ഭീതിയുടെ ട്രാക്കിൽ കേരളത്തിലെ യാത്ര
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ കുറവ് മുതൽ സുരക്ഷ സംവിധാനങ്ങളുടെ അഭാവവും പാളങ്ങളിലെ വിള്ളൽ ഭീഷണിയുംവരെ കാരണങ്ങൾ നിരവധിയുള്ള കേരളത്തിലും ട്രെയിൻ യാത്ര പൂർണ സുരക്ഷിതമല്ല. അതിവേഗ ആഡംബര യാത്ര ട്രെയിനുകൾ റെയിൽവേ വികസനത്തിന്റെ ദിശാസൂചകമായി ആഘോഷിക്കുമ്പോഴും അടിസ്ഥാന കാര്യങ്ങളിൽ ദൗർബല്യങ്ങൾ പ്രകടമാണ്. സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി പ്രതിദിനം ശരാശരി മൂന്ന് ലക്ഷത്തിനുമേല്‍ ആളുകളാണ് യാത്ര ചെയ്യുന്നത്. പാളം തെറ്റലുകളുണ്ടാകുമ്പോൾ അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതല്ലാതെ ഇതിന്റെ റിപ്പോർട്ടോ നടപടിയോ പുറത്തുവരാറില്ല. 2016 ജൂണിൽ അങ്കമാലിക്ക് സമീപം കുറുകച്ചാലില്‍ മംഗലാപുരം-തിരുവനന്തപുരം ട്രെയിൻ പാളം തെറ്റിയതും മൂന്ന് മാസം കഴിഞ്ഞ് 2016 സെപ്റ്റംബറിൽ കൊല്ലത്തുനിന്ന് കോട്ടയത്തേക്ക് പോയ ചരക്ക് ട്രെയിനിന്റെ ഒമ്പത് ബോഗികള്‍ കരുനാഗപ്പള്ളിക്ക് സമീപം മാരാരിത്തോട്ടത്ത് പാളം തെറ്റിയതുമടക്കം രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു.
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ച കവച് സംവിധാനം കേരളത്തിലെ ഒരു ട്രെയിനിൽ പോലും ഇനിയും ഏർപ്പെടുത്തിയിട്ടില്ല. സൗത്ത് സെൻട്രൽ സോണിലെ മിക്കവാറും ട്രെയിനുകളിൽ സംവിധാനം വേഗത്തിൽ നടപ്പാക്കുന്നുണ്ടെങ്കിലും കേരളം ഈ പരിഗണന വലയത്തിൽ ഇനിയുമെത്തിയിട്ടില്ല. ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് സംവിധാനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. പാളങ്ങളിലെ വേഗം വർധിപ്പിക്കുന്നതിന്റെ പേരിൽ അവകാശവാദങ്ങൾ ആവർത്തിക്കുന്നതല്ലാതെ സുരക്ഷിതമായ സംവിധാനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ഇഴച്ചിൽ പ്രകടമാണ്. ലോക്കോ പൈലറ്റുമാരുടെയും അസി.ലോക്കോ പൈലറ്റുമാരുടെയും എണ്ണക്കുറവും വലിയ പ്രതിസന്ധിയും സുരക്ഷ ഭീതിയുമാണ് സൃഷ്ടിക്കുന്നത്.
ദക്ഷിണ റെയിൽവേയിൽ നിലവിൽ ആകെ 570 ലോക്കോ പൈലറ്റുമാരുടെ ഒഴിവാണുള്ളത്. ചരക്കുവണ്ടികളുടെ എണ്ണം കൂടിയെങ്കിലും അതിനനുസരിച്ച് ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണവും വർധിച്ചിട്ടില്ല. ലോക്കോ പൈലറ്റുമാരുടെ എണ്ണം കുറഞ്ഞതോടെ ഇവർക്ക് അനുവദിച്ചിരുന്ന വിശ്രമസമയം കുറച്ചു. മുമ്പ് എട്ടു മണിക്കൂർ ജോലിചെയ്താൽ എട്ടു മണിക്കൂർ വിശ്രമമുണ്ടായിരുന്നത് നാലുമുതൽ ആറു മണിക്കൂർ വരെയാക്കി.