ടാവർ: ഹൃദ്രോഗ ചികിത്സയെ വേദനരഹിതമാക്കിയ കുതിപ്പ്
text_fieldsഅയോർട്ടിക് വാൽവിന്റെ ചുരുങ്ങൽ മൂലം ഹൃദയത്തിന് ഉണ്ടാകുന്ന ഗുരുതരാവസ്ഥയാണ് അയോർട്ടിക് സ്റ്റെനോസിസ്. 50 വയസ്സിന് മുകളിലുള്ളവരിൽ ഇത് സാധാരണയാണ്. ശസ്ത്രക്രിയയിലൂടെ അയോർട്ടിക് വാൽവ് മാറ്റിവെക്കൽ- സർജിക്കൽ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റാണ് (SAVR)ഈയടുത്ത കാലം വരെ സാധാരണമായ ചികിത്സാരീതി. എന്നാൽ, 75-80 വയസ്സിന് മുകളിലുള്ള രോഗികളിൽ പക്ഷാഘാതം, ഹൃദയമിടിപ്പിലുണ്ടാകുന്ന പ്രശ്നങ്ങൾ, രക്തസ്രാവം, പ്രായാധിക്യത്തിന്റെ മറ്റു ബുദ്ധിമുട്ടുകൾ എന്നിവ മൂലം ശസ്ത്രക്രിയ പലപ്പോഴും സങ്കീർണമാവുന്നു. ശ്വാസകോശ രോഗങ്ങൾ (COPD), പക്ഷാഘാതം, മറ്റ് ഗുരുതരമായ അസുഖങ്ങൾ, കാൻസർ എന്നിവയുള്ള രോഗികൾക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ അനുയോജ്യമല്ലതാനും.
ഈ വെല്ലുവിളികളെ അതിജീവിക്കാനാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ അയോർട്ടിക് വാൽവ് മാറ്റി വെക്കുന്ന ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ്/ഇംപ്ലാന്റേഷൻ (TAVR/TAVI) 2002ൽ അവതരിപ്പിക്കപ്പെട്ടത്. തുടക്കത്തിൽ, ഗുരുതര രോഗികൾക്കുമാത്രം ചെയ്തിരുന്ന ഈ ചികിത്സക്ക് 2012ൽ അമേരിക്കൻ എഫ്.ഡി.എയുടെ അംഗീകാരം ലഭിച്ചു. ഇന്ത്യയിൽ 2016-17 കാലഘട്ടത്തിൽ ഇത് കൂടുതൽ പ്രചാരത്തിലായി. ഇന്ന് അയോർട്ടിക് വാൽവ് രോഗത്തിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചികിത്സകളിലൊന്നാണ് TAVR. ലോകമെമ്പാടുമുള്ള അയോർട്ടിക് വാൽവ് മാറ്റിവെക്കലുകളിൽ 70 ശതമാനത്തോളവും ഇപ്പോൾ TAVR വഴിയാണ്.
ഇതിന് ജനറൽ അനസ്തേഷ്യ ആവശ്യമില്ല. പകരം കാലിന്റെ തുടയിടുക്കിൽ ലോക്കൽ അനസ്തേഷ്യ നൽകുന്നു. ഫെമറൽ ആർട്ടറിയിലൂടെ ഒരു പുതിയ കൃത്രിമ വാൽവ് അടങ്ങിയ ഒരു കത്തീറ്റർ ഹൃദയത്തിലേക്ക് കടത്തുന്നു. മൃഗങ്ങളുടെ ഹൃദയപേശികളോ കോശങ്ങളോ ഉപയോഗിച്ച് നിർമിക്കുന്ന ഈ വാൽവ് ഒരു ലോഹ ഫ്രെയിമിൽ ഘടിപ്പിച്ചതാണ്. ഫ്ലൂറോസ്കോപ്പി ഗൈഡൻസ് ഉപയോഗിച്ച് കത്തീറ്റർ, വാൽവിന്റെ സ്ഥാനത്തേക്ക് കൃത്യമായി എത്തിക്കുകയും വാൽവ് വികസിപ്പിച്ച് പഴയ വാൽവിന്റെ സ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂർ മാത്രമാണ് ഇതിന് സമയം വേണ്ടത്.
ഇന്ത്യൻ മെഡിക്കൽ ഉപകരണ നിർമാതാക്കളായ മെറിൽ ലൈഫ് സയൻസസ് (Meril Life Sciences) പോലുള്ള കമ്പനികളുടെ വരവോടെ ചികിത്സാ ചെലവുകൾ കുറഞ്ഞത് നമ്മുടെ രാജ്യത്ത് കൂടുതൽ രോഗികൾക്ക് TAVR ചികിത്സ ലഭ്യമാക്കാൻ സഹായിച്ചു. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ല, തീരദേശ കർണാടക, മലനാട് കർണാടക, വടക്കൻ മലബാർ മേഖലയിൽ നിന്നുള്ളവർ ഹൃദയരോഗ ചികിത്സക്കായി ആശ്രയിക്കുന്ന മംഗളൂരു ഇൻഡ്യാന ഹോസ്പിറ്റലിൽ 2019ലാണ് ആദ്യ TAVR ചികിത്സ നടക്കുന്നത്. ആറു വർഷത്തിനിടെ ഒട്ടനവധി പേർക്ക് വേദനയും സങ്കീർണതകളുമില്ലാതെ ആരോഗ്യം വീണ്ടെടുത്തു നൽകാൻ ഈ ചികിത്സാ രീതികൊണ്ടായി.
ആധുനിക ചികിത്സാ സംവിധാനങ്ങൾ നമ്മുടെ നാട്ടിലും ലഭ്യമാണ് എന്നതും ഈ മേഖലയിൽ കൂടുതൽ പഠന ഗവേഷണങ്ങൾ നടക്കുന്നു എന്നതും ആശ്വാസകരമാണ്. എന്നിരിക്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം മുൻകരുതലുകളാണ്. അതുകൊണ്ടുതന്നെ ഓരോ മനുഷ്യരും സ്വന്തം ഹൃദയത്തിന് വേണ്ടി ഒരൽപം കരുതൽ നൽകാൻ ഈ ഹൃദയദിനത്തിൽ തീരുമാനമെടുക്കുക. വ്യായാമം, ശുഭചിന്തകൾ, അനാവശ്യമായ വ്യാകുലതകൾ ഒഴിവാക്കൽ, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ ഇതിന് അത്യാവശ്യമാണ്.
(ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

