ട്രംപിന്റെ അമേരിക്കയിൽ ‘നീല’ പൂത്തത് എങ്ങനെ?
text_fieldsറിപബ്ലിക്കൻ പാർട്ടിയുടെ കുലുങ്ങാത്ത ചുവപ്പൻ കോട്ടകളായി കരുതപ്പെട്ടിരുന്ന സംസ്ഥാനങ്ങളുടെ മുകളിലൂടെ ഡെമോക്രാറ്റുകളുടെ ബ്ലൂ-സുനാമി ആഞ്ഞടിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി റിപബ്ലിക്കൻ സ്ഥാനാർഥികളെ മാത്രം ജയിപ്പിച്ചുവിട്ടവർ ഇത്തവണ "മാറ്റമില്ലെങ്കിൽ എന്ത് ആഘോഷം" എന്ന് ചോദിച്ച് ചരിത്രത്തെ തിരുത്തി. നീണ്ടകാലം വാണവർ അതിൽ കടപുഴകി വീണു.
94 കൊല്ലമായി ഡെമോക്രാറ്റുകളെ പടിക്ക് പുറത്തുനിർത്തിയ കാൻസസ് മുതൽ 38 വർഷമായി ചുവപ്പണിഞ്ഞുനിന്ന ടെക്സസ് വരെ ഇത്തവണ 'നീല' വസ്ത്രമണിഞ്ഞു. ട്രംപിസം സ്വന്തം തട്ടകങ്ങളിൽ തവിടുപൊടിയായതോടെ, ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളുടെയും താക്കോൽ പോക്കറ്റിലാക്കി. ചുവപ്പുകോട്ടകളുടെ അടിത്തറയിളക്കി തങ്ങൾക്ക് നല്ലൊരു "ഗിഫ്റ്റ്" തന്നതിന് ഡെമോക്രാറ്റുകൾക്ക് പ്രസിഡന്റ് ട്രംപിനോട് പ്രത്യേക നന്ദി പറയുകയാണ്!
സെനറ്റ് മത്സരങ്ങളിലെ ഏറ്റവും വലിയ അട്ടിമറി നടന്നത് കാൻസസിലാണ്. 1932ന് ശേഷം അവിടെനിന്ന് ഒരു ഡെമോക്രാറ്റും സെനറ്റിന്‍റെ പടി കണ്ടിട്ടില്ല. 1919 മുതൽ തുടർച്ചയായി 107 വർഷം റിപബ്ലിക്കൻമാർ മാത്രം ഭരിച്ച സീറ്റിൽ, ഇത്തവണ സിറ്റിങ് സെനറ്റർ റോജർ മാർഷലിനെ തൂക്കിയെറിഞ്ഞ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആദം ഹാമിൽട്ടൺ എന്ന പാസ്റ്റർ ചരിത്രത്തിലിടം പിടിച്ചു.
അടുത്ത പണി കിട്ടിയത് സാക്ഷാൽ ടെക്സസിലാണ്. ട്രംപിന്‍റെ സ്വന്തം തട്ടകങ്ങളിലൊന്ന് ആർക്കും മേയാനാകത്ത ചുവപ്പൻ കോട്ട. 1988ന് ശേഷം ഒരു ഡെമോക്രാറ്റ് പോലും ടെക്സസിൽ നിന്ന് സെനറ്റ് കണ്ടിട്ടില്ല. അവിടെ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ കെൻ പാക്സ്റ്റണെ കടപുഴക്കി 37കാരനായ ജെയിംസ് തലരിക്കോ സെനറ്ററായി. പോരാത്തതിന്, 1990ന് ശേഷം ആദ്യമായി ഗവർണർ കസേരയും ഡെമോക്രാറ്റുകൾ അടിച്ചുമാറ്റി. ഗ്രെഗ് അബോട്ടിനെ അട്ടിമറിച്ച ജീന ഹിനോഹോസ ടെക്സസിലെ ഗവർണർ സ്ഥാനമേൽക്കുന്നത് ആദ്യ ലാറ്റിൻ വനിതാ ഗവർണർ എന്ന ചരിത്ര നേട്ടത്തോടെയാണ്.
സൗത്ത് കരോലൈനയിൽ അന്തരിച്ച ലിൻഡ്സെ ഗ്രഹാമിന്റെ സഹോദരി ഡാർലിൻ ഗ്രഹാമിന് ട്രംപ് നേരിട്ട് 'ഗ്യാരന്റി' കൊടുത്തിട്ടും നീലപ്രവാഹത്തിൽ രക്ഷപ്പെടാനായില്ല. 28 വർഷത്തെ തുടർച്ചക്ക് വിരാമമിട്ടുകൊണ്ട് ശിശുരോഗ വിദഗ്ധയായ ആനി ആൻഡ്രൂസ് അവിടെ സെനറ്റ് സീറ്റ് പിടിച്ചെടുത്തു. അയോവയിലും കിട്ടി റിപബ്ലിക്കൻമാർക്ക് ഡബിൾ ഡോസ്! 18 വർഷത്തിന് ശേഷം സെനറ്റും, 20 വർഷത്തിന് ശേഷം ഗവർണർ പദവിയും (റോബ് സാൻഡ് വഴി) ഡെമോക്രാറ്റുകൾ അടിച്ചെടുത്തു. നോർത്ത് കരോലൈനയിൽ റോയ് കൂപ്പർ കൂടി ജയിച്ചതോടെ റിപബ്ലിക്കൻ ക്യാമ്പിന്‍റെ തകർച്ച സമ്പൂർണമാകുകയായിരുന്നു.
ട്രംപിന്റെ അതിവിശ്വസ്തനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി ഒഹായോയിൽ ഡോ. എമി ആക്ടണിനോട് തോറ്റതോടെ മങ്ങിയത് അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതകൂടിയാണ്. ജോർജിയയിൽ 28 വർഷത്തെ ഇടവേളക്ക് ശേഷം മുൻ അറ്റ്ലാന്റ മേയർ കീഷ ലാൻസ് ബോട്ടംസ് ഗവർണറായി ചരിത്രം കുറിച്ചു - അമേരിക്കയിലെ ആദ്യ കറുത്തവർഗക്കാരിയായ ഗവർണർ!
മൊത്തത്തിൽ, റിപബ്ലിക്കൻമാരുടെ കൈയിൽനിന്ന് 7 സെനറ്റ് സീറ്റുകളും 5 ഗവർണർ കസേരകളും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. പണപ്പെരുപ്പവും ജീവിതച്ചെലവും കൂട്ടത്തിൽ ട്രംപിന്റെ ഇറാൻ യുദ്ധ വെറികളും കണ്ട് സഹികെട്ട വോട്ടർമാർ തങ്ങളുടെ അമർഷം വോട്ടെടുപ്പിൽ തീർക്കുകയായിരുന്നു. 2024-ൽ ട്രംപിന് ജയ് വിളിച്ച യുവാക്കളും സ്വതന്ത്ര വോട്ടർമാരും ഇത്തവണ വോട്ട് മാറ്റി കുത്തി. അതോടെ ലോകമറിഞ്ഞു, അമേരിക്കയുടെ സെനറ്റിൽ ഇതുവരെ മുസ്ലിം പ്രതിനിധാനമുണ്ടായിട്ടില്ലയെന്ന്. ചരിത്രത്തിലിന്നുവരെ കറുത്തവർഗക്കാരും ലാറ്റിൻ വംശജരും ഗവർണരാകാത്ത പല സംസ്ഥാനങ്ങളും അമേരിക്കയിലുണ്ടെന്ന്.
അതിലേക്ക് നയിച്ചതെന്താണെന്ന് കുമ്പസരിച്ചിരിക്കുന്നു വൈസ് പ്രസിഡണ്ട് വാൻസ്. 'നമ്മൾ തോറ്റതിന്‍റെ കാരണം യുദ്ധമാണ്'. പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും സാമ്പത്തിക സാഹചര്യങ്ങളോടുള്ള അതൃപ്തിയും യുദ്ധത്തിന് ആദ്യഘട്ടത്തിൽ പിന്തുണച്ചവരെപ്പോലും ഒടുവിൽ യുദ്ധവിരുദ്ധരാക്കി. യുവാക്കളുടെയും ലാറ്റിനോ വോട്ടർമാരുടെയും ഹൃദയം ട്രംപിസത്തോടുള്ള അമർഷം പുകയുകയായിരുന്നു. അത് കടപുഴക്കിയത് ഉറച്ച ചുവപ്പുകോട്ടകളെയാണ്.
ഇസ്രായേലിനുവേണ്ടി പശ്ചിമേഷ്യയെയും ഗസ്സയേയും ആയുധംകൊണ്ട് തകർത്തറിഞ്ഞവർ ചരിത്രത്തിൽ അപമാനിതരായി നിൽക്കുന്നുവെന്ന കാവ്യനീതി ഇസ്രായേലിലും അമേരിക്കയിലും ദൃഷ്ടാന്തമായി പ്രകാശം പൊഴിക്കുകയാണ്. 'റെജിം ചെയ്ഞ്ച്' ആവശ്യപ്പെട്ടവർ സ്ഥാനഭ്രഷ്ടരാകുകയോ അധികാരത്തിൽനിന്ന് പുറത്തേക്കുള്ള വഴിയിലകപ്പെടുകയോ ചെയ്തുവെന്നത് അത്ര ചെറിയകാര്യമല്ല. ട്രംപിസത്തിനേറ്റ അടി ലോകത്തുള്ള എല്ലാ രാഷ്ട്രനേതാക്കൾക്കും പാഠമാണ്.

