Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightലഹരിക്കെതിരായ പോരാട്ടം...

ലഹരിക്കെതിരായ പോരാട്ടം സാമൂഹിക ബാധ്യത

text_fields
bookmark_border
ലഹരിക്കെതിരായ പോരാട്ടം സാമൂഹിക ബാധ്യത
cancel

ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്; അനിവാര്യമായും പ്രയോഗവൽക്കരിക്കേണ്ടതും. നാട്ടിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. സ്കൂൾ തലങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ സമൂഹത്തിന്റെ സകല തലങ്ങളിലുമുള്ളവർ അതിനടിപ്പെടുന്നു. കാര്യബോധമുള്ളവരൊക്കെയും അതേക്കുറിച്ച് കടുത്ത ആശങ്കയിലാണ്. ഭരണകൂടവും അതിന്റെ വ്യത്യസ്ത തലങ്ങളിലുള്ള നടത്തിപ്പുകാരും ആത്മാർത്ഥമായും ആസൂത്രിതമായും ശ്രമിച്ചാൽ ലഹരി മാഫിയയുടെ വേരറുക്കാനും മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ഇതത്ര എളുപ്പവുമല്ല. ഭരണാധികാരികൾക്ക് തികഞ്ഞ ഇച്ഛാശക്തി ഉണ്ടെങ്കിൽ മാത്രമേ അത് വിജയിക്കുകയുള്ളൂ.

അതോടൊപ്പം സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ കൂട്ടായി ശ്രമിച്ചാൽ മാത്രമേ ലഹരിവിരുദ്ധ പോരാട്ടത്തെ ഫലപ്രാപ്തിയിലെത്തിക്കാനാവൂ. മയക്കുമരുന്നിന്റെ വ്യാപനം തടയാൻ ഫലപ്രദമെന്ന് തോന്നുന്ന ചില നിർദ്ദേശങ്ങൾ ഇവിടെ ചേർക്കുന്നു: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് അധ്യാപകരുടെ സഹായത്തോടെ മയക്കുമരുന്നിന്റെ വൻ വിപത്തുകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ സംവിധാനമുണ്ടാക്കുക, ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപവത്കരിച്ച് അവയുടെ മേൽനോട്ടത്തിൽ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുക. എല്ലാ മത സമൂഹങ്ങളും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക. മക്കളുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ മാതാപിതാക്കളെ നിരന്തരം ഉണർത്തുക.

മയക്കുമരുന്ന് വ്യാപാരത്തിനും വിതരണത്തിനും ഏതെങ്കിലും നിലയിൽ പിന്തുണയോ സഹകരണമോ നൽകുന്നവരെ നേരിൽ കണ്ട്, നിങ്ങൾ തലമുറകളെയാണ് നശിപ്പിക്കുന്നതെന്നും സ്വന്തം മക്കളും അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുമെന്നും അവരെ ബോധ്യപ്പെടുത്തുക. പിന്മാറാൻ തയ്യാറാകുന്നില്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. കുറ്റവാളികൾക്ക് കൂട്ടുനിൽക്കില്ലെന്ന് രാഷ്ട്രീയ പ്രവർത്തകരും മത സ്ഥാപന ഭാരവാഹികളും വ്യത്യസ്ത സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരും ഭരണാധികാരികളും തീരുമാനിക്കുക.5. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടവിലാക്കാനും അവർക്ക് ജാമ്യം ലഭിക്കുന്നത് തടയാനും ഭരണകൂടം നിയമനിർമാണം നടത്തുക. കുറ്റവാളികളെ പിടികൂടാതെ രക്ഷപ്പെടാൻ അനുവദിക്കുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ സന്നദ്ധമാവുക.

ലഹരി ഉപയോഗിക്കുന്നവരുമായി തങ്ങളുടെ കുട്ടികൾ ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ നിതാന്ത ജാഗ്രത പുലർത്തുക. സ്വന്തം മക്കളെ സംബന്ധിച്ച എന്തെങ്കിലും സൂചന ലഭിച്ചാൽ "എന്റെ കുട്ടി അങ്ങനെ ചെയ്യില്ലെന്ന്" പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിനു പകരം ശ്രദ്ധാപൂർവം അത് കൈകാര്യം ചെയ്യുക. കുട്ടികളിൽ അസാധാരണമായ ഭാവമാറ്റമോ പെരുമാറ്റ പ്രശ്നമോ അസ്വാഭാവികമായ അവസ്ഥയോ കണ്ടാൽ സമയമൊട്ടും പാഴാക്കാതെ ഉചിതമായ നടപടികൾ സ്വീകരിക്കുക. ആവശ്യമായി വരുമ്പോൾ അധികൃതരുടെയും നിയമപാലകരുടെയും സഹായം തേടുക

മക്കളെ ലഹരി ഉപയോഗിക്കുന്നവർക്ക് വിവാഹം ചെയ്തു കൊടുക്കുകയില്ലെന്ന് തീരുമാനിക്കുക. അത്തരക്കാരുടെ വിവാഹത്തിന് ബന്ധപ്പെട്ടവർ കാർമികത്വം വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ലഹരി വ്യാപാരികളുടെ ഒരു പരിപാടിയിലും പങ്കെടുക്കുകയില്ലെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും പൊതുപ്രവർത്തകരും മതനേതാക്കളും ദൃഢനിശ്ചയം ചെയ്യുക. നാട്ടിൽ മയക്കുമരുന്ന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാവരും തികഞ്ഞ ശ്രദ്ധ പുലർത്തുക. ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുക.നിയമപാലകർ കുറ്റവാളികൾക്ക് കൂട്ടുനിന്നാൽ അവർക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുക.

മയക്കുമരുന്ന് കാരിയർമാരെ പിടികൂടുന്ന വാർത്തകൾ മാധ്യമങ്ങളിൽ വരാറുണ്ടെങ്കിലും കുറ്റവാളികൾക്ക് എന്ത് സംഭവിച്ചുവെന്ന് പിന്നീട് ഒരിക്കലും ആരും അറിയാറില്ല. കൊലയാളികളുടെയും സ്ത്രീപീഡകരുടെയും കേസുകൾ പിന്തുടരപ്പെടുന്ന പോലെ മയക്കുമരുന്ന് കുറ്റവാളികളുടെയും കേസുകൾ കൃത്യമായി പിന്തുടരാൻ വാർത്താമാധ്യമങ്ങൾ തയ്യാറാകണം. ഇങ്ങനെ ഭരണകൂടവും രക്ഷിതാക്കളും സാമൂഹിക സംവിധാനങ്ങളും സ്ഥാപനങ്ങളും ഒന്നിച്ച് പരിശ്രമിച്ച് ലഹരി മാഫിയയിൽ നിന്നും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിച്ചെടുക്കുക തന്നെ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open Forum Articledrug addictionsocial responsibilityOperation Toofan
News Summary - The fight against drug addiction is a social responsibility
Next Story