പിന്നെയും പൂജ്യത്തിൽ
text_fields;രണ്ടുവർഷം മുഴുവൻ കൈയൂക്കിന്റെ ന്യായത്തിൽ ഗസ്സ ‘പ്രശ്നം തീർക്കാൻ’ പരിശ്രമിച്ച് പരാജയപ്പെട്ട ഇസ്രായേൽ ഒടുവിൽ വീണ്ടും തങ്ങൾക്ക് ഇഷ്ടമില്ലാത്ത കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഹമാസുമായുള്ള ചർച്ചകളിലേക്കുള്ള തിരിച്ചുപോക്ക് ഈ 24 മാസവും ആവർത്തിച്ചുകൊണ്ടിരുന്ന വാദങ്ങളുടെ വിഴുങ്ങൽ കൂടിയാണ്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ സുരക്ഷിതരായി മടക്കിക്കൊണ്ടുവരിക, ഹമാസിനെ തുടച്ചുനീക്കുക തുടങ്ങിയവയായിരുന്നു യുദ്ധകാരണങ്ങളായി ഇസ്രായേൽ ഈ കാലമത്രയും പറഞ്ഞിരുന്നത്. അതിനാണ് മുക്കാൽ ലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കിയതും ഗസ്സയാകെ നിരപ്പാക്കിയതും. എന്നിട്ടും അരിശം തീരാതെ, മുമ്പ് പലതവണ കീഴടക്കുകയും പിന്മാറുകയും ചെയ്ത ഗസ്സ സിറ്റി പൂർണമായും വീണ്ടും പിടിക്കാൻ കഴിഞ്ഞ ആഴ്ചകളിൽ കോപ്പുകൂട്ടുകയും ചെയ്തു.
അതേസമയം, ഹമാസിന്റെ മുൻനിര നേതാക്കളെ മുഴുവൻ വധിച്ച്, അവരുടെ സൈനികശേഷി നശിപ്പിച്ചുവെന്ന് അവകാശപ്പെട്ടിട്ടും ഗസ്സയിൽ ഇസ്രായേലി പട്ടാളക്കാർ കൊല്ലപ്പെടുന്നുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നെതന്യാഹുവും യുദ്ധവിരാമ കരാറിനെക്കുറിച്ച് ലോകത്തെ അറിയിച്ച സെപ്റ്റംബർ 29ന് പോലും ഗസ്സ സിറ്റിയിലെ തെൽ അൽഹവായിൽ ഐ.ഡി.എഫ് സൈനികർക്ക് നേരെ വലിയ ആക്രമണമുണ്ടായി.
നിരവധി സൈനികർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടുവെങ്കിലും ഐ.ഡി.എഫ് സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗികമായി ഒടുവിൽ സ്ഥിരീകരിച്ച മരണം, അതിനും അഞ്ചുദിവസം മുമ്പ് ഗസ്സയിൽ ഹമാസിന്റെ വെടിയേറ്റ് മരിച്ച ഷിമോൺ ദെമാലഷ് എന്ന സൈനികന്റേതാണ്. ഗസ്സ സിറ്റി പൂർണമായും പിടിക്കാനുള്ള ഭരണനേതൃത്വത്തിന്റെ നീക്കത്തോട് സൈന്യം തുടക്കത്തിൽ അനുകൂലമായി പ്രതികരിക്കാത്തതിന് കാരണവും മറ്റൊന്നല്ല; രണ്ടുവർഷമായി തുടരുന്ന യുദ്ധം സൈന്യത്തിനുണ്ടാക്കിയ ക്ഷതങ്ങളും ഇപ്പോഴും കീഴടക്കാൻ പൂർണമായും കഴിയാത്ത ഹമാസിന്റെ പോരാട്ടശേഷിയും.
ചർച്ചക്കായിരുന്നെങ്കിൽ എന്തിനീ കൂട്ടക്കൊല
ഒടുവിലിപ്പോൾ ചർച്ച മേശക്ക് മുന്നിലെത്തുമ്പോൾ ഇസ്രായേലിന് മുന്നിൽ ഉയരുന്ന ചോദ്യങ്ങൾ പലതാണ്. ബന്ദികളെ മോചിപ്പിക്കാനാണെങ്കിൽ തുടക്കം മുതൽ അതിനുള്ള ചർച്ചകൾക്ക് ഹമാസ് തയാറായിരുന്നു. പല ഘട്ട വെടിനിർത്തലുകളിലൂടെയാണ് നല്ലൊരു ശതമാനം ബന്ദികളെയും മോചിപ്പിച്ചതും. രണ്ടുവർഷം കിണഞ്ഞ് ശ്രമിച്ചിട്ടും സൈനിക നടപടി വഴി മോചിപ്പിക്കാൻ കഴിഞ്ഞത് രണ്ടോ മൂന്നോ ബന്ദികളെ മാത്രമാണ്.
തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഹമാസുമായി പിന്നെയും പരോക്ഷമായെങ്കിലും ചർച്ചക്കിരിക്കേണ്ടിവരുന്നുവെന്നതും ഇസ്രായേലിന് അത്ര ദഹിക്കുന്നതല്ല. അതും ഒരുമാസം മുമ്പ് കൊല്ലാൻ ശ്രമിച്ച ഖലീലുൽ ഹയ്യ ഉൾപ്പെടെ ഹമാസ് നേതാക്കളുമായി. ദോഹ ആക്രമണത്തിന് നേതൃത്വം നൽകിയ ഷിൻബെത്തിന്റെ മേധാവിയും ചർച്ചകളിലുണ്ട്. ചുരുക്കത്തിൽ രണ്ടുവർഷത്തെ യുദ്ധം ഇസ്രായേലിന് എന്തുവിജയമാണ് നൽകുന്നതെന്ന സന്ദേഹം ബാക്കിയാകുന്നു.
ട്രംപിന്റെ വരുതിയിൽ
ട്രംപിന്റെ അപ്രവചനീയ സ്വഭാവും ലോക മനഃസാക്ഷി എതിരായതും ഈ ഭാഗിക കീഴടങ്ങലിന് നെതന്യാഹുവിനെ നിർബന്ധിതനാക്കിയെന്ന് വേണം മനസ്സിലാക്കാൻ. യു.എസിലെ പ്രമുഖ ന്യൂസ് പോർട്ടലായ ‘ആക്സിയോസി’ന് കഴിഞ്ഞ ദിവസം നൽകിയ ഹ്രസ്വ അഭിമുഖത്തിൽ, നെതന്യാഹുവിനെ എങ്ങനെയാണ് വരുതിയിലാക്കിയതെന്ന് ട്രംപ് പറയുന്നുണ്ട്.: ‘‘ഞാൻ അയാളോട് പറഞ്ഞു: ബിബി, (നെതന്യാഹുവിന്റെ വിളിപ്പേര്) ഇത് വിജയത്തിനുള്ള നിങ്ങളുടെ അവസരമാണ്. അയാൾ തൃപ്തനായിരുന്നു. അയാൾക്ക് വേറെ സാധ്യതകളില്ലായിരുന്നു.’’ ഗസ്സ യുദ്ധം ഇസ്രായേലിനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തിയെന്നും അത് പരിഹരിക്കണമെങ്കിൽ ഈ യുദ്ധം അവസാനിക്കണമെന്നും ട്രംപ് സൂചിപ്പിച്ചു. ‘‘ബിബി ഇതിനെ വല്ലാതെ ദൂരത്തേക്ക് കൊണ്ടുപോയി. ഇസ്രായേലിനുള്ള പിന്തുണ മുഴുവൻ നഷ്ടപ്പെട്ടു. അതെല്ലാം ഞാൻ തിരികെ പിടിക്കാൻ പോകുകയാണ്.’’ - ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലെ പ്രസ്താവനപോലെ ഈ യുദ്ധവും തീർത്തത് താനെണെന്ന വീമ്പുപറച്ചിലിനുള്ള അവസരം ട്രംപ് വിട്ടുകളയുന്നില്ലെന്നതാണ് ശ്രദ്ധേയം. ‘നെതന്യാഹുവിനെ ട്രംപ് വിരട്ടുകയായിരുന്നില്ല, ഉത്തരവിടുകയായിരുന്നു’ എന്നാണ് ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ ചിന്തകൻ നഹും ബാർനിയ പ്രതികരിച്ചത്.
കരാർ ഭാഗികമായി അംഗീകരിക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കിയതിന് പിന്നാലെ ട്രംപ് അതിനെ സ്വാഗതം ചെയ്തതും നെതന്യാഹുവിനെ ചൊടിപ്പിച്ചിരുന്നു. പരാതിപ്പെടാൻ വിളിച്ച നെതന്യാഹുവിനോട് ‘നിങ്ങൾ എന്തിനാണ് എപ്പോഴുമിങ്ങനെ നെഗറ്റീവ് ആകുന്നതെ’ന്ന് ട്രംപ് ചോദിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യഥാർഥത്തിൽ ഹമാസ് കരാർ നിരസിക്കുമെന്നാണ് ട്രംപ് കരുതിയിരുന്നതത്രെ.
എവിടെ സമ്പൂർണ വിജയം?
സമ്പൂർണ വിജയത്തിൽ കുറഞ്ഞതിലൊന്നും തൃപ്തരാകില്ലെന്ന, നെതന്യാഹുവിന്റെയും തീവ്ര വലതുപക്ഷം നയിക്കുന്ന സർക്കാറിന്റെയും നിലപാടും ഇസ്രായേലിനുള്ളിൽതന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ’90 കളിൽ നെതന്യാഹുവിന്റെ ടീമിനൊപ്പം പ്രവർത്തിക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാകുകയും ചെയ്ത മിച്ചൽ ബറാക് ഇക്കാര്യം കൃത്യമായി പറയുന്നു: ‘‘ഹമാസ് സ്ഥലം വിടുന്നുവെന്നതിന്റെ സൂചനയില്ല. അദ്ദേഹം (നെതന്യാഹു) വാഗ്ദാനം ചെയ്ത സമ്പൂർണ വിജയമാണിതെന്ന് തോന്നുന്നുമില്ല’’.
ഈ ചർച്ചകളുടെ തുടക്കത്തിൽതന്നെ ഇസ്രായേലികൾക്ക് മുന്നിൽ ട്രംപ് നെതന്യാഹുവിനെ നാണംകെടുത്തിയെന്നാണ് ന്യൂയോർക് ടൈംസ് വിലയിരുത്തുന്നത്. വൈറ്റ് ഹൗസിൽവെച്ച് പിടിച്ചിരുത്തിയതുപോലെ നെതന്യാഹുവിനെകൊണ്ട് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയെ ഫോണിൽ വിളിപ്പിച്ച് മാപ്പു പറയിച്ചതാണ് രംഗം. മാപ്പുപറയിച്ചുവെന്ന് മാത്രമല്ല, കടലാസിൽ നോക്കി അൽതാനിയോട് ഖേദപ്രകടനം നടത്തുന്നതിന്റെ ചിത്രം വൈറ്റ് ഹൗസ് തന്നെ പുറത്തുവിടുകയും ചെയ്തു. മുന്നൊരുക്കമില്ലാതെ, തിടുക്കത്തിൽ ചെയ്തതുപോലെ തോന്നിക്കുന്നതാണ് ഫോൺ ട്രംപിന്റെ മടിയിലും റിസീവർ നെതന്യാഹുവിന്റെ കൈയിലുമിരിക്കുന്ന ഈ ചിത്രം.
നെതന്യാഹുവിന് ഇനിയെന്ത്?
ഫലസ്തീൻ രാഷ്ട്രത്തെ അസാധ്യമാക്കുകയാണ് തന്റെ അവതാരോദ്ദേശ്യമെന്ന് നിരന്തരം ആവർത്തിക്കുന്ന നെതന്യാഹുവിനെ വേദനിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ കരാറിലെ 19ാം വ്യവസ്ഥയും. ‘ഫലസ്തീൻ രാഷ്ട്രത്തിനുള്ള വിശ്വസനീയ മാർഗരേഖ’യെ സൂചിപ്പിക്കുന്ന, അവ്യക്തമായ വാക്കുകളിലാണെങ്കിലുമുള്ള വ്യവസ്ഥ നെതന്യാഹുവിന് ഒപ്പുവെക്കേണ്ടിവന്നതും വിരോധാഭാസമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതം കൂപ്പുകുത്തുകയാണെന്നാണ് പഴയ സഹപ്രവർത്തകൻ മിച്ചൽ ബറാക് നിരീക്ഷിക്കുന്നത്.
ഒരിക്കൽ എതിർത്ത സകലതിനെയും അദ്ദേഹം ഇപ്പോൾ അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം അവസാനിക്കുന്നതിന്റെ അടുത്ത ദിവസം തന്റെ രാഷ്ടീയ ജീവിതം എന്താകും, ഇസ്രായേലിന്റെ ചരിത്രം തന്നെ എങ്ങനെ വിലയിരുത്തും എന്നതൊക്കെ നെതന്യാഹുവിനെ ഉറപ്പായും അലട്ടുന്നുണ്ടാകും. സകല സാഹചര്യങ്ങളെയും പ്രവൃത്തികളെയും ചരിത്രത്തിന്റെ കണ്ണിലൂടെ കാണാൻ സ്വയം പരിശീലിച്ച നെതന്യാഹു ഈ ഊരാകുടുക്കിൽനിന്നുള്ള വിടുതലിന് അവസരം തെരയുമെന്നത് ഉറപ്പാണ്. പശ്ചിമേഷ്യയുടെ ഭാഗധേയം നിർണയിക്കുന്നതും ആ നീക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

