വെനിസ്വേലയിൽ ട്രംപ് തുറന്ന എണ്ണ സാമ്രാജ്യം; എത്രകാലം തുടരും ഈ ഞാണിന്മേൽ കളി?
text_fieldsകരയിലോ കടലിലോ എണ്ണയും മറ്റു പ്രകൃതി വിഭവങ്ങളും സ്വന്തമായുള്ളവരാണ് നിങ്ങളെങ്കിൽ ഇനി അമേരിക്കയെയും ട്രംപിനെയും പേടിക്കാതെ വയ്യ. അധിനിവേശം തന്നെയെന്ന് പച്ചക്കു പറഞ്ഞ് അവർ വന്ന് എല്ലാം സ്വന്തമാക്കും. ഭരണാധികാരികളെ രായ്ക്കുരാമാനം വീട്ടിൽനിന്നിറക്കി അമേരിക്കയിലെത്തിച്ച് തടവിലിടും. എണ്ണയുടെ സ്രോതസ്സുകൾ വിലപേശൽ പോലുമില്ലാതെ കൈക്കലാക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേല ഈ വലിയ പാഠപുസ്തകത്തിലെ അവസാന അധ്യായമാണ്.
4500 കിലോമീറ്റർ അകലെയുള്ള രാജ്യത്ത് കഴിഞ്ഞ ജനുവരി മൂന്നിന് അർധരാത്രി അമേരിക്കൻ സേനയിറങ്ങുന്നത് തലസ്ഥാന നഗരത്തെ സമ്പൂർണമായി അടച്ചുകെട്ടിയാണ്. കാവൽനിന്ന സൈനികരുടെ തോക്കുകൾ പോയിട്ട് മൊബൈൽ ഫോൺ പോലും എവിടെയും മിണ്ടുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു നികൊളാസ് മദൂറോയെ വിമാനത്തിൽ കയറ്റിപ്പോയത്. മുമ്പ് ഇറാനിൽ ഷാ റിസ പഹ്‍ലവിയെും ഇറാഖിൽ നൂരി മാലികിയെയും പോലെ ആകാശത്തുനിന്ന് കെട്ടിയിറക്കുന്നതിന് പകരം നിലവിലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ തന്നെ വെച്ചായിരുന്നു ട്രംപിന്റെ കളികളത്രയും.
സ്വന്തം പ്രസിഡന്റിന് തലേന്നാൾ അനുഭവിക്കേണ്ടിവന്നത് തന്നെയും കാത്തിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ റോഡ്രിഗസ് എല്ലാം തളികയിലെന്ന പോലെ വെച്ചുനൽകി. അതിലെ അവസാന സമ്മാനമായിരുന്നു രാജ്യത്തിന്റെ എണ്ണ സമ്പത്തിന്റെ അഞ്ചിലൊന്ന് യഥേഷ്ടം കുഴിച്ചെടുത്ത് കൊണ്ടുപോകാൻ അമേരിക്കക്ക് അനുമതി നൽകിയത്.
അധിനിവേശം വാണ പതിറ്റാണ്ടുകൾ
1914ൽ ഒന്നാം ലോകയുദ്ധമെത്തുമ്പോൾ ഭൂഖണ്ഡത്തിന്റെ നാലിലൊന്നും ബ്രിട്ടീഷ് കോളനികളായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളെ വിഴുങ്ങി ഫ്രാൻസും അമേരിക്കൻ നാടുകളിൽ സ്പെയിനും പിന്നെ പോർച്ചുഗൽ, നെതർലൻഡ്സ് ശക്തികളും ചേർന്ന് മൊത്തത്തിൽ ലോകഭരണം പങ്കിട്ടെടുത്ത കാലം. പിറകെ രണ്ട് ലോകയുദ്ധങ്ങൾ പൂർത്തിയാകുമ്പോൾ പക്ഷേ, കാലവും ലോകവുമേറെ മാറി.
ജമാൽ അബ്ദുന്നാസ്വിർ
കടുത്ത സാമ്പത്തിക പ്രതിസന്ധി വലച്ച് ബ്രിട്ടൻ ആർക്കുവേണേലും സ്വാതന്ത്ര്യം നൽകാൻ സന്നദ്ധത അറിയിച്ച് ഇംപീരിയലിസ്റ്റ് കുപ്പായം പതിയെ അഴിച്ചുതുടങ്ങി. ഒരു പതിറ്റാണ്ട് കഴിഞ്ഞ് 1956ൽ, ബ്രിട്ടൻ നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ദേശസാത്കരിച്ച് ജമാൽ അബ്ദുന്നാസ്വിർ അവസാന ആണിക്കല്ലുമടിച്ചതോടെ ലോകം വാഴാൻ യൂറോപിനു പകരം അമേരിക്കയെത്തി.
ശീതയുദ്ധം ആഗോള സമവാക്യങ്ങൾ മാറ്റിവരച്ച പതിറ്റാണ്ടുകളിൽ എല്ലാം അമേരിക്കൻ പ്രസിഡന്റുമാർ തീരുമാനിക്കുംപടിയായിരുന്നു.
ദക്ഷിണ കൊറിയയെ കമ്യൂണിസ്റ്റ് വാഴ്ചയിൽനിന്ന് രക്ഷിക്കാനെന്ന പേരിൽ 1950-53ൽ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ കൊറിയൻ യുദ്ധം നയിച്ചു. ഡ്വൈറ്റ് ഡി. ഐസൻഹോവറിൽ തുടങ്ങി ജെറാൾഡ് ഫോർഡ് വരെയായി അഞ്ചു പ്രസിഡന്റുമാർ കാർമികത്വം നൽകി ഒരു പതിറ്റാണ്ടിലേറെ നീണ്ട വിയറ്റ്നാം യുദ്ധം, 1990–91ലെ ഗൾഫ് യുദ്ധം, രണ്ട് പതിറ്റാണ്ട് തുടർന്ന അഫ്ഗാൻ അധിനിവേശം, 2003–2011ലെ ഇറാഖ് അധിനിവേശം, ഡൊമിനിക്കൻ റിപ്പബ്ലിക്, സിറിയ, ലിബിയ, യെമൻ, സോമാലിയ, സെർബിയ... പട്ടിക അനന്തമായി നീളും.
പ്രസിഡന്റുമാരെ മുന്നിൽനിർത്തി കളിയേറെ കളിച്ച ഹെന്റി കിസിഞ്ചറെയൊന്നും ലോകം മറന്നുകാണില്ല. Clash of Civilizations എന്ന ഗ്രന്ഥവുമായി യുദ്ധങ്ങൾക്ക് പുതിയ മാനവും ഭാവവും നൽകിയ സാമുവൽ പി. ഹണ്ടിങ്ടണും.
കൊന്നുതള്ളിയത് ദശലക്ഷക്കണക്കിന് മനുഷ്യരെ
ഓരോ യുദ്ധത്തിലും കൊല ചെയ്യപ്പെട്ടവരുടെ കണക്കുകളാണ് അമേരിക്കയെ ഇത്രമേൽ യുദ്ധപ്രിയരാക്കിയതെന്ന് തോന്നും. കൊറിയൻ മണ്ണിൽ മന്ത്രം ഏകദേശം 20 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയിൽ ആളുകളാണ് മരിച്ചുവീണത്. എന്നിട്ടും പ്രത്യക്ഷമായി നേട്ടമൊന്നുമുണ്ടായില്ലെങ്കിലും 28,500 സൈനികർ അമേരിക്കൻ താൽപര്യങ്ങളുമായി ഇപ്പോഴും കൊറിയയിലുണ്ട്. വിയറ്റ്നാമിലെ 1964-75 കാലയളവിലെ ആളപായം 38 ലക്ഷം വരും. സിവിലിയൻമാർ മാത്രം 20 ലക്ഷം. ഒരു ഘട്ടത്തിൽ അഞ്ചു ലക്ഷത്തിലേറെ യു.എസ് സൈനികർ നിലയുറപ്പിച്ച രാജ്യത്ത് ആയിരം പേരെ പോലും നിർത്താനാകാതെ തോറ്റോടിയത് മിച്ചം.
അതുകഴിഞ്ഞ്, ‘ഒന്നുകിൽ ഞങ്ങൾക്കൊപ്പം, അല്ലെങ്കിൽ തീവ്രവാദികൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് ജോർജ് ഡബ്ല്യു ബുഷ് ആദ്യം അഫ്ഗാനിലും പിറകെ പശ്ചിമേഷ്യൻ രാജ്യങ്ങളിലും പട നയിക്കുമ്പോൾ ലോകം യുദ്ധക്കെടുതികൾക്ക് പകരം തീവ്രവാദം മാത്രം ചർച്ച ചെയ്തു. സദ്ദാം ഹുസൈനും മുഅമ്മർ ഗദ്ദാഫിയുമടക്കം ലോകരാഷ്ട്രീയത്തിൽ സ്വന്തം മുദ്ര പകർന്ന ഭരണാധികാരികളെ നിർദയം കൊല ചെയ്യുന്നതിനും അമേരിക്ക തന്നെ നേതൃത്വം നൽകി.
ഏറ്റവുമൊടുവിൽ ഇസ്രായേലിനെ കൂട്ടി ഇറാനിൽ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയെ കൊലപ്പെടുത്തിയായിരുന്നു പ്രസിഡന്റ് ട്രംപിന്റെ അടുത്ത ചുവട്. പശ്ചിമേഷ്യയെയും ലോകത്തെ മൊത്തത്തിലും സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കി ആറു മാസം പിന്നിട്ട യുദ്ധം എവിടെയുമെത്തിയിട്ടില്ല.
ബെറ്റൻകോർട്ട് എന്ന കാവൽക്കാരൻ
ഇറാൻ യുദ്ധത്തെ ചൊല്ലി ലോകം ആധിയിൽ മുങ്ങിനിൽക്കെ ട്രംപും ഡീപ് സ്റ്റേറ്റും വെനിസ്വേലയിലെ എണ്ണ ഊറ്റാനുള്ള മാസ്റ്റർ പ്ലാൻ ഒരുക്കുന്ന തിരക്കിലായിരുന്നു. ട്രംപ് തീരുമാനിക്കുന്നതിനപ്പുറം ഒരുവാക്ക് മിണ്ടാൻ റോഡ്രിഗസ് സർക്കാറിന് ആകില്ലെന്ന ഉറപ്പിൽ മാസങ്ങളെടുത്ത് ആദ്യ പ്രഖ്യാപനം വന്നു. രാജ്യത്തെ നിക്ഷേപത്തിന്റെ 20 ശതമാനം വരുന്ന 17 എണ്ണപ്പാടങ്ങളിൽ ഇനി അമേരിക്ക കാര്യങ്ങൾ നടത്തുമെന്നതായിരുന്നു അത്. 6500 കോടി ബാരൽ വരും അത്.
ഇവിടങ്ങളിലെ ഉൽപാദനം അനേക ഇരട്ടിയായി ഉയർത്തും. എല്ലാറ്റിനും കാവൽക്കാരനാകാൻ വെനിസ്വേലയിലെ വിവാദ എണ്ണമുതലാളി അലിയാന്ദ്രോ ബെറ്റൻകോർട്ടിനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാസങ്ങൾ മുമ്പുവരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ അറസ്റ്റ് ഭീഷണിയിൽ കഴിഞ്ഞയാളാണ് ഇതേ ബെറ്റൻകോർട്ടെന്ന് ഓർക്കണം.
അലിയാന്ദ്രോ ബെറ്റൻകോർട്ട്
വെനിസ്വേലയിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി നോർത്ത് അമേരിക്കൻ ബ്ലൂ എനർജി പാർട്നേഴ്സ് എന്ന തന്റെ സ്ഥാപനത്തിന് ഈ ഇടപാടിൽനിന്ന് എന്തുകിട്ടുമെന്ന് മാത്രമാണ് ഇനി ലോകം അറിയാനുള്ളത്. 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ബെറ്റൻകോർട്ടും 35 ശതമാനം തങ്ങൾക്ക് പങ്കാളിത്തമുണ്ടാകുമെന്ന് പെന്റഗണും അറിയിച്ചിട്ടുണ്ട്. 20 ശതമാനം എണ്ണ യു.എസിലേക്കു തന്നെ കയറ്റിപ്പോകുന്നുവെന്ന് ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് വകുപ്പ് പറയുന്നുവെങ്കിലും കരാർ വ്യവസ്ഥകൾ പ്രകാരം 55 ശതമാനം എണ്ണ യു.എസിനുള്ളതാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പറയുന്നു.
നിലവിൽ രാജ്യത്തുമാത്രം രണ്ടു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് ബെറ്റൻകോർട്ടിന്റേത്.
എന്നാൽ, ഈ 17 കമ്പനികളിലേറെയും നേരത്തെ ചൈനയുടെയോ റഷ്യയുടെയോ ഉടമസ്ഥതയിലുള്ള കമ്പനികൾ കൈയാളിയതായിരുന്നു. ഇവക്കുപകരം യു.എസ് നേരിട്ടിറങ്ങുമ്പോൾ മേഖലയിൽ തങ്ങളുടെതായ എണ്ണ സാമ്രാജ്യം പണിയൽ തന്നെയാകണം ട്രംപിന്റെ പരമമായ ലക്ഷ്യം. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സേത്ത് വന്ന് കരാർ ഒപ്പുവെച്ചതോടെ പുതിയ കമ്പനി സൗദി അരാംകോക്കു ശേഷം ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായി മാറും.
ആദ്യം എണ്ണ, പിന്നെ ഭരണം?
വെനിസ്വേലയിൽ എണ്ണഖനനത്തിന്റെ നിയന്ത്രണത്തിൽ മാറ്റം വരുന്നതിന് പിറകെ അവയെ സംരക്ഷിക്കാൻ ഭരണതലത്തിലെ ഇടപെടലുകളും രാജ്യം ഭയക്കുന്നുണ്ട്. ഏറെയായി ഇടത് അനുകൂല മനസ്സുള്ള രാജ്യത്തെ സമൂലമായി പരിവർത്തിപ്പിക്കൽ കൂടി അതുവഴി സാധ്യമാകുമെന്ന പ്രത്യാശ സ്വാഭാവികമായും അമേരിക്കൻ ഡീപ് സ്റ്റേറ്റിനുണ്ടാകും.
നിലവിൽ, വെനിസ്വേലയിലെ എണ്ണ കൂടി വരുന്നതോടെ യു.എസിന്റെ കരുതൽ എണ്ണ ശേഖരം ഇരട്ടിയാകും. അയൽരാജ്യങ്ങളായ മെക്സിക്കോ, കാനഡ എന്നിവക്കുമേൽ ഈ വിഷയത്തിൽ ആശ്രിതത്വവും ഇതോടെ പൂർണമായി ഉപേക്ഷിക്കാൻ വൈറ്റ്ഹൗസിനാകും. എന്നാൽ, 5000 കിലോമീറ്ററും അതിലേറെയും അകലെ കിടക്കുന്ന എണ്ണയും അയൽപക്കത്തെ എണ്ണയും തമ്മിലെ അകലം തന്നെ വിഷയമായി നിലനിൽക്കും.
ഗ്രീൻലൻഡിലെ സ്വപ്നങ്ങൾ
സാമ്പത്തികമായും രാഷ്ട്രീയമായും സമീപകാലത്ത് വലിയ തിരിച്ചടികൾക്ക് നടുവിലാണ് ട്രംപിന്റെ സ്വന്തം അമേരിക്കയെന്നത് അങ്ങാടിപ്പാട്ടാണ്. എന്നുവെച്ച്, ലോക പൊലീസ് പട്ടം നിലനിർത്താൻ ആവതു ചെയ്യാതിരിക്കാനും രാജ്യത്തിനാകില്ല. അതിന്റെ ബാക്കി പത്രമായിരുന്നു വടക്കേ അമേരിക്കക്കും റഷ്യ, ചൈന എന്നിവക്കുമിടയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലൻഡിനുമേൽ അവകാശവാദം ആവർത്തിച്ചുന്നയിക്കാൻ രാജ്യത്തെ നിർബന്ധിച്ചത്.
പ്രതിരോധ മേഖലക്ക് അനുപേക്ഷ്യമായ ധാതുക്കളാൽ സമ്പന്നമായ ദ്വീപിൽ സൈന്യത്തെ ഇറക്കുമെന്നും പിടിച്ചടക്കുമെന്നും വരെ ട്രംപ് പലവുരു ഭീഷണിപ്പെടുത്തി. എന്നാൽ, ഏറെയായി അകലം വർധിച്ചുവരുന്ന യൂറോപിനെ കൂടുതൽ അകറ്റുന്നതായി പുതിയ നീക്കം.
നിലവിൽ, പരസ്യമായ നീക്കങ്ങൾ നിർത്തി സാമ്പത്തിക അധീശത്വം ഉറപ്പാക്കി കൊണ്ടിരിക്കുന്ന ചൈനക്ക് കൂടുതൽ അധികാരം നൽകുന്നത് കൂടിയായി പുതിയ നീക്കം. ലോകം ഉറ്റുനോക്കുകയാണ്, ട്രംപും അമേരിക്കയും ലോകരാജ്യങ്ങളെ വെച്ച് ഞാണിന്മേൽ കളി എത്രകാലം തുടരുമെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

