ക്രിമിനൽ പ്രൊസീജിയർ (ഐഡന്റിഫിക്കേഷൻ) ബിൽ, 2022; സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും ഇനിയെന്ത് വില?
text_fieldsനിങ്ങളെക്കുറിച്ച് സർക്കാറിന്റെ കൈയിൽ ഒരു 'സ്കോർ കാർഡ്' ഉള്ളതായി സങ്കല്പിക്കുക. നിങ്ങൾ എവിടെ പോയാലും എന്തുചെയ്താലും അക്കാര്യം കാർഡിൽ പ്രതിഫലിക്കും. സ്കോർ കാർഡിൽ ഉയർന്ന മാർക്ക് നേടുകയാണെങ്കിൽ 'നല്ല പൗര/ൻ' പട്ടികയിൽ നിങ്ങൾ സ്ഥാനംപിടിക്കും. മാർക്ക് കണക്കാക്കാൻ സർക്കാർ ഏജൻസികളോ അതുമായി ചേർന്നുപ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളോ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റ് ഓൺലൈൻ പ്രവർത്തനങ്ങളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. വീടിനു പുറത്തിറങ്ങിയാൽ, വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന കാമറക്കണ്ണുകൾ നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ സർക്കാറിന്റെ കൈവശമുള്ള ഡേറ്റബേസിലെ വിവരങ്ങളുമായി നിങ്ങളുടെ ഫോട്ടോ ചേർക്കപ്പെടുകയും, മിനിറ്റുകൾക്കകം പൊലീസ് തേടിയെത്തുകയും ചെയ്യും. ഇതൊരു ഡിസ്ട്ടോപ്യൻ ഭാവനയായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തെറ്റി. ലോകത്തെ ഏറ്റവും വലിയ സർവെയ്‌ലൻസ് സിസ്റ്റം നിലവിലുള്ള ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തനരീതിയുടെ ചെറുവിവരണമാണിത്. അടുത്ത ഏതാനും വർഷത്തിനുള്ളിൽ ഇന്ത്യയും ഇത്തരമൊരു സർവെയ്‌ലൻസ് സ്റ്റേറ്റ് ആയേക്കാമെന്നതിലേക്കാണ് കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ക്രിമിനൽ പ്രൊസീജിയർ (ഐഡന്റിഫിക്കേഷൻ) ബിൽ, 2022 വിരൽചൂണ്ടുന്നത്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ അട്ടിമറിക്കുന്ന പലതരം വ്യവസ്ഥകളുൾക്കൊള്ളുന്ന ബിൽ, സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ നിർദേശം വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഇതുവരെ രാജ്യത്ത് നിലനിന്നിരുന്ന, പുതിയ ബില്ലുമായി താരതമ്യം ചെയ്യുമ്പോൾ അന്വേഷണ ഏജൻസികൾക്ക് കുറഞ്ഞ അധികാരം നൽകിയിരുന്ന, ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ട്, 1920 ഇതോടെ റദ്ദാക്കപ്പെട്ടു.
എന്താണ് ക്രിമിനൽ പ്രൊസീജിയർ (ഐഡന്റിഫിക്കേഷൻ) ബിൽ?
കുറ്റാന്വേഷണം കാര്യക്ഷമവും വേഗത്തിലുമാക്കുക എന്ന ലക്ഷ്യത്തോടെ, വിരലടയാളങ്ങൾ, കൈ-കാൽ പാദമുദ്രകൾ, ഫോട്ടോഗ്രാഫുകൾ, ഐറിസ്, റെറ്റിന സ്കാൻ, ശാരീരികവും ജൈവപരവുമായ പരിശോധനകൾ, ഒപ്പുകൾ, കൈയക്ഷരം തുടങ്ങി ഒരു വ്യക്തിയുടെ പല തരം 'അളവുകൾ' എടുക്കാൻ പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും അധികാരം നൽകുന്നതാണ് ഈ ബിൽ. നിലവിലുണ്ടായിരുന്ന നിയമപ്രകാരം, ചില പ്രത്യേക വിഭാഗം ആളുകളുടെ പരിമിതമായ ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള അധികാരമേ പൊലീസിനുണ്ടായിരുന്നുള്ളു. പുതിയ ബില്ലിലെ സെക്ഷൻ 3 പ്രകാരം കുറ്റവാളികളില്‍നിന്ന് മാത്രമല്ല, കരുതല്‍ തടങ്കലിലാക്കപ്പെടുന്നവരിൽനിന്നടക്കം 'ഏതൊരാളു'ടെയും ബയോമെട്രിക് സാമ്പിളുകള്‍ അയാളുടെ സമ്മതമില്ലാതെ ശേഖരിക്കാന്‍ പൊലീസിന് അധികാരമുണ്ട്. അതായത്, ഏത് സാഹചര്യത്തിലും തടവിലാക്കപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്യുന്ന ഏത് വ്യക്തികളുടെയും വിവരങ്ങൾ, കോടതിയുടെ അനുമതിപോലും കൂടാതെ, ശേഖരിക്കാൻ ഹെഡ് കോൺസ്റ്റബിൾ റാങ്ക് മുതലുള്ള ഏതൊരു പൊലീസുകാരനും കഴിയും. കോടതിയിൽ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഏതൊരു വ്യക്തിയും നിരപരാധിയാണെന്ന ക്രിമിനൽ നിയമത്തിന്റെ കാതലായ ആശയത്തിന് വിരുദ്ധമാണ് ഈ വ്യവസ്ഥ.
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21 ഒരു പൗരന് ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ഈ ബിൽ. പൊലീസ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്നതിനുപുറമെ, വിവരശേഖരണത്തിനു ആര് എന്തൊക്കെ ചെയ്താലും അതിനെ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യമല്ല എന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ഈ ബില്ലിൽ. ഒരാളുടെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ അത് 75 വര്‍ഷത്തേക്ക് സൂക്ഷിക്കപ്പെടുമെന്നാണ് ബില്ലിലെ വ്യവസ്ഥ.
നിയമത്തിന്റെ യഥാർഥ ലക്ഷ്യം
ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഡേറ്റബേസ് (കൾ) സൃഷ്‌ടിക്കുന്നത് മെച്ചപ്പെട്ട കുറ്റാന്വേഷണത്തിന് സഹായകമാകുമെന്നാണ് നിയമത്തിന്റെ ആവശ്യകതയായി സർക്കാർ മുന്നോട്ടുവെക്കുന്ന വാദം. എന്നാൽ, ഇതിനെ ഖണ്ഡിക്കുന്നതാണ് 239ാം നിയമ കമീഷന്റെയും രണ്ടാം ഭരണപരിഷ്കാര കമീഷന്റെയും റിപ്പോർട്ടുകൾ. പൊലീസ് ജീവനക്കാരുടെ കുറവ്, ജോലിയുടെ അമിതഭാരം, അന്വേഷണങ്ങൾ നടത്താൻ ആവശ്യമായ പരിശീലനത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അഭാവം, തെളിവുകളുടെ സ്വീകാര്യത പോലുള്ള വശങ്ങളിൽ മതിയായ നിയമപരിജ്ഞാനത്തിന്റെ കുറവ്, കാലഹരണപ്പെട്ട ഫോറൻസിക്, സൈബർ ഇൻഫ്രാസ്ട്രക്ചറുകൾ തുടങ്ങി രാഷ്ട്രീയ സ്വാധീനത്തിന്റെ പങ്ക് തുടങ്ങിയ കാരണങ്ങളാണ് കുറ്റാന്വേഷണത്തിന്റെ അപര്യാപ്തതക്ക് വഴിവെക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാതെ ദുരൂഹമായ ഒരു കഠോര നിയമം രാജ്യത്ത് അടിച്ചേൽപിക്കാൻ പോകുന്ന സർക്കാറിന്റെ യഥാർഥ ഉദ്ദേശ്യത്തെയാണ് നിയമ വിദഗ്ധരും ജനപ്രതിനിധികളും ചോദ്യം ചെയ്യുന്നത്.
മേൽ സൂചിപ്പിച്ച പ്രകാരം ഓരോ പൗരന്റെയും ഒരു രൂപരേഖ തയാറാക്കാൻ പാകത്തിൽ അവരുടെ വിവരങ്ങളടങ്ങിയ വിപുലമായ ഡേറ്റബേസ് നിർമിക്കുക എന്നതാണ് ഇതിനുപിന്നിലെ യഥാർഥ ലക്ഷ്യം. തങ്ങളുടെ സർവെയ്‌ലൻസ് സിസ്റ്റം നിർമിക്കുന്നതിന് ചൈന തുടക്കത്തിൽ ഉന്നയിച്ച കാരണങ്ങളും കുറ്റകൃത്യം തടയുക, ക്രിമിനലുകളെ വേഗത്തിൽ പിടികൂടുക, തീവ്രവാദ പ്രവർത്തനങ്ങൾ തടയുക തുടങ്ങിയവയായിരുന്നു. ഇത്തരം ഡേറ്റബേസിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക ജാതി/സമുദായത്തെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കപ്പെടാം എന്നതാണ് മറ്റൊരു പ്രധാന ആശങ്ക. അമേരിക്കയിലെ കറുത്ത വർഗക്കാരെക്കുറിച്ചുള്ള പൊലീസിന്റെ ഡേറ്റ ശേഖരണം എങ്ങനെയാണ് ആ വിഭാഗത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്നതിലേക്കും നിയമരഹിതമായ പലതരം നടപടിക്രമങ്ങളിലേക്കും നയിച്ചതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കരുതൽ തടവിലാക്കപ്പെടുന്നവരുടെ ബയോമെട്രിക് ശേഖരിക്കാമെന്ന വ്യവസ്ഥ അങ്ങേയറ്റം ആശങ്കയോടെയാണ് നോക്കിക്കാണേണ്ടത്. സർക്കാറിന്റെ ഔദ്യോഗിക കണക്കുപ്രകാരം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 5558 ആളുകളെ കരുതൽ തടങ്കലിൽ വെച്ചിരുന്നു. വകുപ്പ് 370 റദ്ദാക്കുന്ന ഘട്ടത്തിൽ ജമ്മു-കശ്മീരിൽ മാത്രം 5000ത്തോളം കരുതൽ തടങ്കൽ അറസ്റ്റുകൾ നടന്നു. ഫ്രീ സ്‌പീച് കലക്ടിവ് എന്ന കൂട്ടായ്മ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 2010നും 2020നും ഇടയിൽ ഇന്ത്യയിൽ 154 മാധ്യമ പ്രവർത്തകർ കരുതൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ്. പ്രയോഗത്തിൽ, രാഷ്ട്രീയ തടവുകാരടക്കം, ഗവൺമെന്റിനെതിരെ പ്രതിഷേധിക്കുന്ന ഏതൊരാളെയും സംശയത്തിന്റെ പേരിൽ കരുതൽ തടങ്കലിൽവെക്കാനും അയാളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനും ഈ ബിൽ ഗവൺമെന്റിന് അധികാരം നൽകുന്നു.
ഏകപക്ഷീയ വ്യവസ്ഥകളും അവ്യക്തതകളും
പൗരജനങ്ങളുടെ വിവരശേഖരണം നടത്താനും, അത് കൈമാറാനും, സംരക്ഷിക്കാനും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോക്കുപുറമെ 'ഉചിതമായ ഏജൻസി'യെ ചുമതലപ്പെടുത്താൻ ഈ ബിൽ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്നു. ഇത്തരം ഏജൻസികൾ ഏതൊക്കെയാണെന്ന് ഈ നിയമത്തിലെവിടെയും വ്യക്തമാക്കുന്നില്ല. തങ്ങളുടെ ബയോമെട്രിക് ഡേറ്റ സുരക്ഷിതമാണെന്നും അത് നിയമാനുസൃതം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂവെന്നും എങ്ങനെയാണ് ജനങ്ങൾക്ക് ഉറപ്പാക്കാനാവുക? മാത്രമല്ല, ശക്തമായ ഡേറ്റ സംരക്ഷണ നിയമത്തിന്റെ അഭാവം നിലനിൽക്കുന്ന ഇന്ത്യയിൽ ഡേറ്റ ചോരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യക്ക് ശക്തമായ സൈബർ സുരക്ഷനയം ഇല്ലെന്നത് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, പവർ ഗ്രിഡുകൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾ തുടങ്ങി ഇന്ത്യയുടെ മുൻനിര ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ വരെ ഡേറ്റബേസ് ഹാക് ചെയ്യപ്പെട്ട സംഭവങ്ങളിലൂടെ വ്യക്തമായതാണ്.
രാജ്യസുരക്ഷയുടെ പേരിൽ ഭരണഘടനയുടെ ഗുരുതരമായ ലംഘനത്തിലൂടെ രാജ്യത്ത് നടപ്പാക്കുന്ന ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. ക്രിമിനൽ നടപടിക്രമവും നല്ല പൗരനും എന്ന തലക്കെട്ടിലുള്ള തന്റെ 2018ലെ ലേഖനത്തിൽ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കണ്ണിൽ 'നല്ല പൗര/ൻ' എന്നതിന്റെ അർഥമെന്താണെന്ന് ബെന്നറ്റ് കേപ്പേഴ്‌സ് വിവരിക്കുന്നുണ്ട്. അവർ തിരിച്ചു ചോദ്യങ്ങളൊന്നും ചോദിക്കാതെ പൊലീസിന് വിധേയപ്പെടുന്നവനായിരിക്കും. പൊലീസ് ഉത്തരവ് എത്രമാത്രം തെറ്റോ അപകടകരമോ ആണെന്ന് തെളിഞ്ഞാലും അത് അനുസരിക്കുന്നവനായിരിക്കും. അത്തരം പൗരജനങ്ങൾക്കുമാത്രം ഇടമുള്ള രാഷ്ട്രമായി ഇന്ത്യയെ ഇടുക്കുവാനാണ് ഈ ബിൽ വിഭാവനം ചെയ്യുന്നത്.
(ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിനിയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

