വെള്ളിത്തിരയിൽനിന്ന് തെറിക്കുന്ന ചോര
text_fields
മരം മുറിക്കുന്ന യന്ത്രവാൾകൊണ്ട് തലങ്ങും വിലങ്ങും മനുഷ്യരെ അറുത്തുകൊല്ലുക, ചോരയിൽ കുളിക്കുക, കണ്ണുകാണാത്ത ഒരു മനുഷ്യനെ പുകയുന്ന ആസിഡിൽ എറിഞ്ഞു വെന്തുരുകുന്നതു കണ്ട് ആസ്വദിക്കുക, കൈയും കാലും വെട്ടിയെടുത്ത് അതുമായി നർത്തനമാടുക -ഈയിടെ പുറത്തിറങ്ങിയ ചില സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളാണ് ഇതെല്ലാം. സാമൂഹിക പ്രതിബദ്ധതയുള്ള നിലപാട് പ്രകടിപ്പിച്ചിട്ടുള്ള സംവിധായകരും നമ്മുടെ വീട്ടിലെ പയ്യന്മാർ എന്ന കണക്കിൽ...
മരം മുറിക്കുന്ന യന്ത്രവാൾകൊണ്ട് തലങ്ങും വിലങ്ങും മനുഷ്യരെ അറുത്തുകൊല്ലുക, ചോരയിൽ കുളിക്കുക, കണ്ണുകാണാത്ത ഒരു മനുഷ്യനെ പുകയുന്ന ആസിഡിൽ എറിഞ്ഞു വെന്തുരുകുന്നതു കണ്ട് ആസ്വദിക്കുക, കൈയും കാലും വെട്ടിയെടുത്ത് അതുമായി നർത്തനമാടുക -ഈയിടെ പുറത്തിറങ്ങിയ ചില സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളാണ് ഇതെല്ലാം.
സാമൂഹിക പ്രതിബദ്ധതയുള്ള നിലപാട് പ്രകടിപ്പിച്ചിട്ടുള്ള സംവിധായകരും നമ്മുടെ വീട്ടിലെ പയ്യന്മാർ എന്ന കണക്കിൽ പ്രേക്ഷകലക്ഷങ്ങൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുമാണ് മത്താപ്പൂ കത്തിക്കുന്ന ലാഘവത്തോടെ തോക്കും ബോംബും കത്തിയും വാളും ഉപയോഗിച്ച് കൈവിറക്കാതെ മനുഷ്യരെ കൊല്ലുന്നതിനെ ആഘോഷമാക്കുന്ന സിനിമകളുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്.
ലോകത്തെമ്പാടും സാമൂഹിക മാറ്റത്തിന് പ്രേരകമായ ബഹുജന മാധ്യമവും കലാരൂപവുമാണ് സിനിമകൾ. സാമൂഹിക തിന്മകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെല്ലുവിളിക്കുന്ന, ഭരണകൂടങ്ങളെ പിടിച്ചുലക്കാൻ പോലും പോന്ന സിനിമകൾ നമ്മുടെ നാട്ടിൽത്തന്നെ വെള്ളിത്തിര നിറഞ്ഞാടിയിട്ടുണ്ട്. എന്നാൽ, ഇന്നിറങ്ങുന്ന സിനിമകൾ മനുഷ്യരെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്? സമീപകാലത്ത് കേരളത്തിൽ നടമാടിയ പല കൊലപാതകങ്ങളിലും കൊടും ക്രൂരതകളിലും മയക്കുമരുന്നിനൊപ്പം ചോരക്കളികള്‍ സെലിബ്രേറ്റ് ചെയ്യുന്ന സിനിമകളും പ്രേരകമായിട്ടുണ്ട് എന്ന് കാണാതിരിക്കാനാവില്ല.
ചോരയിൽ മണ്ണുപറ്റും എന്നും മറ്റുമുള്ള ഡയലോഗുകൾ നമ്മുടെ വീട്ടിലെ കൊച്ചുകുഞ്ഞുങ്ങൾപോലും പറഞ്ഞു നടക്കുന്നുവെങ്കിൽ കൗമാരക്കാരിലും യുവജനങ്ങളിലും ആ ഡയലോഗുകളും അക്രമരംഗങ്ങളും ചെലുത്തുന്ന സ്വാധീനം എപ്രകാരമായിരിക്കും. ആർക്കും സംശയം തോന്നാത്ത വിധത്തിൽ കൊന്നു കുഴിച്ചു മൂടുന്നതിനെ ‘ദൃശ്യം മോഡൽ’ എന്നാണല്ലോ കുറെ വർഷമായി നമ്മൾ വിളിച്ചുവരുന്നതുതന്നെ. മോഷണവും ധീരകർമമായി ചിത്രീകരിക്കുന്നുണ്ട് ചില സിനിമകൾ. കവർച്ചക്കേസുകളിൽ പിടിയിലാവുന്ന പലരും പാഠപുസ്തകമായി ചൂണ്ടിക്കാട്ടുന്നത് അത്തരം ചില സിനിമകളെയാണ്. അക്രമത്തിനും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങൾക്കുമെതിരിൽ ബോധവത്കരണം നടത്തുന്നതിന് ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു മാധ്യമമാണ് സത്യത്തിൽ സിനിമ. പുകവലിയുടെയും ലഹരിയുടെയും ദൂഷ്യഫലങ്ങൾക്കെതിരായ പരസ്യ കാമ്പയിനുകളിൽ നമ്മുടെ താരങ്ങൾ അണിനിരക്കുന്നതിന് അതിന്റേതായ സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നതും എടുത്തുപറയണം.
ഭരണാധികാരിക്ക് അലോസരം തോന്നിയേക്കുമെന്ന് സെൻസർ ബോർഡിലെ ഏതെങ്കിലുമൊരു അംഗത്തിന് തോന്നിയാൽ സർട്ടിഫിക്കറ്റ് അനുവദിക്കാതെ സിനിമകൾ തടഞ്ഞുവെക്കുന്ന നാട്ടിലാണ് തുടക്കം മുതൽ ഒടുക്കം വരെ വെടിവെപ്പും കൊള്ളിവെപ്പും അക്രമ ഡയലോഗുകളും കുത്തിനിറച്ച ചിത്രങ്ങൾക്ക് അനുമതി ലഭിക്കുന്നതും അവ അതിവേഗം ഹിറ്റായി മാറുന്നതും. നാട്ടിൽ നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങളിൽ അത് നടപ്പാക്കിയവർ മാത്രമാണോ ഉത്തരവാദികൾ? തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകളെ നൂറുകോടി ക്ലബിലെത്തിക്കാൻ മത്സരിക്കുന്ന സാക്ഷര മലയാളിക്ക് ഈ തിന്മകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഓടിയൊളിക്കാനാവില്ലെന്നുറപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.