ഖത്തര്‍-സൗദി ബന്ധത്തിന്റെ ഉണർവും ഗള്‍ഫ് ഐക്യത്തിന്റെ തീരങ്ങളും
text_fieldsമനുഷ്യന്റെ മനസ്സും മരുഭൂമിയിലെ മണല്‍ത്തരികളും ഒരുപോലെയാണ്. എത്രയകന്നാലും, ഒരേ കാറ്റില്‍ ഒഴുകിനീങ്ങുമ്പോള്‍ അടുപ്പം തിരിച്ചറിയും. അടുത്തിടെ റിയാദില്‍ സമാപിച്ച എട്ടാമത് ഖത്തര്‍-സൗദി കോഓഡിനേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ ദൃശ്യങ്ങള്‍ ദീര്‍ഘകാലത്തെ ചരിത്രബന്ധത്തെ പ്രതീക്ഷാനിര്‍ഭരമായ പുതുപുലരിയിലേക്ക് നയിക്കുന്നതായിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ചേര്‍ന്ന് നയിച്ച കോഓഡിനേഷന്‍ കൗണ്‍സില്‍, കേവല ഉടമ്പടികള്ക്കപ്പുറത്തേക്ക് ഒരു തലമുറയുടെ പ്രതീക്ഷകളായിരുന്നു. രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങള്‍ക്കപ്പുറം, ഈ കൂട്ടായ്മയില്‍ തെളിഞ്ഞുകണ്ടത് സാമ്പത്തികവും സാംസ്കാരികവുമായ ഐക്യത്തിന്റെ വഴികള്‍ തെളിയുന്നതായിരുന്നു.
ഈ യോഗത്തിലെ ഏറ്റവും മനോഹരമായ പദ്ധതി, ദോഹയെയും റിയാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാതയാണ്. രണ്ടു രാജ്യങ്ങളിലെയും മനുഷ്യര്‍ക്കിടയില്‍ സ്നേഹത്തിന്റെ, കച്ചവടത്തിന്റെ, സൗഹൃദത്തിന്റെ യാത്രകള്‍ക്ക് വേഗം കൂട്ടാനുള്ള റെയില്‍പാതയാണ്. ഒരു പ്രവാസിക്ക് നാട്ടിലെത്താന്‍, ഒരു കുടുംബത്തിന് ഉംറ യാത്ര പോകാന്‍, ഇനി വേഗത്തില്‍ സാധിക്കും. ഖത്തര്‍ വിഷന്‍ 2030ന്റെയും സൗദി വിഷന്‍ 2030ന്റെയും ലക്ഷ്യങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഈ റെയില്‍പാത, ഈ സഹോദര രാജ്യങ്ങള്‍ക്ക് സുരക്ഷയും സമൃദ്ധിയും സമ്മാനിക്കും.
ഖത്തര്‍ മന്ത്രിസഭാ യോഗത്തിനുശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദിയുടേതായി വന്ന പ്രസ്താവന, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു.
2021 ജനുവരിയില്‍ സൗദി അറേബ്യയുടെ മണ്ണില്‍വെച്ച്, അല്‍- ഉലയില്‍ നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്‍-ഉല കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം, ഹൃദയബന്ധം, പൊതുവായ ലക്ഷ്യങ്ങളിലേക്കുള്ള ഒറ്റക്കെട്ടായ പ്രയാണം എന്നിവയില്‍ ഊന്നിയ പുതിയൊരു ബന്ധശൈലി സ്ഥാപിക്കാനുള്ള ചരിത്രപരമായ ഒരു പ്രതിജ്ഞയായിരുന്നു.
സൗദി അറേബ്യ വിഷന്‍ 2030ലൂടെ ലോകോത്തര നിക്ഷേപ കേന്ദ്രമായി മാറാനുള്ള തയാറെടുപ്പിലാണ്. ഖത്തറും തങ്ങളുടെ എണ്ണയിതര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെയാണ് ഇരു രാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് പരസ്പരം വളരുന്ന പുതിയ പങ്കാളിത്തങ്ങള്‍ക്കുള്ള വാതിലുകള്‍ തുറക്കുന്നത്.
ഖത്തര്‍ 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ സൗദിയില്‍ നിന്നുള്ള സന്ദര്‍ശകരുടെ വലിയൊരു പ്രവാഹം നാം കണ്ടറിഞ്ഞതാണ്. ഖത്തര്‍-സൗദി ടൂറിസം സര്‍ക്യൂട്ട് ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകും. സൗദിയുടെ ടൂറിസം വൈവിധ്യങ്ങളും ഖത്തറിന്റെ ആധുനിക നഗരകാഴ്ചകളും സാംസ്കാരിക കേന്ദ്രങ്ങളും സംയോജിപ്പിച്ച് ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും.
ജി.സി.സിയുടെ ലക്ഷ്യങ്ങളായ സാമ്പത്തിക ഏകീകരണം, പൊതുവിപണി, കസ്റ്റംസ് യൂനിയന്‍ എന്നിവ യാഥാർഥ്യമാക്കാന്‍ ഇരു രാജ്യങ്ങളുടെയും സഹകരണം അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത സാമ്പത്തിക ശക്തികളിലൊന്നായി ജി.സി.സി മാറണമെങ്കില്‍, ഈ ബന്ധം ശക്തമായി തുടരേണ്ടതുണ്ട്.
ഊർജം, കാലാവസ്ഥ വ്യതിയാനം, സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയ ആഗോള വിഷയങ്ങളില്‍ സൗദിക്കും ഖത്തറിനും പൊതുവായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കും. ലോകത്തിലെ പ്രധാന എണ്ണ, വാതക ഉൽപാദകരായ ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് ഊർജ വിപണിയില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നത് ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുമാവും.
ഊഷ്മളമായ സൗഹൃദത്തിന്റെ ഈ പുതിയ അധ്യായം, കൂടുതല്‍ വാണിജ്യ പങ്കാളിത്തങ്ങള്‍ക്കും, സാമൂഹിക ഐക്യത്തിനും, ഗള്‍ഫ് മേഖലയുടെ സമഗ്ര വളര്‍ച്ചക്കും വഴിതുറക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

