Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതാരപ്പൊലിമയിൽ ...

താരപ്പൊലിമയിൽ അഭിമാനം കാക്കുമോ?

text_fields
bookmark_border
mla
cancel
camera_alt

എം. മുകേഷ്, എൻ.കെ. പ്രേമചന്ദ്രൻ

കടൽക്കാറ്റിന്‍റെ ഊഷരതയിൽ നിറയുന്ന രാഷ്​​ട്രീയ ഉപ്പുരസം സാമുദായികതയുമായി ഇഴചേർന്നു കിടക്കുന്ന കൊല്ലം ലോക്സഭ മണ്ഡലം ഇക്കുറി രാഷ്ട്രീയത്തിനപ്പുറം താരപ്പൊലിമയുടെ മത്സരമെന്നുകൂടി വിശേഷിപ്പിക്കേണ്ടിവരും. ഹാട്രിക്​ വിജയം തേടുന്ന യു.ഡി.എഫിന്‍റെ എൻ.കെ. പ്രേമചന്ദ്രനെ തളക്കാൻ ചലച്ചിത്രതാരവും എം.എൽ.എയുമായ എം. മുകേഷിനെ എൽ.ഡി.എഫ്​ രംഗത്തിറക്കിയതോടെ കൊല്ലം ഇതുവരെകണ്ട തീപാറുന്ന രാഷ്​ട്രീയ പോരാട്ടത്തിനപ്പുറം വ്യക്തികൾ തമ്മിലുള്ള സൗഹൃദ മത്സരം​ എന്നതിലേക്ക്​ എത്തി. വരാനിരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയുടെ ബലം അളന്നുകഴിയുമ്പോഴറിയാം മത്സരത്തിന്‍റെ ചൂടും ചൂരും.

കൊല്ലം മണ്ഡലം ഏതെങ്കിലും മുന്നണിയുടെ കുത്തകയല്ല. പക്ഷേ, ഇന്നേവരെ വിജയിച്ചവരെല്ലാം ഒരു സമുദായത്തിൽ നിന്നാണെന്നത്​ സവിശേഷതയായിപറയാം. നായർ, ഈഴവ വിഭാഗങ്ങൾ ഏകദേശം തുല്യശക്തികളാണെ​ങ്കിലും ഇതുവരെ ഇവിടെ വിജയിച്ചവരൊക്കെ നായർ സമുദായക്കാരാണ്​. പല പ്രമുഖരെയും വളർത്തിയതിനൊപ്പം വീഴ്​ത്തുകയും ചെയ്ത മണ്ഡലമാണ്​ കൊല്ലം. മണ്ഡലത്തി​ലെ ഏഴു​ നിയമസഭ മണ്ഡലങ്ങളിൽ ഒന്നുമാത്രമാണ്​ ഇപ്പോൾ യു.ഡി.എഫിനൊപ്പമുള്ളത്​.

എന്നാൽ, കഴിഞ്ഞതവണ മുഴുവൻ നിയമ സഭ മണ്ഡലങ്ങളും കൈപിടിയിലിരിക്കുമ്പോഴാണ്​ സി.പി.എമ്മിന്‍റെ കെ.എൻ. ബാലഗോപാൽ പ്രേമചന്ദ്രനോട്​ അടിയറവ്​ പറഞ്ഞത്​. 2014ൽ എം.എ. ബേബിയാണ്​ പ്രേമ​ചന്ദ്രനോട്​ തോറ്റത്​. അതുകൊണ്ടാവണം രാഷ്​ട്രീയമായി പ്രേമചന്ദ്രനെ നേരിടാൻ സാധ്യമല്ലെന്ന തിരിച്ചറിവിൽ സെലിബ്രിറ്റിയെതന്നെ പരീക്ഷിക്കാൻ സി.പി.എം തീരുമാനിച്ചത്​.

മുന്നണി മാറ്റത്തോടെ നിയമസഭയിൽ സാന്നിധ്യം നഷ്ടമായ ആർ.എസ്​.പിയെ സംബന്ധിച്ച്​ ആകെയുള്ള ലോക്സഭ സീറ്റ്​ നിലനിർത്തേണ്ട ബാധ്യതകൂടി പ്രേമചന്ദ്രനുണ്ട്​. നിയമസഭ സീറ്റുകളിൽ ഭൂരിപക്ഷം നേടുമ്പോഴും ലോക്സഭയിൽ അതിന്‍റെ പ്രയോജനം ലഭ്യമാകാത്തതിന്‍റെ മാനക്കേട്​ മാറ്റേണ്ട ഉത്തരവാദിത്വമാണ്​ ഇടതിന്​. ബി​.ജെ.പിയെ സംബന്ധിച്ച്​ മറ്റു​ മണ്ഡലങ്ങളിലേത്​ പോലെ വോട്ടിങ്​ ശതമാനം വർധിക്കാത്തതിന്‍റെ നാണക്കേട്​ തിരുത്തപ്പെടേണ്ടതുണ്ട്​. കഴിഞ്ഞ രണ്ടു​ നിയമസഭ തെര​ഞ്ഞെടുപ്പുകളിലും കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ചാത്തന്നൂർ നിയമസഭ മണ്ഡലത്തിൽ അവർ രണ്ടാം സ്ഥാനം നിലനിർത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

2014 ലെ ലോക്​ സഭ തെരഞ്ഞെടുപ്പിലാണ്​ കൊല്ലം ഏറെ ശ്രദ്ധേയമായത്​. തങ്ങളിൽനിന്ന്​ പിടിച്ചെടുത്ത ലോക്സഭ മണ്ഡലം സി.പി.എമ്മിനോട്​ തിരികെ ആവശ്യപ്പെട്ട ആർ.എസ്​.പിക്ക്​ അതു​ ലഭ്യമാകാതെ വന്നതോടെ മുന്നണി വിടുകയും അവർ യു.ഡി.എഫിൽ എത്തുകയുമായിരുന്നു. സിറ്റിങ്​ എം.പി കോ​ൺഗ്രസിന്‍റെ പീതാംബരക്കുറുപ്പിന്​ ആർ.എസ്​.പിക്കായി മണ്ഡലം വിട്ടുകൊടുക്കേണ്ടിയും വന്നു. അങ്ങനെ അപ്രതീക്ഷിതമായി പ്രേമ​ചന്ദ്രൻ യു.ഡി.എഫ്​ സ്ഥാനാർഥിയായി.

എതിരാളിയായി സി.പി.എം ​പി.ബി അംഗം എം.എ. ബേബിയും. മുന്നണിമാറ്റവും ‘പരനാറി’ പ്രയോഗവും കേരളമാകെ വിവാദംതീർത്ത പൊരിഞ്ഞ മത്സരത്തിനൊടുവിൽ 37,649 വോട്ടിന്​ പ്രേമചന്ദ്രൻ വിജയിച്ചു. 2019ൽ സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന കെ.എൻ. ബാലഗോപാലിനെ ഇറക്കിയെങ്കിലും പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം 1,48, 869 വോട്ടായി. എൻ.ഡി.എയുടെ വോട്ട്​ 2014ലെ 58,671ൽനിന്ന്​ 2019ൽ 1,03,339 ആയി ഉയർന്നു.

നായർ, ഈഴവ സമുദായങ്ങൾ കഴിഞ്ഞാൽ മുസ്​ലിം വിഭാഗമാണ്​ മണ്ഡലത്തിലെ പ്രധാന ശക്തി. തീരദേശ മേഖലയിലെ ലത്തീൻ കത്തോലിക്കരടക്കം ക്രൈസ്തവരും ദലിത്​, വിശ്വകർമ വിഭാഗക്കാർക്കും തള്ളിക്കളയാൻ കഴിയാത്തത്ര സ്വാധീനമുണ്ട്​. കിഴക്ക്​ തമിഴ്​നാട്​ അതിർത്തിയായ ആര്യങ്കാവ്​ കോട്ടവാസൽ മുതൽ വടക്ക്​ ചവറ കന്നേറ്റി പാലം വരെയാണ്​ കൊല്ലം മണ്ഡലം. ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ്​ കൊല്ലം സീറ്റ്​. കുണ്ടറ ഒഴികെ മുഴുവൻ സീറ്റും ഇടതിന്‍റെ കൈവശമാണ്​. ​

കൊല്ലംകാരുടെ മനസ്സിൽ രാഷ്ട്രീയത്തിന്​ അതീതമായ ഇടമാണ്​ ​പ്രേമചന്ദ്രനുള്ളത്​. രാജ്യത്തെ മികച്ച എം.പിമാരിൽ ഓരാ​ളെന്നപേരും അദ്ദേഹത്തിനുണ്ട്​. പ്രധാനമന്ത്രിക്കൊപ്പം പ്രത്യേക ക്ഷണിതാവായി ഭക്ഷണം കഴിച്ചതും പുകഴ്​ത്തിയതുമൊക്കെ സംഘ്​ പരിവാർ ബന്ധമായി എതിരാളികൾ ആരോപിക്കുമ്പോഴും അദ്ദേഹത്തിന്‍റെ മതേതര നിലപാടുകളെ ആരും സംശയിക്കുന്നില്ല.

മുകേഷിനെ സംബന്ധിച്ച്​ മലയാളികൾക്ക്​ പ്രത്യേകിച്ച്​ കൊല്ലംകാർക്ക്​ പരിചയപ്പെടുത്തേണ്ടതില്ലാത്ത കഥാപാത്രമാണ്​. പുരുഷ വോട്ടർമാരെക്കാൾ ലക്ഷത്തിലധികമുള്ള സ്ത്രീ വോട്ടർമാരിലും മുകേഷി​ലൂടെ സി.പി.എം കണ്ണുവെക്കുന്നു. രണ്ടു തവണ കൊല്ലത്തിന്‍റെ എം.എൽ.എആയി നിരവധി വികസനങ്ങൾ കൊണ്ടുവന്ന മുകേഷ്​ , നാടകാചാര്യൻ ഒ. മാധവന്‍റെ മകനാണെന്നതും മലയാളസിനിമയുടെ അവിഭാജ്യ ഘടകമാണെന്ന പ്രസിദ്ധിയും പ്ലസ്​ പോയന്‍റാണ്​. ബി.ജെ.പി സ്ഥാനാർഥിയായി പല പേരും പറഞ്ഞു കേട്ടിരുന്നെങ്കിലും ആദ്യ പട്ടികയിൽ കൊല്ലത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor MukeshLegislative AssemblyN.K. PremachandranUDFKerala newsKollam constituencies
News Summary - UDF is now with the seven assembly constituencies
Next Story