Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാധ്യമങ്ങൾക്ക്...

മാധ്യമങ്ങൾക്ക് പൊളിക്കാവുന്ന കേമത്തമേ ഭരണകൂടത്തിനുള്ളൂ

text_fields
bookmark_border
മാധ്യമങ്ങൾക്ക് പൊളിക്കാവുന്ന കേമത്തമേ ഭരണകൂടത്തിനുള്ളൂ
cancel
camera_alt

നേ​ഹ ദീ​ക്ഷി​ത്, റാ​ണ അ​യ്യൂ​ബ്, ശി​വീ​ന്ദ​ർ സി​ങ്

സൗന്ദര്യമില്ലാത്ത ഭർത്താവിനെ നവവധു കുത്തിക്കൊന്നു -ഏതാനും നാൾ മുമ്പ് വാർത്താ ഏജൻസിയായ പി.ടി.ഐ നൽകിയ ഒരു വാർത്തയാണിത്. തലക്കെട്ട് കാണുമ്പോൾ ആരും ഒന്ന് നോക്കുകതന്നെ ചെയ്യും, ആളുകൾ താൽപര്യപൂർവം വായിക്കുകയും ചെയ്തു. എന്നാൽ, നടന്നതെന്തെന്ന് ആരും തിരക്കിയില്ല. വിവാഹശേഷം ലൈംഗികബന്ധത്തിന് വിസമ്മതം പ്രകടിപ്പിച്ചതിന്റെ പേരിൽ ഭർത്താവ് നടത്തിയ ഭീകരമായ പീഡനത്തെ ചെറുക്കുന്നതിനിടെയാണ് ആ കൊലപാതകം സംഭവിച്ചതത്രെ.

വൈവാഹികജീവിതത്തിലെ ലൈംഗികാതിക്രമം (marital rape) എന്ന ഭീകരമായ ഒരു സത്യം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു എന്ന കാര്യം സമ്മതിക്കാൻപോലും പുരുഷന്മാർ നിയന്ത്രിക്കുന്ന മാധ്യമലോകം സന്നദ്ധമാവുകയില്ല എന്നതിനാൽ ഈ സംഭവത്തിന്റെ സത്യാവസ്ഥയും വായനക്കാരിലെത്തില്ല. തമിഴ്നാട്ടിൽനിന്നും അതുപോലൊരു വാർത്ത വന്നിരുന്നു. കാമുകനുമായി ബന്ധം; യുവതിയെ ഭർത്താവ് തല്ലിക്കൊന്നു എന്നായിരുന്നു തലക്കെട്ട്. മയക്കുമരുന്നിന് അടിമയായ ഭർത്താവ് ലഹരിയുടെ പാരമ്യത്തിൽ ഭാര്യയെക്കുറിച്ച് സംശയം ഉന്നയിക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒരു ദിവസത്തെ മർദനം അതിമാരകമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ലഹരിക്കടിമയായി ലക്കുകെട്ട് നടന്നിരുന്ന മകൻ തന്നെ പരിചരിക്കാറില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട മരുമകളാണ് തനിക്കും വീട്ടിലുള്ളവർക്കും വേണ്ട കാര്യങ്ങൾ ചെയ്തുതന്നിരുന്നതെന്നും പ്രതിയുടെ അമ്മതന്നെ തുറന്നുപറയുന്നു. എന്നാൽ, കൊലപാതകം നടത്തിയ പ്രതി പൊലീസിൽ ചെന്നുപറഞ്ഞത് കാമുകനുമായി ബന്ധം പുലർത്തിയിരുന്ന ഭാര്യയെ താൻ കൊലപ്പെടുത്തി എന്നാണ്. പൊലീസ് ഈ ആഖ്യാനം മാധ്യമങ്ങൾക്ക് കൈമാറുകയും അവർ അതേപടി ഏറ്റെടുത്ത് വിളമ്പിയതോടെ അക്കാര്യം സമൂഹമനസ്സിൽ സ്ഥിരപ്പെടുകയുമായിരുന്നു. ഇന്ത്യയിലെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായ, ഊർജസ്വലയായ ധന്യ രാജേന്ദ്രൻ നേതൃത്വം നൽകുന്ന ദ ന്യൂസ് മിനിറ്റ് എന്ന വാർത്താ പോർട്ടൽ ഈ സംഭവങ്ങളിലേതുൾപ്പെടെ പല ആഖ്യാനങ്ങളെയും ചോദ്യംചെയ്യാനും പൊളിച്ചടുക്കാനും മുന്നോട്ടുവന്നു.

വാർത്താരംഗം പലതരത്തിൽ വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോഴും സ്വതന്ത്രവും ധീരവുമായ നിലപാട് സ്വീകരിക്കാൻ ധൈര്യപ്പെടുന്ന ഒരുപറ്റം നവമാധ്യമങ്ങൾ പല കോണുകളിൽനിന്നും ഉയർന്നുവരുന്നു എന്നത് പ്രതീക്ഷ പകരുന്നതാണ്. ജെൻഡർ, ജാതി എന്നിവ സംബന്ധിച്ച വാർത്തകൾ മുൻകാലങ്ങളിൽ ഉൾപ്പേജുകളിലെ പെട്ടിക്കോളങ്ങളിൽ ഒതുങ്ങിയിരുന്നുവെങ്കിൽ ഇപ്പോഴത് ഒന്നാം പേജിൽ നൽകാൻ ചില മാധ്യമങ്ങളെങ്കിലും തയാറാവുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഗുണകരമായ സ്വാധീനത്തിന്റെകൂടി ഫലമാണിത് എന്നു പറയാനാവും. വാർത്ത പ്രസിദ്ധീകരിക്കാൻ പത്രാധിപർക്കു മാത്രം അധികാരമുണ്ടായിരുന്ന അവസ്ഥയിൽ ജനാധിപത്യപരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചു.

തമസ്കരിക്കപ്പെട്ട പല വാർത്തകളും പ്രസിദ്ധീകരിക്കപ്പെടാനും ഇടം ലഭിക്കാതിരുന്ന ശബ്ദങ്ങൾ പുറത്തുകേൾക്കാനും അത് സഹായകമായി. മീ ടൂ ആരോപണങ്ങളുടെ കാര്യമെടുക്കുക. വർഷങ്ങളായി പീഡനങ്ങൾ സഹിക്കേണ്ടിവന്ന സ്ത്രീകൾ പുരുഷാധിപത്യത്തെ ചോദ്യംചെയ്ത് തങ്ങൾ നേരിടേണ്ടിവരുന്ന അരുതായ്മകൾ തുറന്നുപറയുമ്പോൾ അത് കേൾക്കാനോ ഇടംകൊടുക്കാനോ ആണധികാരം കൊടികുത്തിവാഴുന്ന മാധ്യമലോകം ഒരുക്കമല്ലായിരുന്നു. സമൂഹമാധ്യമങ്ങളാണ് അതിനും ഒരു മാറ്റം വരുത്തിയത്. അതേസമയംതന്നെ അധികാരവർഗത്തിനും അവരുടെ താൽപര്യമുള്ള വ്യക്തികൾക്കും വ്യവസായികൾക്കും അനുകൂലമായി ആഖ്യാനങ്ങൾ സൃഷ്ടിക്കാനും സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നത് കാണാതിരുന്നുകൂടാ.

നമ്മുടെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് പല വാർത്തകളും വരുന്നത് അവ്വിധത്തിലാണ്. ലോകത്തെ ഏറ്റവും യോഗ്യനായ അവിവാഹിതനാണ് മോദി എന്ന ആഖ്യാനം ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. അത് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. വിവാഹം ചെയ്ത, വിവാഹമോചനം ചെയ്തിട്ടില്ലാത്ത, ഭാര്യ ഇപ്പോഴുമുള്ളയാൾ എങ്ങനെയാണ് മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആവുന്നത്? മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പിന്തുണയോടെ കെട്ടിപ്പൊക്കിയ യോഗ്യതയാണ് അതെല്ലാം. മാധ്യമങ്ങൾ ധൈര്യസമേതം നാലു ദിവസം ഒന്നാം പേജിൽ വാർത്ത നൽകിയാൽ പൊളിയാവുന്നത്ര കേമത്തമേ ഇന്നത്തെ ഭരണകൂടത്തിനുള്ളൂ. ആ കെട്ടുകഥകൾ പൊളിക്കാനുള്ള ധൈര്യം മാധ്യമ പ്രവർത്തകർക്കുണ്ടെങ്കിലും അതിന്റെ ഉടമകൾക്കില്ലാതെ പോകുന്നു എന്നതാണ് ഈകാലത്തിന്റെ ദുരവസ്ഥ.

വിദേശത്തുമുണ്ട് സമ്മർദം

മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കാൻ നിലവിൽ നടക്കുന്ന ശ്രമങ്ങൾ നാം അറിയുന്നതിലും അപ്പുറമാണ്. ഞാൻ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമായ കാരവൻ മാഗസിന്റെ ഡിസംബർ 2019 ലക്കത്തിൽ മാധ്യമപ്രവർത്തകൻ ശിവീന്ദർ സിങ് ഒരു ലേഖനമെഴുതിയിരുന്നു. ഭരണകൂടം ഇന്ത്യയിലെ മാധ്യമങ്ങളെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നതുപോലെ രാജ്യത്തിന് പുറത്തുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് എപ്രകാരമാണ് എന്ന് ഉദാഹരണസഹിതം അദ്ദേഹമതിൽ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്-കാനഡ ടൂർ നടത്തിയ ഘട്ടത്തിലാണ് അതിലൊരു സംഭവം.

കാനഡയിൽ പ്രവർത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷന്റെ ഉടമ പഞ്ചാബിയായ ഒരു അവതാരകനോട് മോദിക്ക് ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ഇന്ത്യൻ ഹൈകമീഷൻ നിർദേശിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും നിർദേശിക്കുന്നു, ഇത്രയും കാലം ചെയ്തതുപോലുള്ള രീതി തുടരുമെന്നും ഹൈകമീഷൻ പറഞ്ഞതിൻപടിയുള്ള മാധ്യമപ്രവർത്തനം നടത്താനാവില്ലെന്നും വ്യക്തമാക്കിയ ആ മാധ്യമപ്രവർത്തകന് ജോലി നഷ്ടപ്പെട്ടു. സമാനമായ സാഹചര്യത്തിൽ മറ്റൊരു മാധ്യമപ്രവർത്തകനും ജോലി പോയി. രാജ്യത്തിനകത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളോട് ചെയ്യുന്നതുപോലെ രാജ്യത്തിന് പുറത്തും മോദി എത്തുമ്പോൾ അദ്ദേഹത്തിന് അപ്രീതികരമായ ചോദ്യങ്ങൾ പാടില്ലെന്ന് നിഷ്കർഷിക്കുകയും അതിന് വഴങ്ങാത്തവരുടെ ജോലി തെറിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്ന് വരുകിൽ മാധ്യമനിയന്ത്രണം ഏതറ്റംവരെ പോയിരിക്കുന്നു എന്ന് മനസ്സിലാക്കുക.

ഭീഷണി നിഴലിലെ ജേണലിസം

രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥയുടെ ഓർമകൾ നാം പങ്കുവെക്കുകയും അതിനെ എതിർത്ത് സംസാരിക്കുകയും ചെയ്യുമെങ്കിലും അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് ആരും വാചാലമാവുന്നില്ല. മാധ്യമ ഉടമകൾക്കും മാധ്യമപ്രവർത്തകർക്കും മുകളിൽ ഒരു ഭീതി നിലനിൽക്കുന്നുണ്ട്. ഹൈദരാബാദ് മക്ക മസ്ജിദ്-മാലേഗാവ്-സംേഝാത എക്സ്പ്രസ് സ്ഫോടനങ്ങളുടെ ഉള്ളറകളെക്കുറിച്ച് രണ്ടു വർഷത്തോളം നീണ്ട വസ്തുതാന്വേഷണങ്ങളുടെയും സൂക്ഷ്മപരിശോധനകളുടെയും അടിസ്ഥാനത്തിൽ കാരവൻ മാഗസിനിൽ ലേഖനമെഴുതിയതിന് വലതുപക്ഷ വർഗീയശക്തികൾ എനിക്കെതിരെ ഭീഷണികളുയർത്തിയ ഒരു കാലമുണ്ടായിരുന്നു.

എന്നാൽ, ഞാൻ അനുഭവിച്ചതിനേക്കാൾ ഭീതിദമായ പിന്തുടരലും വേട്ടയാടലുമാണ് നേഹ ദീക്ഷിത്, റാണ അയ്യൂബ് തുടങ്ങിയ മാധ്യമപ്രവർത്തകർ നേരിട്ടത്. അസമിലെ ഗ്രാമങ്ങളിൽനിന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയി സംഘ്പരിവാറിന്റെ വർഗീയ കേന്ദ്രങ്ങളിൽ വളർത്തുന്നതിനെക്കുറിച്ചാണ് ഓപറേഷൻ ബേബി ലിഫ്റ്റ് എന്ന തലക്കെട്ടിൽ നേഹ ദീക്ഷിത് അന്വേഷണാത്മക റിപ്പോർട്ട് എഴുതിയത്. വീടിനടുത്ത പച്ചക്കറിക്കടയിൽ പോകുമ്പോൾപോലും അവരെ ആക്രമികൾ പിന്തുടരുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, നിരന്തര ഭീഷണികൾക്കൊടുവിൽ അവരുടെ വീട്ടിനുള്ളിലേക്ക് ആക്രമികൾ കടന്നുകയറിയ സംഭവംപോലുമുണ്ടായി.

ഭരണകൂടത്തെ നിരന്തരം ചോദ്യംചെയ്യുകയും സമൂഹ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും അതേക്കുറിച്ച് ധൈര്യപൂർവം എഴുതുകയും ചെയ്യുന്ന റാണ അയ്യൂബിനെതിരെ ഓൺലൈൻ അതിക്രമങ്ങളും അധിക്ഷേപങ്ങളും വ്യാപകമായി തുടരുന്നു. അവരോട് ഐക്യദാർഢ്യപ്പെടാനോ പിന്തുണ നൽകാനോ ഒരാളും ഇല്ലാത്ത അവസ്ഥയുണ്ട്. അതിനെതിരെ പരാതി നൽകിയാൽ കേസെടുക്കാനോ അന്വേഷിക്കാനോ തയാറാവാത്ത, ഓൺലൈനിൽ ഇപ്പോൾ നടക്കുന്ന ഭീഷണിയും അതിക്രമവും ഒരുനാൾ നേരിട്ട് സംഭവിച്ചേക്കും എന്ന് തിരിച്ചറിയാൻ കൂട്ടാക്കാത്ത പൊലീസ് സേനയെയും നമ്മൾ നേരിടേണ്ടിവരുന്നു.

കടുത്ത സങ്കുചിതവും വിഭാഗീയവും ഏകാധിപത്യപരവുമായ അധികാര പ്രവണതയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉരുക്കുമനുഷ്യർ എന്ന മട്ടിൽ ചില നേതാക്കളെ ഉയർത്തിക്കാണിച്ചും എല്ലാത്തിനെയും ഞെരിച്ചമർത്തിയും മുന്നോട്ടുപോകുന്ന കാലത്ത് അത്യന്തം അപകടകരമായ ഒരു സാഹചര്യത്തിൽ മീഡിയ, ജുഡീഷ്യറി തുടങ്ങിയ സ്ഥാപനങ്ങളിൽ മാത്രമേ നമുക്ക് പ്രതീക്ഷ വെച്ചുപുലർത്താനാവൂ.

(കാരവൻ മാഗസിൻ ഓഡിയൻസ് ഡെവലപ്ന്റ് എഡിറ്ററായ ലീന ഗീത രഘുനാഥ് മാധ്യമം ജേണലിസ്റ്റ് യൂനിയൻ സംഘടിപ്പിച്ചഎൻ. രാജേഷ് പുരസ്കാര സമർപ്പണ ചടങ്ങിൽ നടത്തിയ 'സമകാലിക ഇന്ത്യയിലെ മാധ്യമങ്ങൾ' എന്ന പ്രഭാഷണത്തിൽനിന്ന്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian governmentindian medias
News Summary - The media can break it To the government
Next Story