തൊഴിലവകാശം തകർക്കുന്ന വിബി-ജി റാം ജി
text_fieldsഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ അവകാശ അധിഷ്ഠിത നിയമങ്ങളിലൊന്നിനെ തകർക്കാൻ പോന്നതാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ‘വികസിത ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ -ഗ്രാമീൺ’ അഥവാ ‘വിബി-ജി റാം ജി’ ബിൽ, 2025. 2005ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA), ഗ്രാമീണരായ മുതിർന്ന പൗരർക്ക് തൊഴിൽ ആവശ്യപ്പെടാനും 15 ദിവസത്തിനുള്ളിൽ അത് ലഭിക്കാനും നിയമപരമായ അർഹത നൽകിയിരുന്നു. എന്നാൽ, പുതിയ ബിൽ തൊഴിലാളികളുടെ ഈ നിയമപരമായ അവകാശം കവർന്നെടുത്ത്, കേന്ദ്രീകൃത നിയന്ത്രണത്തിലുള്ളതും ബജറ്റ് പരിധിക്കുള്ളിൽ നിൽക്കുന്നതുമായ ഒരു പദ്ധതിയാക്കി ഇതിനെ മാറ്റുന്നു. പദ്ധതിയിൽനിന്ന് ഗാന്ധിയുടെ പേര് മാറ്റിയതിനൊപ്പം പദ്ധതിയുടെ ആശയവും മാറ്റിയിരിക്കുന്നു കേന്ദ്ര സർക്കാർ: തൊഴിലാളികളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനത്തിൽനിന്ന്, തൊഴിലാളികളുടെ ആവശ്യങ്ങളേക്കാൾ രാഷ്ട്രീയ-സാമ്പത്തിക മുൻഗണനകളെ ആശ്രയിച്ച് തൊഴിൽ നൽകുന്ന രീതിയിലേക്കുള്ള മാറ്റം.
മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതും ‘വിബി-ജി റാം ജി’ എന്ന് പദ്ധതിയെ പുനർനാമകരണം ചെയ്യുന്നതും തന്നെ ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. ഗാന്ധിയുടെ പേര് ഒരിക്കലും ഒരു അലങ്കാരമായിരുന്നില്ല; അത് പദ്ധതിയുടെ സ്വത്വവും ധാർമിക ദിശാബോധവുമായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനർനാമകരണം ചെയ്തത് ‘ദരിദ്രരിൽ ദരിദ്രരായവരുടെ കണ്ണീരൊപ്പുക’ എന്ന നീതിബോധത്തിലൂന്നിയ രാഷ്ട്രപിതാവിന്റെ ധാർമിക പാരമ്പര്യത്തിൽ തൊഴിലവകാശത്തെ ഉറപ്പിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ഗാന്ധിയുടെ പേരിലും ആദർശങ്ങളിലും വ്യക്തമായി നങ്കൂരമിട്ടിരിക്കുന്ന ഒരു നിയമത്തെ തകർക്കാൻ ഒരു ഭരണകൂടവും ഒരുമ്പെടില്ല എന്നായിരുന്നു നാമെല്ലാം ധരിച്ചുവെച്ചിരുന്നത്. അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യയുടെ ഈ സുപ്രധാന തൊഴിൽ പദ്ധതിയെ അതിന്റെ ചരിത്രപരവും മൂല്യപരവുമായ അടിത്തറയിൽനിന്ന് വേർപെടുത്തുകയും, അത് കെട്ടിപ്പടുക്കപ്പെട്ട നിയമസാധുതയെ ദുർബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതിനൊപ്പം തന്നെ, ഗ്രാമീണ കുടുംബങ്ങളുടെ തൊഴിലുറപ്പിനെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്ന നയപരമായ മാറ്റങ്ങളും നടപ്പിലാക്കുന്നുണ്ട്.
ആവശ്യാധിഷ്ഠിത രീതിയിൽനിന്ന് വിവേചന അധികാരത്തിലേക്ക്
എം.ജി.എൻ.ആർ.ഇ.ജി.എ (MGNREGA) കേവലമൊരു ക്ഷേമപദ്ധതിയല്ല; ഭരണകൂടത്തെയല്ല, മറിച്ച് തൊഴിലാളിയെ നയങ്ങളുടെ കേന്ദ്രബിന്ദുവാക്കുന്ന നിയമപരമായ ഉറപ്പാണത്. നിലവിലെ നിയമപ്രകാരം, ശാരീരിക അധ്വാനത്തിന് തയാറുള്ള ഏതൊരു മുതിർന്ന ഗ്രാമീണർക്കും തൊഴിൽ ആവശ്യപ്പെടാൻ നിയമപരമായ അവകാശമുണ്ട്. തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടാൽ തൊഴിലില്ലായ്മ വേതനത്തിന് അവർ അർഹരുമാണ്. എന്നാൽ, പുതിയ ‘വിബി-ജി റാം ജി’ ബിൽ ഈ തത്ത്വത്തെ അടിസ്ഥാനപരമായി അട്ടിമറിക്കുന്നു. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമായി തൊഴിൽ പരിമിതപ്പെടുത്തും. ഫലത്തിൽ, സാർവത്രികമായ ഒരു അവകാശത്തെ കേന്ദ്രത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക മുൻഗണനകൾക്ക് വിധേയമാക്കുന്നു. ചുരുക്കത്തിൽ, ഒരുകാലത്ത് ഗ്രാമീണ ഇന്ത്യയിലുടനീളം നടപ്പാക്കി വന്ന ഒരു അവകാശം, ഇനിമേൽ സർക്കാറിന്റെ വിവേചനാധികാരത്തിലൊതുങ്ങും. ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിലിന്മേലുള്ള ഉറപ്പ് ഇതോടെ നഷ്ടമാകും.
തൊഴിൽ ദിനങ്ങൾ 100ൽനിന്ന് 125 ആക്കി ഉയർത്തുമെന്ന് നിർദിഷ്ട നിയമം പറയുമ്പോഴും, ഈ വർധന വലിയൊരു അളവുവരെ കൺകെട്ടുവിദ്യയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എം.ജി.എൻ.ആർ.ഇ.ജി.എ പ്രകാരം, തൊഴിലാളികളുടെ തൊഴിലിനായുള്ള ആവശ്യത്തിനനുസരിച്ചാണ് ഫണ്ട് അനുവദിച്ചിരുന്നത്. വേതനത്തിനുള്ള പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനായിരുന്നു. എന്നാൽ, നിർദിഷ്ട ബിൽ, സംസ്ഥാനങ്ങൾക്ക് നൽകേണ്ട ‘നിർണയിക്കപ്പെട്ട വിഹിതം’ (normative allocations) മുൻകൂട്ടി തീരുമാനിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നു. ബജറ്റ് നിശ്ചയിക്കുന്നതിനൊപ്പം അത് എവിടെ ചെലവഴിക്കണമെന്നും ഇനി കേന്ദ്രം തീരുമാനിക്കും. കൂടാതെ, ഈ വിഹിതത്തിന് പുറത്തുള്ള ഏത് ചെലവും സംസ്ഥാനങ്ങൾ തന്നെ വഹിക്കേണ്ടി വരും.
ഗാന്ധിയുടെ പേരിലും ആദർശങ്ങളിലും വ്യക്തമായി നങ്കൂരമിട്ടിരിക്കുന്ന ഒരു നിയമത്തെ തകർക്കാൻ ഒരു ഭരണകൂടവും ഒരുമ്പെടില്ല എന്നായിരുന്നു നാമെല്ലാം ധരിച്ചുവെച്ചിരുന്നത്. അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യയുടെ ഈ സുപ്രധാന തൊഴിൽ പദ്ധതിയെ അതിന്റെ ചരിത്രപരവും മൂല്യപരവുമായ അടിത്തറയിൽനിന്ന് വേർപെടുത്തുകയും, അത് കെട്ടിപ്പടുക്കപ്പെട്ട നിയമസാധുതയെ ദുർബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ഈ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റുന്നതോടെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം കവർന്നെടുക്കുന്നതിനൊപ്പം തന്നെ അവരുടെ ഭാരം വർധിപ്പിക്കുകയും ചെയ്യും. എം.ജി.എൻ.ആർ.ഇ.ജി.എ പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ചെലവ് പങ്കിടൽ ഏകദേശം 90:10 അനുപാതത്തിലായിരുന്നു. ഇത് സംസ്ഥാനങ്ങൾക്ക് അമിതഭാരമില്ലാതെ പദ്ധതി നടപ്പിലാക്കാൻ സഹായിച്ചിരുന്നു. പുതിയ ബിൽ മിക്ക സംസ്ഥാനങ്ങൾക്കും 60:40 എന്ന അനുപാതമാണ് നിർദേശിക്കുന്നത്. ദരിദ്ര സംസ്ഥാനങ്ങളെയും ഗ്രാമീണ തൊഴിലിനെ കൂടുതലായി ആശ്രയിക്കുന്നവരെയുമാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. ബജറ്റ് പരിമിതികൾ നേരിടുന്നതോടെ, തൊഴിലിനായുള്ള രജിസ്ട്രേഷൻ പരിമിതപ്പെടുത്താനോ നിർത്താനോ സംസ്ഥാനങ്ങൾ നിർബന്ധിതരാവും. അങ്ങനെ, നിയമം പിൻവലിക്കാതെ തന്നെ, സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ തൊഴിലവകാശം ഇല്ലാതാക്കപ്പെടും. തൊഴിൽ ലഭ്യത എന്നത് നിയമപരമായ അവകാശമെന്നതിൽ നിന്നുമാറി സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിയെ ആശ്രയിക്കുന്ന ഒന്നായി മാറും.
തൊഴിലില്ലാ കാലഘട്ടവും പ്രാദേശിക പങ്കാളിത്തത്തിന്റെ തകർച്ചയും
കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി നിർത്തിവെക്കാൻ പുതിയ ബിൽ അനുവദിക്കുന്നു. ‘തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാനാണ്’ ഇതെന്നാണ് വാദം. എന്നാൽ, തൊഴിൽ ഏറ്റവും ആവശ്യമുള്ള സമയത്ത് ഗ്രാമീണ കുടുംബങ്ങൾക്ക് അത് നിഷേധിക്കപ്പെടുകയും, ജന്മിമാരെയും മറ്റ് അനൗപചാരിക തൊഴിൽ ക്രമീകരണങ്ങളെയും ആശ്രയിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്യും. വർഷം മുഴുവനും തൊഴിൽ എന്ന അവകാശത്തിനുപകരം, വിഘടിതമായ ഒരു അർഹതയാണ് ഇവിടെ ലഭിക്കുന്നത്. ഫലത്തിൽ, തൊഴിലുറപ്പിനുപകരം, രണ്ടുമാസം ‘തൊഴിലില്ലായ്മ’ ഉറപ്പുനൽകുന്ന പദ്ധതിയായിത്തീരും. തൊഴിലിടങ്ങളിൽ ഡിജിറ്റൽ ഹാജർ നിർബന്ധമാക്കുന്നത് തൊഴിലാളികൾക്ക് പുതിയ തടസ്സങ്ങൾ സൃഷ്ടിക്കും.
73ാം ഭരണഘടനാ ഭേദഗതിക്ക് അനുസൃതമായി, വികേന്ദ്രീകൃത ഭരണത്തിന്റെ തത്ത്വങ്ങളിൽ ഊന്നിയ എം.ജി.എൻ.ആർ.ഇ.ജി.എയിൽ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലുകൾ ആസൂത്രണം ചെയ്യുന്നതിലും മുൻഗണന നൽകുന്നതിലും ഗ്രാമസഭകൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ, പുതിയ ബിൽ ‘താഴെത്തട്ടിൽ നിന്നുള്ള’ (bottom-up) സമീപനത്തിനുപകരം, ‘ദേശീയ ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്ക്’ എന്ന മുകളിൽ നിന്നുള്ള (top-down) രീതി കൊണ്ടുവരുന്നു. മുൻഗണനകളും രൂപരേഖകളും ഫലങ്ങളും ഇനി മുകളിൽനിന്ന് തീരുമാനിക്കപ്പെടും. ഈ കേന്ദ്രീകൃത ചട്ടക്കൂട് പ്രാദേശിക മുൻഗണനകളെ മറികടക്കുകയും, പങ്കാളിത്ത ആസൂത്രണ പ്രക്രിയയെ പൊള്ളയാക്കുകയും ചെയ്യും. ഫലത്തിൽ, പ്രാദേശിക ജനാധിപത്യം ഉദ്യോഗസ്ഥ മേധാവിത്വത്തിന് കീഴിലാവും.
അവകാശങ്ങളിൽനിന്നും ഉറപ്പുകളിൽ നിന്നുമുള്ള പിൻവാങ്ങൽ
പേരുമാറ്റവും പുനഃക്രമീകരണവും ചേർന്ന്, തൊഴിൽ എന്നത് ഒരു സാമൂഹിക-സാമ്പത്തിക അവകാശമാണെന്ന ആശയത്തിൽ നിന്നുള്ള നിർണായകമായ പിന്മാറ്റത്തെ സൂചിപ്പിക്കുന്നു. തൊഴിൽ ദിനങ്ങൾ കുറയാനും ഗ്രാമീണ ദുരിതങ്ങൾ ഇരട്ടിക്കാനുമേ ഇതുപകരിക്കൂ.
ഏറ്റവും അസ്വസ്ഥകരമായ കാര്യം, കൂടിയാലോചനകളില്ലാതെയും, തൊഴിലാളികളുടെയോ അവരുടെ സംഘടനകളുടെയോ സമ്മതമോ പങ്കാളിത്തമോ ഇല്ലാതെയും ഒളിച്ചുകടത്തുന്ന രീതിയിലാണ് ഈ ബിൽ കൊണ്ടുവന്നത് എന്നതാണ്. തൊഴിലവകാശം ആരുടെ ജീവിതവും ഉപജീവനവുമാണോ സംരക്ഷിക്കേണ്ടത്, അവരെത്തന്നെ ഒഴിവാക്കിയിരിക്കുന്നു. ഇവിടെ അപകടത്തിലായിരിക്കുന്നത് കേവലമൊരു നിയമത്തിന്റെ ഭാവി മാത്രമല്ല, മറിച്ച് അന്തസ്സ്, തൊഴിൽ, സാമൂഹിക-സാമ്പത്തിക നീതി എന്നിവ ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട് എന്ന ജനാധിപത്യത്തിന്റെ കാതലായ തത്ത്വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

