ആസൂത്രിതം ഈ ക്രൈസ്തവവേട്ട
text_fieldsഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ അന്യായ അറസ്റ്റ്, ശാരീരിക അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തൽ, പ്രാർഥനായോഗങ്ങൾ അലങ്കോലപ്പെടുത്തൽ, മൃതദേഹ സംസ്കാരം തടയൽ എന്നിവയുൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്രൈസ്തവ സമൂഹത്തിനെതിരെ 334 അക്രമ സംഭവങ്ങളാണ് നടമാടിയത്. രേഖപ്പെടുത്തിയ 334 കേസുകൾ യഥാർഥ സംഭവങ്ങളുടെ ഒരു ചെറുഭാഗം മാത്രമാണ്. ഭീഷണി, അതിക്രമങ്ങളിൽ പൊലീസും രാഷ്ട്രീയപാർട്ടികളും വഹിക്കുന്ന പങ്ക്, കേസെടുക്കാനുള്ള വിമുഖത എന്നിവ കാരണം പല അക്രമ സംഭവങ്ങളും പുറത്തുവരാറില്ല. മാധ്യമങ്ങൾപോലും ആക്രമികളുടെ പക്ഷം പിടിക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്.
ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യയുടെ റിലിജിയസ് ലിബർട്ടി കമീഷൻ (RLC)ശേഖരിച്ച കണക്ക് പ്രകാരം ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന അവകാശങ്ങളെപ്പോലും ഹനിച്ചുകൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. ഉത്തർപ്രദേശിൽ 95 സംഭവങ്ങളും ഛത്തിസ്ഗഢിൽ 86 സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതമാറ്റ നിരോധനിയമങ്ങളുടെ മറവിൽ നിയമബാഹ്യമായി ക്രൈസ്തവർ ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളും ഭരിക്കുന്നതാരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മധ്യപ്രദേശ് (22), ബിഹാർ (17), രാജസ്ഥാൻ (15), ഹരിയാന (15), കര്ണാടക, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലാണ് മറ്റ് അതിക്രമങ്ങൾ അരങ്ങേറിയിരിക്കുന്നത്.
കൂടുതൽ അക്രമ സംഭവങ്ങൾ നടന്നിരിക്കുന്നത് പ്രാർഥനകൾക്കായി ഒത്തുകൂടുന്ന ഞായറാഴ്ചകളിലാണെന്നത് വർഗീയ അതിക്രമകാരികളുടെ ആസൂത്രണവും വിദ്വേഷ ബുദ്ധിയും വെളിപ്പെടുത്തുന്നു. ഞങ്ങൾ വകവെച്ചുതന്നാലല്ലാതെ ഭരണഘടന അനുവദിച്ച വിശ്വാസ-ആരാധനാ സ്വാതന്ത്ര്യം നിങ്ങൾക്ക് വിനിയോഗിക്കാനാവില്ല എന്ന സന്ദേശമാണ് അവർ നൽകുന്നത്. സ്വന്തം സ്വകാര്യ ഭൂമിയിൽപോലും ക്രൈസ്തവ വിശ്വാസപ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താൻ അനുവദിക്കപ്പെടാത്തത് മൃതദേഹത്തോടുപോലും പുലർത്തുന്ന ശത്രുതയും ക്രൂരതയുമായല്ലേ കാണാനാകൂ- ഛത്തിസ്ഗഢിൽ മാത്രം 13 സംസ്കാരാവകാശ നിഷേധങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
2025 ജൂലൈയിൽ ഛത്തിസ്ഗഢിലെ ഭിലായിയിൽ ആറ് പാസ്റ്റർമാരെ അകാരണമായി അറസ്റ്റ് ചെയ്ത് ദുർഗ് ജയിൽ കൊടിയ മർദനത്തിനിരയാക്കി. പൊലീസ് കസ്റ്റഡിയിൽ നടന്ന പീഡനങ്ങൾക്ക് ശക്തമായ തെളിവുകളുണ്ടായിട്ടും ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
2025 ജൂലൈ 25ന്, ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ സന്യാസിനിമാർ എല്ലാ രേഖകളും നൽകിയിട്ടും അവർക്കെതിരെ മതംമാറ്റ-മനുഷ്യക്കടത്ത് കേസുകൾ ചുമത്തപ്പെട്ടു. അതേസമയം, റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും കോടതിക്കു മുന്നിലും നിയമത്തെ വെല്ലുവിളിക്കുകയും ഭരണഘടനാ മൂല്യങ്ങളെ അവഹേളിക്കുകയും ചെയ്ത ജ്യോതി ശർമ ഉൾപ്പടെയുള്ള ദുർഗാവാഹിനി-ബജ്രംഗ്ദൾ-സംഘ്പരിവാർ പ്രവർത്തകർക്ക് യാതൊരു നിയമവും നടപടികളും ബാധകമാവുന്നില്ല.
നിർബന്ധിത മതംമാറ്റം തടയാൻ എന്ന നാട്യേന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന നിയമങ്ങൾ ഒരർഥത്തിൽ ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമായ രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ നിയമവിദഗ്ധർ പലരും തുടക്കം മുതൽക്കുതന്നെ ചൂണ്ടിക്കാണിച്ചതാണ്. ഈ നിയമങ്ങൾക്കെതിരെ വിശ്വാസികളും പൗരാവകാശ പ്രവർത്തകരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി എന്തുകൊണ്ടോ ഇക്കാര്യത്തിന് അടിയന്തരപ്രാധാന്യം കൽപ്പിച്ചുകാണുന്നില്ല.
ഭരണകൂടത്തിന്റെ രക്ഷാകർതൃത്വമുണ്ട് എന്ന വിശ്വാസമാണ് രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ അതിക്രമം പ്രവർത്തിക്കാൻ വർഗീയ-വിദ്വേഷ ഫാഷിസ്റ്റ് കൂട്ടായ്മകൾക്ക് ധൈര്യം പകരുന്നത്. ഭരണഘടന ഒപ്പമുണ്ട് എന്ന നിയമത്തിലും നീതിയിലും വിശ്വസിക്കുന്ന ഓരോ മനുഷ്യരെയും നിരാശപ്പെടുത്തുന്ന മട്ടിലാണ് സർക്കാറുകളും പൊലീസും ജുഡീഷ്യറിയും പലപ്പോഴും പെരുമാറുന്നത് എന്നത് അത്യന്തം ഖേദകരം തന്നെ. മതമാറ്റ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, സുപ്രീംകോടതി ഇടപെടാൻ വൈകും തോറും ഇന്ത്യൻ മതനിരപേക്ഷത അപകടാവസ്ഥയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

