Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനം തെരുവിലാണ്; ഇന്ത്യ, ഫ്രാൻസ്, സ്‍പെയിൻ ജനകീയ പ്രക്ഷോഭങ്ങളിൽ സിംഹാസനങ്ങൾ ഇളക്കുമോ?

text_fields
bookmark_border
https://www.madhyamam.com/tags/public-protest
cancel

പതിറ്റാണ്ടുകൾ അടിച്ചമർത്തലുകൾക്കും കോളനിഭരണത്തിനും കീഴിൽ അടിമകളായി കഴിഞ്ഞ സമൂഹങ്ങൾ പുതിയ പോരാട്ടമുഖം തുറന്നു തെരുവിലിറങ്ങിയതിന്റെ ഫലമായാണ് ലോകം സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറിയത്.

പതറാത്ത ചുവടുകളുമായി ഗാന്ധിയും മണ്ടേലയും ​എഴുന്നേറ്റു നിന്നപ്പോൾ പതിനായിരങ്ങൾ അവർക്ക് പിന്നിൽ അണിനിരക്കുകയും അതൊരു മഹാപ്രവാഹമായി സ്വാതന്ത്ര്യമെന്ന കടൽപരപ്പാകുകയും ചെയ്തതിന് ഇന്ത്യയും, ആഫ്രിക്കയും സാക്ഷിയാണ്.

അതിനും മുമ്പ്, അമേരിക്കൻ സ്വാതന്ത്ര്യ സമരവും, ഫ്രഞ്ച് വിപ്ലവവും ലോകചരിത്രത്തെ മാറ്റിമറിച്ചുകൊണ്ട് പുതിയ ചിത്രം വരച്ചുതുടങ്ങിയിരുന്നു. കോളനി ഭരണം, രാജവാഴ്ച എന്നിവക്കു പകരം പതിയെ ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂത്തുതുടങ്ങി.

ലോകചരിത്രത്തിലെ ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമായി ഉടലെടുത്തതാണ് എന്നു തോന്നാമെങ്കിലും അവക്കു പിറകിൽ നിലക്കാത്ത ഊർജവും ജനങ്ങളുടെ സ്വാതന്ത്ര്യദാഹവുമുണ്ടായിരുന്നു. ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല’, ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ തുല്യാവകാശത്തിന്റെ മുദ്രാവാക്യങ്ങൾ ലോകമെമ്പാടുമുള്ള വിപ്ലവ/ജനാധിപത്യ പോരാട്ടങ്ങൾക്കു നൽകിയ ഊർജം ചെറുതല്ല. എല്ലായിടങ്ങളിലും ജനങ്ങൾ പോരാട്ടങ്ങളുമായി തെരുവിലായിരുന്നു എന്നതാണ് ഇതിലെ പൊതുകാര്യം.

ജനാധിപത്യം എന്നതുകൊണ്ട് എന്താണോ അർഥമാക്കിയത്, അതിന് നേർവിപരീതമായി അതിനെതന്നെ ചിലർ ഉപയോഗപ്പെടുത്തിയതിന് പിന്നീട് ലോകം സാക്ഷിയായി. ജനാധിപത്യത്തിന്റെ മറപിടിച്ച് സർവാധിപത്യം അടക്കിവാഴുന്ന കാഴ്ച. സ്വാതന്ത്ര്യ നിഷേധവും, അവകാശ നിഷേധവും, പൗരത്വ നിഷേധങ്ങളും ഇതിനൊപ്പം സ്ഥാനംപിടിച്ചു.

ഈ ഘട്ടത്തിലാണ് അവകാശങൾ തിരിച്ചുപിടിക്കുന്നതിനായി സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളുമായി ജനം വീണ്ടും തെരുവിലിറങ്ങിത്തുടങ്ങിയത്.

2011ല്‍ തുനീഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം അറബ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പടര്‍ന്ന് അറബ് വസന്തമെന്ന പേരിൽ ചരിത്രംകുറിച്ചു. അടുത്തിടെ ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭരണകൂടങ്ങളെ താഴെയിറക്കി ജെൻ സികൾ സമരമുഖങ്ങളുടെ പുതിയ അധ്യായം അവതരിപ്പിച്ചു. കെനിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, പെറു, മൊറോക്കോ, മഡഗാസ്‌കര്‍ എന്നിവിടങ്ങളിലെല്ലാം സമരവേലിയേറ്റങ്ങളുണ്ടായി. ഭരണകൂടങ്ങൾക്ക് പൊള്ളി.

ഇന്ത്യയിലും, ഫ്രാൻസിലും, സ്‍പെയിനിലും, അമേരിക്കയിലും പല രൂപത്തിലുള്ള ആവശ്യങ്ങളുമായി ജനകീയ പ്രക്ഷോഭങ്ങൾ ചൂടുപിടിക്കുകയാണ്. പൗര സമൂഹത്തിന്റെ കൂട്ടായ ശബ്ദങ്ങൾക്കു മുന്നിൽ ഇവിടങ്ങളിലെ ഭരണകൂടത്തിന്റെ കടുംപിടിത്തങ്ങൾ അയയുമോ എന്നതാണ് ഇനി കാത്തിരിക്കാനുള്ളത്.

ഇന്ത്യയിലെ ജെൻ സികൾ

തൊഴിൽരഹിതരായ യുവാക്കൾ, മാധ്യമപ്രവർത്തകരും സമൂഹമാധ്യമ പ്രവർത്തകരും ആർ.ടി.ഐ ആക്റ്റിവിസ്റ്റുകളുമായി മാറി പാറ്റകളെപ്പോലെ വ്യവസ്ഥിതിയെ ആക്രമിക്കുന്നു എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശത്തിൽ നിന്നാണ് ഇന്ത്യയിൽ പുതിയൊരു രാഷ്ട്രീയ വഴിതിരിവിന്റെ തുടക്കം.

ഇന്ത്യൻ യുവതയുടെ പുതിയ പ്രതീകമയ അഭിജീത് ദിപ്കെ ഈ പരാമർശത്തെ കടമെടുത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രൂപവത്കരിച്ചു. ഇതിന് ഇന്ത്യൻ യുവത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും വലിയ പിന്തുണ ലഭിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യത്തെ പ്രവേശന പരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ച ചർച്ചയാക്കി കോക്രോച്ച് ജനതാ പാർട്ടി തെരുവിൽ ഇറങ്ങുകയും പുതിയൊരു സമരരൂപത്തിന് ഡൽഹി ജന്തർ മന്തർ സാക്ഷിയാകുകയും ചെയ്തു. ശക്തമായ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെച്ചു ഒഴിയേണ്ടിവന്നു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റകൾ ഇപ്പോൾ സമരരംഗത്തുണ്ട്. മുഴുവൻ പ്രതിപക്ഷ പാർട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ഗ്യാനേഷ് കുമാറിന്റെ രാജിയിൽ മാത്രം ഈ പ്രക്ഷോഭം അവസാനിക്കില്ലെന്ന് തീർച്ച.

ഫ്രാൻസിലെ വിദ്യാർഥികൾ

വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഫണ്ടും മെച്ചപ്പെട്ട സാഹചര്യങ്ങളും ആവശ്യപ്പെട്ട് ഫ്രാൻസിൽ വിദ്യാർഥികൾ സമരരംഗത്താണ്. പാരീസിലെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്തെ ഹൈസ്‌കൂളിൽ നിന്നാണ് പ്രതിഷേധങ്ങളുടെ തുടക്കം. ക്ലാസ്മുറികളിലെ അമിത തിരക്ക്, അധ്യാപകരുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കടുത്ത ക്ഷാമം, കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, ടോയ്‌ലറ്റ്-കുടിവെള്ള സൗകര്യങ്ങളുടെ കുറവ് എന്നിവക്കെതിരെയാണ് വിദ്യാർഥികൾ രംഗത്തിറങ്ങിയത്. സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച സമരം രാജ്യത്തുടനീളം വളരെ വേഗത്തിൽ പടർന്നു. പാരീസ്, മാര്‍സെയില്‍, നാന്റെസ്, ലിയോണ്‍ നഗരങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു.

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകളും തെരുവിലിറങ്ങി. സമരക്കാർ സ്‌കൂളുകള്‍ ഉപരോധിക്കുകയും റോഡിലിറങ്ങുകയും ചെയ്തു. 500ഓളം സ്‌കൂളുകള്‍ താൽക്കാലികമായി അടച്ചുപൂട്ടി.

അറസ്റ്റും അടിച്ചമർത്തലുമായി പൊലീസും രംഗത്തിറങ്ങിയതോടെ സമരം ആളിക്കത്തി. രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ കഴിഞ്ഞദിവസം ഏകദേശം 71,500 പേരാണ് പങ്കെടുത്തത്. പാരീസ് നഗരം വൻറാലിക്കും സാക്ഷിയായി.

3,000 അധ്യാപകരെക്കൂടി അടിയന്തരമായി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയെങ്കിലും സമരം അവസാനിപ്പികാൻ പ്രക്ഷോഭകർ തയാറായിട്ടില്ല.

സ്‍പെയിനിലെ പ്രതിസന്ധി

ഭവന പ്രതിസന്ധി, വർധിച്ചുവരുന്ന വീട്ടുവാടക എന്നിവക്കെതിരെ സ്പെയിനിൽ ജനകീയ പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെ മാഡ്രിഡിൽ 87 വയസ്സുള്ള മരികാർമെൻ അബാസ്കൽ എന്ന വയോധികയെ ഉയർന്ന വാടക നൽകാത്തതിനെ തുടർന്ന് താമസിച്ചിരുന്ന വീട്ടിൽനിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിച്ചു. പിറകെ ആശുപത്രിയിലായ അവർ മരണമടഞ്ഞു. ഇതോടെ പ്രക്ഷോഭത്തിന്റെ പ്രതീകമായി മരികാർമെൻ അബാസ്കൽ മാറുകയും സമരം വ്യാപിക്കുകയും ചെയ്തു.

വാടക നിരക്കുകൾ കുറക്കുക, ആളുകളെ വീടുകളിൽനിന്ന് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, വൻകിട റിയൽ എസ്റ്റേറ്റ് നിക്ഷേപ കമ്പനികൾ വീടുകൾ വാങ്ങിക്കൂട്ടുന്നത് നിരോധിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

മാഡ്രിഡ്, ബാഴ്സലോണ, വലൻസിയ ഉൾപ്പെടെ സ്പെയിനിലെ അൻപതോളം നഗരങ്ങളിൽ ലക്ഷക്കണക്കിന് പേർ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവരികയും ചെയ്തു. മാഡ്രിഡിലെ പ്രധാന ചത്വരങ്ങളിൽ പ്രതിഷേധക്കാർ തമ്പടിക്കുകയുമുണ്ടായി.

ഇതിനിടെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യസർക്കാർ കൊണ്ടുവന്ന അടിയന്തര ഭവന സംരക്ഷണ ബില്ലുകൾ പാർലമെന്റിൽ പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തു. രാജ്യത്ത് ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

സമരങ്ങൾ നിലക്കാതെ യു.എസ്

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് പലരൂപങ്ങളിലുള്ള സമരങ്ങൾക്ക് വേദിയാവുകയാണ്. അമേരിക്കയിലെ ഇമിഗ്രേഷൻ വിഭാഗമായ ഐ.സി.ഇ ഏജന്റുമാരുടെ നടപടികൾ, വെടിവെപ്പ് എന്നിവക്കെതിരെയും രാജ്യവ്യാപകമായി വലിയ ജനരോഷം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ പ്രതിഷേധങ്ങൾ ഉണ്ടായി.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയും, ജീവിതച്ചെലവ് വർധനവ്, ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ എന്നിവക്കെതിരെയും മാർച്ചിൽ നടന്ന ‘നോ കിങ്സ്’ റാലിയിൽ അമേരിക്കയിലുടനീളം ഏകദേശം 80 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്.

യു.എസ്-ഇറാൻ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും സജീവമാണ്.

ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളിലും യൂനിവേഴ്സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രകടനങ്ങൾക്കും കഴിഞ്ഞദിവസം സാക്ഷിയായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story