നിങ്ങളെന്നെ കൊന്നാലും ഞാൻ അതിജീവിക്കും
text_fieldsകൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ഡോണൾഡ് ട്രംപ്
കൊളംബിയക്കാരെ കുടിയിറക്കാനും ഉൽപന്നങ്ങൾക്ക് തീരുവ ചുമത്താനുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നൽകിയ മറുപടി
ട്രംപ്, നേരുപറഞ്ഞാൽ യു.എസിലേക്കുള്ള യാത്ര എനിക്കിഷ്ടമല്ല; അതൽപം വിരസമാണ്. എന്നാൽ, പ്രശംസനീയമായ ചില സംഗതികളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. വാഷിങ്ടണിലെ കറുത്തവർഗക്കാരുടെ ഇടങ്ങൾ സന്ദർശിക്കാൻ എനിക്കിഷ്ടമാണ്. യു.എസ് തലസ്ഥാനത്ത് കറുത്തവരും ലാറ്റിനോ സമൂഹങ്ങളും തമ്മിൽ വേലിക്കെട്ടുകൾ തീർത്തുകൊണ്ട് ഏറ്റുമുട്ടുന്നത് ഞാൻ കണ്ടു. അവർ ഒന്നിക്കേണ്ടവരാകയാൽ എനിക്കത് അസംബന്ധമായി തോന്നി. വാൾട്ട് വിറ്റ്മാൻ, പോൾ സൈമൺ, നോം ചോംസ്കി, ആർതർ മില്ലർ എന്നിവരെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്റെ രക്തം പങ്കിടുന്ന സാക്കോയും വാൻസെറ്റിയും യു.എസ് ചരിത്രത്തിലെ അവിസ്മരണീയ വ്യക്തികളാണ്. യു.എസിലും എന്റെ സ്വന്തം രാജ്യത്തും നിലനിൽക്കുന്ന ഫാഷിസ്റ്റുകൾ വൈദ്യുതി കസേരയിലിരുത്തി കൊല്ലപ്പെടുത്തിയ ആ തൊഴിലാളി നേതാക്കളുടെ പാരമ്പര്യമാണ് ഞാൻ പിന്തുടരുന്നത്.
ട്രംപ്, എനിക്ക് നിങ്ങളുടെ എണ്ണ ഇഷ്ടമല്ല; ദുരാഗ്രഹം കാരണം അത് മനുഷ്യരാശിയെ നശിപ്പിക്കാൻ പോവുകയാണ്. ഒരുപക്ഷേ ഒരുനാൾ, ഒരു ഗ്ലാസ് വിസ്കിക്ക് മുകളിൽ (എനിക്ക് ആമാശയ വീക്കത്തിന്റെ പ്രശ്നമുണ്ടെങ്കിലും) നമുക്ക് ഇതേക്കുറിച്ച് തുറന്നു സംസാരിക്കാം. എന്നിരിക്കിലും ഇത് ബുദ്ധിമുട്ടാണ്, കാരണം നിങ്ങൾ എന്നെ ഒരു തരംതാണ വംശത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ഞാൻ അങ്ങനെയല്ല, കൊളംബിയക്കാർ ആരും തന്നെ അങ്ങനെയല്ല. നിങ്ങൾ വഴങ്ങാൻ കൂട്ടാക്കാത്ത ആരെയെങ്കിലും അന്വേഷിക്കുന്നുണ്ടെങ്കിൽ അത് ഞാനാണ്, ഇപ്പോൾ അത്രമാത്രം പറയാം.
നിങ്ങളുടെ പണക്കൊഴുപ്പും ഹുങ്കും ഉപയോഗിച്ച്, അലന്ദെക്കെതിരെ ചെയ്തതുപോലുള്ള ഒരു അട്ടിമറി നടത്താൻ നിങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ, എന്റെ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ പീഡനത്തെ പ്രതിരോധിച്ചവനാണ്, ഞാൻ നിങ്ങളെയും പ്രതിരോധിക്കും. കൊളംബിയക്കടുത്ത് അടിമവ്യാപാരികളെ വേണ്ട; ഞങ്ങൾക്കത് ധാരാളം ഉണ്ടായിരുന്നു, ഞങ്ങൾ സ്വയം മോചിപ്പിക്കുകയായിരുന്നു. കൊളംബിയക്കരികിൽ എനിക്ക് വേണ്ടത് സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവരെയാണ്. നിങ്ങൾക്ക് ഇതിൽ എന്നോടൊപ്പം ചേരാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ മറ്റെവിടെയെങ്കിലും നോക്കാം. കൊളംബിയ ലോകത്തിന്റെ ഹൃദയമാണ്, അത് നിങ്ങൾക്ക് മനസ്സിലായില്ല. ഇത് സൗന്ദര്യമേറെയുള്ള മഞ്ഞ ശലഭങ്ങളുടെയും റെമിഡിയോസിന്റെയും നാടാണ്, അവരുടെ മാത്രമല്ല ഓറേലിയാനോ ബ്യൂണ്ടിയയെപ്പോലുള്ള കേണലുകളുടെയും നാടാണ്. ഞാനും അവരിൽ ഒരാളായിരിക്കാം; ഒരുപക്ഷേ അവസാനത്തെയാൾ.
നിങ്ങൾ എന്നെ കൊലപ്പെടുത്തിയേക്കാം, പക്ഷേ നിങ്ങൾക്കും മുമ്പേ അമേരിക്കയിൽ നിലനിന്നിരുന്ന എന്റെ ജനങ്ങളിലൂടെ ഞാൻ അതിജീവിക്കും. ഞങ്ങൾ കാറ്റിന്റെയും മലനിരകളുടെയും കരീബിയൻ കടലിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനതയാണ്. നിങ്ങൾക്ക് ഞങ്ങളുടെ സ്വാതന്ത്ര്യം ഇഷ്ടമില്ലെങ്കിൽ നല്ലത്. ഞാൻ വെള്ളക്കാരായ അടിമവ്യാപാരികളുമായി ഹസ്തദാനം ചെയ്യാറില്ല. എന്നാൽ, ലിങ്കന്റെ പിന്മുറക്കാരായ വെളുത്ത സ്വാതന്ത്ര്യവാദികളുമായും അമേരിക്കയിലെ കറുത്തവരും വെളുത്തവരുമായ കർഷകപ്പയ്യന്മാരുമായും ഞാൻ കൈകോർക്കും. കോവിഡിനെ അതിജീവിച്ച് ഇറ്റാലിയൻ ടസ്കാനിയിലെ മലനിരകൾ താണ്ടി വരവേ കണ്ട അടർക്കളത്തിലെ അവരുടെ ശവകുടീരങ്ങൾക്ക് മുന്നിലാണ് ഞാൻ കരഞ്ഞു പ്രാർഥിച്ചത്. കരയുകയും പ്രാർഥിക്കുകയും ചെയ്തു. അവരാണ് അമേരിക്ക, മറ്റാർക്കും മുന്നിലല്ല, അവർക്ക് മുന്നിൽ മാത്രം ഞാൻ മുട്ടുകുത്തി വണങ്ങുന്നു.
എന്നെ താഴെയിറക്കൂ പ്രസിഡന്റ്, അമേരിക്കയും മനുഷ്യരാശിയും പ്രതികരിക്കുന്നത് കാണാം. കൊളംബിയയിപ്പോൾ വടക്കോട്ട് നോക്കുന്നത് അവസാനിപ്പിച്ച് ലോകത്തിലേക്ക് നോക്കുന്നു. ഒരു കാലത്തെ നാഗരികതയായിരുന്ന കൊറദോബയിലെ ഖിലാഫത്തിൽ നിന്നും റിപ്പബ്ലിക്കും ആതൻസിൽ ജനാധിപത്യവും സ്ഥാപിച്ച അക്കാലത്തെ നാഗരികതയായിരുന്ന മെഡിറ്ററേനിയനിലെ റോമൻ ലാറ്റിനുകളിൽ നിന്നുമാണ് ഞങ്ങളുടെ രക്തം വരുന്നത്; ചെറുത്തുനിൽപിന്റെ രക്തമോടുന്ന കറുത്തവരെ നിങ്ങൾ അടിമകളാക്കി മാറ്റി. വാഷിങ്ടണിനും മുമ്പ് അമേരിക്കയിലെ ആദ്യത്തെ സ്വതന്ത്ര പ്രദേശമാണ് കൊളംബിയ. അവരുടെ ആഫ്രിക്കൻ ഗീതങ്ങളിൽ ഞാൻ അഭയം കൊള്ളുന്നു.
ഈജിപ്തിലെ ഫറോവമാരുടെ കാലം തൊട്ടേ സ്വർണപ്പണി നടത്തിയിരുന്ന, ലോകത്തിലെ ആദ്യത്തെ കലാകാരന്മാരുടെ നാടായ ചിരിബിക്വെറ്റിന്റെ ഇടമാണ് എന്റെ നാട്.
നിങ്ങൾക്കൊരിക്കലും ഞങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനാവില്ല. സ്വാതന്ത്ര്യത്തിന്റെ വിളിയാളം മുഴക്കിക്കൊണ്ട് ഞങ്ങളുടെ മണ്ണുകളിലൂടെ സഞ്ചരിച്ചിരുന്ന ബൊളിവർ എന്ന യോദ്ധാവ് നിങ്ങളെ എതിരിടും.
ഞങ്ങളുടെ ജനത അൽപം ഭയമുള്ളവരും, അൽപം നാണംകുണുങ്ങികളും, നിഷ്കളങ്കരും, ദയാശീലരുമാണ്. പക്ഷേ, നിങ്ങൾ ഞങ്ങളിൽ നിന്ന് അക്രമമാർഗത്തിലൂടെ തട്ടിയെടുത്ത പനാമ കനാൽ എങ്ങനെ വീണ്ടെടുക്കണമെന്ന് അവർക്കറിയാം. ലാറ്റിനമേരിക്കയുടെ നാനാഭാഗത്തുനിന്ന് നിങ്ങൾ കൊലപ്പെടുത്തിയ, ഇരുന്നൂറ് ധീരനായകർ, ഇപ്പോൾ പനാമയും മുമ്പ് കൊളംബിയയുമായിരുന്ന ബോകാസ് ഡെൽ ടോറോയിൽ കിടപ്പുണ്ട്.
ഞാൻ ഒരു പതാക ഉയർത്തുന്നു, ഗൈറ്റൻ പറഞ്ഞതുപോലെ, ഞാൻ ഒറ്റക്കായാലും, അത് ലാറ്റിനമേരിക്കയുടെ അന്തസ്സോടെ ഉയർത്തപ്പെടും. നിങ്ങളുടെ മുതുമുത്തച്ഛന് അറിവില്ലാത്ത, എന്റെ മുതുമുത്തച്ഛന് അറിയുമായിരുന്ന അമേരിക്കയുടെ അന്തസ്സാണത് യു.എസ്.എയിലെ കുടിയേറ്റക്കാരനായ പ്രസിഡന്റേ.
നിങ്ങളുടെ ഉപരോധം എന്നെ ഭയപ്പെടുത്തുന്നില്ല; കാരണം കൊളംബിയ, സൗന്ദര്യത്തിന്റെ രാജ്യം എന്നതിനപ്പുറം ലോകത്തിന്റെ ഹൃദയവുമാണ്. എന്നെപ്പോലെ നിങ്ങളും സൗന്ദര്യത്തെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം, അനാദരിക്കാതിരുന്നാൽ നിങ്ങൾക്കതിന്റെ മധുരം പ്രദാനം ചെയ്യും.
സ്വാതന്ത്ര്യത്തിന്റെയും ജീവന്റെയും മനുഷ്യത്വത്തിന്റെയും നിർമാതാക്കളായ കൊളംബിയ ഇന്ന് നീട്ടിപ്പിടിച്ച കരങ്ങളുമായി ലോകത്തിന് മുമ്പാകെ തുറന്നിട്ടിരിക്കുന്നു.
ഞങ്ങളുടെ തൊഴിലാളികൾ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്കുമേൽ നിങ്ങൾ അമ്പത് ശതമാനം ചുങ്കം ഏർപ്പെടുത്തിയെന്ന വിവരം ഞാനറിഞ്ഞു, ഞാനും അതുതന്നെ ചെയ്യും. കൊളംബിയയിൽ കണ്ടെത്തിയ ചോളം ഞങ്ങളുടെ ജനങ്ങൾ വിതക്കുകയും ലോകത്തെ ഊട്ടുകയും ചെയ്യട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

