ജനം പറഞ്ഞു മടുത്തു
text_fieldsതെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ഡെമോക്രാറ്റുകളുടെ ആഹ്ലാദ പ്രകടനം
ശക്തമായ റിപ്പബ്ലിക്കൻ പാർട്ടി സ്വാധീനം കാരണം ഇക്കാലമത്രയും എത്തിപ്പിടിക്കാൻ കഴിയാതിരുന്ന തെക്കൻ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷയ്ക്ക് വകയായി
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വോട്ടർമാർ നൽകിയിരിക്കുന്നത് അതിശക്തമായ തിരിച്ചടിയാണ്. ഇത് ട്രംപിന്റെ അവശേഷിക്കുന്ന ഭരണകാലത്തെ മാത്രമല്ല, രാജ്യത്തിന്റെ വരുംകാല രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിക്കും. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തുണ്ടായ കോവിഡാനന്തര പണപ്പെരുപ്പത്തിനിടയിൽ 2022-ൽ റിപ്പബ്ലിക്കന്മാർ പിടിച്ചെടുത്ത യു.എസ് ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ വീണ്ടെടുത്തിരിക്കുന്നു.
ചരിത്രത്തിലാദ്യമായി ആഫ്രോ അമേരിക്കൻ സമൂഹത്തിൽനിന്ന് സ്പീക്കർ പദവിയിലെത്താനൊരുങ്ങുന്ന ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, അമേരിക്ക ജീവസ്സോടെയും കരുത്തോടെയും നിലകൊള്ളുന്നു എന്നതിന്റെ തെളിവായാണ് ഈ ഫലങ്ങളെ വിശേഷിപ്പിച്ചത്.‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിന്റെ തുടക്കമാണിത്. തീവ്രനിലപാടുകളും അഴിമതിയും മടുത്തു എന്ന് ജനത വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു കോൺഗ്രസിനെയാണ് അവർക്കാവശ്യം. നമ്മളത് സാധ്യമാക്കും’’- വാഷിങ്ടൺ ഡി.സിയിൽ അനുഭാവികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
സെനറ്റിലും റിപ്പബ്ലിക്കന്മാരെ ഡെമോക്രാറ്റുകൾ പരാജയപ്പെടുത്തി. രാജ്യത്തിന്റെ തെക്കൻ, മധ്യപടിഞ്ഞാറൻ മേഖലകളിലെ റിപ്പബ്ലിക്കൻ കോട്ടകളിൽനിന്ന് ആറ് സീറ്റുകളെങ്കിലും പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ യു.എസ് കോൺഗ്രസിന്റെ പൂർണനിയന്ത്രണം നേടി.
ബാലറ്റിൽ എന്റെ പേരുണ്ട് എന്ന് കരുതി വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് ആഹ്വാനം ചെയ്തിരുന്ന ട്രംപ്, പാർട്ടി പാർട്ടി തോറ്റതോടെ വാക്കുമാറ്റി. ‘‘ഞാൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു!’’ - അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ മണ്ഡലങ്ങളിൽ ഒരുപോലെ മുന്നേറ്റം കൈവരിച്ചതാണ് വാഷിങ്ടൺ ഡി.സിയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സമ്പൂർണവിജയം സമ്മാനിച്ചത്. ‘‘ഇതൊരു തരംഗമല്ല, സുനാമിയാണ്’’- ഒരു ഡെമോക്രാറ്റിക് പാർട്ടി ഭാരവാഹി അൽ ജസീറയോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ മെത്തഡിസ്റ്റ് സഭയിലെ ശുശ്രൂഷകനായ ആദം ഹാമിൽട്ടൺ റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷലിനെ അട്ടിമറിച്ചതോടെ, 94 വർഷത്തിനിടയിൽ ആദ്യമായി കാൻസസിനെ പ്രതിനിധീകരിച്ച് ഒരു ഡെമോക്രാറ്റ് യു.എസ് സെനറ്റിലെത്തും. രണ്ടു വർഷം മുമ്പ് ട്രംപ് 13 പോയിന്റുകൾക്ക് ജയിച്ച അയോവയിൽ, തീരുവ നയങ്ങളിൽ പൊറുതിമുട്ടിയ ജനം ഡെമോക്രാറ്റുകളെ തുണച്ചപ്പോൾ മാധ്യമപ്രവർത്തക ആഷ്‌ലി ഹിൻസൻ ജോഷ് ടുറെകിനോട് തോറ്റു. ശക്തമായ റിപ്പബ്ലിക്കൻ പാർട്ടി സ്വാധീനം കാരണം ഇക്കാലമത്രയും എത്തിപ്പിടിക്കാൻ കഴിയാതിരുന്ന തെക്കൻ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷയ്ക്ക് വകയായി. നോർത്ത് കരോലിനയിൽ മുൻ ഗവർണർ റോയ് കൂപ്പർ ഡെമോക്രാറ്റുകൾക്ക് ഒരു സുപ്രധാന വിജയം സമ്മാനിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസിന്റെ സീറ്റാണ് കൂപ്പർ പിടിച്ചെടുത്തത്. ജോർജിയയിൽ സെനറ്റർ ജോൺ ഒസോഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം സഹ ഡെമോക്രാറ്റായ കീഷാ ലാൻസ് ബോട്ടംസ് ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായി ചരിത്രം കുറിച്ചു.
വിവാദങ്ങൾ നിറഞ്ഞ പ്രചാരണങ്ങളാൽ ദേശീയശ്രദ്ധയാകർഷിച്ച ടെക്സസിൽ ജെയിംസ് തലാരിക്കോ കെൻ പക്സ്റ്റണെ പരാജയപ്പെടുത്തിയത് ഡെമോക്രാറ്റുകളുടെ സെനറ്റ് ഭൂരിപക്ഷം ഉയർത്തി. രണ്ടു വർഷം മുമ്പ് ട്രംപ് 18 പോയിന്റുകൾക്ക് ജയിച്ച സൗത്ത് കരോലിനയിലാണ് റിപ്പബ്ലിക്കന്മാർക്ക് ഏറ്റവും അപ്രതീക്ഷിതമായ തോൽവി നേരിടേണ്ടിവന്നത്. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു ഡെമോക്രാറ്റ് സൗത്ത് കരോലിനയിൽനിന്ന് യു.എസ് സെനറ്റിലെത്തുന്നത്.
നാല് വർഷം മുമ്പ് റിപ്പബ്ലിക്കന്മാരെ അധികാരത്തിലെത്തിച്ച അതേ സാമ്പത്തികപ്രതിസന്ധികൾ തന്നെയാണ് അവർക്ക് തിരിച്ചടിയായതും. അസോസിയേറ്റഡ് പ്രസ്സിന്റെ സർവേ പ്രകാരം വോട്ടർമാരുടെ പ്രധാന വിഷയം സാമ്പത്തികബുദ്ധിമുട്ടുകളായിരുന്നു. ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇന്ധനത്തിന്റെയും നിത്യോപയോഗസാധനങ്ങളുടെയും വില കുതിച്ചുയർന്നതിൽ ഭൂരിഭാഗം പേരും ആശങ്ക പ്രകടിപ്പിച്ചു. ഇതാണ് തങ്ങളുടെ തോൽവിക്ക് കാരണമെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ സമ്മതിക്കുന്നു. ട്രംപിന്റെ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഈ തോൽവിക്ക് ഉത്തരവാദിയെന്ന് ഒരു മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് അൽ ജസീറയോട് പറഞ്ഞു. തിരിച്ചടിക്ക് ട്രംപ് കുറ്റപ്പെടുത്തുന്നത് സഹപ്രവർത്തകരെയാണ്. ‘‘ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് തന്റെ രാഷ്ട്രീയജീവിതത്തിന്റെ അവസാന ആറുമാസത്തിനിടെ നാമമാത്ര റിപ്പബ്ലിക്കൻ മാത്രമായി മാറിയില്ലായിരുന്നെങ്കിൽ അദ്ദേഹം തോൽക്കില്ലായിരുന്നു’’ - അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

