ഉന്തിയ പല്ലല്ല, എല്ലുകളാണ് ആദിവാസിയുടെ വിഷയം
text_fieldsവനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവിസ് കമീഷന്‍ നടത്തിയ എഴുത്തുപരീക്ഷയും ശാരീരികക്ഷമത പരീക്ഷയും പാസായ ഒരു പട്ടികവർഗ ഉദ്യോഗാർഥിക്ക് പല്ലുകള്‍ അമിതമായി പൊങ്ങിയിരിക്കുന്നു എന്ന കാരണത്താൽ ജോലി നിഷേധിക്കപ്പെട്ടത് അടുത്തിടെയാണ്. പല്ല് പൊങ്ങിയിരിക്കുന്നത് ജീവിതത്തിന് ഇത്ര വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആ ചെറുപ്പക്കാരൻ ഒരിക്കലും ചിന്തിച്ചുകാണില്ല. അല്ലെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍പോലും ശരിയാംവണ്ണം നിവർത്തിക്കാന്‍ കഴിയാത്ത കേരളത്തിലെ ആദിവാസി സമൂഹത്തിന് ടൂത്ത്പേസ്റ്റ് പരസ്യത്തിലെ താരങ്ങളുടേതുപോലെ പല്ലുകൾ നിരയൊത്തതാക്കാൻ പോന്ന ചികിത്സകൾ നടത്താനും മാർഗമില്ല.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയുടെ പരീക്ഷ വിജ്ഞാപനത്തിൽ ഉദ്യോഗാർഥികൾക്കു വേണ്ട യോഗ്യതകള്‍ പി.എസ്.സി വളരെ വ്യക്തമായി പറഞ്ഞിരുന്നു. കണ്ണ്, പല്ല്, സംസാരം, പാദം എന്നിവയുടെ ശേഷിയും ഭംഗിയുമെല്ലാം അതിൽ കൃത്യമായി നിഷ്കർഷിക്കുന്നുണ്ട്. വിജ്ഞാപനം ചൂണ്ടിക്കാട്ടുന്ന അയോഗ്യതയുള്ള ആളുടെ ജോലിക്കായുള്ള അവകാശവാദത്തെ നിരസിക്കാന്‍ പി.എസ്.സിക്ക് അവകാശവും അധികാരവും ഉണ്ടെന്ന് സമ്മതിക്കുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വനവും വന്യജീവികളും വനത്തിനു ചുറ്റും താമസിക്കുന്ന ആളുകളുമായും നിരന്തരം ഇടപെടേണ്ട ഒരു വ്യക്തിയാണ്. കാടിന്റെ വന്യതയുമായി ഇടപഴകി നിർവഹിക്കേണ്ടുന്ന ജോലിയാണത്. നല്ല കാഴ്ചശക്തി, ഏതൊരു അപകടസാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ ശാരീരികക്ഷമത ഒക്കെ ഉണ്ടായിരിക്കണം എന്നതില്‍ ഒരു തർക്കവുമില്ല. നന്നായി ആശയവിനിമയം ചെയ്യാനുള്ള കഴിവും വേണം. എന്നാൽ, പൊങ്ങിയ പല്ല് എന്തു വിഘാതമാണുണ്ടാക്കുക?
പല്ല് പൊങ്ങിയ നിരവധി ആളുകള്‍ ഒരു കാലത്ത് എല്ലാതരം അധികാരകേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. പല്ലുകൾ നിരയൊത്തത് ആക്കുക എന്നത് എക്കാലവും മനുഷ്യരുടെ ചിന്താവിഷയമായിരുന്നു. മൃഗങ്ങളുടെ കുടലില്‍നിന്നെടുക്കുന്ന നാരുകള്‍കൊണ്ട് (Cat Gut) ഉണ്ടാക്കിയ വള്ളികള്‍കൊണ്ട് പല്ലുകളെ ക്രമീകരിക്കാന്‍ യത്നിച്ച പ്രാചീന മനുഷ്യനും ആധുനിക സാങ്കേതികവിദ്യ (Invisalign) ഉപയോഗിച്ച് ക്രമംതെറ്റിയ പല്ലുകളെ പിടിച്ചുകെട്ടുന്ന വർത്തമാനകാല മനുഷ്യനും ഇടയില്‍ ഏതാണ്ട് അയ്യായിരം വർഷത്തിന്റെ അകലമുണ്ട്. പല്ലുകളുടെ മേല്‍ അൽപമെങ്കിലും നിയന്ത്രണം നമുക്ക് ഉണ്ടായിട്ട് ഏറിയാല്‍ മുപ്പതോ നാൽപതോ വർഷമേ ആയിട്ടുള്ളൂ എന്ന സത്യത്തെ അംഗീകരിച്ചുകൊണ്ടു മാത്രമേ പൊങ്ങിയ പല്ലും പി.എസ്.സി മുന്നോട്ടുവെക്കുന്ന ‘നിരയൊത്ത പല്ലും ജോലിക്കാരുടെ കാര്യക്ഷമതയും’ തമ്മിലെ ബന്ധത്തിന്റെ യുക്തിയെ നമുക്ക് നിർധാരണം ചെയ്യാന്‍ കഴിയൂ. ഒരാളുടെ പല്ലുകള്‍ നിരയൊത്തത് അല്ലെന്നുള്ള ഒറ്റകാരണംകൊണ്ടു മാത്രം അയോഗ്യനാക്കുന്നത് അശാസ്ത്രീയവും കടുത്ത മനുഷ്യത്വഹീനതയുമാണ്. മറ്റുള്ളവർക്ക് കൃത്യമായി മനസ്സിലാകുന്ന രീതിയില്‍ ഒരാൾക്ക് സംസാരിക്കാന്‍ അയാളുടെ പല്ലുകള്‍ തടസ്സമാകുന്നില്ലെങ്കില്‍ പല്ലുകള്‍ പൊങ്ങിയതാണോ അകത്തേക്ക് വളഞ്ഞതാണോ എന്നൊന്നും നോക്കുന്നതില്‍ ഒരു യുക്തിയുമില്ല. ഇപ്പോൾ ജോലി നിഷേധിക്കപ്പെട്ട യുവാവിന് വ്യക്തമായി സംസാരിക്കുന്നതിന് യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കേട്ട ആർക്കും ബോധ്യമാവും. ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണം ചവച്ചരച്ച് തിന്നുന്നതിന് പൊങ്ങിയ പല്ലുകൾ തടസ്സമാകുമോ എന്നതാണോ അധികാരികളുടെ ശങ്ക? അധികാരികളുടെയും കേരള മോഡൽ വികസനത്തിൽ ഊറ്റംകൊള്ളുന്നവരുടെയും അറിവിലേക്കായി പറയട്ടെ, തിന്നാന്‍ ഇല്ലാത്തതാണ് കേരളത്തിലെ ആദിവാസികളുടെ പ്രശ്നം, അല്ലാതെ അവ ചവച്ചരക്കാന്‍ പാകത്തിന് പല്ലില്ലാത്തതല്ല.
കേരളത്തിലെ ആദിവാസി സമൂഹങ്ങളിലെ ഒന്നോ രണ്ടോ ജാതികളിലെ ഒരു ചെറുവിഭാഗമൊഴികെ ബാക്കിയെല്ലാവരും ഇന്നും പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ ജീവിക്കുന്നവരാണ്. നമ്മൾ ലോകത്തിനു മുന്നിൽ കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍ വികസനത്തിന്റെ നേട്ടങ്ങള്‍ ഇനിയും എത്തിച്ചേരാത്ത തുരുത്തുകളാണ് നമ്മുടെ പട്ടികവർഗ ഊരുകള്‍. കുറഞ്ഞ പ്രതിശീർഷ വരുമാനം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന നിരക്ഷരത, വിദ്യാലയങ്ങളിൽനിന്ന് വർധിച്ച കൊഴിഞ്ഞുപോക്ക്, പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അമ്മമാരിലെ അനാരോഗ്യം, പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്നതിലെ ഉയർന്ന നിരക്ക്, ഉയർന്ന ശിശുമരണ നിരക്ക്, അരിവാള്‍ ഉൾപ്പെടെയുള്ള രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍, വിദ്യാഭ്യാസം, പാർപ്പിടം, ആതുരശുശ്രൂഷ തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധം, നവലിബറല്‍ തൊഴിലിടങ്ങൾക്കാവശ്യമായ വൈദഗ്ധ്യമില്ലായ്മ തുടങ്ങിയ ഇല്ലായ്മകളെ വസ്തുനിഷ്ഠമായി വിലയിരുത്തി മാത്രമേ ‘പൊങ്ങിയ പല്ലുകൊണ്ടുമാത്രം സർക്കാർ ജോലി അന്യമായി പോകുന്ന ആദിവാസി യുവാവിനെ മനസ്സിലാക്കാന്‍ ശ്രമിക്കാവൂ.
കേരളത്തിലെ ദന്തമാർക്കറ്റില്‍ പല്ലുകള്‍ ക്രമപ്പെടുത്തുന്നതിനുള്ള ആധുനിക ചികിത്സക്ക് ഇപ്പോള്‍ ഏതാണ്ട് 40,000 രൂപക്കടുത്ത് ചെലവുണ്ട്. കേരളത്തില്‍ എത്ര ആദിവാസികൾക്ക് അത്ര തുക മുടക്കി പല്ല് നേരെയാക്കാന്‍ ശേഷിയുണ്ട്? അതിജീവനമാണ് ആദിവാസികളുടെ മുന്നിലുള്ള അടിയന്തര പ്രശ്നം. പല്ലിന്റെ സൗന്ദര്യമൊക്കെ അവരുടെ ആവശ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വിദൂരമായ ഒന്നായിരിക്കാനേ തരമുള്ളൂ. ആ നിലക്ക് കൃത്യമായ സമയത്ത് എന്തുകൊണ്ടാണ് പൊങ്ങിയ പല്ലുകളെ താഴ്ത്താഞ്ഞത് എന്ന ചോദ്യംതന്നെ ആദിവാസികളുടെ കാര്യത്തില്‍ ഉയരുന്നത് സാമൂഹിക ബോധമില്ലായ്മയുടെ സൂചകം മാത്രമാണ്. പല്ല് വിവാദത്തില്‍ കൂട്ടിച്ചേർക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം നിലവിലുള്ള മെഡിക്കല്‍ സാങ്കേതികവിദ്യകൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ശാരീരിക അവശതകളെ പരിഹരിക്കാന്‍ ഉദ്യോഗാർഥികൾക്ക് മതിയായ അവസരം കൊടുക്കണമെന്നതാണ്. ഇവിടെ ജോലി നിഷേധിക്കപ്പെട്ട വ്യക്തിയുടെ ദന്തപ്രശ്നം പരിഹരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍, കമ്പോളവ്യവസ്ഥയില്‍ പ്രശ്നം പരിഹരിക്കാനുള്ള സാമ്പത്തികശേഷിയില്ല. ആ നിലക്ക് പട്ടികവർഗ വികസന ഫണ്ടില്‍നിന്ന് ആധുനിക ദന്തചികിത്സ നേടാനുള്ള സഹായം അദ്ദേഹത്തിന് ലഭ്യമാക്കുകയാണ് വേണ്ടത്. എല്ലാവരുടെയും വികസനം ലക്ഷ്യമാക്കുന്ന ഒരു ക്ഷേമരാഷ്ട്രം ചെയ്യേണ്ടത് അതാണ്. അല്ലാതെ ‘നിന്റെ പല്ല് പൊങ്ങിയതാണ് അതുകൊണ്ടു ജോലിയില്ല’ എന്നു പറഞ്ഞ് ആട്ടിവിടുകയല്ല വേണ്ടത്. ആ പല്ലോടുകൂടിതന്നെ ആ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ആകാന്‍ കഴിയുമ്പോഴാണ് വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതായി മാറുന്നത്. സർക്കാർ ജോലികളില്‍ ആദിവാസികൾക്ക് മതിയായ പങ്കാളിത്തം കൊടുക്കുക എന്നതാണ് സാമ്പത്തിക വികസനത്തിന്റെ മുന്നുപാധി. അല്ലാതെ വർഷാവർഷം അവരെ വേഷംകെട്ടിച്ചും രക്ഷകവേഷമണിഞ്ഞ് കുറെ പേർ ഗീർവാണങ്ങൾ നടത്തിയും ആദിവാസി കലാമേള ആചരിച്ചതുകൊണ്ട് ആദിവാസി സംരക്ഷിക്കപ്പെടുകയോ വികസിക്കുകയോ ഇല്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

