Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയു.പി വിധിയും...

യു.പി വിധിയും മുസ്​ലിംകളും

text_fields
bookmark_border
യു.പി വിധിയും മുസ്​ലിംകളും
cancel

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ്​ ​വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ഹിന്ദുത്വശക്​തികൾ കൂടുതൽ കരുത്താർജിക്കുമെന്നുറപ്പായി. ഹിന്ദു രാഷ്​ട്രസ്​ഥാപനമെന്ന വിശാല സൈദ്ധാന്തിക പദ്ധതിയുടെ കരുത്തനായ കാവലാളാണല്ലോ യോഗി. സംസ്​ഥാന ജനസംഖ്യയിൽ 20 ശതമാനം വരുന്ന മുസ്​ലിം ജനസംഖ്യയുടെ മുന്നിലുള്ള വലിയ ചോദ്യം, ഇപ്പോഴും തുടരുന്ന മനഃശാസ്​ത്രപരമായ 'അപരവത്​കരണ'ത്തിലുപരി എന്തൊക്കെ ദുരന്തങ്ങൾ​ തങ്ങളെ കാത്തിരിക്കുന്നുവെന്നതാണ്​.

ആദ്യമായി, എന്തൊക്കെ സംഭവിക്കാൻ പോകുന്നില്ല എന്നു പരിശോധിക്കാം. തുറന്ന വർഗീയ സംഘട്ടനങ്ങളിൽ ബി.ജെ.പിക്ക്​ അത്ര താൽപര്യമി​െല്ലന്നതാണ്​ ഒന്നാമത്തേത്​. ക്രമസമാധാനപാലകരായി സ്വയം എഴുന്നള്ളിക്കുന്ന പ്രതിച്ഛായ കളങ്കപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല എന്നതുതന്നെ കാരണം. തെരഞ്ഞെടുപ്പ്​ കാലത്ത്​ അതായിരുന്നല്ലോ മുഖ്യ പ്രചാരണായുധം. മാത്രവുമല്ല, അത്തരം പ്രകോപനങ്ങൾക്ക്​ തലവെക്കാതെ മുസ്​ലിംകൾ സ്വയം അകന്നുനിൽക്കുന്നുമുണ്ട്​.

പൊതുവായ അതിജീവന രീതിയിൽ മാറിനിൽക്കൽ അതിപ്രധാനമാണ്​. ന്യൂനപക്ഷ ജനസംഖ്യ 50 ശതമാനം തൊടുന്ന മുറാദാബാദ്​ പോലുള്ള പട്ടണങ്ങളിൽ- പൊലീസും ഭരണകൂടസംവിധാനങ്ങളും പക്ഷം പിടിച്ചുനിൽക്കുന്ന വർഗീയ സംഘട്ടനങ്ങളായിരുന്നല്ലോ ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ അവരെ തകർത്തുകളഞ്ഞത്​​- കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വർഗീയസംഘട്ടനങ്ങൾ ഉണ്ടായിട്ടില്ല. ഇത്​ ചെറിയ ഔദാര്യവുമാകാം.

സാമ്പത്തിക സ്​ഥിതി അതിദാരുണമായ നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിയും പ്രാദേശിക സമവാക്യങ്ങൾ തെറ്റിക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. കാരണം, രാജ്യത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്​ഥാനത്ത്​ പിച്ചള ഉൽപാദനത്തി​െൻറ ആസ്​​ഥാനമായ മുറാദാബാദും ഗ്ലാസ്​ ഫാക്​ടറികൾക്ക്​ പ്രശസ്​തമായ ഫിറോസാബാദും തുടങ്ങി പട്ടുവസ്​ത്ര നിർമാണത്തിനു പേരുകേട്ട വാരാണസി വരെയുള്ളിടങ്ങളിൽ മുസ്​ലിംകളും ഹിന്ദുക്കളും സാമ്പത്തികമായി ഇഴചേർന്നുനിൽക്കുന്നവരാണ്​. മുസ്​ലിംകൾ സാധാരണ പണിക്കാരും വിദഗ്​ധ തൊഴിലാളികളുമാകു​േമ്പാൾ ഹിന്ദുക്കൾ വ്യാപാരികളും ഫാക്​ടറി ഉടമകളുമാകു​ം. അപൂർവം ചിലപ്പോൾ ഉടമകളായും മുസ്​ലിംകളുണ്ടാകും. ഇരു സമുദായങ്ങളും വോട്ടുനൽകുന്നത്​ വ്യത്യസ്​തമായാകാം. എന്നാൽ, ബി.ജെ.പിക്ക്​ വോട്ടുനൽകുന്നവർപോലും നിലവിൽ വലിയ സംഘർഷങ്ങളുടെ സൃഷ്​ടിയായ സാമ്പത്തിക പൊട്ടിത്തെറി ആഗ്രഹിക്കാത്തവരാണ്​.

മറ്റൊന്ന്​, കാലിക്കടത്ത്​ ആരോപിച്ച്​ വലിയ തോതിൽ ഇനിയും ആൾക്കൂട്ടക്കൊലകളും ഉണ്ടാകണമെന്നില്ല. 2014ൽ ബി.ജെ.പി ആധിപത്യം നേടിയ ഉടൻ യു.പിയിൽ അതു കണ്ടതാണ്​. കാരണം, പ്രധാന പ്രതിപക്ഷമായ സമാജ്​വാദി പാർട്ടി വോട്ടുവിഹിതം കാര്യമായി വർധിപ്പിച്ച ഈ തെരഞ്ഞെടുപ്പി​െൻറ പ്രധാന വിഷയങ്ങളിലൊന്ന്​ കൃഷിഭൂമികളിൽ അലയുന്ന കാലികൾ സൃഷ്​ടിക്കുന്ന വെല്ലുവിളികളായിരുന്നു. സ്വന്തം വിള കാക്കാൻ രാവും പകലുമെന്നില്ലാതെ അവർ കാവലിരിക്കേണ്ടിടത്താണ് കാര്യങ്ങൾ.

മുമ്പ്​, കർഷകർക്ക്​ പ്രായം ചെന്ന കാലികളെ അറവുശാലകൾക്ക്​ വിൽക്കാമായിരുന്നു. അവയെ അറുത്ത്​ ഇറച്ചിയായും തുകലായും മരുന്നുൽപാദക മേഖലയിലുൾപ്പെടെ ഉപയോഗപ്പെടുത്തുന്ന വസ്​തുക്കളായും മാറ്റും. എന്നാൽ, അറവിന്​ വിലക്കുവരുകയും കാലികളുമായി പോകുന്നവർക്കുമേൽ പശുസംരക്ഷക ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുകയും ചെയ്​തതോടെ ​ നിലവിലെ സാഹചര്യത്തിലേക്ക്​ കാര്യങ്ങൾ എത്തി. അറവുനിയമങ്ങൾ അത്ര കടുത്തതല്ലാത്ത സംസ്​ഥാനങ്ങളിലേക്ക്​ കാലികളെ കൊണ്ടുപോകുന്നത്​ ആരോഗ്യകരമല്ലാതെ വന്നതോടെ കാലികളെ അവർ അഴിച്ചുവിട്ടുതുടങ്ങി. സ്വാഭാവികമായും അവ വിശന്നുവലഞ്ഞ്​ കൃഷിത്തോട്ടങ്ങളിലിറങ്ങി വിള നശിപ്പിക്കുന്നത്​ തുടർക്കഥയായി.

പതിറ്റാണ്ടുകളായി ഹിന്ദി ബെൽറ്റിലെ സംസ്​ഥാനങ്ങളിൽ ഗോവധ നിരോധനം നിലവിലുണ്ട്. ആകെയുണ്ടായ മാറ്റം​, ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങൾ നിയമം കൂടുതൽ കടുത്തതാക്കുകയും പശുസംരക്ഷക ഗുണ്ടകൾക്ക്​ അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്​തുവെന്നു മാത്രം. ആർ.എസ്​.എസ്​, ബി.ജെ.പി, വി.എച്ച്​.പി, ബജ്​റങ്​ദൾ സംഘടനകൾ മുസ്​ലിം വിരുദ്ധ നയമെന്ന നിലക്കാണ്​​ ഊ​ക്കോടെ നടപ്പാക്കാൻ ശ്രമിച്ചതെങ്കിലും ഫലത്തിൽ മൊത്തം ജനത്തെയും ബാധിക്കുന്ന വിഷയമായാണ്​ വന്നു ഭവിച്ചത്​.

ഗ്രാമീണ സമ്പദ്​വ്യവസ്​ഥയുടെ പ്രകൃതിപരമായ ചക്രം തന്നെ ഇത്​ തകർത്തുകളഞ്ഞു. ഏവരെയും അത്​ പ്രതിസന്ധിയിലാക്കുന്നുണ്ട്​, ബി.ജെ.പിയെപോലും. പ്രധാനമന്ത്രി മോദി​ തന്നെ തെരഞ്ഞെടുപ്പ്​ കാലത്ത്​ വിഷയം ഉന്നയിക്കുകയും പരിഹാരമുണ്ടാകുമെന്ന്​ വാഗ്​ദാനം നൽകുകയും ചെയ്​തിരുന്നു.

അതിനിടെ, ഏറ്റവും കടുത്ത വിദ്വേഷ ​പ്രചാരകരിൽ മുന്നിൽനിന്ന ചിലരെങ്കിലും ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ പരാജയ​ം രുചിച്ചുവെന്നതും ബി.ജെ.പി മനസ്സിലാക്കുന്നുണ്ട്​. 2013ലെ മുസഫർനഗർ കലാപത്തിൽ കുറ്റാരോപിതരായ നേതാക്കൾ പരാജയപ്പെട്ടവരിൽ പെടും: സംഗീത്​ സോം, സുരേഷ്​ റാണ, ഉമേഷ്​ മലിക്​... എല്ലാവരും തോറ്റു. സാമുദായിക വേർതിരിവുകൾ കുറക്കുന്നതിൽ നിർണായകമായ കർഷക പ്രക്ഷോഭം സ്വാധീനം ചെലുത്തിയ മേഖലകളിലായിരുന്നു അവരുടെ തോൽവി. യു.പിയിൽ മറ്റൊരിടത്ത്​, തനിക്ക്​ വോട്ടുചെയ്യാത്ത ഹിന്ദുവി​െൻറ സിരയിലൊഴുകുന്നത്​ മുസ്​ലിം രക്​തമാണെന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും ബീഭത്സമായ വർഗീയ പ്രസ്​താവന നടത്തിയ മുൻ എം.എൽ.എയും തോറ്റു. രാഘവേന്ദ്ര സിങ്ങിനെ തോൽപിച്ചത്​ സയീദ ഖാതൂൻ എന്ന മുസ്​ലിം വനിതയായിരുന്നുവെന്നതും​ ശ്രദ്ധേയം.

ഇതോടൊപ്പം, 2022ലെ തെരഞ്ഞെടുപ്പിൽ 36 മുസ്​ലിം സ്​ഥാനാർഥികൾ വിജയം വരിച്ചിട്ടുണ്ട്​. 2017ൽ 24 ആയിരുന്നതാണ്​ ഗണ്യമായി കൂടിയത്​. എന്ന​ുവെച്ചാൽ, യു.പിയിലെ സാമാജികരിൽ ഒമ്പതു ശതമാനവും മൊത്തം ജനസംഖ്യയുടെ 20 ശതമാനം വരുന്ന ന്യൂനപക്ഷ സമുദായക്കാരാണ്​. 4.9 ശതമാനം മാത്രമുള്ള ലോക്​സഭയിലെ പ്രാതിനിധ്യത്തെക്കാൾ ഏറെ ഉയരെയാണിത്​. ദേശീയ മുസ്​ലിം പ്രാതിനിധ്യം 15 ശതമാനമാണ്​. കോൺഗ്രസ്​ ഭരിച്ച കാലത്തും പാർലമെൻറിൽ ഈ പരിതാപകരമായ കണക്കുകൾ തന്നെയായിരുന്നു. 1980, 1984 വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ലോക്​സഭകളിൽ മാത്രമായിരുന്നു യഥാക്രമം ഒമ്പത്​, എട്ട്​ ശതമാനം മുസ്​ലിം എം.പിമാർ ഉണ്ടായിരുന്നത്​.

2014ൽ ബി.ജെ.പി അധികാരമേറുംമുമ്പുള്ള 2009ലെ ലോക്​സഭയിൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തി​െൻറ പങ്കാളിത്തം അഞ്ചു ശതമാനമായിരുന്നു. നിലവിൽ അത്​ 4.9 ശതമാനമുണ്ട്​. എന്നുവെച്ചാൽ, ഉത്തർപ്രദേശ്​ ദേശീയ ശരാശരിയെക്കാൾ മുന്നിൽ നടക്കുന്നുവെന്നർഥം. ന്യൂനപക്ഷങ്ങളെ മത്സരിപ്പിക്കാൻ പ്രാദേശിക കക്ഷികൾ സ്വയമേവ താൽപര്യപ്പെടുന്നിടത്തെത്തി കാര്യങ്ങൾ​. എസ്​.പിക്കായി വോട്ടുനൽകാൻ ആ സമുദായം ആവേശപൂർവം പോളിങ്​ബൂത്തിലെത്തുകയും ചെയ്​തു. ബി.എസ്​.പിയെ മാത്രമല്ല, ​എ.ഐ.എം.ഐ.എം, കോൺഗ്രസ്​ സംഘടനകളെയും മാറ്റിനിർത്താനും അവർ മനസ്സുവെച്ചു.

ഗുജറാത്തിൽ ചെയ്​തപോലെ ഉത്തർപ്രദേശിലെ മുസ്​ലിംകളെ അദൃശ്യരാക്കൽ നടക്കില്ല. എന്നാലും, ജാതി സമവാക്യങ്ങൾ വാഴുന്ന സംസ്​ഥാനത്ത്​ കടുത്ത വർഗീയ ധ്രുവീകരണത്തെ അവർ അഭിമുഖീകരിച്ചേ തീരൂ. സി.എസ്​.ഡി.എസ്​ അപഗ്രഥിച്ച കണക്കുകൾ പരിശോധിച്ചാലറിയാം ഉയർന്ന ജാതിക്കാരായ ബ്രാഹ്​മണരും ഠാകുറുകളും ബി.ജെ.പിയെ തുണക്കുന്നവരാണ്​​.

സംസ്​ഥാനത്ത്​ സവർണ പ്രാതിനിധ്യം 20 ശതമാനത്തോളം വരുമെന്നതും അവഗണിക്കരുത്​. മനശ്ശാസ്​ത്രപരമായ അകറ്റിനിർത്തൽ ഇനിയും മാറാതെ തുടരും. പൊതു തെരഞ്ഞെടുപ്പ്​ സമാഗതമായ അടുത്ത രണ്ടുവർഷങ്ങളിൽ ഇത്​ ഉച്ചസ്​ഥായി ​പ്രാപിക്കുകയും ചെയ്യും. അയോധ്യയിലെ രാമക്ഷേത്രം ​പോലുള്ള ഹിന്ദുരാഷ്​ട്ര അടയാളങ്ങൾ ആഘോഷിക്കപ്പെടും. രാമക്ഷേത്രം 2024ന്​ മുമ്പ്​ നിർമാണം പൂർത്തിയാകും. മഥുരയിൽ കൃഷ്​ണ ജന്മഭൂമിക്കായി സമരം ഊർജിതമാകുകയും ചെയ്യും.

Show Full Article
TAGS:Assembly Election 2022 uttar pradesh islamophobia 
News Summary - UP verdict and Muslims
Next Story