കോൺക്രീറ്റ് മതിൽ മാത്രമേ പൊളിഞ്ഞു വീണിട്ടുള്ളു... ജാതി മതിൽ ഉയരത്തിൽ അവിടെ തന്നെയുണ്ട്

Vadayampady
വടയമ്പാടിയിലെ ദലിത് പ്രതിേഷധം

വടയമ്പാടി എനിക്കൊരു പുതിയ വിദ്യാലയമായിരുന്നു ആർജ്ജവത്തിന്റെ അഭിമാനത്തി​​​​​െൻറ പാഠങ്ങൾ കറുത്ത ചിരിയുള്ള ചേച്ചിമാർ എ​​​​​െൻറ വടയമ്പാടി നായികമാർ എനിക്ക് പഠിപ്പിച്ചുകൊണ്ടേയിരുന്നു. വടയമ്പാടി സമരത്തിനെ രണ്ടു കാലഘട്ടമായി തിരിക്കാം. സഖാവ് ജോയിയുടെ അറസ്​റ്റിനു മുമ്പ​ും ശേഷവും എന്ന്. ഭരണകൂടം അടിച്ചമർത്താം എന്ന് കരുതുന്തോറും സട കുടഞ്ഞെഴുന്നേൽക്കുന്ന സിംഹങ്ങളാണ് ഓരോ ജനാധിപത്യ വിശ്വാസിയും എന്ന് കാണിച്ചു തരുന്നു വടയമ്പാടി . അവിടെയാണ് എൻ.എസ്​.എസിനും കമ്മ്യൂണിസ്റ്റുകാർക്കും പോലീസിനും തെറ്റിപോയത് എന്ന് പറയേണ്ടിവരും ജോയ്‌ സഖാവിനെ കള്ളക്കേസ്​ ചുമത്തി അറസ്റ്റിൽ ആക്കിയതു മുതൽ വടയമ്പാടിയിലെ സമരം ജനങ്ങളിലേക്ക് കത്തി കയറുകയായിരുന്നു. സഖാവിനു വേണ്ടി എന്തും സഹിക്കാൻ അവർ സ്വയം രൂപപ്പെട്ടു. അങ്ങനെ സമരത്തി​​​​​െൻറ ദിശ മാറിക്കൊണ്ടേയിരുന്നു. സഖാവ് അറസ്റ്റിൽ ആയ പിറ്റേന്ന് സമര സഹായ സമിതി ജോയിന്റ് കൺവീനർ ആയിരുന്ന ഷണ്മുഖൻ ചേട്ടന്റെ കൂടെയാണ് ആലുവ എസ്​.പി ഓഫീസിൽ മാർച്ചിൽ പങ്കെടുക്കുന്നത്. പോലീസ്‌കാർ ഞങ്ങളെ തടഞ്ഞിടത്ത് വച്ചാണ് ‘ജയ് ഭീം..’ വിളികൾ മുഴങ്ങിയത്. പൊരി വെയിലത്ത് പ്ലക്കാർഡ്​ പിടിച്ചു നടന്ന പ്രായം വളരെ ഉള്ള ഒരു സ്ത്രീയുടെ മുഖമാണ് ഈ വിഷയം എത്രത്തോളം മാനസികമായി അവരിൽ ആഴ്ന്നു എന്ന് മനസ്സിലാക്കി തന്നത്.അന്നുതന്നെ സമര സ്ഥലം സന്ദർശിക്കണം എന്ന് മനസ്സ്​  പറഞ്ഞു. 

ഉഡുപ്പിയിൽ എം.ഡി ചെയ്യുന്ന ഞാൻ പിറ്റേന്നുതന്നെ തിരിച്ചു പോകാൻ ഉള്ള തയാറെടുപ്പിലായിര​ുന്നു. സമര സ്ഥലത്ത് എത്തുമ്പോൾ സമയം ഏകദേശം രാത്രി ഒമ്പതു മണി കഴിഞ്ഞു. ഷണ്മുഖൻ ചേട്ടൻ എന്നെ പിക്ക് ചെയ്ത് അവിടെയെത്തിച്ചു. ചെല്ലുമ്പോ നല്ല ഇരുട്ടാണ്. ആ ഇരുട്ടിലും അവർ തിരക്കിലായിരുന്നു. പുറമ്പോക്കു ഭൂമിയിൽ കുറെ മനുഷ്യർ അടുപ്പു കൂട്ടി കഞ്ഞി വെക്കുന്നു. കുറെ സ്ത്രീകൾ പച്ചകറികൾ നുറുക്കി കറിക്കു കോപ്പു കൂട്ടുന്നു. കുട്ടികൾ അലസമായി നടക്കുന്നുണ്ട്. അടുത്തിരുന്നു സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും സമരത്തിന്റെ തീക്ഷണത ഞാനറിയുന്നുണ്ടായിരുന്നു. ‘ജാതി മതിൽ’ എത്ര ഭീകരമായാണ് സവർണർ പണിതുയർത്തിയിരിക്കുന്നത്. കോൺക്രീറ്റ് ചെയ്​ത മതിൽ മാത്രമേ പൊളിഞ്ഞിട്ടുള്ളു, ജാതിമതിൽ അവിടെ അതേ അവസ്ഥയിൽ ഉയർന്നു നിൽക്കുന്നു. പിന്നീടാണ് ഗൗരവമായി ഞാൻ വടയമ്പാടിയെ വായിക്കുന്നത്.

വടയമ്പാടി സമരചരിത്രം
തലമുറകളോളം ഒരു ജനത ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പൊതു സ്ഥലം.  അത്​ കുറുകെ നടന്നാൽ എത്തിച്ചേരുന്ന വേനലിലും ആ നാട്ടുകാർക്ക് വെള്ളം ലഭിക്കുന്ന കിണർ. എന്നും എപ്പോഴും വൈകുന്നേരങ്ങളിൽ കുട്ടികളുടെ കാൽപ്പന്തു കളിയും നാട്ടിലെ കാര്യങ്ങൾക്ക്​ പന്തലും അമ്പലത്തിലെ ഉത്സവങ്ങളുടെ കൊടിയേറ്റവും ഒക്കെ നടക്കുന്ന പുറമ്പോക്കു ഭൂമി.  അതാണ് എൻ.എസ്​.എസ്​ എന്ന സവർണ വിഭാഗം മതിൽ കെട്ടി തിരിച്ചത്. ചോദിയ്ക്കാൻ ചെന്നവരോട് കണ്ട കാളനും കൂളനും അമ്പലത്തിൽ കയറേണ്ട എന്നായിരുന്നു അവരുടെ മറുപടി .. പിന്നെ ഞങ്ങൾ എവിടെ പോകും എന്ന് പിന്നെയും ചോദിക്കുമ്പോൾ പോയി വല്ല മെഴുകുതിരിയും കത്തിച്ചു പ്രാർത്ഥിക്കു എന്നും. 

vadayambadi
വടയമ്പാടിയിലെ തർക്ക പ്രദേശം
 


ജാതീയമായി നേരിട്ട അധിക്ഷേപങ്ങളും അപമാനങ്ങളും കൊണ്ട് തളർന്ന അവരോടാണ് എൻ.എസ്​.എസ്​ നേതൃത്വം പറയുന്നത് ഈ ഭൂമി തങ്ങൾക്ക്​   പട്ടയം ലഭിച്ചതാണെന്ന്​. 1967ൽ ഇ.എം.എസ്‌ മന്ത്രിസഭയുടെ കാലത്തതാണ്‌ ഇവിടെ പട്ടികജാതി കോളനികൾ അനുവദിച്ചത്​.  അതിനഭിമുഖമായി കിടക്കുന്ന ഐത്തക്കാരനാട് നോർത്ത് വി​േല്ലജിൽ  സർവേ നമ്പർ 3124ൽ പെട്ട 95 സ​​​​െൻറ്​ ഭൂമിയാണ് എൻ.എസ്​.എസ്​ പട്ടയം വാങ്ങി എന്ന് പറഞ്ഞു മതിൽ കെട്ടി തിരിച്ചത്. ഈ സ്ഥലത്താണ്​ മാക്കോത പപ്പു എന്ന പുലയ സമുദായത്തിൽ പെട്ട വ്യക്തി കാളിയെ പ്രതിഷ്ഠിച്ച്​ ഉപാസിച്ചിരുന്നത്. അമ്പലത്തോട് ചേർന്നു നിൽക്കുന്ന പാല മരം മാക്കോത പപ്പു യൗവന കാലത്ത് നട്ടതാണ് എന്ന് ഭാര്യ കാർത്യായനി പറയുന്നു. ഈ പൊതു മൈതാനത്തോടു ചേർന്ന് പണ്ട് ഒരു ഭജന മഠം നിലനിന്നിരുന്നു. പേര് സൂചിപ്പിക്കും പോലെ ഭജന നടത്താനും മറ്റുമായാണ് ആ സ്ഥലം ഉപയോഗിച്ചിരുന്നത്. ഒരു ഏക്കറ് 24 സ​​​​െൻറിൽ  ആണ് അതി​​​​​െൻറ വിസ്തീർണം. ഇരവി രാമൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇന്നും ആ സ്ഥലം നിൽക്കുന്നത്​. അദ്ദേഹത്തി​​​​​െൻറ മരണശേഷം എൻ.എസ്.എസ് കരയോഗം ഇതേസ്ഥലം കൈവശപ്പെടുത്തി ഭജന മഠം ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. 

2017 മാർച്ചിൽ ആണ് എൻ.എസ്​.എസ്​  ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന പൊതു സ്ഥലം കൂടെ ഉൾപ്പെടുത്തി 10 അടി പൊക്കത്തിൽ മതിൽ തീർക്കുന്നത്. അതിനെതിരെ പ്രതികരിച്ചവരെ ഭീഷണിപ്പെടുത്താനും എൻ.എസ്​.എസ്​ മടിച്ചില്ല. അങ്ങനെ നൽകിയ പരാതികൾക്കും പ്രക്ഷോഭങ്ങൾക്കും ഇടയിലാണ് 1981ൽ  എൻ.എസ്​.എസ്​ ഈ ഭൂമി പട്ടയം വാങ്ങി എന്ന് അറിയുന്നത്. തുടർന്ന്, ദലിത്​ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമായ സി.എസ്​. മുരളി ശങ്കർ,  സഖാവ് മാണി, സഖാവ് ജെന്നി എന്നിവരുടെ നേതൃത്വത്തിൽ ‘ഭൂ അവകാശ സമര മുന്നണി’ രൂപീകരിക്കുകയും ‘കള്ളപ്പട്ടയം റദ്ദാക്കുക, റവന്യൂ പുറമ്പോക്കു പൊതു സമൂഹത്തിനു വിട്ടുകൊടുക്കുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ആരംഭിക്കുന്നത്. എന്നാൽ, പരാതി നൽകിയിട്ടും നടപടികൾ വൈകിയതിനെ തുടർന്ന് നിയമപരമല്ലാതെ നിർമിച്ച മതിൽ 2017 ഏപ്രിൽ 14ന്​  ബാബ സാഹേബ് അംബേദ്‌കർ ജന്മദിനത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പൊളിച്ചു നീക്കി നിയമത്തെ ശക്തിപ്പെടുത്തുകയായിരുന്നു എന്നുവേണം പറയാൻ.

vadayambadi
വിവാദമായ മൈതാനം
 


ശേഷം ജില്ലാ കലക്​ടർ വിളിച്ചു ചേർത്ത യോഗത്തിൽ മൈതാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ല എന്നറിയിച്ചു. എന്നാൽ,  ജനുവരി 22 മുതൽ 25 വരെ ഉത്സവം ആയതുകൊണ്ട് സമരപ്പന്തൽ പൊളിച്ച മാറ്റണം എന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് സമര സമിതിക്കു ലഭിച്ചു. ഉത്സവത്തിനെത്തുന്നവർക്കു ബുദ്ധിമുട്ടാകുന്ന വിധത്തിലല്ല സമരപ്പന്തൽ എന്നിരിക്കിലും ജനുവരി 21ന്​ വെളുപ്പിന് അഞ്ചരയ്​ക്ക്​ പുത്തൻ കുരിശ് സി.ഐ. സാജൻ സേവ്യറുടെ നേതൃത്വത്തിൽ സമരപ്പന്തൽ പൊളിച്ച് മാറ്റുകയും ക്ഷേത്ര സമിതി എൻ.എസ്​.എസ്​ ഭാരവാഹികൾക്ക് ഒത്താശ ചെയ്ത് ക്ഷേത്രത്തിലേക്ക് അതേ വഴിയിൽ പടവുകൾ നിർമിക്കുകയും ചെയ്തു. അതിനോട് പ്രതികരിച്ച ജനങ്ങളെ വളരെ അസഭ്യമായ ഭാഷയിൽ ചീത്ത വിളിക്കുകയും സ്ത്രീകൾ അടക്കമുള്ളവരെ അപമാനിക്കുകയും ചെയ്തു .‘‘നിന്നെയൊന്നും തല്ലിക്കൊന്നാൽ പോലും ഒരുത്തനും ചോദിക്കാൻ വരില്ല’’ എന്നാണ് സാജൻ സേവ്യർ പറ​ഞ്ഞതെന്ന്​ അവിടെയുള്ള ആളുകൾ പറയുന്നു.

തുടർന്ന് ഇവരോടൊപ്പം നിലപാട് സ്വീകരിച്ച ജോയ് സഖാവിനെ കെ.പി.എം.എസ് ബാബു വിഭാഗത്തിൽ നിന്നുള്ള ചില ദലിതരുടെ സഹായത്തോടെ കള്ള പരാതി നൽകി അട്രോസിറ്റി ആക്ട് ചാർജ് ചെയ്ത്അറസ്റ്റ് നടത്തി റിമാൻഡിൽ അയച്ചു . ‘‘ജോയ് ഒരു പിടി ചോറ് കഴിച്ചു തീർക്കാൻ അവര് സമ്മതിച്ചില്ല മോളെ.. പാത്രം വലിച്ചു എറിഞ്ഞാണ് അവര് കൊണ്ട് പോയത്’’ എന്ന് ചേച്ചിമാരു എന്നോട് കരഞ്ഞാണ് പറഞ്ഞൊപ്പിച്ചത്. ഞങ്ങളുടെ ജോയിയെ ഞങ്ങൾക്ക് കാണണം എന്നല്ലാതെ അവരുടെ മുഖത്ത് വേറൊന്നും നിഴലിച്ചില്ല. അവരുടെ അവസ്ഥകൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മൂന്നു മാധ്യമ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. ജാമ്യം ലഭിച്ചിട്ടും ആ പ്രദേശത്ത്​ കടക്കുവാനോ മീഡിയയിൽ പ്രത്യക്ഷപ്പെടാനോ പാടില്ല എന്ന രീതിയിൽ ഭീഷണിപ്പെടുത്തി. പിറ്റേന്ന് നടന്ന ആലുവ എസ്.പി ഓഫീസ്​ മാർച്ചു മുതൽ ഞാൻ അവരോടുകൂടെയുണ്ട്​. 

ഇൗ ചോദ്യങ്ങൾക്ക്​ മറുപടി പറ സഖ​ാവേ
ജനുവരി 26ന്​ റിപ്പബ്ലിക്ക് ദിനം രാജ്യം ആഘോഷിക്കുമ്പോൾ വടയമ്പാടിയിലെ ജനങ്ങൾ പൊരിവെയിലിൽ നിൽപ്പ്​ സമരത്തിലായിരുന്നു. പതിയെ പതിയെ ഈ വിഷയം സോഷ്യൽ മീഡിയ വഴി ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ജനുവരി 29നാണ്​ സി.പി.എം നിലപാട്​ വ്യക്തമാക്കാൻ സമ്മേളനം നടത്തിയത്. നിൽപ്പ്​ സമരത്തിന് ഒരു ഫ്ലക്​സ്​ ഉറപ്പിച്ചു നിർത്താൻ കുഴി എടുത്ത സമര സമിതിയെ തടഞ്ഞ പോലീസ് നടുറോഡിൽ സി.പി.എം ഇട്ട സ്​റ്റേജിന്​ സംരക്ഷണം കൊടുത്തു. 

Vadayampady
ഡോ. ധന്യാ മാധവ്​
 


സമര സ്ഥലത്ത് നിന്നും വെറും 100 മീറ്റർ അകലെ താമസിക്കുന്ന വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവാജി നാളിതുവരെ സ്വന്തം വീട്ടുമുറ്റത്ത് നടക്കുന്ന സമരത്തെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. സി.പി.എമ്മി​​​​​െൻറ പരാജയപ്പെട്ട എം.എൽ.എ സ്ഥാനാർഥിയായിരുന്ന ഇവർ രാഷ്ട്രീയാതീതമായി നിലകെള്ളേണ്ട പദവിയിൽ ഇരുന്നിട്ട് പോലും പാർട്ടിയുടെ സ്റ്റാമ്പ് മാത്രമാണെന്ന്​ തെളിയിക്കുകയായിരുന്നു. സി.പി.എമ്മി​​​​​െൻറ സമ്മേളനത്തിന് അവരുടെ സഹായങ്ങളുമുണ്ടായി. ഭരിക്കുന്ന പാർട്ടി ഒരു സമരത്തിന്, സമ്മേളനത്തിന് ഇറങ്ങേണ്ട കാര്യമുണ്ടോ, ഭരണതലത്തിൽ ഇടപെടലുകൾ നടത്തി പട്ടയം റദ്ദ് ചെയ്യുകയല്ലേ വേണ്ടത്​ എന്ന നാട്ടുകാരുടെ ചോദ്യം പല്ലിളിച്ചു ചിരിച്ചു കൊണ്ട് നിന്ന് കേൾക്കാനേ എല്ലാർക്കും കഴിഞ്ഞുള്ളു. പരിപാടി തുടങ്ങി സ്വാഗത പ്രാസംഗികൻ മുതൽ ഒരാള​ും ‘ജാതി മതിൽ’ എന്നൊരു വിഷയം ഉയർത്തിയില്ല. പൊതുമൈതാനത്തി​​​​​െൻറ പട്ടയം ആരുടെ കൈയിൽ ആയാലും കുഴപ്പമില്ല പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയണം എന്ന വളരെ ഉപരിതലത്തിൽ തൊട്ടുള്ള പ്രസംഗ പരമ്പരകളാണ് പിന്നീട് ഉണ്ടായത്. ജില്ലാ സെക്രട്ടറി പി. രാജീവ് അടക്കം പ്രസംഗിച്ചവർ ഊന്നി പറഞ്ഞ മറ്റൊരുകാര്യം പുറത്തുനിന്നുള്ള ഇടപെടലുകളെ കുറിച്ചാണ്. അതായത് ഞാൻ അടക്കമുള്ള സാമൂഹിക പ്രവർത്തകരെ ക്ഷുദ്ര ജീവികളായാണ്​ ജില്ലാ സെക്രട്ടറി പി. രാജീവൻ വിശേഷിപ്പിച്ചത്​. കൂടെ തീവ്രവാദവും മാവോയിസ്റ് ബന്ധവും മേമ്പൊടിക്ക്. ഒരു വർഷത്തോളം അവിടെ സമരം തുടർന്ന് നടന്നിട്ടും ഇപ്പൊ വന്നു സഹായിക്കുന്നവരെ പറ്റി അസഭ്യം പറയുകയും സമരം തീർക്കാൻ ഒരു പിന്തുണയും നൽകാത്തവർക്ക് മറുപടി  കൊടുത്തത് അവിടുത്തെ സ്ത്രീകളാണ്​. പരിപാടി കഴിഞ്ഞിറങ്ങിയ പി. രാജീവിനോട് അഞ്ച്​ ചോദ്യങ്ങളാണ്​ അവരുയർത്തിയത്. 

ചോദ്യം ഒന്ന്​: ഒരു വർഷമായി സമരം തുടങ്ങിയിട്ട്. ഇതുവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൊടി പിടിച്ച ഞങ്ങളെ അന്വേഷിച്ചു ലോക്കൽ കമ്മിറ്റിയിലെ ഒരാളുപോലും എന്തുകൊണ്ടു വന്നില്ല? 
രണ്ട്​:  കള്ളപ്പട്ടയം റദ്ദാക്കുക എന്ന കാര്യത്തിൽ പാർട്ടിക്ക് നട്ടെല്ല് നിവർത്തി നിലപാട് വ്യക്തമാക്കാൻ കഴിയാത്തതെ​ന്തുകൊണ്ട്​...?
മൂന്ന്​: ജോയ് സഖാവിനെ കഴിച്ചു കൊണ്ടിരുന്ന ചോറ് പ്ലേറ്റ് വലിച്ചെറിഞ്ഞു വലിച്ചിഴച്ച് ഇവിടെ നിന്ന് കൊണ്ട് പോയപ്പോൾ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഇടപെട്ടോ? കലക്​ടറുടെ സാന്നിധ്യത്തിലല്ലാത്ത ഒഴിപ്പിക്കലിനെ ചോദ്യം ചെയ്‌തോ..?
നാല്​: ഞങ്ങൾക്ക് ജീവിക്കാൻ അവകാശം ഇല്ലേ..?  ഞങ്ങളെ നിങ്ങൾ സഹായിക്കുകയും ഇല്ല, സഹായിക്കാൻ വരുന്നവരെ മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ ഉപദ്രവിക്കുന്നതെന്തിന് ?
അഞ്ച്​: സി.പി.എം ഇവിടെ എത്തിയത് ഞങ്ങളെ സഹായിക്കാൻ ആണോ ശിക്ഷിക്കാൻ ആണോ ?
ഇൗ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാനാകാതെ കളംവിടുക മാത്രമാണ്​ രാജീവ്​ ചെയ്​തത്​.

അതിനു ശേഷമുള്ള ദിവസങ്ങളിൽ പല പ്രമുഖ ദലിത്​ സംഘടനകളും ബി.എസ്​.പി നേതാവ് ഗോപിനാഥൻ അടക്കമുള്ള ദേശീയ പാർട്ടി നേതാക്കളും  പല പ്രമുഖ ദലിത്​ പ്രവർത്തകരും ആക്ടിവിസ്റ്റുകളും വടയമ്പാടിയിലേക്കു ഒഴുകിയെത്തി. കെ.കെ. കൊച്ച്​,  സണ്ണി എം. കപിക്കാട്, അഡ്വ. സജി ചേരമൻ, സി.എസ്​.ഡി.എസ്​ നേതാവ്​ സുരേഷ്, ഫ്രറ്റേണിറ്റി നേതാവ് പ്രദീപ് നെന്മാറ, സാമൂഹ്യ പ്രവർത്തക മൃദുല ദേവി, രമേശ് നന്മണ്ട സർ, പി.ഡി.പി നേതാവ് മുജീബ് റഹ്മാൻ, കെ.പി.എം.എസ്​ നേതാവ് പി.എം. വിനോദ് തുടങ്ങിയവർ ഐക്യദാർഢ്യവുമായി  സമര സ്ഥലത്തെത്തി. അതി​െൻയൊക്കെ ഊർജത്തിൽ ഫെബ്രുവരി നാലിന്​ ഏകദേശം മൂവായിരം പേരെ ഉൾകൊള്ളിച്ചു കൊണ്ട്​ ‘സ്വാഭിമാന കൺവെൻഷൻ’ തീരുമാനിച്ചു. വളരെ മുമ്പ്​ തന്നെ അതിനുവേണ്ടി സമര സമിതി കൺവീനർ അയ്യപ്പൻകുട്ടി ചേട്ടൻ ചെല്ലാൻ അടച്ച്​ മൈക്ക പെർമിഷന്​ അപേക്ഷ സമർപ്പിച്ചു. എന്നിട്ടും, ഫെബ്രുവരി മൂന്നിന്​ കൺവെൻഷൻ പൊളിക്കാനുള്ള ഉദ്ദേശത്തോടെ എൻ.എസ്​.എസും മുഖ്യധാര പാർട്ടികളും ചേർന്ന് നടത്തിയ നാടകം ആണ് അവസാന  നിമിഷത്തിലെ ചർച്ച. അതിനകം തിരുവനന്തപുരം അടക്കമുള്ള പ്രദേശങ്ങളിൽനിന്ന്​ ദലിത്​ പ്രവർത്തകർ യാത്ര ആരംഭിച്ചുകഴിഞ്ഞതിനാലും ആത്മാഭിമാനം തന്നെയാണ് ദലിതന്​ വലുത് എന്നതിനാലും ചർച്ച ബഹിഷ്കരിച്ചു മുന്നോട്ട് പോകാനാണ്​ സമരസമിതി തീരുമാനിച്ചത്. 

Vadayampady

ഫെബ്രുവരി മൂന്നിന്​ വടയമ്പാടിയിൽ എത്തിയ എന്നെ പോലീസ് വളയുകയായിരുന്നു. എ​​​​​െൻറ അനുവാദമില്ലാതെ അവരെ​​​​​െൻറ ചിത്രങ്ങൾ പകർത്തി. എ​​​​​െൻറ ചിത്രങ്ങൾ പകർത്തുന്നതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷേ, അതിനു തലേന്ന് എൻ.എസ്​.എസ്​ ഭാരവാഹിയുടെ വീടിനു മുമ്പിൽ കാർ പാർക്ക് ചെയ്ത ദലിത്​ സഹോദരങ്ങളെ, വീട്ടുകാര​​​​​െൻറ മക്കളുടെ ചിത്രം ആരൊക്കെയോ ചേർന്ന് പകർത്തുന്നു എന്ന് ബഹളം ഉണ്ടാക്കി അര മണിക്കൂറിനുള്ളിൽ പോലീസ് സമര സ്ഥലത്തെത്തി ഞങ്ങളുടെ സഹോദരങ്ങളെ ചോദ്യം ചെയ്തു. ഇതേ പോലീസ് ആണ് പകർത്തുന്ന ആളുടെ പേര് പോലും വെളിപ്പെടുത്താതെ  എ​​​​​െൻറ അടുത്തുവന്നു നിന്ന് ചിത്രങ്ങൾ പകർത്തുന്നത്. ഒരു നായർ പെൺകുട്ടിക്കു കിട്ടുന്ന സ്വീകാര്യത ഒരു ദലിത്​ പെൺകുട്ടി അർഹിക്കുന്നില്ല എന്നാണവർ പറയുന്നത്. ചിത്രങ്ങൾ പകർത്തിയ ശേഷം അയാൾ ആരെയോ വിളിക്കുന്നത് കണ്ടു. തിരിച്ചു വന്നു ഇവിടെ നിന്ന് പോകണം ഇല്ലെങ്കിൽ ഞങ്ങൾക്ക് അറസ്റ്റ് ചെയ്യേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. എന്നെ തുടർന്ന് എത്തിയ മാണി സഖാവിനെയും ജെന്നി സഖാവിനെയും അവർ അവിടെ നിൽക്കാൻ അനുവദിച്ചില്ല. 

ഭീകരമായിക്കൊണ്ടിരിക്കുകയായിരുന്നു വടയമ്പാടിയുടെ അന്തരീക്ഷം. ഏതാണ്ട്​ നല്​ ബസ് നിറയെ പോലീസും നാല്​ ജീപ്പുകളും അവിടേക്കെത്തിയിരുന്നു. രാത്രി മുഴുവൻ ഞങ്ങൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. ജീവൻ നഷ്ടപ്പെട്ടാലും ആത്മാഭിമാന കൺവെൻഷൻ നടത്തും എന്ന് തീർച്ചപ്പെടുത്തി. രാവിലെ അറസ്​റ്റ്​ ചെയ്യപ്പെട്ടാൽ അത് പരിപാടികളെ ബാധിച്ചേക്കാം എന്നുള്ളത് കൊണ്ട് രാവിലെ കരിമുകൾ വന്നു തിരുവാങ്കുളത്തിനു യൂബർ എടുത്ത് പോയി. അവിടെ നിന്ന് ചൂണ്ടിക്കു കെ.എസ്​.ആർ.ടി.സി ബസിൽ കയറുകയായിരുന്നു. വന്നിറങ്ങുമ്പോൾ പ്രദേശമാകെ ആർ.എസ്​.എസുകാരും പോലീസ്‌കാരും തമ്പടിച്ചിരുന്നു. അവിടെ സമരത്തെ ചീത്ത വിളിച്ച് എഴുതിയ പോസ്റ്ററുകൾ എല്ലാം സംഘപരിവാറുകാരും കമ്മ്യൂണിസ്റ്കാരും ഒരുമിച്ചാണ് കെട്ടിക്കൊണ്ടിരുന്നത്​. പലതും ചാരി നിർത്തിയിരുന്നത് പോലും ഈ പാർട്ടി ഫ്ലസക്​സുകളിൽ തന്നെ ആയിരുന്നതുകൊണ്ട്​ ആരാണ് യഥാർത്ഥ ശത്രു എന്ന് തിരിച്ചറിയാൻ വിഷമം ഉണ്ടായില്ല. 

vadayambadi
പൊലീസ് സാന്നിധ്യത്തില്‍ വഴി വെട്ടി കെട്ടിയ നട
 


കുറച്ച കഴിഞ്ഞു അസഭ്യങ്ങളുടെ ആഘോഷത്തോടെ ആർ.എസ്​.എസുകാർ മുദ്രാവാക്യങ്ങൾ മുഴക്കി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയ ദലിത്​ ട്രാൻസ്​ജെൻഡർ ആക്​ടിവിസ്​റ്റ്​ ശ്രീ യെ ‘ആണും പെണ്ണുംകെട്ട ഹിജഡ’ എന്നും അതിനേക്കാൾ മോശമായ ഭാഷയിലും അവർ കണ്മുന്നിൽ വച്ച് വിളിച്ചിട്ടും ‘ട്രാൻസ്​ ഫ്രണ്ട്​ലി പൊലീസ്​’ കൊണ്ടുവന്ന പിണറായി സർക്കാരി​​​​​െൻറ പോലീസ് ഒരു നടപടിക്കും മുതിർന്നില്ല. ഒരു മണിക്കൂറോളം തുടർന്ന മുദ്രാവാക്യം കഴിഞ്ഞു ജാതിമതിൽ വിരുദ്ധ സമര സമിതി മുദ്രാവാക്യം തുടങ്ങിയപ്പോൾ പിരിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടു. തിരസ്കരിച്ച ഞങ്ങളെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷം ഉണ്ടാകാതെ ഇരിക്കാൻ ആണ് നിങ്ങളെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ പോലീസിനോട്​, ‘എങ്കിൽ എന്ത് കൊണ്ട് ആർ.എസ്​.എസുകാരെ അറസ്റ്റ് ചെയ്തില്ല..?’ എന്ന ചോദ്യത്തിനവർ മറുപടി തന്നില്ല. സമരത്തിൽ പങ്കെടുത്ത മൂന്നാർ ‘പൊമ്പിളൈ ഒരുമൈ’ നേതാവ് ഗോമതി അക്കയെ പോലീസ് മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടിവന്നു. അറസ്റ്റ് സ്വീകരിച്ചവരെ പല സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചതിനെ തടഞ്ഞ ഡോ. ഹരിയെ പോലീസ്‌കാർ വലിച്ചിഴച്ചു. അതിനെ ചോദ്യം ചെയ്ത സഖാവ് ജെന്നിക്കു നേരേ ‘മാറി നിക്കെടീ.. എന്തൊരു നാറ്റമാണ് നിനക്ക്...’ എന്നാണ്​ സി.​െഎ സാജൻ സേവ്യർ ആ​ക്രോശിച്ചത്​. 

‘തെരുവിൽ യുദ്ധം ചെയ്യുന്നവർക്ക് ചന്ദനത്തി​​​​​െൻറ മണമുണ്ടാകില്ലല്ലോ സർ... എ.സി റൂമിൽ സുഗന്ധം പൂശി ഇരിക്കുന്ന സവർണ മാടമ്പികളെ മാത്രമേ  പോലീസ്അടുപ്പിക്കൂ... സാധാരണക്കാര​​​​​െൻറ നാറ്റം ഭരണം മാറുന്നതി​​​​​െൻറ തെളിവാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല... അവൻ നാറ്റം കൊണ്ട് ആട്ടിപ്പായിക്കപ്പെട്ടുകൊണ്ടേയിരിക്കും...’’

അറസ്​റ്റിന​ു മു​േമ്പ കരുതൽ തടങ്കലിൽ വെച്ചവരുടെ കൂട്ടത്തിൽ ഒരു 10 വയസ് കഷ്ടി തോന്നുന്ന കുഞ്ഞും ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് പോലീസ് ഇതാർക്കു വേണ്ടി ചെയ്തു എന്ന് വ്യക്തമാകുന്നത്. ദലിതന്​ വേണ്ടി സംസാരിക്കുന്നവരെ മാവോയിസ്​റ്റായും ഇസ്​ലാമിനു വേണ്ടി സംസാരിക്കുന്നവരെ മുസ്​ലിം തീവ്രവാദിയായും അടിച്ചമർത്തുന്ന സവർണ ഭരണകൂട ഭീകരതയാണ്​ വടയമ്പാടിയിലും പിടിമുറുക്കിയത്. ഇപ്പോഴും എനിക്ക് കാണാം കോൺക്രീറ്റ് കൊണ്ടുള്ള മതിൽ മാത്രമേ പൊളിഞ്ഞു വീണിട്ടുള്ളു... ജാതിമതിൽ അതിനേക്കാൾ ഉയരത്തിൽ അവിടെ തന്നെ ഉണ്ട്.

Loading...
COMMENTS