Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചാർളി കിർക്കിന്റെ...

ചാർളി കിർക്കിന്റെ കൊലയും അമേരിക്കയുടെ പ്രതിസന്ധിയും

text_fields
bookmark_border
Charlie Kirk
cancel

ചാർളി കിർക്കിന്റെ ഭീകരമായ കൊലപാതകം അമേരിക്കൻ സമൂഹത്തെ വലിയ സാമൂഹിക-സാംസ്കാരിക ദുരന്തത്തിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്നുവേണം മനസ്സിലാക്കാൻ. ഡെമോക്രാറ്റുകളിലെ ഇടതുപക്ഷ തീവ്രവാദികളാണ് കൊല നടത്തിയതെന്നാരോപിച്ച് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ള വലതുപക്ഷ യാഥാസ്ഥിതികർ കാര്യമായി പരിശ്രമിക്കുന്നു. രാഷ്ട്രീയ അക്രമവും ഭരണകൂട അടിച്ചമർത്തലും ആയുധമാക്കിക്കൊണ്ട്, ഡെമോക്രാറ്റിക് പാർട്ടി, മാധ്യമങ്ങൾ, സർവകലാശാലകൾ, സംവാദ സംഘങ്ങൾ (advocacy groups)എന്നിവയുൾപ്പെടെയുള്ള എതിരാളികളെ ഒതുക്കാൻ ഫെഡറൽ ഗവൺമെന്റിന്റെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. മറുവശത്ത്, യു.എസ് സമൂഹം എത്തിപ്പെട്ട രാഷ്ട്രീയ ദുരന്തത്തെ വിശദീകരിക്കാനാവാതെ കുഴങ്ങുകയാണ് ഡെമോക്രാറ്റുകളും ലിബറലുകളും.

ഊഹാപോഹങ്ങളുടെ കൊടുങ്കാറ്റ്

മൂന്നാമതൊരു വശത്ത്, ഊഹാപോഹങ്ങൾ മുമ്പെങ്ങുമില്ലാത്തവണ്ണം എല്ലാ സംവാദങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ടിരിക്കുന്നു. മരണത്തിനുമുമ്പ്, ചാർളി കിർക്ക് ഇസ്രായേൽ അനുകൂല ലോബിയിലെ തന്റെ ഫണ്ട് ദാതാക്കളുമായി തെറ്റിപ്പിരിഞ്ഞിരുന്നുവെന്നാണ് പ്രമുഖ മാധ്യമ പ്രവ൪ത്തകൻ മാക്സ്ബ്ലൂമെന്താല്‍* വെളിപ്പെടുത്തുന്നത്. കിർക്കിന്റെ സംഘടനയായ Turning PointUSA (TPUSA), ഇസ്രായേലിനെ നിരുപാധികം പിന്തുണച്ചുകൊള്ളാമെന്ന വ്യവസ്ഥയില്‍ സയണിസ്റ്റനുകൂല ഗ്രൂപ്പുകളിൽനിന്ന് ഗണ്യമായ ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് ജന്മമെടുത്തത്. എന്നാല്‍, ഗസ്സയിലെ ഇസ്രായേലി നടപടികൾക്കെതിരെ യുവ യാഥാസ്ഥിതിക വിഭാഗത്തിൽ നിന്ന് ജനകീയ കലാപം നേരിട്ട കിർക്ക്, പരസ്യമായി ഇസ്രായേലിനെ വിമർശിക്കാൻ തുടങ്ങി. 2025 ജൂലൈയിലെ സ്റ്റുഡന്റ് ആക്ഷൻ ഉച്ചകോടിയിൽ, കിർക്കിന്റെ അതിഥിയായെത്തിയ ടക്കർ കാൾസണെ പോലുള്ളവർ ഇസ്രായേൽ വിരുദ്ധ പ്രസ്താവനകൾ നടത്തുകയും സയണിസത്തെ പരസ്യമായി വിമ൪ശിക്കുകയും ചെയ്തു. ഈ മാറ്റത്തിൽ ചൊടിച്ച ഫണ്ട് ദാതാക്കൾ സംഘടനക്കുള്ള ഫണ്ട് നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി. നെതന്യാഹു വ്യക്തിപരമായി വാഗ്ദാനം ചെയ്ത വലിയ സാമ്പത്തിക സഹായം കിർക്ക് നിരസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കിർക്ക് അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നത്.

നെതന്യാഹുവിന്റെ ഒളിച്ചുകളി

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്, കിർക്കിന്റെ വധത്തിലുള്ള ഇസ്രായേലിന്റെ നിരപരാധിത്വവും കിർക്കുമായുള്ള തന്റെ ദീർഘകാല സൗഹൃദവും ഉറപ്പിച്ചുപറഞ്ഞ് തുടർച്ചയായ പ്രസ്താവനകൾ പുറപ്പെടുവിക്കേണ്ടിവന്നുവെങ്കില്‍ അത്തരം ഊഹാപോഹങ്ങള്‍ എത്രമാത്രം ശക്തമാണെന്ന് മനസ്സിലാക്കാം.

അതിർത്തി കടന്നുള്ള കൊലപാതകങ്ങളുടെ ദീർഘമായ ചരിത്രമുള്ള ഇസ്രായേലിനെ ഇതുവരെ അമേരിക്കക്കാ൪ അത്രക്കങ്ങ് കാര്യമാക്കിയിരുന്നില്ല. ഇതിനുമുമ്പ് ജോണ്‍ എഫ്. കെന്നഡിയുടെ വധത്തിലും 9-11 സംഭവത്തിന്റെ പിന്നിലും സയണിസ്റ്റ് രാജ്യത്തിന്റെ കൈയുണ്ട് എന്ന ആരോപണങ്ങളുയ൪ന്നപ്പോള്‍ അത് ചില ‘ഫ്രിഞ്ച് എലമെന്റ്’കളുടെ കിംവദന്തികളായാണ് മുദ്രകുത്തപ്പെട്ടിരുന്നത്. എന്നാലിന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. കിർക്ക് വധം മാത്രമല്ല, 9/11പോലെ മറവിയുടെ തിരശ്ശീലയില്‍ മറഞ്ഞുപോയ പലതും ചികഞ്ഞെടുക്കാൻ, ഒരു കാലത്ത് തികഞ്ഞ വലതുപക്ഷ യാഥാസ്ഥിതികനും ഫോക്സ് ന്യൂസ് ജേണലിസ്റ്റുമായിരുന്ന ടക്ക൪ കാള്‍സണിനെയും മാക്സ്ബ്ലൂമെന്താലിനെയും പോലുള്ളവ൪ രംഗത്തുവന്നതുകണ്ട് പലരും മൂക്കത്ത് വിരല്‍ വെച്ചുപോകുന്നു. ഇതിനോട് പ്രതികരിച്ച്, നെതന്യാഹുവും ബിൽ അമൻ പോലുള്ള അദ്ദേഹത്തിന്റെ അമേരിക്കൻ പിന്തുണക്കാരും പരിക്ക് പരിഹരിക്കാനുള്ള തീവ്ര പ്രചാരണത്തിലാണ്.

കിർക്കിന്റെ മനംമാറ്റം സത്യമോ?

ഈ ബഹളത്തിനിടയിൽ നഷ്ടപ്പെടുന്ന പ്രധാന വസ്തുത, ചാർളി കിർക്ക് ഇസ്രായേലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയനാവുകയായിരുന്നു എന്നതാണ്. നെതന്യാഹുതന്നെ പറഞ്ഞതുപോലെ, അദ്ദേഹം ഒരിക്കൽ ഇസ്രായേലിനെ ‘‘അങ്ങേയറ്റം പിന്തുണച്ചിരുന്ന’’ ഒരാളായിരുന്നു. എന്നാൽ, അവസാനകാലമായപ്പോഴേക്കും കി൪ക്കിന്റെ മനസ്സ് മാറാൻ തുടങ്ങിയിരുന്നുവെന്ന് തന്റെ പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കിയ ടക്കർ കാൾസൺ ഇപ്പോൾ പല അമേരിക്കക്കാരും ഈ പാതയാണ് പിന്തുടരുന്നതെന്നും പറയുന്നു.


സയണിസ്റ്റ് ലോബിയുടെ പങ്ക്

കിർക്കിന്റെ വധവും തുട൪ന്നുള്ള വിവാദങ്ങളും പശ്ചാത്തലത്തില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു വലിയ പ്രശ്നത്തിന്റെ ലക്ഷണമാണ്: ഇസ്രായേലിനെ വിമർശിക്കുന്ന ഏതൊരു സംവാദത്തെയും അടിച്ചമർത്താനുള്ള തീവ്രശ്രമം. ഈ വിഷയത്തിൽ എഴുതപ്പെട്ട സുപ്രധാന കൃതിയായ The Israel Lobby-യുടെ സഹരചയിതാവും പ്രമുഖ അമേരിക്കൻ പൊളിറ്റിക്കല്‍ സയന്റിസ്റ്റുമായ പ്രഫ. ജോണ്‍ മീർ ഷൈമ൪, അമേരിക്കയിലെ ഇസ്രായേല്‍ വിരുദ്ധ ചർച്ചകളെ അടിച്ചമർത്താൻ സയണിസ്റ്റ് ലോബി എത്രത്തോളംവരെ പോകുമെന്ന് തന്റെ ഗ്രന്ഥത്തിൽ വിശദമായി വിശദീകരിച്ചിട്ടുണ്ട്. തങ്ങളെ എതിർക്കുന്നവരോടുള്ള വിദ്വേഷത്തിന്റെ കാര്യത്തിൽ സയണിസ്റ്റ് ലോബിയേക്കാൾ ദുഷിച്ചവരെ താൻ കണ്ടിട്ടില്ലെന്ന് ടക്കർ കാൾസൺ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ഇസ്രായേൽ നയത്തെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ സംവാദം അനുവദിക്കപ്പെട്ടാൽ, അമേരിക്കൻ പൊതുജനാഭിപ്രായം മാറിമറിയുമെന്നതാണതിന് കാരണം. ഫലസ്തീൻ പക്ഷത്തോട് കൂടുതൽ സഹാനുഭൂതി കാണിക്കുകയും ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ കൂടിവരുന്ന (അമ്പത് ശതമാനത്തിനു മുകളില്‍) പശ്ചാത്തലത്തില്‍ വിശേഷിച്ചും.

കടുത്ത നടപടികള്‍ക്ക് സുവർണാവസരം

മീ൪ഷൈമറുടെ അഭിപ്രായത്തില്‍ ജൂതലോബിയുടെ രീതികൾ അമേരിക്കൻ സ്ഥാപനങ്ങളെ കൂടുതൽ കൂടുതൽ നശിപ്പിക്കുകയാണ്. ഇത് യൂനിവേഴ്സിറ്റി കാമ്പസുകളിൽ നാംകാണുന്നു, അവിടെ ഗസ്സയിലെ വംശഹത്യക്കെതിരെയുള്ള നിയമപരമായ പ്രതിഷേധങ്ങളെ സെമിറ്റിക് വിരുദ്ധതയായി മുദ്ര കുത്തുന്നു. ഇത് ഭരണകൂടത്തിന്, അക്കാദമിക് സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്താനും സർവകലാശാലകളെ ദുർബലപ്പെടുത്താനും ന്യായം നൽകി. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം അവിടെ അവസാനിക്കുന്നില്ല. ഇതിനുപുറമെ, കിർക്കിന്റെ വധത്തെ തുടർന്ന് ട്രംപ് ഭരണകൂടം എടുത്ത ചില നടപടികൾ ശ്രദ്ധിക്കുക: ‘ഭീകരവാദി സഹതാപം’ ആരോപിക്കപ്പെട്ടവരുടെ പൗരത്വം ഔദ്യോഗിക നടപടിക്രമങ്ങൾ കൂടാതെ റദ്ദാക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അധികാരം, കിർക്കിന്റെ മരണത്തെ നിസ്സാരവത്കരിക്കുന്നവരുടെയും അദ്ദേഹത്തെ വിമർശിക്കുന്നവരുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുക, ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങളെ ക്രിമിനൽവത്കരിക്കുക, ഇടതുപക്ഷ എതിർപ്പുകളെ അടിച്ചമർത്തുക, അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുക.

ഇപ്പോൾതന്നെ ‘ഇസ്രായേൽ വിരുദ്ധ’ പ്രഫസർമാരുടെ ലിസ്റ്റുകൾ നൽകാനും ഫലസ്തീൻ അനുകൂല ഗ്രൂപ്പുകൾക്ക് ഫണ്ട് നിർത്തലാക്കാനും സർവകലാശാലകൾ നിർബന്ധിതരാകുന്നു. മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കൂടുതൽ ആക്രമിക്കുന്ന ഒരു ‘ചാർളി കിർക്ക് ആക്ട്’ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ സംഘടനയായ ആന്റിഫ (Antifa)യെ തീവ്രവാദ സംഘടനയായി ലിസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നു. ഇത് ഇടതുപക്ഷത്ത് പ്രതിഷേധത്തിൽ ഏർപ്പെട്ടിട്ടുള്ള ആരെയും തീവ്രവാദിയായി ലേബൽ ചെയ്യാൻ കാരണമാകും. കാരണം ഈ ഗ്രൂപ് അസ്ഥിരവും നിയമപാലകർക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാൻ കഴിയുന്നതുമാണ്. ഒന്നാം ഭരണത്തില്‍ ട്രംപിന്റെ വലംകൈയായിരുന്ന സ്റ്റീവ് ബാനൻ പ്രവചിച്ചതുപോലെ, തങ്ങളുടെ സംരക്ഷണത്തിനായി പ്രമാണിവർഗം സ്വേച്ഛാധിപത്യ നടപടികളെ പിന്തുണക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ അസ്വസ്ഥതകൾ കാരണമാകും.

ജനാധിപത്യ മൂല്യങ്ങളുടെ ഭാവി

ഗസ്സയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന വംശഹത്യയെ ന്യായീകരിക്കാ൯ ജൂതലോബി അമേരിക്കയുടെ ഉദാരമായ ജനാധിപത്യ മൂല്യങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിയുന്നവ൪ കൂടിവരുന്നത് ശുഭോദ൪ക്കമാണ്. ഇത് അന്തിമമായി അമേരിക്കയുടെയോ ജൂതജനതയുടെയോ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും ഇങ്ങനെ പോയാല്‍ ഇത് അമേരിക്കൻ സമൂഹത്തെ നശിപ്പിക്കുമെന്നും മീ൪ഷൈമറെ പോലുള്ളവ൪ വാദിക്കുന്നു.

ചാർളി കിർക്കിന്റെ കൊലപാതകം അമേരിക്കൻ സമൂഹത്തെ ഗൗരവമായ ചില പുന൪വിചിന്തനങ്ങള്‍ക്ക് വിധേയമാക്കണം. യുദ്ധത്തിലെ ആദ്യത്തെ ഇര സത്യമാകുന്നുവെന്നതിന്റെ കേസ് സ്റ്റഡി ആയി ഇത് മാറിയിരിക്കുന്നു. ചാർളി കിർക്കിനെ പോലെ തീവ്ര വലതുപക്ഷത്തെ ഇത്രമാത്രം പ്രതിനിധാനം ചെയ്ത വ്യക്തികൾ അധികമുണ്ടാകില്ല. പക്ഷേ, ഇതിനേക്കാൾ ഭേദപ്പെട്ട ഒരു പര്യവസാനം അയാള്‍ അർഹിച്ചിരുന്നു. അമേരിക്കൻ ഭൗമരാഷ്ട്രീയ കളികളിലെ ചതിയുടെ ചതുരംഗപ്പലകയിൽ ഇതുപോലെ പെട്ടുപോകേണ്ടയാളായിരുന്നില്ല കിർക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpCharlie Kirk
News Summary - The Murder of Charlie Kirk and the American Crisis
Next Story