Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇരിക്കുംകൊമ്പ്...

ഇരിക്കുംകൊമ്പ് മുറിക്കുന്ന ഹൈകമാൻഡ്

text_fields
bookmark_border
ഇരിക്കുംകൊമ്പ് മുറിക്കുന്ന ഹൈകമാൻഡ്
cancel
camera_alt

വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവർ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കൊപ്പം

പിണറായി വിജയൻ 10 വർഷംകൊണ്ടുണ്ടാക്കിയ അവമതിപ്പ് വെറും ഒരാഴ്ചകൊണ്ട് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനായി എന്നതാണ്, ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെയും ഹൈകമാൻഡിന്റെയും നേട്ടം. കോൺഗ്രസ് ഹൈകമാൻഡിലുള്ള വിശ്വാസമൊന്നുമല്ല, ഈ തെരഞ്ഞെുപ്പു വിജയത്തിനു പിന്നിലെന്ന് മറ്റാരെക്കാൾ നന്നായി അറിയാവുന്ന നേതൃത്വം ഈ വൃത്തികേടുകൾ കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പിണറായി വിജയൻ സമ്മാനിച്ച ഒരു വിജയമായാണ് അവർ അതിനെ കാണുന്നത്. അതിനാൽ, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലിയിൽ അവർക്ക് എന്തുമാകാം.

പക്ഷേ, യു.ഡി.എഫിനെ ഒറ്റ ടീമാക്കിയതിൽ, കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്ക് ആത്മവീര്യം പകർന്നതിൽ ഒരാളുടെ നിലപാടുണ്ട്; യു.ഡി.എഫിനെ 100 സീറ്റിൽ വിജയിപ്പിക്കാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനുപോകുമെന്നു പറഞ്ഞ ചടുലനായ ഒരു നേതാവിന്റെ നിലപാട്. അത്തരമൊരു നേതാവിന്റെ സാന്നിധ്യം കഴിഞ്ഞ അഞ്ചുവർഷം പാർട്ടിക്കും യു.ഡി.എഫിനും നൽകിയ ആത്മവിശ്വാസം ചെറുതല്ല. വി.ഡി. സതീശൻ എന്ന ആ പടത്തലവന്റെ നെഞ്ചിൽ ചവിട്ടിക്കയറിക്കൊണ്ട് ആര് നേതൃത്വമേറ്റെടുത്താലും അത് ജനങ്ങളിൽ അവമതിപ്പല്ലാതെ മറ്റെന്താണ് ഉണർത്തുക?

സമീപഭാവിയിൽ രാഹുൽ ഗാന്ധിയും കേരള മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള താൽപര്യവുമായി വരുമോ?- ഇപ്പോൾ കാണുന്ന കോൺഗ്രസ് കോപ്രായങ്ങൾ അത്തരമൊരു സംശയം സാമാന്യ കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ടാക്കിയാലും അത്ഭുതപ്പെടേണ്ട. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്ന പ്രത്യാശയാണ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും വലംകൈയായ കെ.സി. വേണുഗോപാലും നൽകിയത്. മഴയും മഞ്ഞും വകവെക്കാതെ രാഹുൽ ഗാന്ധി രാജ്യമൊട്ടുക്ക് നടത്തിയ യാത്രകളിൽനിന്ന് ജനത്തിന് അൽപമൊരു വിശ്വാസം വന്നു. ശരിയായ പടയാളിയാണ് എന്ന മതിപ്പ് ജനങ്ങളിൽ ഉണ്ടാക്കാൻ രാഹുലിന് കഴിഞ്ഞു. ബി.ജെ.പി സഖ്യം ഒന്നു വിറച്ചു.

അവർ കഷ്ടിച്ചാണ് ഭരണത്തിലേറിയത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് തിരിച്ചുവരാനായേക്കുമെന്ന പ്രതീക്ഷയാണ് അത് നൽകിയത്. ആ വിശ്വാസം ഉറപ്പിച്ചുനിർത്താനാണ് കോൺഗ്രസ് ദേശീയ നേതൃത്വം പരിശ്രമിക്കേണ്ടത് എന്നിരിക്കെ, മറ്റൊന്നും നേടാനില്ലാത്തതിനാൽ കൈയിലുള്ള സംസ്ഥാനങ്ങളിലെ താക്കോൽസ്ഥാനങ്ങളിലേക്ക് ഹൈകമാൻഡ് തന്നെ നോട്ടമിടുന്നു എന്ന പ്രതീതിയാണ് കേരളത്തിലെ ചക്കളത്തിപ്പോരാട്ടംകൊണ്ട് ദേശീയതലത്തിൽതന്നെ സൃഷ്ടിക്കപ്പെടുന്നത്. ഹൈകമാൻഡിലെ ഏറ്റവും വലിയ നേതാവ്, കേരളം എന്ന കൊച്ചു സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിനായി പിടിവലിനടത്തുന്നതും അത് തെരുവിൽ വരെ എത്തുന്നതും ഇന്ത്യൻ ജനതക്ക് നൽകുന്ന സന്ദേശമെന്താണ്? ഇത്തരം ചിന്നസ്ഥാനങ്ങളല്ലാതെ ദേശീയനേതാക്കൾക്കും ഭാവിയിൽ കാര്യമായി പ്രതീക്ഷിക്കാനൊന്നുമില്ല എന്നതല്ലേ?

ദേശീയതലത്തിൽനിന്ന് പണ്ടും കോൺഗ്രസ് നേതാക്കൾ സംസ്ഥാനങ്ങളിലേക്ക് ഇറങ്ങിവന്നിട്ടില്ലേ എന്ന ചോദ്യമുണ്ടാകാം. കേരളത്തിൽ എ.കെ. ആന്റണി വന്നതുപോലെ മറ്റു പലേടത്തും വന്നിട്ടുണ്ട്. കെ. കരുണാകരന് ഹൈകമാൻഡിന്റെ നിർദേശാനുസരണം മാറേണ്ടിവന്ന സാഹചര്യത്തിൽ വന്ന ആന്റണി അന്ന് പറഞ്ഞത് കേരള ജനത ഇപ്പോഴും മറന്നുകാണില്ല- ‘‘ഇത് ശരിയായ അധികാരക്കൈമാറ്റമല്ല, ഇതിന് കേരളത്തിലെ കോൺഗ്രസ് ഭാവിയിൽ വലിയ വില നൽകേണ്ടിവരു’’മെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആ നേതൃമാറ്റം ശരിയായ നടപടിയായിരുന്നില്ലെന്ന് ‘എ’ ഗ്രൂപ് നേതാക്കളിൽനിന്ന് വ്യത്യസ്തമായി ആന്റണിക്ക് ശക്തമായ അഭിപ്രായം ഉണ്ടായിരുന്നു. അതിന്റെ ഫലം പിന്നീട് കണ്ടു. ഗ്രൂപ്പിസത്തിന്റെ ഉച്ചകോടിയിൽ എത്താൻ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. തെരുവിൽ വരെ എത്തി തമ്മിലടി. നേതാക്കൾതന്നെ പൊറുതിമുട്ടി. എം.എൽ.എയാകാനായി ഉറച്ച സീറ്റ് അന്വേഷിച്ച ആന്റണിക്ക് ലീഗിന്റെ സഹായം തേടേണ്ടിവന്നു. തിരൂരങ്ങാടിയിൽനിന്നാണ് അദ്ദേഹം ജയിച്ചത്.

ഇവിടെ ഈ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പിസമേ കോൺഗ്രസിൽ ഇല്ലായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ സതീശന്റെ നേതൃത്വം സൃഷ്ടിച്ചതാണ് ഈ പ്രതിച്ഛായ. യു.ഡി.എഫിനെ ഒറ്റ ടീമാക്കി അദ്ദേഹം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം കാണുന്നതെന്താണ്? നേതാക്കളുടെ സ്വാർഥലാഭത്തിനായി ജനവികാരത്തിനെതിരെ എം.എൽ.എമാരെ സംഘടിപ്പിക്കുന്ന ഇത്തരം വിലകുറഞ്ഞ കളികളല്ലേ രാജസ്ഥാനടക്കമുള്ള പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നാം കണ്ടത്? അവിടൊക്കെ കോൺഗ്രസിന്റെ പിന്നീടുള്ള ഗതിയെന്തായി? ജനഹിതത്തിനെതിരെ ഇടപെട്ട ഹൈകമാൻഡിനെ പിന്നീട് അവിടങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ അങ്ങോട്ട് കയറ്റിയതുപോലുമില്ല. ഫലം, ബി.ജെ.പിയുടെ ഭരണം. കേരളത്തെയും ആവഴിക്ക് തിരിക്കുകയാണോ കോൺഗ്രസ് ഹൈകമാൻഡ്?

ദേശീയതലത്തിലെ രണ്ടാമനാണ്, കെ.സി. വേണുഗോപാൽ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്നാൽ പ്രസിഡന്റിനെക്കാൾ പ്രാമുഖ്യമാണ്, സംഘടനാ പ്രവർത്തനത്തിൽ. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്ന് മത്സരിക്കുന്നതിനു വേണ്ടിയാണ്, ആ സ്ഥാനം രാജിവെച്ചത് (ആ രാജ്യസഭാ സീറ്റ് പിന്നീട് ബി.ജെ.പിയാണ് കൊണ്ടുപോയത്). ലോക്സഭയിലേക്ക് ജയസാധ്യതയുള്ള സ്ഥാനാർഥി എന്ന നിലക്ക് അദ്ദേഹത്തെ നിശ്ചയിച്ചതിനെ എന്തുകൊണ്ടും നല്ല തീരുമാനമായാണ് സാധാരണ കോൺഗ്രസ് പ്രവർത്തകർ കണ്ടത്. അദ്ദേഹമടക്കം 20ൽ 19 സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലേക്ക് നിശ്ചയിച്ചാൽ ആ ലോക്സഭാ സീറ്റാണ് ഒഴിയേണ്ടിവരുന്നത്.

അദ്ദേഹം നിയമസഭാംഗത്വത്തിനായി മത്സരിക്കേണ്ടതായും വരും. വേണ്ടിവന്നാൽ ഇരിക്കൂർനിന്ന് വിജയിച്ച സജീവ് ജോസഫിനെ രാജിവെപ്പിച്ച് അവിടെ മത്സരിക്കുമെന്നാണ് കേൾക്കുന്നത്. അതൊരു ഉറച്ച സീറ്റായാണ്, കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇന്നലെവരെ തളിപ്പറമ്പിനെയും പയ്യന്നൂരിനെയും സി.പി.എമ്മും കണ്ടിരുന്നത് പാർട്ടിക്കോട്ടകളായും ഉറച്ച സീറ്റായുമൊക്കെയാണ്. അവിടെപ്പോലും മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർഥികൾക്ക് തോൽക്കാമെങ്കിൽ കേരളത്തിൽ എവിടെയാണ് ഉറച്ച സീറ്റ്? പണ്ട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച കെ. മുരളീധരൻ വൈദ്യുതിമന്ത്രിയായി സ്ഥാനമേറ്റശേഷം മത്സരിക്കാൻ പോയത് കോൺഗ്രസിന്റെ എക്കാലത്തേയും ഉറച്ച സീറ്റായ വടക്കാഞ്ചേരിയിലാണ്. കരുണാകരന് ഏറ്റവും വിശ്വാസമുണ്ടായിരുന്ന ആ മത്സരത്തിലെ ഫലം, കേരളജനത കണ്ടറിഞ്ഞതാണ്. ഒരുമാസത്തെ മന്ത്രിപദത്തിനു വേണ്ടി മുരളിക്ക് നഷ്ടപ്പെടുത്തേണ്ടിവന്നത്, അദ്ദേഹത്തിന്റെ തിളക്കമുള്ള യുവത്വവും രാഷ്ട്രീയവുമായിരുന്നു!

ആലപ്പുഴയിലെ ലോക്സഭാ സീറ്റ് ഒഴിവു വരുന്നപക്ഷം അവിടെ ഒരു കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിച്ച് ജയിപ്പിക്കാമെന്ന് ഇന്നത്തെ യു.ഡി.എഫ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ഹൈകമാൻഡ് കരുതുന്നുണ്ടാകും. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷമുള്ള ചക്കളത്തിപ്പോരാട്ടത്തിൽ ചുവരെഴുത്തുകൾ മാറുന്നത് ഹൈകമാൻഡിന് മനസ്സിലാകുമോ? അവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി, ഏറിയകൂറും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രനായിരിക്കാനാണ് സാധ്യത. കൂടുതലൊന്നും പറയുന്നില്ല.

അഹങ്കരിച്ചാൽ ജനം പ്രതികരിക്കുകതന്നെ ചെയ്യും എന്നതിന്റെ ഉദാഹരണം കണ്ടറിഞ്ഞതേയുള്ളൂ. അഞ്ചുവർഷം മുന്നണിയെ കെട്ടിപ്പടുത്ത നേതാവ് നൽകിയ ഉറപ്പുകൾ പലതുമുണ്ട്. അതദ്ദേഹം പറഞ്ഞപ്പോൾ ജനം പൂർണമായും അതിനെ വിലക്കെടുത്തു എന്നതിനുകൂടി ഉദാഹരണമാണ് നിയമസഭയിലെ 102 സീറ്റുകൾ. പകരക്കാരായി ആരുവന്നാലും അത് ജനം ഉൾക്കൊള്ളണമെന്നില്ല. എന്തും നിർഭയം തുറന്നുപറയുന്ന, ആരെയും കൂസാത്ത, സാമുദായിക നേതാക്കളെ വരെ തീണ്ടാപ്പാടകലെ നിർത്തിക്കൊണ്ടുള്ള ആ പോരാട്ടവീര്യമാണ് ജനമനസ്സിലുള്ളത്. അദ്ദേഹം നേടിയെടുത്ത വിജയം തട്ടിപ്പറിക്കാൻ വരുന്നത് ഹൈകമാൻഡുതന്നെയായാലും കോൺഗ്രസിന്റെ അടിവേരായിരിക്കും ഇളകുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicshigh commandcongress leadershipKC VenugopalVD Satheesan
News Summary - The high command is cutting off its presence.
Next Story