്ല 22 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവത്തിപ്പിക്കാവുന്ന ബസ് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഒരു ബസ് തന്നെ ഉപയോഗിച്ച് പല സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ളള അവസരം ഇതോടെ ഉണ്ടായി. 

നിലവില്‍ ഏഴ്ലിറ്റര്‍ മുതല്‍ 11 ലിറ്റര്‍ വരെ എഞ്ചിന്‍ ശേഷിയുള്ള ബസുകളാണ് വോള്‍വോയുടേതായി നിരത്തിലുള്ളത്. 380 ബി.എച്ച്.പി വരെ കരുത്ത്. ഓട്ടോമാറ്റിക് ഷിഫ്റ്റുള്ള 12 ഗിയറുകള്‍. ആക്സിലേറ്ററില്‍ കാല്‍ വച്ചാല്‍ അസ്ത്രം പോലെ കുതിക്കുന്ന പ്രവർത്തന ശേഷി. വേഗം കൂടുന്നതനുസരിച്ച് ബസി​​െൻറ ഉയരം കുറഞ്ഞ് റോഡിനോട് ചേരും. ഉയര്‍ന്ന വേഗത്തില്‍ പരമാവധി നിയന്ത്രണം കിട്ടാനാണിത്. റോഡ് മോശമായാല്‍ വേഗം കുറയുകയും തറയില്‍നിന്ന് ഉയരുകയും ചെയ്യും. ഈ മാറ്റമൊന്നും അകത്തിരിക്കുന്ന യാത്രക്കാരനെ ബാധിക്കുകയുമില്ല. ഇതൊക്കെയാണ് വോള്‍വോ. 

volvo-63

നേരേ ചൊവ്വേ ഇതൊന്നും അറിയാത്ത, സ്വബോധമില്ലാത്ത ഒരു ഡ്രൈവറുടെ കൈയിൽ കിട്ടിയാല്‍ മിസൈല്‍ പോലെ അപകടകാരിയാകും ഈ ബസ്. ഇതറിയാവുന്ന വോള്‍വോ തങ്ങളുടെ ബസുകള്‍ ഓടിക്കാനുള്ള പരിശീലനം ഡ്രൈവര്‍മാര്‍ക്ക് കൃത്യമായി നല്‍കുന്നുമുണ്ട്. വോള്‍വോ ബസി​​െൻറ ഏറ്റവും പ്രധാന ഘടകം മികച്ച ഡ്രൈവറാണ് എന്ന സങ്കല്‍പ്പമാണ് വോള്‍വോക്ക്. സാധാരണ ഡ്രൈവറെക്കാള്‍ കുടുതല്‍ ചെയ്യാനുള്ളതിനാല്‍ കോച്ച് ക്യാപ്റ്റന്‍ എന്ന പേരിലാണ് വോള്‍വോ ഡ്രൈവര്‍മാരെ വിശേഷിപ്പിക്കുന്നത്. ബംഗളൂരു ഹൊസക്കോട്ടയില്‍ സ്ഥാപിച്ചിരിക്കുന്ന വോള്‍വോ ഡ്രൈവിംഗ് സ്കൂളില്‍ പ്രവേശനം കിട്ടാന്‍ താഴെപ്പറയുന്ന യോഗ്യത ഉണ്ടായിരിക്കണം. 

മികച്ച ആരോഗ്യവും കാഴ്ച ശക്തിയും. ദീര്‍ഘദൂര ബസുകള്‍ ഓടിച്ച് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം. 
ഇംഗ്ലീഷ് മനസ്സിലാക്കാനുള്ള കഴിവ്. പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും അറിയണം. ഇന്ധനം ലാഭിക്കാനുള്ള വഴികള്‍ മുതല്‍ ഉത്തരവാദിത്ത ബോധം വളർത്താനും റോഡുകളില്‍ വോള്‍വോ ഗുഡ്​വിൽ അമ്പാസിഡര്‍മാരാകാനും വരെയുള്ള പരിശീലനം നല്‍കിയാണ് ഇവിടെനിന്ന് ഓരോരുത്തരെയും വോള്‍വോ പുറത്തുവിടുന്നത്. 35000 പേര്‍ ഇവിടെ പരിശീലനം നേടിയെന്നാണ് ഏകദേശ കണക്ക്. 

ജീവനക്കാര്‍ പറയുന്നത്

മാന്യമായ കൂലി കിട്ടുന്നില്ല എന്നതാണ് മികച്ച ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്നം. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു ഡ്രൈവര്‍ വണ്ടിയോടിക്കരുതെന്നാണ് കേന്ദ്രമോട്ടോര്‍ വാഹന നിയമത്തില​ുള്ളത്. എന്നാല്‍ 16 മണിക്കൂര്‍ വരെ വണ്ടിയോടിക്കേണ്ട സാഹചര്യമാണ് മിക്ക അന്തർ സംസ്ഥാന ബസുകളിലുമുള്ളത്. ബസ്സില്‍ 40 സീറ്റ് കഴിഞ്ഞാല്‍ കൂടുതല്‍ വരുന്ന സീറ്റില്‍ ടിക്കറ്റ്ചെലവായാല്‍ അമ്പതുശതമാനം തുക ബസ് ജീവനക്കാര്‍ക്ക് നല്‍കും. വഴിയില്‍നിന്ന് യാത്രക്കാര്‍ കയറിയാലും അതി​​െൻറ വിഹിതവും കിട്ടും. രാത്രി കേരളത്തില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ ബംഗളൂരുവിലെത്തുന്ന തൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യംപോലും കമ്പനികള്‍ നല്‍കില്ല. ബസിൽ തന്നെ കിടന്നുറങ്ങേണ്ടിവരുന്നവരുമുണ്ട്. 

മറ്റ് തൊഴില്‍മേഖലയില്‍ കൂലിവര്‍ധനയുണ്ടാകുമ്പോഴും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളപരിഷ്കരണമോ ആനുകൂല്യമോ ഇല്ല. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിപോലുള്ള കേരളത്തിലെ തൊഴിലാളി ക്ഷേമസംവിധാനങ്ങളില്‍നിന്ന് ഒഴിവാകാന്‍ ബസുകള്‍ കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ കഴിയും. കേരളത്തിലെ മോട്ടോര്‍തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇതുകാരണം നല്‍കേണ്ടതില്ല.

volvo-45

കേരളത്തിലെ ലേബർ ആക്ടില്‍നിന്ന് രക്ഷപ്പെടാനും മുതലാളിമാര്‍ക്ക് പറ്റും. പക്ഷേ, പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ തന്നെ ബസ് ഓടിക്കണമെന്ന് വന്‍കിട കമ്പനികള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. കാശ് കുറച്ച് കുടുതല്‍ സമയം ജോലി ചെയ്യാന്‍ സന്നദ്ധമായാല്‍ ആര്‍ക്കും വണ്ടിയോടിക്കാം. ഇങ്ങനെയെത്തുന്നവരില്‍ ലഹരിമരുന്നിന് അടിമകളായവര്‍ പോലുമുണ്ട്. പല ബസുകളിലേക്കും മിക്കവാറും അവസാന നിമിഷമായിരിക്കും ഒരു ഡ്രൈവറെ തപ്പി പിടിച്ചു കൊണ്ട് വരുന്നത്. ഹൈവേ ഡ്രൈവിംഗ് പരിചയമില്ലാത്ത ഇവര്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങളും മറ്റും അപകടത്തിലേക്ക് നയിക്കും. മിക്കപ്പോഴും സമയത്ത് പുറപ്പെടാത്ത ഇത്തരം ബസ്സുകള്‍ അമിതവേഗത്തില്‍ ഓടിച്ചാണ് സമയം ക്രമപ്പെടുത്തുന്നത്. 

സേലം - കോയമ്പത്തൂര്‍ പോലെ നല്ല നിലവാരമുള്ള, വീതിയുള്ള സൂപ്പര്‍ ഹൈവേകളില്‍  മിക്ക വാഹനങ്ങളും അതി വേഗത്തില്‍ ആയിരിക്കും. ഇവിടെ വലതു വശത്തുള്ള ഹൈ സ്പീഡ് സോണില്‍ വണ്ടി ഓടിക്കുമ്പോള്‍ ഡ്രൈവിംഗ് പരിചയം നിര്‍ണായകമാണ്. പുതിയ ഡ്രൈവര്‍മാര്‍ തോന്നിയ പോലെ വണ്ടി ഓടിച്ചാല്‍ അപകടം ഉറപ്പ്്. വോള്‍വോ, മെര്‍സിഡിസ്, ഇസുസു തുടങ്ങിയ ബസുകള്‍ അതിവേഗത്തില്‍ ഓടിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തവയാണ്. ഇൻറലിജന്‍്റ് മൈക്രോ പ്രോസസ്സര്‍ മോഡ്യൂളുകളാണ് ഇവയെ നിയന്ത്രിക്കുന്നത്.  എന്നിട്ടും വോള്‍വോ ഇന്ത്യയില്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന വേഗം മണിക്കൂറില്‍ വെറും നൂറ് കിലോമീറ്ററാണ്. റോഡുകളുടെ അവസ്ഥയും മറ്റും കണക്കിലെടുത്താണ് ഈ നിയന്ത്രണം. എന്നാല്‍ 150 കിലോമീറ്ററാണ് സാധാരണ ഡ്രൈവര്‍മാര്‍ സ്വീകരിക്കുന്ന വേഗമെന്ന് ജീവനക്കാര്‍ പറയുന്നു. 

volvo-45

ഈ വേഗത്തില്‍ റോഡിലെ തിരിവുകള്‍ നിയന്ത്രിക്കുന്നതിനും ഓവര്‍ടേക്ക് ചെയ്യുന്നതിനുമാണ് ഏറെ പരിചയം വേണ്ടത്. റോഡ് പെട്ടന്ന് തൊണ്ണൂറു ഡിഗ്രി തിരിയുന്ന ഒരു ഭാഗത്ത്  സ്വാഭാവികമായും ഡിവൈഡര്‍ ബസിന് നേര്‍ക്ക് നേര്‍ വരും. ഇവിടെ ഡ്രൈവറുടെ പരിചയ സമ്പന്നത മാത്രമാണ് രക്ഷാമാര്‍ഗം. അപ്രതീക്ഷിതമായി ഒരു വാഹനമോ മനുഷ്യനോ മുന്നില്‍ പെട്ടാലും ഈ അവസ്ഥ ഉണ്ടാകാം. വന്‍തോതില്‍ ചരക്ക് കയറ്റിയിട്ടുള്ള സെമി സ്ലീപ്പര്‍ ബസ്സുകള്‍ മറിയാനുള്ള ചാന്‍സ് വളരെ കൂടുതല്‍ ആണ്. ഇത്തരം ബസ്സുകള്‍ ഓടിച്ചു പരിചയമില്ലാത്ത ഒരു ഡ്രൈവര്‍ വളവുകളിലും മറ്റും അതിവേഗം പരീക്ഷിച്ചാല്‍ ദൈവം മാത്രമെ രക്ഷക്ക് ഉണ്ടാവൂ. സേലത്ത് രണ്ട് മലയാളികളുടെ മരണത്തില്‍ കലാശിച്ച മള്‍ട്ടി ആക്സില്‍ വോള്‍വോയുടെ അപകടത്തിന് കാരണം ബസ്സി​​െൻറ ഡ്രൈവര്‍ തെറ്റായ ലേനില്‍ വണ്ടി ഓടിച്ചതാണെന്ന് ഓര്‍ക്കണം. 


 

Loading...
COMMENTS