വെസ്റ്റ് ബാങ്ക് അധിനിവേശവും ഓസ്ലോ കരാറിന്റെ അന്ത്യവും
text_fieldsഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കാൻ ഇസ്രായേലിന് എപ്പോഴും കൃത്യമായ പദ്ധതിയുണ്ടായിരുന്നു; അവരുടെ ഓരോ പ്രവൃത്തിയും അത് തെളിയിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയൻ ഭൂമി സർക്കാർ ഭൂമിയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് ഈ ആഴ്ച ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകി. തീവ്ര വലതുനേതാക്കളായ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്, നീതിന്യായ മന്ത്രി യാരിവ് ലെവിൻ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവർ മുന്നോട്ടുവെച്ച ഈ നിർദേശം ഫലസ്തീനികൾക്കുമേൽ ഇസ്രായേലിന്റെ ആധിപത്യം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യംവെച്ചുള്ളതാണ്. വെസ്റ്റ് ബാങ്കിനെ പൂർണമായും കൈക്കലാക്കാനുള്ള ഇസ്രായേലിന്റെ അധിനിവേശ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.
ഈ നിർദേശത്തിൽ പറയുന്ന നടപടിക്രമങ്ങൾ പുതിയതല്ല. 1967ൽ ഭൂമി രജിസ്ട്രേഷൻ നടപടികൾ ഇസ്രായേൽ നിർത്തിവെച്ചിരുന്നെങ്കിലും വംശീയ ഉന്മൂലനവും അധിനിവേശ അക്രമങ്ങളും ഭൂമി പിടിച്ചെടുക്കലും അവർ ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ല.
അധിനിവേശത്തിന്റെ ബ്യൂറോക്രസി
ഓസ്ലോ കരാറിനെക്കുറിച്ച് പരാമർശിക്കാതെ ഈ മാറ്റത്തെ മനസ്സിലാക്കാൻ കഴിയില്ല. 1993ലെയും 1995ലെയും കരാറുകൾ പ്രകാരം വെസ്റ്റ് ബാങ്കിനെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചത് ഒരു താൽക്കാലിക ക്രമീകരണം എന്നനിലയിലായിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ വിഭവങ്ങളുള്ള വലിയ ഭൂപ്രദേശമായ ‘സി’ ഇസ്രായേലിന്റെ പൂർണ നിയന്ത്രണത്തിൽ തുടർന്നു. എ, ബി മേഖലകൾ ഫലസ്തീന് പരിമിതമായ അധികാരം മാത്രമുള്ള ഒറ്റപ്പെട്ട തുരുത്തുകളായി മാറി. പുതിയ നയത്തിന്റെ ഭാഗമായി, വെസ്റ്റ് ബാങ്കിന്റെ 62 ശതമാനത്തിലധികം വരുന്ന ‘ഏരിയ സി’യിലെ ഭൂമി രജിസ്ട്രേഷൻ ഇസ്രായേൽ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ‘ലാൻഡ് ടൈറ്റിൽ സെറ്റിൽമെന്റ് അഡ്മിനിസ്ട്രേഷൻ’ വഴിയായിരിക്കും നടക്കുക. ഫലത്തിൽ, ഏരിയ സി-യെ സൈനിക ഭരണത്തിൽനിന്ന് നേരിട്ടുള്ള ഇസ്രായേൽ സിവിൽ ഭരണത്തിലേക്ക് മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.
1948ൽ സയണിസ്റ്റ് മിലിഷ്യകൾ വൻതോതിലുള്ള യുദ്ധങ്ങളിലൂടെയും കുടിയിറക്കലിലൂടെയുമാണ് ഭൂമി പിടിച്ചെടുത്തത്. ഇന്നത്തെ അധിനിവേശം നടക്കുന്നത് ഉദ്യോഗസ്ഥതല സംവിധാനങ്ങളിലൂടെയാണ്. ഗസ്സയിലെ വംശഹത്യയെത്തുടർന്ന് ലോകത്തിന് മുന്നിൽ നാണംകെട്ടു നിൽക്കുന്ന ഇസ്രായേലിന് വെസ്റ്റ് ബാങ്കിൽ വലിയതോതിലുള്ള അക്രമം തുടരുന്നത് തിരിച്ചടിയാകും. അതിനാൽ, ടാങ്കുകൾക്കും ബോംബുകൾക്കും പകരം ‘ബ്യൂറോക്രസി’ എന്ന ആവരണത്തിലൂടെ അവർ അധിനിവേശം നടപ്പാക്കുന്നു. വെസ്റ്റ് ബാങ്കിലെ നയങ്ങളെ വെറും ഭൂമി അളന്നുതിരിക്കൽ എന്ന നിലയിലാണ് ഇസ്രായേൽ അവതരിപ്പിക്കുന്നത്. എന്നാൽ, സത്യത്തിൽ ഇത് ഭരണപരമായ മാർഗങ്ങളിലൂടെയുള്ള വൻതോതിലുള്ള ഭൂമി പിടിച്ചെടുക്കലാണ്. ഒരിക്കൽ ഒരു ഭൂമി ഇസ്രായേലിന്റെ രജിസ്റ്ററിൽ സർക്കാർ ഭൂമിയായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ, അത് തിരിച്ചുപിടിക്കുക എന്നത് സൈനിക നടപടിയേക്കാൾ പ്രയാസകരമാകും.
ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇത് അത്യന്തം അപകടകരമാണ്. ഇസ്രായേൽ പൗരത്വമുള്ള ഫലസ്തീനികൾപോലും 1960കൾ വരെ സൈനിക ഭരണത്തിന് കീഴിലായിരുന്നു. സുരക്ഷക്ക് വേണ്ടിയായിരുന്നില്ല അത്, മറിച്ച് ഭൂമി പുനഃക്രമീകരിക്കാനായിരുന്നു. ഉടമകളായ ഫലസ്തീനികൾ സ്ഥലത്തില്ലാത്ത ഭൂമികൾ ‘അബ്സെന്റീസ് പ്രോപ്പർട്ടി ലോ’ വഴി ഇസ്രായേൽ പിടിച്ചെടുത്തു. ഇന്ന് വെസ്റ്റ് ബാങ്കിലും സമാനമാണ് സ്ഥിതി. കുടിയേറ്റക്കാരുടെ അക്രമങ്ങൾ കാരണം ഫലസ്തീനികൾക്ക് അവരുടെ കൃഷിയിടങ്ങളിലേക്കോ വീടുകളിലേക്കോ പോകാൻ കഴിയുന്നില്ല. ഇസ്രായേൽ ഈ പ്രദേശങ്ങളെ ‘ക്ലോസ്ഡ് മിലിട്ടറി സോൺ’ ആയി പ്രഖ്യാപിക്കുന്നു. ഉടമസ്ഥർ തൊട്ടടുത്ത് തന്നെയുണ്ടെങ്കിലും ഭൂമിയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും, പിന്നീട് അത് ‘അബ്സെന്റീ ലാൻഡ്’ ആയി പ്രഖ്യാപിച്ച് കൈക്കലാക്കുകയും ചെയ്യുന്നു.
ഇസ്രായേൽ നീതിന്യായ വ്യവസ്ഥക്കുള്ളിലെ സ്വത്തായി മാറ്റുന്നതോടെ ഈ അധിനിവേശം അലംഘനീയമായി മാറുന്നു. ഇതിലും അപകടകരമായ കാര്യം, ഫലസ്തീനികളെ ഇസ്രായേൽ കോടതികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുകയും എന്നാൽ, നീതി നിഷേധിക്കുകയുംചെയ്ത ചരിത്രമാണ് ഇസ്രായേലിന്റേത്.
അധിനിവേശത്തിന് ആഗോള മൗനം തുണ
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ മൊത്തത്തിൽ അഭിസംബോധന ചെയ്യാൻ അന്താരാഷ്ട്രസമൂഹം വിസമ്മതിക്കുന്നതാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ഒറ്റപ്പെട്ട അക്രമങ്ങളെ അപലപിക്കുകയും എന്നാൽ, ഇസ്രായേലിനെ നിരായുധരാക്കാൻ തയാറാവാതിരിക്കുകയും ചെയ്യുന്നത് അവരുടെ വിപുലീകരണത്തിന് സഹായകമാകുന്നു. പതിനായിരക്കണക്കിന് മരങ്ങൾ പിഴുതെറിയപ്പെട്ടതിനെക്കുറിച്ചും കുടിവെള്ള പൈപ്പ് ലൈനുകൾ നശിപ്പിച്ചതിനെക്കുറിച്ചും ഫലസ്തീനികൾ ലോകത്തോട് വിളിച്ചുപറഞ്ഞു. എന്നാൽ, വെടിയുണ്ടകളും ബോംബുകളും പൊട്ടുമ്പോൾ മാത്രമേ ലോകം അതിനെ ‘അതിക്രമം’ എന്ന് വിളിക്കുന്നുള്ളൂ. ഈ പഴുതാണ് ഇസ്രായേൽ ഉപയോഗിക്കുന്നത്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടപ്പാക്കുന്നത് പൊടുന്നനെയുള്ള യുദ്ധമല്ല, മറിച്ച് സൂക്ഷ്മമായ നീക്കങ്ങളാണ്. അവിടെ അക്രമം എന്നത് വെടിയുണ്ടകളിൽ മാത്രമല്ല; ഒരു കുടിയേറ്റക്കാരന്റെ ആക്രമണമോ സൈനിക റെയ്ഡോ കോടതിയിൽനിന്നുള്ള കുടിയിറക്കൽ ഉത്തരവോ ഏതുസമയവും ഉണ്ടായേക്കാം എന്ന ഭീതിയാണ്. നിരീക്ഷണ ഡ്രോണുകളും ഓരോ മീറ്ററിലുമുള്ള ചെക്ക് പോസ്റ്റുകളും ഫലസ്തീനികളുടെ ശരീരത്തെയും മനസ്സിനെയും തടവിലാക്കിയിരിക്കുന്നു.
ചിലപ്പോൾ യുദ്ധം ഒളിഞ്ഞിരിക്കുന്നത് ഇത്തരം നീക്കങ്ങളിലായിരിക്കും. ഒരിടത്ത് തുടർച്ചയായ ബോംബാക്രമണം ഇല്ലെന്നുവെച്ച് അവിടെ യുദ്ധമില്ല എന്ന് അർഥമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

