Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമലബാർ സമരം: അവർ ആ കഥകൾ...

മലബാർ സമരം: അവർ ആ കഥകൾ നമുക്കായി കാത്തുവെച്ചു

text_fields
bookmark_border
മലബാർ സമരം: അവർ ആ കഥകൾ നമുക്കായി കാത്തുവെച്ചു
cancel
camera_alt

വര: ശബ്​ന സുമയ്യ

മലബാർ സമരത്തിന്​ നൂറ്റാണ്ടു​തികയുന്ന വേളയിൽ, പോരാളികളെ ചരിത്രരേഖകളിൽനിന്ന്​ വെട്ടിമാറ്റാനും ചിത്രവധം ചെയ്യാനും ഒരുക്കങ്ങൾ നടക്കവെ സമരത്തി​െൻറ പ്രഭവകേന്ദ്രങ്ങളിൽ ജീവിച്ച പൂർവികരിൽനിന്ന്​ കേട്ടറിഞ്ഞ നേർസാക്ഷ്യങ്ങളിലൊന്ന്


മാപ്പിള ലഹളയെന്ന്​ മലയാളത്തിലും മോപ്ലാ റബലിയൻ എന്ന്​ ബ്രിട്ടിഷ്​ കോളനിരേഖകളിലും അറിയപ്പെടുന്ന സംഭവങ്ങൾക്ക്​ നൂറ്റാണ്ട്​ തികഞ്ഞിരിക്കുന്നു​ ഈ ആഗസ്​റ്റിൽ. അക്കാലഘട്ടത്തിൽ ജീവിച്ചവരുടെ സുപ്രധാന അനുഭവമാണത്​. സംഭവത്തെക്കുറിച്ച്​ അക്കാദമിക പഠനങ്ങൾ ഏറെയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ ഓർമക്കുറിപ്പുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

അന്നു നടന്നതെന്തൊക്കെയാണ്​ എന്നതിന്​ വ്യക്തത ലഭിക്കാൻ 92 വയസ്സ്​ പ്രായമുള്ള ഒരു വ്യക്തിയോട്​ ഞാൻ കാര്യങ്ങൾ ചോദിച്ചു. അവർ അന്ന്​ ജനിച്ചിട്ടില്ല. കുഞ്ഞായിരിക്കെ കുടുംബത്തിലെ മുതിർന്ന ആളുകൾ പറഞ്ഞുകൊടുത്ത വിവരങ്ങളാണ്​ അവർക്കുള്ളത്​. അതുവഴി കേട്ടറിഞ്ഞ കാര്യങ്ങൾ ഇതെല്ലാമാണ്​:

പ്രവിശാലമായ മദ്രാസ്​ പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ ഏറനാട്​ മേഖലയിലുള്ള വാളക്കുളം ഗ്രാമത്തിലാണ്​ അവരുടെ കുടുംബം പാർത്തിരുന്നത്​. ഒരു ഭൂവുടമ കുടുംബം, ഏതാണ്ടെല്ലാ കുടിയാന്മാരും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്​ലിംകൾ. അവരുടെ അച്ഛൻ ഗ്രാമത്തിലെ അധികാരിയായിരുന്നു. ഇന്ത്യയിലെ കർഷകർക്കു​മേൽ ബ്രിട്ടീഷ്​ ഭരണകൂടം അടിച്ചേൽപിച്ച കപ്പംപിരിക്കാനുള്ള ചുമതലയുള്ളയാൾ. നാട്ടിലെ ചെറുതർക്കങ്ങളിലും പ്രശ്​നങ്ങളിലുമെല്ലാം മധ്യസ്​ഥനായി വർത്തിച്ചിരുന്നതിനാൽ ജനങ്ങളുമായി അടുത്ത ബന്ധവും അധികാരിക്കുണ്ടായിരുന്നു.

മാപ്പിള മുന്നേറ്റം ആരംഭിച്ച ഘട്ടത്തിലെ ഒരു രാത്രി ഏറെ വൈകി ഒരു കൂട്ടം മാപ്പിളമാർ തറവാട്ടുവീട്ടിലെത്തി അധികാരിയെ കാണണമെന്നാവശ്യപ്പെട്ടു. 25 വയസ്സ്​​ മാത്രമേ അന്നുള്ളൂവെങ്കിലും താവഴിയിലെ മുതിർന്ന പുരുഷ അംഗം എന്ന നിലയിൽ തറവാട്ട്​ കാരണവരുമായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തെക്കാണാൻ പുറത്തേക്ക്​ പോകരുതെന്ന്​ വീട്ടിലെ സ്​ത്രീകൾ ഒരുപാട്​ പറഞ്ഞുനോക്കിയെങ്കിലും അധികാരി പുറത്തിറങ്ങി. അധികാരി എന്ന നിലയിലെ ഉത്തരവാദിത്ത നിർവഹണത്തി​​​െൻറ ഭാഗമായാണോ, കുടുംബത്തി​െൻറ സുരക്ഷ ഉറപ്പാക്കാനാണോ അങ്ങനെ ഇറങ്ങിപ്പോയത്​ എന്നറിഞ്ഞു കൂടാ, എന്തു തന്നെയാണെങ്കിലും ആ കണ്ടുമുട്ടൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

കരുതലി​െൻറ ഓർമകൾ

'അച്ഛാ' എന്നു വിളിച്ചു കയറിവന്ന അവർ പറഞ്ഞത്​ കുടുംബത്തിന്​ സംരക്ഷണം നൽകാനാണ്​ തങ്ങൾ എത്തിയത്​ എന്നായിരുന്നു. അദ്ദേഹത്തി​െൻറ കൈവശമുണ്ടായിരുന്ന തോക്ക്​ കൈമാറാൻ അവർ ആവശ്യപ്പെട്ടു. അദ്ദേഹത്തെ നിരായുധനാക്കാനോ അതോ, ആത്​മരക്ഷക്കു​ വേണ്ടിയോ അവരത്​ ആവശ്യപ്പെട്ടത്​ എന്ന്​ തീർച്ചയില്ല. അടുത്ത ദിവസങ്ങളിൽ അവർ വീടിനുമുന്നിൽ കാവലായി നിലയുറപ്പിച്ചു. അങ്ങനെയിരിക്കെ, ഒരു നാൾ, പുറംനാട്ടുകാരും വിരോധികളുമായ ഒരുകൂട്ടം മാപ്പിളമാർ ഇവിടേക്ക്​ വരുന്നു​െവന്ന രഹസ്യ വിവരം കിട്ടിയെന്നും അതിനാൽ, എല്ലാവരും ഉടനെ സ്​ഥലം വിടണമെന്നും അവർ കുടുംബത്തെ അറിയിച്ചു.

കുടിയാന്മാരുടെ അകമ്പടിയിൽ കുടുംബത്തെ കോട്ടക്കൽ കോവിലകത്തിൽ സുരക്ഷിതരായി എത്തിച്ചു-മലബാർ വാണിരുന്ന സാമൂതിരിയുടെ കിഴക്കൻ അതിർത്തിയായിരുന്നു കോവിലകം. മാപ്പിളമാർ കാണിച്ച കരുതൽ പ്രശംസിക്കപ്പെടേണ്ടതു തന്നെയായിരുന്നു. പ്രശ്​നങ്ങളെല്ലാം അവസാനിച്ച്​ കുടുംബം തറവാട്ടിലേക്ക്​ തിരിച്ചെത്തിയപ്പോൾ അവിടെ നിർത്തിപ്പോയ കർഷക തൊഴിലാളിയുടെ കരം ഛേദിക്കപ്പെട്ട നിലയിലായിരുന്നു.

ഈ അനുഭവനകഥനം നടത്തിയ ആൾ പിന്നീട്​ വിവാഹം കഴിച്ചെത്തിയ പരപ്പനങ്ങാടിയിലെ കുടുംബത്തിനും ഒരു കഥ പറയാനുണ്ടായിരുന്നു. അവരുടെ ശ്വശുരൻ മുൻസിഫ്​ കോടതിയിലെ അഭിഭാഷകനായിരുന്നു. ആദ്യം പറഞ്ഞ അധികാരി കുടുംബത്തിനുണ്ടായിരുന്നതിന്​ സമാനമായ പ്രാദേശിക പിന്തുണ ഈ കുടുംബത്തിന്​ ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. എന്നിരിക്കിലും അവരും അഭയം തേടിയത്​ കോട്ടക്കൽ കോവിലകത്താണ്​. കലാപത്തി​െൻറ ആദ്യ തീപ്പൊരിയുയർന്ന തിരൂരങ്ങാടി നഗരം താണ്ടി​, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന കാളവണ്ടികളിലേറി 25 കിലോമീറ്ററോളം സഞ്ചരിച്ച്​ അവർ അവിടെ എത്തിപ്പെട്ടത്​ എങ്ങനെയായിരിക്കുമെന്ന്​ ഊഹിക്കാനാവില്ല. കലാപകാരികൾ ആക്രമിച്ചിരുന്നുവെങ്കിൽ കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. എന്നിട്ടും അവർ അതിജീവിച്ചു, മടങ്ങിയെത്തിയ ശേഷം അഭിവൃദ്ധിപ്പെടുകയും ചെയ്​തു. ഈ യാത്രയിൽ അവരെ സഹായിച്ചത്​ മാപ്പിളമാർ തന്നെയാണെന്ന്​ വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്​. കോളനി ഭരണകൂടം രാജ്യദ്രോഹക്കുറ്റത്തിൽ കുരുക്കിയ ചില മാപ്പിളമാർക്കു വേണ്ടി വാദിക്കാൻ അവിടത്തെ കാരണവർ മദ്രാസിലേക്ക്​ പോയത്​ കുടുംബ​ത്തെ സംരക്ഷിച്ചതിനുള്ള പ്രത്യുപകാരമായിരിക്കാനേ തരമുള്ളൂ.

അടുത്ത കഥ കാഥികയുടെ മുതുമുത്തശ്ശിയുടേതാണ്​. കോട്ടക്കലിനടുത്തുള്ള എസ്​റ്റേറ്റിൽ ഭക്തിമാർഗത്തിൽ കഴിഞ്ഞുപോരുകയായിരുന്നു അവർ. സഹായത്തിനായി ഏതാനും ചിലർ മാത്രമാണവർക്കുണ്ടായിരുന്നത്. സാഹചര്യം കലുഷമായ ഘട്ടത്തിൽ പ്രാദേശിക മാപ്പിളമാർ അവർക്ക്​ സുരക്ഷയൊരുക്കാൻ ഓടിയെത്തി. പുറത്ത്​ നടക്കുന്ന പ്രശ്​നങ്ങളുടെ ഗുരുതരാവസ്​ഥയൊന്നുമറിയാത്ത അവർ 'എന്നെ എങ്ങനെയെങ്കിലും മകൻ ഗോപാല​െൻറ അടുത്ത്​ എത്തിച്ചാൽ മതി'​ എന്നു പറഞ്ഞുകാണും. എവിടേക്കാണ്​ അവ​രെ കൊണ്ടുപോയതെന്നറിയില്ല, പക്ഷേ പല്ലക്കിലേറ്റിയാവും അത്​ എന്നുറപ്പാണ്​.

ഈ കഥ പറയാൻ അവർ അവശേഷിക്കുകയും ചെയ്​തു. കലാപത്തി​െൻറ പ്രഭവ കേന്ദ്രത്തിലുണ്ടായിരുന്ന ഒരു വലിയ കുടുംബത്തിൽ നിന്ന്​ ചിതറിപ്പോയ അംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നു. മാപ്പിള കുടിയാന്മാർ കാണിച്ച അനിതരസാധാരണമായ സഹാനുഭൂതിയാണ്​ അവരെ രക്ഷപ്പെടുത്തിയത്​.

തരിമ്പില്ല വിദ്വേഷം

ഇനി ഞാൻ പറ​യ​ട്ടെ, ഈ കഥ പറഞ്ഞത്​ മറ്റാരുമല്ല, എ​െൻറ അമ്മ തന്നെയാണ്​. 1921ലെ പ്രക്ഷുബ്​ധ കാലത്തെ അനുഭവങ്ങളെ കുടുംബത്തിലെ മുതിർന്നവർ എങ്ങനെയാണ്​ കാണുന്നതെന്നറിഞ്ഞ്​ ഞാൻ ​​അമ്പരന്നിട്ടുണ്ട്​. അവർ അവരോട്​ പറഞ്ഞത്​ മനുഷ്യപ്പറ്റി​െൻറ ലളിതമായ കഥകളായിരുന്നു. തങ്ങളെ രക്ഷപ്പെടുത്താനായി ജീവൻ പണയപ്പെടുത്തിയ മാപ്പിള കുടിയാന്മാരുടെ വീരകഥകൾ. അവരുടെ കാരണവന്മാരുടെ ധീരതയുടെ ആത്മാഭിമാനം തുടിക്കുന്ന കഥകൾ. അതിലെവിടെയും പ്രതികാരവാഞ്​ഛയുണ്ടായിരുന്നില്ല. അടിച്ചമർത്തലി​െൻറ ജന്മിത്വത്തെ അവർ വെള്ളപൂശിയതുമില്ല.

പിന്നെയോ, ആത്യന്തികമായി നാട്ടിലെ എല്ലാ മനുഷ്യരെയും ബാധിച്ച ദുരന്തമായാണ്​ എ​െൻറ പൂർവികർ അന്നത്തെ കലാപത്തെ വിലയിരുത്തിയത്​. ചൂഷണാധിഷ്​ഠിതമായ കാർഷിക സ​മ്പ്രദായത്തിനെതിരെ ഉണർന്നെണീക്കുകയും അതിശക്​തമായ സാമ്രാജ്യത്വത്തിനെതിരെ പ്രാകൃതമായ ആയുധങ്ങളുമായി ധീരമായി ​പൊരുതുകയും ചെയ്​ത മാപ്പിളമാർ ഒടുവിൽ അടിച്ചൊതുക്കപ്പെട്ടു. ​ബ്രിട്ടീഷുകാർ ഗുഡ്​സ്​ വാഗണിലേറ്റി മലബാറിൽ നിന്ന്​ കടത്തിക്കൊണ്ടുപോകും വഴിയാണ്​ അവരിൽ കുറെയേറെ പേർ പിടഞ്ഞുമരിച്ചത്​.

ഫ്യൂഡൽ ജന്മിവ്യവസ്​ഥയുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദുക്കൾ മറ്റൊരു വിശ്വാസം തങ്ങളുടെ മേൽ അടിച്ചേൽപിക്കപ്പെട്ടതി​െൻറ ആഘാതമനുഭവിച്ചു. ഈ ദുസ്വപ്​നങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ടവർക്ക്​ തങ്ങളുടെ ആരാധാനാലയങ്ങൾ അശുദ്ധമാക്കപ്പെടുന്നതിന്​ സാക്ഷ്യം വഹിക്കേണ്ടി വന്നു, 1992ൽ ഒരു ആൾക്കൂട്ടം ബാബരി മസ്​ജിദ്​ നശിപ്പിച്ചത്​ കാണേണ്ടി വന്നതുപോലെ.

1921ൽ മലബാറിൽ നടന്ന സംഭവങ്ങളെക്കുറിച്ച്​ മാതാപിതാക്കളിൽനിന്ന്​ ഞാൻ കേട്ട കഥകളിൽ മാനവികവും ശുഭപര്യവസായികളുമായതുണ്ടായിരുന്നു. എന്നാൽ, എല്ലാം അങ്ങനെയാവണമെന്നില്ല. എന്നിരുന്നാലും എല്ലാ കഥകളും നാം അംഗീകരിച്ചേ മതിയാവൂ, അപ്രിയമായവ പോലും. ആ കഥകൾ​ സഹജീവനത്തി​െൻറ ഗതകാലം നമ്മെ ഓർമപ്പെടുത്തുന്നു, ഒന്നുചേർന്നുള്ള ഭാവിക്കായി അതു നമ്മെ സുസജ്ജമാക്കുകയും ചെയ്യുന്നു.

(ധനതത്ത്വശാസ്​ത്രജ്​ഞനും ഹരിയാന സോനിപത്തിലെ അശോക സർവകലാശാല അധ്യാപകനുമായ ലേഖകൻ ദ ഹിന്ദുവിലെഴുതിയത്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1921Malabar Rebellion
News Summary - They lived to tell the tale: Revisiting the Moplah Rebellion of 1921
Next Story