ട്രംപ് ഭരണകൂടം; ഉറ്റുനോക്കി ഇന്ത്യ
text_fields
ഡൊണാൾഡ് ട്രംപ് വീണ്ടുമൊരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങളെന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. ‘ആദ്യം അമേരിക്ക’ എന്ന ട്രംപ് അജണ്ടയിൽ, ഇന്ത്യയോടുള്ള നയവും മാറ്റുമോ എന്നതാണ് അതിൽ പ്രധാനം. രാജ്യത്തിന്റെ ആഗോള സഖ്യങ്ങളിലും മൂലധന നിക്ഷേപത്തിലും വ്യാപാരനീക്കത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരിക്കുമത്. ഇന്ത്യ ആഗോള ശക്തിയാകുന്നതും യു.എസിന്റെ ശക്തമായ നയതന്ത്ര, പ്രതിരോധ...
ഡൊണാൾഡ് ട്രംപ് വീണ്ടുമൊരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങളെന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. ‘ആദ്യം അമേരിക്ക’ എന്ന ട്രംപ് അജണ്ടയിൽ, ഇന്ത്യയോടുള്ള നയവും മാറ്റുമോ എന്നതാണ് അതിൽ പ്രധാനം. രാജ്യത്തിന്റെ ആഗോള സഖ്യങ്ങളിലും മൂലധന നിക്ഷേപത്തിലും വ്യാപാരനീക്കത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരിക്കുമത്.
ഇന്ത്യ ആഗോള ശക്തിയാകുന്നതും യു.എസിന്റെ ശക്തമായ നയതന്ത്ര, പ്രതിരോധ പങ്കാളിയായതും ഒന്നാമൂഴത്തിൽ സ്വാഗതം ചെയ്ത ട്രംപ് ഭരണകൂടം ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയിൽ ഇന്ത്യക്ക് നേതൃപരമായ പങ്കുണ്ടെന്ന നിലപാടും കൈക്കൊണ്ടിരുന്നു. അടുത്ത നാലുവർഷവും ഇതേ നിലപാട് ട്രംപ് തുടരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യയുമായുള്ള പ്രതിരോധ, വ്യാപാര, സാങ്കേതികവിദ്യ ബന്ധങ്ങൾ ഒന്നാമൂഴത്തിൽ മെച്ചപ്പെടുത്തിയ ട്രംപ് മാറിയ ലോകസാഹചര്യത്തിൽ രണ്ടാമൂഴത്തിൽ അതു കുറെക്കൂടി ആഴത്തിലാക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. അതേ സമയം കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപ് പദ്ധതി എച്ച് വൺ ബി വിസ നിയന്ത്രണത്തിൽ കലാശിച്ചാൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐ.ടി സ്ഥാപനങ്ങളെയും ബാധിക്കും.
ഇന്ത്യയുടെ ഏറ്റവും കൂടുതൽ കയറ്റുമതി അമേരിക്കയിലേക്കാണ്. 2023-24 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും അമേരിക്കയിലേക്കായിരുന്നു. 2022ൽ ഇന്ത്യയിലെ യു.എസ് നിക്ഷേപം 51.6 ബില്യൻ ഡോളറുമായിരുന്നു. ഇന്ത്യയുടെയും യു.എസിന്റെയും സമ്പദ്ഘടനകൾ തമ്മിലുള്ള അടുത്ത ബന്ധമാണിത് കാണിക്കുന്നത്. ‘ആദ്യം അമേരിക്ക’ എന്ന അജണ്ടയുടെ അടിസ്ഥാനത്തിൽ ട്രംപ് ആഭ്യന്തര ഉൽപാദനത്തിന് പ്രോത്സാഹനം നൽകുകയും ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്യുമെന്നുറപ്പാണ്. അതോടെ അമേരിക്കയുമായുള്ള വ്യപാര നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ ഇന്ത്യ നിർബന്ധിതമാകും. അമേരിക്കൻ കമ്പനികളുമായി വിപണിയിൽ മത്സരിക്കുന്ന ഇന്ത്യയുടെ ഔഷധ, ഐ.ടി, വസ്ത്ര കയറ്റുമതിക്കാർക്ക് ഉയർന്ന തീരുവ ഒടുക്കേണ്ടി വരും.
എന്നാൽ, ചൈനയോടുള്ള ട്രംപിന്റെ നിലപാട് നമുക്ക് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ. ചൈനയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഉയർത്തിയാൽ അത് ഇന്ത്യക്ക് സഹായകരമായി ഭവിക്കുമെന്ന അനുമാനത്തിലാണ് ഈ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം ലോക വ്യാപാര സംഘടനാ കരാറിലെ ഏഴു തർക്കങ്ങൾ ഇരു രാജ്യങ്ങളും പരിഹരിച്ചിരുന്നു.
ട്രംപിന്റെ വരവ് ഇന്ത്യൻ ഓഹരി വിപണിക്കും ഉണർവേകുമെന്ന് കരുതുന്നവരുണ്ട്. കോർപറേറ്റ് നികുതി 21 ശതമാനത്തിൽനിന്ന് 15 ശമതമാനമാക്കി കുറക്കുന്നത് ഇന്ത്യ അടക്കമുള്ള വിപണിയെ ഉത്തേജിപ്പിക്കുമെന്ന പ്രതീക്ഷയിലാണത്. ഊർജമേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള ട്രംപിന്റെ നീക്കം അസംസ്കൃത എണ്ണയുടെ വില ലോകവിപണിയിൽ പിടിച്ചുനിർത്തുമെന്നും അത് ഇന്ത്യക്ക് സഹായകരമാകുമെന്നുമാണ് മറ്റൊരു വിലയിരുത്തൽ.
ഇതെല്ലാം വെച്ച് അവസരങ്ങളും വെല്ലുവിളികളും സമ്മിശ്രമായ ഒരു രണ്ടാമൂഴം ട്രംപിൽനിന്ന് പ്രതീക്ഷിക്കുന്നതാണ് യുക്തി.
ഡോണൾഡ് ട്രംപ് 2.0 ടീം
‘അമേരിക്ക ഫസ്റ്റ്’ എന്ന അജണ്ടയുമായി വൈറ്റ് ഹൗസിലേക്ക് ഡോണൾഡ് ട്രംപ് വീണ്ടും മടങ്ങിയെത്തുമ്പോൾ ആദ്യ അവസരത്തിൽ ട്രംപിനൊപ്പം പ്രവർത്തിച്ചവർക്കൊപ്പം പുതുമുഖങ്ങളും പുതിയ ടീമിലെത്തും. ട്രംപിന്റെ വിശ്വസ്തരും നയങ്ങളിൽ ട്രംപിനോളം പോന്നവരുമാണ് പുതിയ ടീമിലുള്ളത്.
ജെ.ഡി. വാൻസ്- വൈസ് പ്രസിഡന്റ്
മുൻ യു.എസ് സെനറ്ററും ഏഴുത്തുകാരനും നിക്ഷേപകനുമായ ജെ.ഡി. വാൻസാണ് (40) അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്. അമേരിക്കൻ തൊഴിലാളി വർഗ നേതാവായാണ് അറിയപ്പെടുന്നത്. ഉൽപാദന രംഗം പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിൽ വാൻസ് നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ വിറ്റഴിഞ്ഞ ‘ഹിൽബില്ലി എലിജി’ എന്ന കൃതിയുടെ കർത്താവാണ്.
മാർകോ റൂബിയോ- അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡന്റ് സ്ഥാനാർഥിയും ഫ്ലോറിഡയിൽ നിന്നുള്ള സെനറ്ററുമാണ് മാർകോ റൂബിയോ (53). ട്രംപിനെപോലെ ചൈനയോടും ലാറ്റിനമേരിക്കൻ രാജ്യങ്ങളോടുമുള്ള കടുത്ത നിലപാടുകൾക്ക് പ്രസിദ്ധനാണ് മാർകോ. ഇറാനോട് കടുത്ത നിലപാട് പുലർത്തുന്ന മാർകോ ഇന്തോ-പസഫിക് മേഖലയിലേയും പശ്ചിമേഷ്യയിലേയും സഖ്യകക്ഷികളുമായി ബന്ധം ശക്തമാക്കാൻ വാദിക്കുന്നയാളാണ്.
സ്കോട്ട് ബെസെന്റ്- ട്രഷറി സെക്രട്ടറി
സ്വവർഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ സാമ്പത്തിക വിദഗ്ധനായ സ്കോട്ട് ബെസന്റെ (62) നിയമനം വിപ്ലവകരമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സോറോസ് ഫണ്ട് മാനേജ്മെന്റ് മുൻ ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസറാണ്. നൂതന സാമ്പത്തിക നയങ്ങളോട് ഏറെ ആഭിമുഖ്യം പുലർത്തുന്നയാളാണ്. നികുതി പരിഷ്കരണം, നിയന്ത്രണം നീക്കൽ, ഡോളർ ശക്തിപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധേയമായ നടപടികൾ അദ്ദേഹത്തിൽ നിന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പീറ്റ് ഹെഗ്സെത്ത്- പ്രതിരോധ സെക്രട്ടറി
മുതിർന്ന സൈനികനും ഫോക്സ് ന്യൂസ് രാഷ്ട്രീയ കോളമിസ്റ്റുമായിരുന്ന പീറ്റ് ഹെഗ്സെത്തിനാണ് (44 ) പെൻറഗണിന്റെ ചുമതല. കരുത്തുറ്റ സൈന്യത്തെക്കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാടിനോട് യോജിച്ച് നിൽക്കുന്നയാളാണ്. സായുധ സേന നവീകരണത്തിലും ബഹിരാകാശത്തും സൈബർ സുരക്ഷയിലും ഹെഗ്സെത്ത് ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാം ബോണ്ടി- അറ്റോണി ജനറൽ
ഫ്ലോറിഡ മുൻ അറ്റോണി ജനറൽ പാം ബോണ്ടിക്കാണ് (59 ) നീതിന്യായ വകുപ്പിന്റെ ചുമതല. അടിയുറച്ച ട്രംപ് പക്ഷക്കാരി. കുടിയേറ്റം, ബിഗ് ടെക് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിനെപ്പോലെ കടുത്ത നിലപാട്. ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണ സമയത്ത് നൽകിയ പിന്തുണയാണ് ട്രംപ് ടീമിൽ സ്ഥാനം ഉറപ്പിച്ചത്.
റോബർട്ട് എഫ്. കെന്നഡി ജൂനിയർ- ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവിസസ് സെക്രട്ടറി
പരിസ്ഥിതികാര്യ അഭിഭാഷകനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ (71)വാക്സിൻ സന്ദേഹവാദിയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, അടുത്ത കാലത്ത് വാക്സിനേഷൻ സംബന്ധിച്ച നിലപാടുകൾ മയപ്പെടുത്തിയിരുന്നു. പരമ്പരാഗത ആരോഗ്യനയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലാണ് ഏവരും ഉറ്റുനോക്കുന്നത്.
ക്രിസ്റ്റി നോം- ആഭ്യന്തര സുരക്ഷാ സെക്രട്ടറി
സൗത്ത് ഡെക്കോട്ട ഗവർണറായ ക്രിസ്റ്റി നോം (53) യാഥാസ്ഥിതിക നയങ്ങൾക്കും പേരുകേട്ടയാളാണ്. കർശനമായ കുടിയേറ്റ നയങ്ങളും അതിർത്തി സുരക്ഷ നടപടികളും നടപ്പാക്കുമെന്നാണ് കരുതുന്നത്.
തുളസി ഗബ്ബാർഡ്- നാഷനൽ ഇൻറലിജൻസ് ഡയറക്ടർ
മുൻ ഡെമോക്രാറ്റാണ് തുളസി ഗബ്ബാർഡ് (43). യു.എസ് നയങ്ങളുടെ രൂക്ഷമായ വിമർശകയാണ്. അവരുടെ സൈനിക പരിചയവും വിദേശകാര്യങ്ങളിലെ പ്രായോഗിക സമീപനവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ തന്ത്രപരമായ മുൻഗണനകളെ പുനർനിർവചിക്കുമെന്നാണ് കരുതുന്നത്.
ലീ സെൽഡിൻ- പരിസ്ഥിതി സംരക്ഷണ ഏജൻസി അഡ്മിനിസ്ട്രേറ്റർ
പാരിസ്ഥിതിക നയങ്ങളും സാമ്പത്തിക വളർച്ചയും സന്തുലിതമാകണമെന്ന വാദക്കാരനാണ് ലീ സെൽഡിൻ (44). ക്ലീൻ എനർജി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും അതിനുള്ള നിയന്ത്രണങ്ങൾ നീക്കാനുമുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് നിയമനം കരുത്തുപകരും.
റസ്സൽ വോട്ട്- മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫിസ്
മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫിസിലേക്ക് (ഒ.എം.ബി) റസ്സൽവോട്ടിന്റെ (48) മടങ്ങിവരവാണിത്. ട്രംപിന്റെ ആദ്യ ടേമിൽ ഒ.എം.ബി ഡയറക്ടറായിരുന്നു. ബജറ്റ് വെട്ടിക്കുറക്കുകയും ഫെഡറൽ ചെലവുകൾ കാര്യക്ഷമമാക്കുകയും ചെയ്ത ധനനയം തുടരുമെന്നാണ് കരുതുന്നത്.
വിവേക് രാമസ്വാമി, എലോൺ മസ്ക്
രണ്ടാം വരവിൽ ട്രംപ് അവതരിപ്പിക്കുന്ന പുതിയ സംരംഭമാണ് ഡിപ്പാർട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡി.ഒ.ജി.ഇ). ബയോടെക് സംരംഭകനായ വിവേക് രാമസ്വാമിയും ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കിനുമാണ് ഇതിന്റെ നേതൃത്വം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഓട്ടോമേഷൻ എന്നിവ ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി സ്വകാര്യമേഖലയിലെ കാര്യക്ഷമത കൊണ്ടുവരാനാണ് വകുപ്പു ലക്ഷ്യമിടുന്നത്. ലീസ് സ്റ്റെഫാനിക്കാണ് ഐക്യരാഷ്ട്രസഭയിലെ അംബാസഡർ. ഫലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്ന മൈക്ക് ഹക്കബിയാണ് ഇസ്രായേലിലെ അംബാസഡർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
