Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightആസിഫ്...

ആസിഫ് പെറുക്കിക്കൂട്ടിയ ആ നാണയത്തുട്ടുകൾ

text_fields
bookmark_border
asif jahangirpuri
cancel
camera_alt

ആ​സി​ഫ്​ ഉ​മ്മ​ക്കും കൊ​ച്ചു​പെ​ങ്ങ​ൾ​ക്കു​മൊ​പ്പം

വിറ്റുകിട്ടിയ പണം പോലും എടുക്കാൻ അനുവദിക്കാതെ ബുൾഡോസർ കൊണ്ടുവന്ന് തകർത്ത കടയിൽ നിന്ന് ചിതറിത്തെറിച്ച നാണയത്തുട്ടുകൾ പെറുക്കിക്കൂട്ടിയ ആസിഫ് എന്ന 12 കാരനില്ലേ? അവനും ഉമ്മക്കും ഇനിയും സ്വന്തം വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. മടങ്ങിയാലും സുപ്രീംകോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ട ശേഷം തകർത്തുകൊണ്ടുപോയ കടയുടെ സ്ഥാനത്ത് മറ്റൊന്ന് ഉയർത്താൻ ബി.ജെ.പി നിയന്ത്രിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അനുവദിക്കുമോ എന്നുമറിയില്ല. സമാധാന കമ്മിറ്റി മുൻകൈയെടുത്ത് ഡൽഹി പൊലീസുമായി സഹകരിച്ച് സംഘടിപ്പിച്ച തിരംഗ യാത്രയുടെ പിറ്റേന്ന് ആസിഫിനെയും ഉമ്മ റഹീമയെയും തേടി ചെന്നപ്പോൾ അവരുടെ വീട് അടഞ്ഞുകിടക്കുകയാണ്. ആ റോഡിലേക്ക് കടക്കാനാവില്ലെന്ന് കർശനമായി വിലക്കി മടക്കി അയച്ചു പൊലീസുകാർ.

റഹീമയെയും മകനെയും കാണാനാണെന്ന് പറഞ്ഞപ്പോൾ നാട്ടുകാരനായ ഷാക്കിർ തൊട്ടുപിന്നിലെ ഗലിയിലേക്ക് വഴികാട്ടി. അവിടെ ബന്ധുവീട്ടിൽ കഴിയുകയാണ് റഹീമയും മക്കളും. നോമ്പുകാലമായതിനാൽ പതിവ് പോലെ അന്ന് രാവിലെയും കിടന്നുറങ്ങുകയായിരുന്നു താനെന്ന് ആസിഫ് പറഞ്ഞു. കവലയിൽ നിന്ന് ബഹളം കേട്ട് വീടിന് പുറത്ത് വന്ന് നോക്കുമ്പോൾ ബുൾഡോസർ തകർത്തുകൊണ്ടിരിക്കുന്ന കടക്ക് അരികെ നിന്ന് ഉമ്മ കരയുന്നതാണ് കണ്ടത്. അവനും കരച്ചിൽ വന്നെങ്കിലും ഉമ്മക്ക് അൽപമെങ്കിലും ആശ്വാസമാകട്ടെ എന്ന് കരുതി ചിതറിത്തെറിച്ച നാണയത്തുട്ടുകളും പണവും പെറുക്കിക്കൂട്ടി. എല്ലാം കൂടി 200 രൂപ കിട്ടി.

ഒരുവിധ മുന്നറിയിപ്പും നൽകാതെയായിരുന്നു ബുൾഡോസർ കയറ്റിയത് എന്ന് റഹീമ പറഞ്ഞു. രാവിലെ പൊലീസ് ബുൾഡോസറുമായി വരുന്നത് കണ്ട് പന്തികേട് തോന്നിയതാണ്. എന്നാൽ സാധനങ്ങൾ എടുത്തുമാറ്റാൻ ഒരുങ്ങിയപ്പോൾ പൊലീസ് അനുവദിച്ചില്ല. ആക്രി വിൽപനക്കാരെ നീക്കം ചെയ്യാൻ വന്നതാണെന്നും കച്ചവടക്കാരെ തൊടില്ലെന്നും അവർ കള്ളം പറഞ്ഞു. 15 വർഷം കൊണ്ട് താൻ നുള്ളിപ്പെറുക്കി പതുക്കെ ഉയർത്തിയ കടയാണ് 15 മിനിറ്റ് കൊണ്ട് അവർ ഇടിച്ചുതകർത്തത്. രണ്ട് ലക്ഷം സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്തത് ഒമ്പതു മാസം മുമ്പാണ്. ഒന്നുമില്ലാതെ ശൂന്യമായ കൈകളിലേക്ക് ആസിഫ് ഏൽപിച്ച 200 രൂപ ആ മാതാവ് അങ്ങനെ തന്നെ മാറ്റിവെച്ചിരിക്കുന്നു.

ബുൾഡോസർ കയറ്റുന്നത് കണ്ട് കരഞ്ഞോടി വന്ന മകൻ നാണയത്തുട്ടുകൾ പെറുക്കുന്ന കരളലിയിക്കുന്ന രംഗം കണ്ട് സഹായവുമായെത്തിയ സുമനസ്സുകൾ തന്‍റെ നഷ്ടം നികത്തി എന്ന് റഹീമ കണ്ണീർ തുടച്ചു പറഞ്ഞു. എന്നാൽ കിട്ടിയ പണം കൊണ്ട് അവിടെ ഒരു കട തുടങ്ങാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയുമോ എന്നുറപ്പില്ല. പണിക്ക് പോകുന്ന ദിവസം ഭർത്താവിന് കിട്ടുന്ന 300 രൂപ കൊണ്ട് മൂന്ന് മക്കളുള്ള കുടുംബം പോറ്റാനാവില്ലെന്ന് കണ്ടപ്പോൾ ചെറുതായി തുടങ്ങിയ കച്ചവടമാണ്. കട നടന്നില്ലെങ്കിൽ കുടുംബത്തിന് ഭക്ഷണം കഴിക്കാൻ പോലും തികയില്ല.

തന്നെക്കാൾ ദയനീയമാണ് തന്‍റെ തൊട്ടടുത്ത് വസ്ത്രവ്യാപാരം നടത്തിയ ജമീറയുടെയും ഫുഡ് സ്റ്റാൾ നടത്തിയ റശീദയുടെയും കാര്യമെന്ന് പറഞ്ഞ് റഹീമ അവരെയും കാണിച്ചു തന്നു. തനിക്ക് സുമനസ്സുകളിൽ നിന്ന് സാമ്പത്തിക പിന്തുണയെങ്കിലും കിട്ടി. അവർക്ക് അതും കിട്ടിയിട്ടില്ല.

പെരുന്നാൾ കച്ചവടത്തിന് ജമീറ ഇറക്കിയ 60,000 രൂപയുടെ വസ്ത്രങ്ങളാണ് കടക്കൊപ്പം നശിച്ചുപോയത്. 35,000 രൂപയുടെ നഷ്ടമാണ് ഫുഡ്സ്റ്റാൾ പൊളിച്ചതിൽ റശീദക്കുണ്ടായത്. ബുൾഡോസറുകൾ തകർത്ത് കൊണ്ടുപോയ സ്ഥാനത്ത് ജീവിതമാർഗം പുനഃസ്ഥാപിക്കാൻ മുനിസിപ്പൽ കോർപറേഷൻ ഇനി അനുവദിക്കുമോ എന്ന അവരുടെ ചോദ്യത്തിന് ഉത്തരമില്ല.

'കേസ് നടത്താൻ സർക്കാറുണ്ട്, പിന്നെന്തിന് പേടിക്കണം?'

വർഗീയ സംഘർഷത്തിൽ കലാശിച്ച ഹനുമാൻ ജയന്തി ഘോഷയാത്രയുടെയും അക്രമത്തിന്‍റെയും പേരിൽ സ്വന്തം കുടുംബത്തിലെ നാലുപേർ അറസ്റ്റിലായി ജയിലിൽ കഴിയുമ്പോഴും പ്രധാന സംഘാടകരിൽ ഒരാളായ വി.എച്ച്.പിയുടെ സുരേഷ് സർകാറിന് ആശങ്കയൊന്നുമില്ല. മൂത്ത സഹോദരൻ സുഖേന്ദു സർകാറും അനന്തരവന്മാരായ സൂരജ് സർകാറും നീരജ് സർകാറും സൂര്യ സർകാറും അറസ്റ്റിലായിട്ടും സുരേഷ് കേസിനുവേണ്ടി ഓടിനടക്കുന്നുമില്ല. അഭിഭാഷകരെ തേടി നടക്കുന്നില്ല. അവർക്കെതിരെ എന്തു കുറ്റം ചുമത്തിയെന്നുപോലും സുരേഷ് അന്വേഷിച്ചിട്ടില്ല.


ഘോ​ഷ​യാ​ത്ര സം​ഘാ​ട​ക​ൻ സു​രേ​ഷ്​ സ​ർ​കാ​ർ പൂ​ജാ​രി പ​ണ്ഡി​റ്റ് ഓം ​നാ​ഥ് ബാ​ബ​ക്കൊ​പ്പം

സഹോദരന്‍റെയും അനന്തരവന്മാരുടെയും കേസുകൾ ആരു നോക്കും എന്ന ചോദ്യത്തിന് മറുപടി നൽകിയത് ഘോഷയാത്രയിൽ ഹനുമാൻ പ്രതിമ എഴുന്നള്ളിച്ച പൂജാരി പണ്ഡിറ്റ് ഓം നാഥ് ബാബയാണ്. ''ഹനുമാൻ ജയന്തി ഘോഷയാത്രയുടെ പേരിൽ ഒരു നിയമ പോരാട്ടം ഇനി ഞങ്ങൾ നടത്തേണ്ട കാര്യമില്ല. അറസ്റ്റിലായവരുടെ പേരിലുള്ള കേസ് സർക്കാർ നോക്കും'' -ബാബ പറഞ്ഞു.

അവരുടെ കാര്യം നോക്കാൻ സർക്കാറും ഹിന്ദുത്വ നേതാക്കളുമുണ്ടെന്ന് സുരേഷ് സർകാറും അടിവരയിട്ടു. ''വി.എച്ച്.പി മാത്രമല്ല, ഹിന്ദുത്വത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ എല്ലാ ഹിന്ദുത്വ നേതാക്കളും ഞങ്ങൾക്കൊപ്പമുണ്ടാകും. ഹിന്ദുധർമത്തിനും ഗോസംരക്ഷണത്തിനും വേണ്ടിയാണല്ലോ ഞങ്ങൾ പണിയെടുക്കുന്നത്. എന്നെയും 30 മണിക്കൂർ സമയം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഇരുത്തിയതാണ്. പിന്നീട് ഒന്നും പറയാതെ വിട്ടയക്കുകയും ചെയ്തു'' -സുരേഷ് തുടർന്നു. ജയിലിൽ പോയവരും ഇതുപോലെ ഇറങ്ങിവരുമെന്ന പ്രതീക്ഷയും സുരേഷ് പ്രകടിപ്പിച്ചു.

മൗനത്തിനു ഹിന്ദുത്വ വർഗീയത

രണ്ടു വർഷം മുമ്പ് വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ സമരക്കാർക്ക് നേരെ സംഘ്പരിവാർ നടത്തിയ വംശീയ ആക്രമണത്തിൽ മൗനം പാലിച്ച ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ ഇക്കുറി നിലപാട് കടുപ്പിച്ച് മുസ്‍ലിംകൾക്കെതിരെ ബി.ജെ.പി ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് രംഗത്തുവന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ സംഘർഷത്തിനു പിന്നിൽ റോഹിങ്ക്യൻ അഭയാർഥികളും ബംഗ്ലാദേശികളുമാണെന്നാണ് ഹിന്ദുത്വത്തിൽ ബി.ജെ.പിയുമായി സൗഹൃദപോരാട്ടം നടത്തുന്ന ആപിന്റെ നിലപാട്.

കലാപങ്ങളുണ്ടാക്കാനായി ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും രാജ്യമൊട്ടുക്കും ബി.ജെ.പി താമസിപ്പിച്ചിരിക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പാർട്ടി വക്താവ് ആതിഷിയും ആരോപിച്ചു. ബംഗ്ലാദേശി, റോഹിങ്ക്യൻ പേരുകളിട്ട് ബംഗാളി മുസ്‍ലിംകൾക്കുമേൽ കലാപക്കുറ്റം ചുമത്തുന്ന ബി.ജെ.പി അജണ്ട കൂടുതൽ വൈകാരികമായി പ്രചരിപ്പിക്കുകയാണ് ഇതിലൂടെ ആപ് സർക്കാർ ചെയ്തത്.

ഡൽഹിയിലെ കോളനികളെല്ലാം നിയമവിധേയമാക്കുമെന്നും കുടിയിറക്കൽ അനുവദിക്കില്ലെന്നും പണ്ട് വീരസ്യം പറഞ്ഞിട്ടുള്ളയാളാണ് ആം ആദ്മി പാർട്ടിയുടെ പരമാചാര്യനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. എന്നാൽ, തലസ്ഥാനത്ത് വർഗീയ സംഘർഷവും അതേ തുടർന്നുള്ള ഏകപക്ഷീയമായ ഇടിച്ചുനിരത്തലും അരങ്ങേറിയിട്ടും കെജ്‍രിവാളോ മന്ത്രിമാരോ പാർട്ടിയുടെ ഏതെങ്കിലും പ്രധാന നേതാക്കളോ അങ്ങോട്ട് തിരിഞ്ഞുനോക്കിയതുപോലുമില്ല.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jahangirpuri violence
News Summary - Those coins that Asif picked up
Next Story