Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightബജറ്റ്: ലക്ഷ്യം...

ബജറ്റ്: ലക്ഷ്യം ദീർഘകാലം; പക്ഷേ ആസൂത്രണ ശൂന്യത

text_fields
bookmark_border
ബജറ്റ്: ലക്ഷ്യം ദീർഘകാലം; പക്ഷേ ആസൂത്രണ ശൂന്യത
cancel

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള ബൃഹത് രൂപരേഖയെന്ന് അവകാശപ്പെട്ടാണ് ധനമന്ത്രി നിർമല സീതാരാമൻ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തെ ഭരണനേട്ടങ്ങളെയും ഏഴ് ശതമാനമുള്ള വളർച്ച നിരക്കിനെയും അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട ഈ ബജറ്റ്, സാമ്പത്തിക അച്ചടക്കം (Fiscal Discipline), ആധുനികീകരണം (Modernization), സന്തുലിതമായ വികസനം എന്നിവയിൽ ഊന്നിയുള്ളതാണെന്ന് അവകാശപ്പെടുന്നു. എന്നാൽ, സാമ്പത്തിക ശാസ്ത്രത്തിന്റെ സൂക്ഷ്മദൃഷ്ടിയിലൂടെ ഈ രേഖയെ വിശകലനം ചെയ്യുമ്പോൾ, തിളക്കമുള്ള കണക്കുകൾക്കു പിന്നിൽ ചില ഘടനാപരമായ വിടവുകളും (Structural Gaps) നയപരമായ വൈരുധ്യങ്ങളും തെളിഞ്ഞുവരുന്നുണ്ട്. പ്രത്യേകിച്ച്, ബജറ്റിന് മുന്നോടിയായി പുറത്തുവന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിലെ (Economic Review) നിരീക്ഷണങ്ങളെ ഈ ബജറ്റ് എത്രത്തോളം ഉൾക്കൊള്ളുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ബജറ്റിനെതിരായ ഏറ്റവും പ്രധാനപ്പെട്ട വിമർശനം, അതു വിഭാവനം ചെയ്യുന്ന ദീർഘകാല പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. ‘ബയോഫാർമ ശക്തി’ (Biopharma SHAKTI), ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ തുടങ്ങിയ പ്രധാന പദ്ധതികളെല്ലാംതന്നെ അഞ്ചുവർഷ കാലയളവിലേക്കാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാലിവിടെ ‘ആസൂത്രണ കമീഷൻ’ (Planning Commission) എന്ന സംവിധാനത്തിന്റെ അഭാവം പ്രകടമായിരിക്കുന്നു. അഞ്ചുവർഷ പദ്ധതികൾക്ക് കീഴിൽ വിഭവങ്ങൾ എങ്ങനെ വിതരണം ചെയ്യണം എന്നതിൽ മുൻകാലങ്ങളിൽ കൃത്യമായ റോഡ്മാപ് രാജ്യത്തിനുണ്ടായിരുന്നു. ആസൂത്രണ കമീഷനെ പിരിച്ചുവിട്ട് ‘നിതി ആയോഗ്’ കൊണ്ടുവന്നപ്പോൾ, കൂടുതൽ വഴക്കമുള്ള വികസനമായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, അഞ്ചുവർഷം നീണ്ടുനിൽക്കുന്ന വൻകിട പദ്ധതികൾ ഓരോ വർഷവും ബജറ്റിലൂടെ മാത്രം പ്രഖ്യാപിക്കപ്പെടുമ്പോൾ, അവയുടെ ധനസമാഹരണവും സംസ്ഥാനങ്ങളുമായുള്ള ഏകോപനവും സംബന്ധിച്ച ഒരുതരം ‘ആസൂത്രണ ശൂന്യത’ (Planning Void) അനുഭവപ്പെടുന്നു. പല പദ്ധതികളും അഞ്ചുവർഷം കഴിഞ്ഞാൽ എവിടെയെത്തും എന്നതിനെക്കുറിച്ച് ഒരു സ്ഥായിയായ രേഖയുടെ അഭാവം നിക്ഷേപകർക്കിടയിലും ആശങ്കയുണ്ടാക്കുന്നു. ആസൂത്രണ കമീഷൻ പിരിച്ചുവിട്ടത് വഴി നഷ്ടമായ ആസൂത്രിത വികസന ശൈലിയോടുള്ള ഒരുതരം നിശ്ശബ്ദമായ ഖേദം ഈ ബജറ്റിലെ അഞ്ചുവർഷ കാലയളവുള്ള പദ്ധതികളിൽനിന്ന് വായിച്ചെടുക്കാം.

സാമ്പത്തിക ഏകീകരണവും ഉപഭോഗത്തിലെ ഇടിവും

ധനക്കമ്മി കുറക്കുന്നതിൽ സർക്കാർ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം സാമ്പത്തിക അച്ചടക്കത്തിന്റെ വിജയമായി കാണാം. 2025-26 വർഷത്തിൽ 4.4 ശതമാനമായിരുന്ന ധനക്കമ്മി 2026-27ൽ 4.3 ശതമാനമായി കുറക്കാൻ ലക്ഷ്യമിടുന്നത് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കും. എന്നാൽ, സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയ ഒരു പ്രധാന പോരായ്മ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിൽ സംഭവിച്ച മരവിപ്പാണ്. ക്രയശേഷി വർധിപ്പിക്കാൻ സാധാരണക്കാരന്റെ കൈകളിൽ പണമെത്തിക്കുന്നതിനു പകരം, മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയായി വർധിപ്പിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാണെങ്കിലും, നിലവിലെ 'കെ-ഷേപ്ഡ്' വളർച്ച രീതിയെ ഇത് എത്രത്തോളം മാറ്റും എന്നത് സംശയകരമാണ്. സമ്പന്നർ ആധുനിക സാങ്കേതികവിദ്യയുടെയും സ്റ്റോക്ക് മാർക്കറ്റിന്റെയും കരുത്തിൽ വളരുമ്പോൾ, ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരൻ വിലക്കയറ്റത്തിലും കുറയുന്ന വേതനത്തിലും നട്ടംതിരിയും. ഈ വിടവ് നികത്താൻ ബജറ്റിൽ കാര്യമായ ക്രിയാത്മക നിർദേശങ്ങളില്ല.

തൊഴിലില്ലായ്മയും ‘കമ്മിറ്റി’ സംസ്കാരവും

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സാമ്പത്തിക അവലോകനം ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ, ഈ ഗൗരവതരമായ പ്രശ്നത്തെ നേരിടാൻ ബജറ്റ് മുന്നോട്ടുവെക്കുന്നത് ‘എജുക്കേഷൻ ടു എംപ്ലോയ്‌മെന്റ് ആൻഡ് എന്റർപ്രൈസ്’ എന്ന പേരിൽ ഒരു ഹൈ-പവർ സ്റ്റാൻഡിങ് കമ്മിറ്റിയാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ കമ്മിറ്റികളല്ല, മറിച്ച് അടിസ്ഥാന തൊഴിൽ മേഖലകളായ കൃഷി, ചെറുകിട വ്യവസായം (MSME) എന്നിവയിലുള്ള നേരിട്ടുള്ള നിക്ഷേപമാണ് ആവശ്യം. വൻകിട നിർമാണ മേഖലയിലേക്ക് ഒഴുക്കുന്ന പണം യന്ത്രവത്കരിക്കപ്പെട്ട സംവിധാനങ്ങളിലേക്കാണ് പോകുന്നത്. എന്നാൽ, തൊഴിൽ തീവ്രമായ (Labour Intensive) മേഖലകളെ സർക്കാർ അവഗണിക്കുന്നു എന്നത് ഈ ബജറ്റിലെ വലിയൊരു കുറവാണ്.

എ.ഐ കൃഷി ?

കാർഷിക മേഖലയിൽ വരുമാനം വർധിപ്പിക്കാൻ ‘ഭാരത്-വിസ്താര’ (Bharat-VISTAAR) എന്ന പേരിൽ ഒരു എ.ഐ ടൂൾ സർക്കാർ അവതരിപ്പിക്കുന്നു. സാങ്കേതികവിദ്യയെ കൃഷിയുമായി ബന്ധിപ്പിക്കുന്നത് പുരോഗമനപരമായ നീക്കമാണെങ്കിലും, ഡിജിറ്റൽ സാക്ഷരതയും ഇന്റർനെറ്റ് സൗകര്യവും കുറഞ്ഞ ഉൾനാടൻ കർഷകർക്ക് ഇത് എത്രത്തോളം ഉപകരിക്കുമെന്നത് പഠിക്കേണ്ടതുണ്ട്. കർഷകന് ആവശ്യമുള്ളത് വിപണിയിലെ കൃത്യമായ വിലയും, താങ്ങുവിലയുടെ (എം.എസ്.പി) നിയമപരമായ ഉറപ്പും, കൃഷിനാശത്തിന് കൃത്യമായ ഇൻഷുറൻസുമാണ്. ഹൈ-വാല്യൂ കൃഷികളായ കൊക്കോ, ചന്ദനം എന്നിവയിലേക്ക് കർഷകരെ തിരിച്ചുവിടാനുള്ള നിർദേശം പ്രായോഗികമായി വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത്തരം കൃഷികളിൽനിന്നുള്ള ആദായം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ, നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന ചെറുകിട കർഷകൻ എങ്ങനെ ഇതിനെ അതിജീവിക്കും എന്നതിന് ബജറ്റിൽ ഉത്തരമില്ല.

ചെറുകിട വ്യവസായങ്ങളുടെ (MSME) പാർശ്വവത്കരണം

സെമികണ്ടക്ടർ മിഷൻ, ബയോഫാർമ ശക്തി തുടങ്ങിയ അത്യാധുനിക മേഖലകളിലേക്ക് പതിനായിരക്കണക്കിന് കോടികളാണ് ബജറ്റ് മാറ്റിവെക്കുന്നുത്. എന്നാൽ, ഇന്ത്യയുടെ നട്ടെല്ലായ ചെറുകിട വ്യവസായ മേഖലക്ക് കേവലം 10,000 കോടി രൂപയുടെ ഗ്രോത്ത് ഫണ്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. കോർപറേറ്റ് മേഖലക്ക് നൽകുന്ന വലിയ തോതിലുള്ള നികുതി ഇളവുകളും പ്രോത്സാഹനങ്ങളും താഴെത്തട്ടിലുള്ള ചെറുകിട യൂനിറ്റുകൾക്ക് ലഭിക്കുന്നില്ല. വലിയ ഫാക്ടറികൾ വരുന്നത് ഗുണകരമാണെങ്കിലും, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നൽകുന്ന ചെറിയ കടകളും വർക്ക്ഷോപ്പുകളും ഉയർന്ന നികുതി ഭാരത്താലും വായ്പാ പ്രതിസന്ധികളാലും തകർച്ചയുടെ അരികിലാണ്. ഈ മേഖലയെ ശാക്തീകരിക്കാതെ ഇന്ത്യയെ ഒരു ആഗോള നിർമാണ ഹബ്ബ് ആക്കാം എന്നത് അതിമോഹം മാത്രമാണ്.

നികുതി നയങ്ങളും മധ്യവർഗവും

പുതിയ ആദായനികുതി നിയമം (Income Tax Act, 2025) കൊണ്ടുവരുന്നത് നികുതി നടപടികൾ ലളിതമാക്കാൻ സഹായിക്കുമെങ്കിലും, നികുതി പരിധിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താത്തത് ശമ്പളക്കാരായ മധ്യവർഗത്തിന് നിരാശയാണ് നൽകുന്നത്. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) വർധിപ്പിച്ചത് ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരെ ബാധിക്കാൻ സാധ്യതയുണ്ട്. നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾതന്നെ, നികുതിദായകന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും സർക്കാർ ശ്രദ്ധിക്കണം.

ചുരുക്കത്തിൽ, 2026-27 ലെ ബജറ്റ് സാമ്പത്തിക അച്ചടക്കവും ആധുനികതയും സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന ഒരു രേഖയാണ്. ദീർഘകാല പദ്ധതികൾ വഴി ഇന്ത്യയെ ഒരു സാങ്കേതിക ശക്തിയാക്കി മാറ്റാനുള്ള ആഗ്രഹം അതിൽ നിഴലിക്കുന്നു. എങ്കിലും, ആസൂത്രണ കമീഷൻ മാതൃകയിലുള്ള കൃത്യമായ ദീർഘകാല രൂപരേഖയുടെ അഭാവം പദ്ധതികളുടെ സുസ്ഥിരതയെ ബാധിച്ചേക്കാം.

സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കഠിനമായ യാഥാർഥ്യങ്ങളെ—പ്രത്യേകിച്ച് തൊഴിലില്ലായ്മയും ഗ്രാമീണ ദാരിദ്ര്യവും—നേരിടാൻ കേവലം കമ്മിറ്റികളും മൊബൈൽ ആപുകളും പോരാ. ജി.ഡി.പി വളർച്ചയുടെ കണക്കുകൾക്കപ്പുറം, ഓരോ സാധാരണക്കാരന്റെയും അടുക്കളയിലെ തീ പുകയുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നിടത്താണ് ഒരു ബജറ്റിന്റെ യഥാർഥ വിജയം. 2026-27 ബജറ്റ് ഈ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന്റെ പ്രായോഗിക നടപ്പാക്കലിലെ പാളിച്ചകൾ ഒരു വലിയ വിഭാഗം ജനങ്ങളെ വളർച്ചയുടെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താൻ സാധ്യതയുണ്ട്. അതിനാൽ, ഈ ‘റിഫോം എക്സ്പ്രസ്’ ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ അത് സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങളെ കൂടി പരിഗണിക്കേണ്ടത് അനിവാര്യമാണ്.

(കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് പ്രഫസറും ഡയറക്ടറുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetUnion Budget 2026
News Summary - union budget 2026: goal and planning
Next Story