Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളത്തിന്റെ...

കേരളത്തിന്റെ ധനഞെരുക്കം: നിര്‍മല സീതാരാമന്‍ തെറ്റിദ്ധാരണ പരത്തുന്നു

text_fields
bookmark_border
nirmala sitharaman
cancel

കേരളം നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രയാസങ്ങളെ ചുറ്റിപ്പറ്റി വ്യാപകമായ മാധ്യമചർച്ചകൾ നടക്കുകയാണ്. ഇതിനിടയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍വന്ന്‌ നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനത്തിന്‌ കേന്ദ്രം നല്‍കുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന ചില കാര്യങ്ങള്‍ പരാമര്‍ശിക്കുകയുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ ധനസ്രോതസ്സുകള്‍ പ്രധാനമായും മൂന്നാണ്‌- തനത് റവന്യൂ വരുമാനം, കേന്ദ്ര വിഹിതം, വായ്പ എന്നിവയാണ്. തനത് നികുതി വരുമാനം 2022 മാര്‍ച്ചില്‍ 58,300 കോടി രൂപയായിരുന്നു. എന്നാല്‍ 2023 മാര്‍ച്ചില്‍ ഇത്‌ 71,900 കോടി രൂപയായി വർധിച്ചു. അതേസമയം കേന്ദ്ര റവന്യൂ വിഹിതം 2022 മാര്‍ച്ചില്‍ 47,800 കോടി ആയിരുന്നത് 2023 മാര്‍ച്ചില്‍ 45,608 കോടിയായി കുറഞ്ഞു. കേന്ദ്രം കേരളത്തിന് എടുക്കാന്‍ അനുവാദംനല്‍കിയ വായ്പ 2020-21ൽ 28,566 കോടിയാണ്‌.

2021-22ൽ 27,000 കോടിയും. 2022-23ൽ 30,800 കോടിയും. ഈ വർഷം റവന്യൂ കമ്മി ഗ്രാൻഡിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 8400 കോടി രൂപയാണ് കുറയുന്നത്‌. ഒപ്പം ജി.എസ്‌.ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 12,000 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്‌. അതായത്‌ മൊത്തത്തില്‍ പരിശോധിച്ചാല്‍, കേന്ദ്ര വിഹിതത്തിലും വായ്പയുടെ അനുമതിയിലും വരുത്തിയ കുറവാണ്‌ സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തെ ബാധിക്കുന്നത്‌. അതേസമയം, സംസ്ഥാനം തനത് നികുതിവരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. കേരളം ഇന്ന് നേരിടുന്ന ധന ഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യൂ വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണ്.

മതിയായ റവന്യൂ കമ്മി ഗ്രാൻഡ് അനുവദിച്ചോ?

ഇനി കേന്ദ്ര ധനമന്ത്രി ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം. പതിനഞ്ചാം ധനകാര്യ കമീഷന്‍ റവന്യൂ കമ്മി ഗ്രാൻഡായി 37,814 കോടി രൂപയാണ്‌ കേരളത്തിന്‌ നിശ്ചയിച്ചത്. 2021-22ൽ 19,891 കോടി, 2022-23ൽ 13,174 കോടി, 2023-24ൽ 4749 കോടി. അടുത്ത രണ്ടു വർഷങ്ങളിൽ ഈ ഇനത്തിൽ കേരളത്തിന്‌ ഒരു രൂപപോലും നിശ്ചയിച്ചിട്ടുമില്ല. റവന്യൂ കമ്മി ഗ്രാൻഡ് കേരളത്തിന്‌ കേന്ദ്രം അനുവദിച്ച സൗജന്യമല്ല. കേന്ദ്ര സർക്കാറിന്റെ ധനനയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവുംമൂലം കേരളത്തിനുണ്ടായ വിഭവനഷ്ടങ്ങളുടെയും നികുതി പിരിവിന്റെ അധികാരത്തില്‍ വരുത്തിയ വെട്ടിക്കുറക്കലിന്റെയും ഭാഗമായി സംസ്ഥാനത്തിന്റെ വരുമാനക്കുറവിന്റെയും നഷ്ടപരിഹാരമെന്ന നിലയിലാണ് റവന്യൂ കമ്മി ഗ്രാൻഡ് അനുവദിച്ചത്‌. യഥാർഥത്തില്‍ കേരളത്തിന് കേന്ദ്ര നയങ്ങള്‍ മൂലം ഉണ്ടായ വരുമാനനഷ്ടത്തിന്റെ പകുതി പോലും റവന്യൂ കമ്മി ഗ്രാൻഡിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല.

ഈ വർഷം കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ്‌ കുറവ് വന്നിട്ടുള്ളത്. കേന്ദ്ര സർക്കാറിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ നികുതിവിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. പതിനഞ്ചാം ധനകാര്യ കമീഷൻ തീർപ്പനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. 14ാം ധനകാര്യ കമീഷന്റെ കാലത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്ന തുകയുടെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചുനല്‍കിയത്. ഇതുകൂടാതെ സെസ്സും സര്‍ചാർജും കേന്ദ്ര നികുതിവിഹിതത്തില്‍ കുത്തനെ ഉയര്‍ത്തിയതുമൂലം വലിയ കുറവ് വിഭജിക്കുന്ന വിഹിതത്തില്‍ വന്നിട്ടുണ്ട്.

ജി.എസ്.ടി വിഷയങ്ങള്‍

മൂല്യവർധിത നികുതി(വാറ്റ്)യിൽനിന്ന്‌ ജി.എസ്‌.ടിയിലേക്കുള്ള മാറ്റം സംസ്ഥാനത്തിന്‌ കടുത്ത വരുമാന നഷ്ടമാണുണ്ടാക്കിയത്‌. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയിൽ മാത്രമായി സംസ്ഥാന നികുതി അധികാരം ചുരുങ്ങി. ഇരുനൂറിൽപരം ആഡംബര ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 35 മുതൽ 45 ശതമാനംവരെ മൂല്യവർധിത നികുതി ഉണ്ടായിരുന്നു. ജി.എസ്‌.ടിയിൽ ഇവയെല്ലാം 28 ശതമാനത്തിലേക്ക്‌ താഴ്‌ത്തി, പിന്നീട്‌ 18 ശതമാനത്തിലേക്കും കേന്ദ്ര സർക്കാർ ചുരുക്കി. ഇതുമൂലം സാധനങ്ങൾ വാങ്ങുന്നവർക്ക്‌ വിലക്കുറവുണ്ടായതുമില്ല. എന്നാൽ, സംസ്ഥാന വരുമാനത്തെയാണ്‌ ബാധിച്ചത്‌. വാറ്റ്‌ നികുതി പൂർണമായും സംസ്ഥാനത്തിന്‌ അവകാശപ്പെട്ടതായിരുന്നു. ജി.എസ്‌.ടിയിലാകട്ടെ, പകുതി കേന്ദ്ര സർക്കാറിന്‌ പോകും. ജി.എസ്.ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും ഏതാണ്ട് പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണ്.

സാമൂഹികസുരക്ഷ പെൻഷനിലെ കേന്ദ്ര വിഹിതം

സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ചശേഷം കേരളത്തിന്‌ എല്ലാം നല്‍കി എന്നനിലയിൽ പ്രചാരണം നടത്തുകയാണ്‌ കേന്ദ്ര ധനമന്ത്രി. സംസ്ഥാനം മൂൻകൂറായി വിതരണംചെയ്‌ത സാമൂഹികസുരക്ഷ പെൻഷന്റെ തുച്ഛമായ വിഹിതംപോലും മൂന്നേമുക്കാൽ വർഷംവരെ കുടിശ്ശികയാക്കി. 2020 ജനുവരി മുതല്‍ 2023 ജൂണ്‍വരെ സംസ്ഥാനം മുൻകൂർ 579.95 കോടി രൂപ ഈ മാസമാണ്‌ കേന്ദ്രം അനുവദിച്ചത്‌. അതായത് സംസ്ഥാനം മുന്‍കൂറായി നല്‍കിയ തുകയാണ് ഇപ്പോള്‍ കേന്ദ്രം നല്‍കിയിട്ടുള്ളത്. കേരളം 62 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ കേന്ദ്രവിഹിതം ലഭിക്കുന്നത്‌ 5.66 ലക്ഷം പേർക്കുമാത്രമാണ്. കേരളം എല്ലാവര്‍ക്കും പ്രതിമാസം നൽകുന്നത്‌ 1600 രൂപയാണ്. എന്നാല്‍, വാർധക്യകാല പെൻഷന് കേന്ദ്രവിഹിതം 200 രൂപയും 80 വയസ്സിനുമുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ്. 80 ശതമാനത്തിൽ കുറവ് അംഗപരിമിതിയുള്ളവര്‍ക്ക് കേന്ദ്രം ഒരു സഹായവും നല്‍കുന്നില്ല. എന്നാല്‍ കേരളം 1600 രൂപ നല്‍കുന്നുണ്ട്. 80 ശതമാനത്തിനുമുകളിൽ അംഗപരിമിതിയുള്ളവര്‍ക്ക് 300 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. അംഗപരിമിതി 80 ശതമാനത്തിനു മുകളിലാണെങ്കിലും 18 വയസ്സിൽ താഴെയാണെങ്കിൽ കേന്ദ്ര സഹായമില്ല.

2023 ജൂലൈ മാസത്തിലെ സാമൂഹിക സുരക്ഷ പെന്‍ഷന്റെ കണക്കുകള്‍ മാത്രം ഒന്നു പരിശോധിക്കാം. കേരളം സാമൂഹിക സുരക്ഷ പെന്‍ഷന് മൊത്തം നല്‍കിയത് 769.5 കോടി രൂപയാണ്. ഇതില്‍ കേന്ദ്രവിഹിതം 17.15 കോടി രൂപ മാത്രം. കേരളം ഇപ്പോഴത് മുന്‍കൂറായി നല്‍കിയിരിക്കുകയാണ്. ഇത്‌ എപ്പോൾ മടക്കിക്കിട്ടുമെന്നതിൽ വ്യക്തതയുമില്ല. സാമൂഹിക സുരക്ഷ പെന്‍ഷന് കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്ന്‌ അവകാശപ്പെട്ട കേന്ദ്രമന്ത്രി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു.

സാമ്പത്തിക കാര്യങ്ങൾ പലതവണ ഉന്നയിച്ചത്‌

കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ കേന്ദ്ര ധനമന്ത്രിയെ കേരള ധനമന്ത്രി ഈ വര്‍ഷത്തിൽതന്നെ ജൂലൈ 12നും ഒക്ടോബര്‍ ഏഴിനും നേരിട്ടുകണ്ട്‌ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിവേദനരൂപത്തിൽ നൽകി. മുഖ്യമന്ത്രി കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട്‌ ധരിപ്പിച്ചിട്ടുമുണ്ട്. ധനകാര്യ സെക്രട്ടറി ഉൾപ്പെടെ വിവിധ വകുപ്പുമേധാവികള്‍ നിവേദനത്തിന്റെ രൂപത്തിലും കത്ത് മുഖേനയും പലതവണ കേന്ദ്ര സർക്കാറിന്റെ മേധാവികളെ വിഷയങ്ങൾ അറിയിച്ചിട്ടുണ്ട്‌. പാർലമെന്റിന്റെ ശ്രദ്ധയിലും ഈ വിഷയം ഉന്നയിക്കപ്പെട്ടതാണ്‌.

2021-22ലെ സംസ്ഥാനത്തിന്റെ വരവു ചെലവുകൾ സംബന്ധിച്ച് എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എ.ജിക്ക് കൃത്യമായ കണക്കുകൾ നൽകിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന്‌ നൽകുന്നതിൽ എ.ജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എ.ജി കണക്കുകൾ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നൽകി. പകർപ്പ് കേരളത്തിനും ലഭിച്ചു. അക്കൗണ്ടന്റ് ജനറലും ഓഫിസും കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.

കേന്ദ്ര സർക്കാർ അതിതീവ്ര ഉദാരവത്‌കൃത സാമ്പത്തിക നയങ്ങളാണ്‌ പിന്തുടരുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ദരിദ്രർക്കും സാധാരണക്കാർക്കും ഒരുവിധ സൗജന്യവും സംസ്ഥാന സർക്കാറുകൾ നൽകാൻ പാടില്ലെന്ന നിലപാട്‌. ഇതേ കേന്ദ്ര സർക്കാർ കുത്തകകൾക്ക്‌ എല്ലാവിധ സഹായവും വാരിക്കോരി നൽകുന്നു. അവരുടെ ദശലക്ഷക്കണക്കിന്‌ ബാങ്ക്‌ വായ്‌പകൾ എഴുതിത്തള്ളുന്നു. കേന്ദ്ര സർവിസിലും പൊതുമേഖലയിലും നിയമന നിരോധനം നടപ്പാക്കുന്നു. കരാർ നിയമനവും പുറംകരാർ ജോലികളും വ്യാപകമാക്കുന്നു. രാജ്യത്തിന്‌ അഭിമാനമായ പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റുതുലക്കുന്നു. കുത്തകകൾക്ക്‌ അമിതലാഭം ഉറപ്പാക്കാനുള്ള വ്യഗ്രതയിൽ ഭക്ഷ്യ വിപണിയിൽനിന്നുപോലും സർക്കാർ പിൻവാങ്ങുന്നു. വിപണി വില നിശ്ചയിച്ചോട്ടെ എന്നതാണ്‌ നിലപാട്‌. ഇതിനെല്ലാം ബദലായ സാമ്പത്തിക, ക്ഷേമ, വികസന നടപടികളാണ്‌ കേരളം സ്വീകരിക്കുന്നത്‌. ഇത്‌ കേന്ദ്ര സർക്കാറിനെയും, അത്‌ പ്രതിനിധാനം​ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികളെയും അഖിലേന്ത്യാതലത്തിൽതന്നെ വല്ലാത്ത പ്രതിരോധത്തിലാക്കുന്നുണ്ട്‌. കേരളം സൃഷ്ടിക്കുന്ന നേട്ടങ്ങളെ അവഗണിക്കാൻ നിതി ആയോഗിനുപോലും കഴിയുന്നില്ല. ഇതൊക്കെയാണ്‌ കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക കടന്നാക്രമണങ്ങളുടെ അടിസ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanKN Balagopalan
News Summary - Union FM Nirmala Sitharaman misleading -KN balagopal
Next Story