Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമേരിക്ക വീണ്ടുമിവിടെ തലയിടാൻ വരും
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഅമേരിക്ക വീണ്ടുമിവിടെ...

അമേരിക്ക വീണ്ടുമിവിടെ തലയിടാൻ വരും

text_fields
bookmark_border

ശ്രീലങ്കയിലെ പ്രതിഷേധക്കാരുടെ ആവശ്യവും പ്രക്ഷോഭങ്ങളുടെ പ്രചോദനവും എന്തു തന്നെയായാലും ഈ സാഹചര്യം മുതലെടുത്ത് ഒരു രക്ഷകവേഷം അവതരിച്ചിരിക്കുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)

യുടെ രൂപത്തിൽ. ഏതൊരു രാജ്യത്താണെങ്കിലും ഐ.എം.എഫിന് കാര്യങ്ങൾ മുറപോലെ നടക്കണമെങ്കിൽ അവർക്ക് ഒത്തിണങ്ങിപ്പോകാൻ പറ്റിയ ഒരു ഭരണകൂടം വേണം. അതിന് റനിൽ വിക്രമസിംഗെയെക്കാൾ പറ്റിയ ഒരാൾ നിലവിൽ ആ രാജ്യത്ത് ഇല്ലേയില്ല- അദ്ദേഹം അധികാരമേറിയ നിമിഷം തന്നെ അത് ബോധ്യമാവുകയും ചെയ്തു.

റനിൽ വിക്രമസിംഗെയുടെ നിയമനവും അതിവേഗത്തിലുള്ള സർക്കാർ രൂപവത്കരണവും പ്രശ്നങ്ങളെ സംബോധനചെയ്യാനും സ്ഥിരത ഉറപ്പുവരുത്താനുമുള്ള ആദ്യ ശ്രമങ്ങളാണ്. ഐ.എം.എഫിലൂടെ അർഥപൂർണമായ പുരോഗതിയും ശ്രീലങ്കയുടെ ആവശ്യങ്ങൾക്കനുസൃതമായ ദീർഘകാല പരിഹാരവും നാം പ്രോത്സാഹിപ്പിക്കും- പ്രധാനമന്ത്രിയെ ഉടൻ അംഗീകരിച്ച് അമേരിക്കൻ സ്ഥാനപതി ജൂലി ചുങ് പറഞ്ഞ വാക്കുകളാണിത്.

അമേരിക്കൻ സാന്നിധ്യം ഏതുവിധേനെ ഉണ്ടാകുമ്പോഴും അതിനെ ഉള്ളുതുറന്ന് പിന്തുണക്കുന്നയാളാണ് വിക്രമസിംഗെയെന്ന് സ്ഥാനപതിക്ക് നല്ലപോലെ അറിയാം. അമേരിക്ക താൽപര്യപ്പെട്ടതുപോലുള്ള സൈനിക നയങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന പ്രസിഡൻറ് സിരിസേനയുമായി ഇടഞ്ഞയാളാണ് പുതിയ പ്രധാനമന്ത്രി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ജയിക്കാത്ത പാർട്ടിയുടെ മേധാവിയാണെങ്കിൽ പോലും രാഷ്ട്രീയമായി ഇത്രമാത്രം ദുർബലനും അടിയറവ് പറഞ്ഞ് വണങ്ങി നിൽക്കുന്നതിൽ പരിചയ സമ്പന്നനുമായ ഇദ്ദേഹത്തെയല്ലാതെ ആരെയാണ് അമേരിക്ക ആഗ്രഹിക്കുക.

സൈന്യം തെരുവുകളിൽ ആധിപത്യമുറപ്പിക്കുകയും ജനം കർഫ്യൂവിൽ അമരുകയും ചെയ്യുന്ന അവസ്ഥയെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല, അപഹാസ്യമാണത്- സാമൂഹിക ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ ധാരിണി രാജസിംഗം സേനനായകെ പറയുന്നു.

റനിൽ വിക്രമസിംഗെ അധികാരത്തിലേറുന്നുവെന്ന വാർത്ത തെല്ല് സംഭ്രമത്തോടെയാണ് പലരും സ്വീകരിച്ചത്. ദ്വീപിലെ ചൈനീസ് സാന്നിധ്യം ഇല്ലാതാക്കാൻ അമേരിക്ക വരണമെന്നാഗ്രഹിക്കുന്ന സിംഹള പൗരോഹിത്യത്തിനു മുന്നിൽ സാഷ്ടാംഗം നമിക്കുന്നു പ്രധാനമന്ത്രി. തിബത്ത് വിഷയത്തെച്ചൊല്ലിയാണ് അവർക്ക് ചൈനയോട് വിരോധം. കശ്മീരിനെ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശം സൃഷ്ടിച്ച ഇന്ത്യൻ തീരുമാനത്തിലും അവർ സന്തുഷ്ടരാണ്. പുതിയ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ച വേളയിൽ വിഹാരങ്ങളിൽ പ്രത്യേക ആഘോഷങ്ങളും നടത്തിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിസ്താനിൽ നിന്ന് അതിദയനീയമാം വിധം തോറ്റു മടങ്ങിയ അമേരിക്ക തെക്കനേഷ്യയിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള ഒത്ത അവസരമായാണ് ശ്രീലങ്കയിലെ സംഭവവികാസങ്ങളെ ഉപയോഗിക്കാൻ ശ്രമിക്കുന്നത്.

മാറിമറിയുന്ന ഭൂമിശാസ്ത്രം

ചിലസമയങ്ങളിൽ രാഷ്ട്രീയ മാറ്റം ഭൂമിശാസ്ത്രത്തെത്തന്നെ മാറ്റിമറിക്കാറുണ്ട്. 1947ന് ശേഷം ഇന്ത്യൻ നയതന്ത്രം ഏറിയ പങ്കും പ്രവർത്തിച്ചത് പാകിസ്താനെ നിർവീര്യമാക്കുക എന്നത് വലിയ ലക്ഷ്യമായി കണ്ടിരുന്നു. 1971ൽ ബംഗ്ലാദേശിന്റെ രൂപവത്കരണത്തോടെ ദക്ഷിണേഷ്യയുടെ ഭൂമിശാസ്ത്രം തന്നെ മാറി. ചെറു രാജ്യങ്ങളാൽ ചുറ്റപ്പെട്ട വൻരാജ്യമായി മാറി ഇന്ത്യ. ആ ചെറുരാജ്യങ്ങളാവട്ടെ ബലക്രമീകരണത്തിനായി ചൈനയിൽ ഊന്നി നിന്നു. ആ സാഹചര്യത്തിലാണ് 1979ൽ അന്നത്തെ വിദേശകാര്യമന്ത്രി അടൽ ബിഹാരി വാജ്പേയി ഐതിഹാസികമായേക്കുമെന്ന് കരുതിയ ചൈന സന്ദർശനം നടത്തിയത്. അതേ വർഷം വിയറ്റ്നാമിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു ചൈന. വാജ്പേയിയുടെ സന്ദർശനം ദുരന്തസമാനമായിരുന്നു. പിൽകാലത്ത് വാജ്പേയി ഉൾപ്പെടെ നിരവധി പ്രധാനമന്ത്രിമാർ ചൈന സന്ദർശിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ ഇണങ്ങിയും പിണങ്ങിയും നിന്നു. എന്നാൽ അതിർത്തി വിഷയം അപരിഹാര്യമായി തുടർന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ സോവിയറ്റ് യൂനിയന്റെ തകർച്ച അമേരിക്കയെ എതിരാളികളില്ലാത്ത മഹാശക്തി എന്ന പരിവേഷത്തിലേക്കുയർത്തി. മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ 1991 മുതൽ പല വിഷയങ്ങളിലും അമേരിക്കൻ താൽപര്യങ്ങൾക്കനുസൃതമാക്കി നിർത്തി. കേശുഭായ് പട്ടേലിനെ നീക്കി നരേന്ദ്ര മോദി ഗുജറാത്തിൽ അധികാരമേറുന്നത് ഉസാമ ബിൻ ലാദിനെത്തേടി അമേരിക്ക അഫ്ഗാനിൽ വെടിക്കെട്ടുകളാരംഭിച്ച 2001ഒക്ടോബർ ഏഴിനാണ് എന്ന കാര്യവും മറക്കാതിരിക്കുക. ഹിന്ദുത്വത്തെ വൈകാരിക തലത്തിൽ ഉയർത്താൻ അതും രാസത്വരകമായി വർത്തിച്ചു.

ഗോധ്ര ദുരന്തത്തിന്റെ തുടർച്ചയായി മുസ്ലിം വിരുദ്ധ വംശഹത്യ അരങ്ങേറുമ്പോഴേക്ക് ഇസ്ലാമോഫോബിയയുടെ രുചിപിടിച്ചു കഴിഞ്ഞിരുന്നു ലോകത്തിന്. ബുഷ്-ബ്ലെയർ സംഘത്തിന്റെ ഇസ്ലാം വെറുപ്പും നമ്മുടെ വർഗീയതയും ഏറെ ഇണക്കത്തിൽ വർത്തിച്ചു. ഭീകരരുടെ വിവരങ്ങൾ സൃഷ്ടിച്ചും പങ്കുവെച്ചും രഹസ്യാന്വേഷണ ഏജൻസികൾ സഹശയനം നടത്തി കെട്ടിപ്പുണർന്നു. ആഗോളതലത്തിൽ കാൽപാട് പതിപ്പിച്ച സാമ്പത്തിക സ്ഥാപനമായ ലേമാൻ ബ്രദേഴ്സ് 2008ൽ പൊട്ടിത്തകർന്നതാണ് അമേരിക്കയെ ദുർബലപ്പെടുത്തിയത്. ചൈനയുടെ വളർച്ച കൂടിയായപ്പോൾ അമേരിക്കയുടെ പതർച്ച കൂടുതൽ പർവതീകരിക്കപ്പെട്ടു. ചൈനയുടെ സഹായവും സ്ഥിരോത്സാഹവും വഴി വ്ലാദിമിർ പുടിൻ റഷ്യയെ ഇന്നുകാണും വിധത്തിലെ ഒരു ശക്തിയാക്കി പരുവപ്പെടുത്തിയെടുക്കുകയും ചെയ്തു.

ഉപാധികളില്ലാത്ത റഷ്യ-ചൈന സൗഹൃദം പടിഞ്ഞാറൻ രാജ്യങ്ങളിൽ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കി. അതേ ഘട്ടത്തിൽ തന്നെയാണ് അഫ്ഗാനിൽ നിന്ന് അമേരിക്കയുടെ ദയനീയ പിൻവാങ്ങലും.

അമേരിക്കൻ സ്വപ്നം സഫലമായാൽ

'അമേരിക്കയുടെ നൂറ്റാണ്ട്' എന്നത് ദിവാസ്വപ്നമായി അവശേഷിച്ചു. ഇന്ത്യപോലുള്ള രാജ്യങ്ങൾ പോലും വേറെ വഴികൾ തേടാൻ തുടങ്ങി. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ സ്വീകരിച്ച തൂക്കമൊപ്പിച്ച നിലപാടു പോലും ഒരു ശക്തിയെത്തന്നെ എന്തിനുമേതിനും ആശ്രയിക്കുക എന്ന നയത്തിൽ നിന്നുള്ള കുതറിമാറലായിരുന്നുവെന്ന് കാണാം.

അമേരിക്ക പോയശേഷം ഇറാൻ, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ, തജികിസ്താൻ, ചൈന, റഷ്യ ഇവരെല്ലാം അഫ്ഗാനുമായി കൂട്ടുകൂടാൻ ചെല്ലുന്നു. മാറിമറിഞ്ഞ പുതിയ ഭൂമിശാസ്ത്രം അയൽരാജ്യങ്ങളുമായി രമ്യതയിലെത്താനുള്ള സമ്മർദങ്ങളെ നിഷ്ഫലമാക്കുകയും ചെയ്യുന്നു.

പാകിസ്താൻ നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അതുപോലെ ഇന്ത്യ പാകിസ്താന്റെയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ദേശീയത ആളിക്കത്തിക്കാൻ നമുക്ക് വർഗീയതയുടെ ചൂട് ആവശ്യമുണ്ട്. ബാലാക്കോട്ട്, ലൗ ജിഹാദ്, ബീഫ്, ഹിജാബ്, കല്ലേറ്... ഇതൊക്കെ കാവിപ്പട ലക്ഷ്യമിടുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുന്ന ഇനങ്ങളാണ്. കശ്മീർ പ്രശ്നപരിഹാരമോ പാകിസ്താനുമായി സമാധാനത്തിലെത്തുന്നതോ 2024 വരെ രാജ്യത്തിന്റെ താൽപര്യ പട്ടികയിൽ ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്.

ഈ തക്കത്തിലാണ് അമേരിക്ക തെക്കനേഷ്യയിലേക്ക് മടങ്ങി വരവ് നടത്തുന്നത്. തുടക്കം പാകിസ്താൻ വഴിയാണ്, രണ്ടാമത് ശ്രീലങ്ക... ഭക്ഷണമില്ലാത്ത കടകളുടെ മുന്നിൽ ഭക്ഷണവും പെട്രോൾ ഒരു തുള്ളിപോലും സ്റ്റോക്കില്ലാത്ത പമ്പുകളുടെ മുന്നിൽ ഇന്ധനവും കാത്ത് നീണ്ട വരിയിൽ നിൽക്കുകയാണ് ആ രാജ്യങ്ങളിലെ ജനങ്ങളിപ്പോൾ.

ഉത്തരം കിട്ടേണ്ട ചോദ്യമിതാണ്. അമേരിക്ക അടുത്തതായി കടന്നുകൂടാൻ ഒരുമ്പെടുന്നത് ഏതു രാജ്യത്തിലേക്കാണ്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USSri LankaRanil Wickramasinghe
News Summary - US will come to intervene in Sri Lanka
Next Story