Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് പ്രതിസന്ധിയും വിവേകത്തിന്റെ നയതന്ത്രവും

text_fields
bookmark_border
ഗൾഫ് പ്രതിസന്ധിയും വിവേകത്തിന്റെ നയതന്ത്രവും
cancel

ഗൾഫ് മേഖലയും പശ്ചിമേഷ്യയും സമീപകാല ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ഭൗമരാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വർധിച്ചുവരുന്ന സംഘർഷങ്ങൾ മേഖലയിലാകെ കനത്ത ഭീതി പടർത്തുന്നു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഓർമിപ്പിച്ചതുപോലെ, പരമാധികാരത്തെയും പരസ്പരസുരക്ഷയെയും മാനിക്കുന്ന വ്യക്തമായൊരു ‘കൂട്ടായ സുരക്ഷാസംവിധാന’ത്തിന്റെ അഭാവമാണ് ഇന്നത്തെ തകർച്ചകൾക്ക് പ്രധാന കാരണം. ഇത്തരം സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത മുതലെടുത്ത്, വൻശക്തികൾ തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത അയൽരാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും നിർണായകമായ അടിസ്ഥാനസൗകര്യങ്ങളെയും സമുദ്രവ്യാപാരപാതകളെയും ആക്രമണലക്ഷ്യങ്ങളാക്കാനും തുനിയുന്നു.

അധിനിവേശതന്ത്രങ്ങളും സൈനികമേൽക്കോയ്മയും ഉപയോഗിച്ച് രാഷ്ട്രീയ അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പതിവുരീതികൾ പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ന് ലോകം സാക്ഷ്യംവഹിക്കുന്നത്. സൈനികവിജയം എന്നത് ആധുനിക യുദ്ധവിമാനങ്ങളുടെയോ മിസൈലുകളുടെയോ ബാലിസ്റ്റിക് ശേഷിയുടെയോ എണ്ണത്തിൽ മാത്രം നിർണയിക്കപ്പെടുന്ന ഒന്നല്ല. ദീർഘകാല സൈനികവിന്യാസം വരുത്തിവെക്കുന്ന വലിയ സാമ്പത്തികബാധ്യതകൾ പേറേണ്ടി വരുന്നത് യുദ്ധത്തിൽ ഭാഗമായ രാജ്യങ്ങൾ മാത്രമല്ല, ലോകം മുഴുവനുമാണ്.യുദ്ധം സൃഷ്ടിക്കുന്ന പരിസ്ഥിതി നാശങ്ങൾ ഇനിവരുന്ന തലമുറക്ക് ഈ ഭൂമി അന്യമാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ഈ യുദ്ധവെറിയുടെയും ആഗോള സമുദ്രപാതകളിലെ തടസ്സങ്ങളുടെയും യഥാർഥ ഇരകൾ മേഖലയിലെ സാധാരണ ജനങ്ങളും ആഗോള സാമ്പത്തികവ്യവസ്ഥയുമാണ്. ആഗോള ഊർജ-വ്യാപാരപാതകളായ ഹുർമുസ് കടലിടുക്കിലും ബാബ് അൽ മന്ദബിലും അനുഭവപ്പെടുന്ന തടസ്സങ്ങളും ചെങ്കടലിലെ ആക്രമണങ്ങളും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും കപ്പൽച്ചരക്കുകൂലിയും കുതിച്ചുയരാൻ ഇടയാക്കുന്നു. ഇത് അന്താരാഷ്ട്രവിപണിയിൽ പണപ്പെരുപ്പത്തിനും നിത്യോപയോഗസാധനങ്ങളുടെയും ജീവൻരക്ഷാമരുന്നുകളുടെയും രൂക്ഷമായ വിലക്കയറ്റത്തിനും കാരണമാകുന്നു.

ഗസ്സയിൽ തുടരുന്ന ദാരുണമായ മനുഷ്യക്കുരുതിയും മാനവികതക്ക് നിരക്കാത്ത ആക്രമണങ്ങളും ലെബനനിലേക്കും അനുബന്ധമേഖലകളിലേക്കും വ്യാപിക്കുന്നത് പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്. ഫലസ്തീൻ വിഷയം നീതിപൂർവം പരിഹരിക്കപ്പെടാതെയും, ഗസ്സയിൽ സമ്പൂർണ വെടിനിർത്തലും ഉപരോധാവസാനവും ഉറപ്പുവരുത്താതെയും പശ്ചിമേഷ്യയിൽ സുസ്ഥിരമായൊരു സമാധാനക്രമം സാധ്യമല്ലെന്ന ഖത്തർ അമീറിന്റെ വാക്കുകൾ എക്കാലത്തേക്കാളും പ്രസക്തമാണിന്ന്.

ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷം ദക്ഷിണേഷ്യൻ രാജ്യങ്ങളെയും, പ്രത്യേകിച്ച് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് അതിപ്രധാനമാണ്. കോടിക്കണക്കിന് വരുന്ന പ്രവാസികളുടെ സുരക്ഷിതത്വവും അവരുടെ തൊഴിൽസ്ഥിരതയും ഇതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വിദേശത്തുനിന്നുള്ള ധനപ്രവാഹം മന്ദഗതിയിലാകുന്നത് പ്രവാസി കുടുംബങ്ങളെയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കും. കൂടാതെ, ക്രൂഡോയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ, എണ്ണവിലക്കയറ്റം രൂപയുടെ മൂല്യത്തകർച്ചക്കും കടുത്ത പണപ്പെരുപ്പത്തിനും വഴിവെക്കും.

അതുകൊണ്ടുതന്നെ, ആയുധങ്ങളുടെയും ബോംബുകളുടെയും ശബ്ദമല്ല, മറിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രവിവേകമാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. വിനാശകരമായ സൈനികനീക്കങ്ങൾക്ക് പകരം, നീതിപൂർവമായ മധ്യസ്ഥതയെയും അന്താരാഷ്ട്രനിയമങ്ങളെയും മാനിക്കുകയാണ് ലോകം ചെയ്യേണ്ടത്. ഹുർമുസ്, ചെങ്കടൽ പാതകളിലെ കപ്പൽഗതാഗതം സമാധാനപരമായി പുനഃസ്ഥാപിക്കാനും, ഗസ്സയിലും സമീപപ്രദേശങ്ങളിലും ഉടൻ വെടിനിർത്തൽ നടപ്പാക്കാനും അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Gulf Crisis and the Diplomacy of Wisdom
Next Story