Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightയു​വ​ജ​ന​ങ്ങ​ളോ​ട്...

യു​വ​ജ​ന​ങ്ങ​ളോ​ട് രാ​ജ്യം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു

text_fields
bookmark_border
യു​വ​ജ​ന​ങ്ങ​ളോ​ട് രാ​ജ്യം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു
cancel

ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ തെരുവ് പ്രതിഷേധങ്ങളെ ന്യായീകരിക്കാനാകുമോ?

കുറച്ചു ദിവസങ്ങളായി ഈ കുറിപ്പുകാരന് നേരെ നിരന്തരം ഉയരുന്ന ചോദ്യമാണിത്. പ്രതിപക്ഷത്തിന് മുന്നിലുള്ള വഴി തെരഞ്ഞെടുപ്പ് പോരാട്ടങ്ങളേക്കാളേറെ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിരോധമാണെന്ന് ഞാൻ എഴുതിയതാണ് ഈ ചോദ്യത്തിന് വഴിവെച്ചത്. ബി.ജെ.പി ഐ.ടി സെൽ മേധാവി, ദർബാരി മാധ്യമ അവതാരകർ, അവരുടെ അക്കാദമിക് വക്താക്കൾ എന്നിവരടക്കം ഭരണവർഗത്തിന്റെ ഇക്കോസിസ്റ്റം ഒന്നടങ്കം ഈ വാദത്തിനും ഈ കുറിപ്പുകാരനുമെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. പതിവുപോലെ അധിക്ഷേപങ്ങളും പിന്നാലെയെത്തി: ജനാധിപത്യ വിരുദ്ധൻ, ഭരണഘടനാ വിരുദ്ധൻ, ഒപ്പം സ്വാഭാവികമായും രാജ്യദ്രോഹി!

ഈ വിമർശനങ്ങളെ കേവലമൊരു മറുപടി നൽകി തള്ളിക്കളയാനാവില്ല. ഭയത്തിന്റെ അന്തരീക്ഷത്തെ കാറ്റിൽപ്പറത്തിക്കളഞ്ഞ, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന് മുന്നിൽ ഉടലെടുത്ത നിരാശയിൽ നിന്നാണ് ഈ ആക്രമണം ഉണ്ടാകുന്നതെന്ന് ആർക്കും മനസ്സിലാകും. ഈ വിമർശനങ്ങളിൽ ഭൂരിഭാഗവും വഞ്ചനാപരവുമാണ്; എന്റെ വാദത്തിലെ "സമാധാനപരവും ജനാധിപത്യപരവുമായ" എന്ന പ്രയോഗം സൗകര്യപൂർവം ഒഴിവാക്കിയാണ് അവർ പ്രചാരണം നടത്തുന്നത്. സകല നിയമങ്ങളെയും ഭരണഘടനാ വ്യവസ്ഥകളെയും മറികടന്ന്, തെരുവുകളിൽ വിഭജനം സൃഷ്ടിക്കുന്ന രഥയാത്രകൾ നടത്തി അധികാരത്തിലേറിയവർ സ്ഥാപനപരമായ മര്യാദകളെക്കുറിച്ച് ക്ലാസെടുക്കാൻ വരുന്നതിൽ വലിയൊരു കപടനാട്യവുമുണ്ട്. ഒപ്പം, സംവരണത്തെയും സാമൂഹിക നീതിയെന്ന ആശയത്തെയും എതിർത്തവർ, സ്വതന്ത്ര ഇന്ത്യയിലെ സിവിൽ നിയമലംഘനങ്ങൾക്കെതിരെയുള്ള ബാബാസാഹെബ് അംബേദ്കറുടെ ആഹ്വാനത്തെ ഇപ്പോൾ എടുത്തുദ്ധരിക്കുന്നതിൽ രസകരമായ വൈരുധ്യവുമുണ്ട്. ഇത്തരം മറുപടികൾ മൂർച്ചയുള്ളതായിരിക്കാം, എന്നാൽ ഉയർന്നുവന്ന യഥാർഥ ചോദ്യത്തിനുള്ള നല്ല ഉത്തരങ്ങളല്ല അവ.

അതുകൊണ്ട്, ആ ചോദ്യത്തെ യുക്തിസഹമായ രൂപത്തിൽ നിർവചിച്ചുകൊണ്ട് നമുക്ക് മറുപടി പറയാം.

ഒരു ജനാധിപത്യ സംവിധാനത്തിൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ഭരണഘടനാപരമായ സ്ഥാപനങ്ങളെയും മറികടന്ന്, ഒരു വിഷയം ഉയർത്തിക്കാട്ടാൻ ജനങ്ങളെ തെരുവ് പ്രതിഷേധങ്ങളിലേക്ക് അണിനിരത്തുന്നത് ന്യായമാണോ? ഇത് അരാജകത്വത്തിലേക്കുള്ള ക്ഷണപ്പത്രമല്ലേ-അതായത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പകരം ആൾക്കൂട്ടങ്ങൾ വരികയും, സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയും, തീരുമാനമെടുക്കുന്നവരെ ബന്ദികളാക്കുകയും, തോക്കിൻമുനയിൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന അവസ്ഥ? ഇത് അരാജകത്വത്തിലേക്കും ഭരണഘടനാപരമായ ക്രമസമാധാന തകർച്ചയിലേക്കും വഴിതുറക്കില്ലേ? അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാർശ്വവൽകൃത വിഭാഗങ്ങളെയായിരിക്കില്ലേ? തർക്കങ്ങളുടെ ജനാധിപത്യപരമായ പരിഹാരത്തിനുള്ള ഒരു ചട്ടക്കൂട് നിലനിർത്തുന്നതിനായി, ഫലങ്ങൾ പൂർണ തൃപ്തികരമല്ലെങ്കിൽ പോലും നമ്മൾ ഔദ്യോഗിക സ്ഥാപനങ്ങളെ അനുസരിക്കുകയല്ലേ വേണ്ടത്?

നിഷ്കളങ്കമെന്ന് തോന്നിക്കുന്ന ഈ ചോദ്യങ്ങളിൽ നിരവധി പിഴവുകളുണ്ട്. ഭരണഘടനാ ജനാധിപത്യത്തിന് കീഴിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് തികച്ചും ആകർഷകമായ ഒരു വ്യാജചിത്രത്തെയാണ് ഇത് ആശ്രയിക്കുന്നത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഉദാര ജനാധിപത്യ രാജ്യങ്ങളിൽ പോലും അത് കേവലം ഒരു സങ്കൽപ്പം മാത്രമാണ്. സ്ഥാപനങ്ങൾ ഭരിക്കപ്പെടുന്നത് നിയമവാഴ്ച കൊണ്ടുമാത്രമല്ല, അധികാര സന്തുലനം കൊണ്ടു കൂടിയാണ്. സ്ഥാപനങ്ങൾ അവകാശപ്പെടുന്നത്ര നിയമവിധേയമല്ലെങ്കിൽ, നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ ചിട്ടയുള്ളവയാണ് ആൾക്കൂട്ടങ്ങൾ. ജനകീയ അണിചേരലെന്നാൽ ഭ്രാന്തുപിടിച്ച ആൾക്കൂട്ട ആക്രമണങ്ങളല്ല; മിക്കപ്പോഴും അവ ഒരു ലക്ഷ്യത്താൽ നയിക്കപ്പെടുന്നതും എഴുതപ്പെടാത്ത ധാർമിക ചട്ടക്കൂടിനാൽ ബന്ധിക്കപ്പെട്ടതുമായ അനൗദ്യോഗിക കൂട്ടായ്മകളാണ്. ജന്തർ മന്തറിലെ പ്രതിഷേധങ്ങളുടെ കാര്യത്തിലെന്നപോലെ, അവരുടെ ആവശ്യങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങളോടാണ് ഉന്നയിക്കുന്നത്; അത് ഒരു തരത്തിലും ഭരണഘടനാ വ്യവസ്ഥയുടെ അട്ടിമറിയല്ല.

ഇതിനുള്ള മറുവാദം നാല് ഘട്ടങ്ങളായി വിശദീകരിക്കാം:

ഒന്നാമതായി, ആധുനിക ജനാധിപത്യത്തിന്റെ തുടക്കത്തിന് മുമ്പ് തന്നെ, ജനകീയ മൂല്യങ്ങളുടെയും പരമ്പരാഗത അവകാശങ്ങളുടെയും സംരക്ഷകരായി പ്രവർത്തിച്ചിരുന്നത് ആൾക്കൂട്ടങ്ങളായിരുന്നുവെന്നും ഭരണാധികാരികളുമായി ചർച്ചകൾ നടത്തുന്നതിനുള്ള ഒരു മാർഗമായി അവർ പ്രവർത്തിച്ചിരുന്നുവെന്നും ചരിത്രം നമ്മോട് പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഉടലെടുത്തുവന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെ ഇംഗ്ലണ്ടിലെ ജനക്കൂട്ടം ഒരു "ധാർമിക സാമ്പത്തിക വ്യവസ്ഥ" നടപ്പാക്കുകയായിരുന്നുവെന്ന് ഇ.പി. തോംസൺ വാദിച്ചിട്ടുണ്ട്. ഭരണത്തിൽ ജനങ്ങൾ പങ്കാളികളാവുക എന്ന ആശയം ലിബറൽ പ്രാതിനിധ്യ ജനാധിപത്യം കൂട്ടിച്ചേർത്ത ഒന്നല്ല. സഭകൾ, ഹർജികൾ, പൊതു സ്വീകരണങ്ങൾ, ആൾക്കൂട്ടങ്ങളുടെ കൂട്ടായ പ്രതിഷേധങ്ങൾ എന്നിവയുടെ രൂപത്തിൽ പണ്ടുമുതലേ നിലനിന്നിരുന്ന രീതികളെ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണ് ആധുനിക ജനാധിപത്യങ്ങൾ ചെയ്തത്.

രണ്ടാമതായി, ആധുനിക ജനാധിപത്യങ്ങൾക്ക് ജനകീയ അണിചേരലുകളുടെ അല്ലെങ്കിൽ സിഡ്നി ടാരോയുടെ വാക്കുകൾ കടമെടുത്താൽ "സംഘർഷാത്മക രാഷ്ട്രീയത്തിന്റെ" പങ്കിനെ ഇല്ലാതാക്കാൻ കഴിയില്ല, അവ അപ്രത്യക്ഷമാകുന്നുമില്ല. ഒരു ജനാധിപത്യ സംവിധാനത്തിന്റെ പ്രവർത്തനത്തിലേക്ക് അവ നിശബ്ദമായി നെയ്തുചേർക്കപ്പെട്ടിരിക്കുകയാണ്. ഉത്തരം പറയലിന്റെയും ഉത്തരവാദിത്തത്തിന്റെയും ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറമെ, പ്രകടനങ്ങൾ, പണിമുടക്കുകൾ, ഉപരോധങ്ങൾ, മാർച്ചുകൾ, ബഹിഷ്കരണങ്ങൾ അല്ലെങ്കിൽ സിവിൽ നിയമലംഘനങ്ങൾ എന്നിവയിലൂടെ സാധാരണക്കാർ സർക്കാരുകളോടും നിക്ഷിപ്ത താല്പര്യക്കാരോടും മറ്റു ശക്തരായ വ്യക്തികളോടും തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്ന ഊർജസ്വലവും എന്നാൽ അനൗദ്യോഗികവുമായ ഒരു കൂട്ടായ പ്രവർത്തന പ്രക്രിയയും ജനാധിപത്യത്തിൽ അടങ്ങിയിരിക്കുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള പടിഞ്ഞാറൻ യൂറോപ്പിലെ കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച ചാർലസ് ടില്ലി നടത്തിയ നിഗമനം, ജനകീയ പ്രസ്ഥാനങ്ങൾ ജനാധിപത്യത്തിന്റെ പരാജയത്തിന്റെ ലക്ഷണമല്ല എന്നാണ്. മറിച്ച്, അവ ജനാധിപത്യത്തിന്റെ വികാസത്തിന്റെ ഉൽപ്പന്നങ്ങളാണ്. ഇവ പരസ്പര വിരുദ്ധമല്ല: പ്രതിഷേധങ്ങൾ പലപ്പോഴും സ്ഥാപനപരമായ പരിഷ്കരണങ്ങളിലേക്ക് നയിക്കുന്നു, അതേസമയം സ്ഥാപനങ്ങൾ നൽകുന്ന അവസരങ്ങൾ കൂടുതൽ ജനകീയ മുന്നേറ്റങ്ങൾക്ക് പ്രേരണയാകുന്നു.

മൂന്നാമത്തെ ഘട്ടം, വികസ്വര രാജ്യങ്ങളിലെ ജനാധിപത്യങ്ങളിൽ ജനകീയ മുന്നേറ്റങ്ങൾക്കുള്ള സവിശേഷമായ പങ്ക് തിരിച്ചറിയുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ, ലോകത്തിലെ മിക്ക രാജ്യങ്ങളും ലിബറൽ ജനാധിപത്യ രൂപം സ്വീകരിച്ചുവെങ്കിലും, അതിനുള്ള സ്ഥാപനപരമായ അടിത്തറ സ്വാഭാവികമായി രൂപപ്പെട്ടതല്ലാത്തതിനാൽ അതീവ ദുർബലമായിരുന്നു. ഇന്ത്യയെപ്പോലുള്ള വിജയകരമായ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും, ദുർബലമായ സ്ഥാപനങ്ങൾ വരുത്തിവെച്ച ശൂന്യത നികത്തിയത് ജനകീയ പ്രസ്ഥാനങ്ങളും പൊതു പ്രതിഷേധങ്ങളുമാണ്. ദീപേഷ് ചക്രവർത്തിയുടെ അഭിപ്രായത്തിൽ, ബഹുജനങ്ങൾ-അതായത് സാധാരണക്കാരുടെ വലിയ പൊതുസഞ്ചയങ്ങൾ സ്ഥാപനപരമായ പരാജയത്തോടുള്ള അടിയന്തിര പ്രതികരണമല്ല, മറിച്ച് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ യുക്തിക്ക് തന്നെ അവിഭാജ്യ ഘടകമാണ്. പാർശ്വവൽകൃത വിഭാഗങ്ങൾക്ക് ഭരണകൂടത്തിന് മുന്നിൽ അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള പ്രധാന മാർഗമാണിത്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയെക്കുറിച്ചുള്ള പാട്രിക് ഹെല്ലറുടെ താരതമ്യ പഠനവും സമാനമായ നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്: അസമത്വങ്ങൾ നിറഞ്ഞ സമൂഹങ്ങളിൽ ജനക്കൂട്ടങ്ങളും ജനകീയ അണിചേരലുകളും ജനാധിപത്യത്തിന്റെ പ്രധാന പ്രവർത്തനരീതികളിൽ ഒന്നാണ്.

അവസാനമായി, ഇന്നത്തെ ഇന്ത്യ ഒരു സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യമല്ല. ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന്റെയും പ്രതികരണത്തിന്റെയും എല്ലാ വഴികളും അടഞ്ഞുപോയ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഭരണാധികാരികൾ സമഗ്രമായ അധികാരത്തിന് പിന്നാലെയാണ്, അവർ യാതൊരുവിധ പ്രതികരണങ്ങൾക്കും ചെവികൊടുക്കുന്നില്ല. പ്രധാന മാധ്യമങ്ങൾ കൈയടക്കപ്പെട്ടിരിക്കുന്നു, യാതൊരുവിധ പ്രതികൂല സൂചനകളും നൽകാൻ അവ തയാറല്ല. എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളും കീഴടക്കപ്പെട്ടിരിക്കുന്നു, അവ വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്തുന്നു. പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിക്കുന്നു. സമതുലിതമായ ഒരു മത്സരക്കളം നിലനിൽക്കാത്തതിനാൽ, തെരഞ്ഞെടുപ്പുകൾ ജനവികാരത്തിന്റെ പ്രതിഫലനമല്ല. ഭരണഘടനാ വ്യവസ്ഥകളും മാനദണ്ഡങ്ങളും നടപ്പിലാക്കാൻ നീതിന്യായ വ്യവസ്ഥക്ക് കഴിയുന്നില്ല അല്ലെങ്കിൽ അതിന് താല്പര്യമില്ല. ഇത്തരമൊരു സാഹചര്യത്തിൽ, ജനങ്ങളുടെ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതിന് ലഭ്യമായ ഏക മാർഗം തെരുവിലെ സമാധാനപരമായ ജനകീയ അണിചേരലുകൾ മാത്രമാണ്.

തെരുവ് പ്രതിഷേധങ്ങളെ എപ്പോഴെങ്കിലും ന്യായീകരിക്കാൻ സാധിക്കുമെങ്കിൽ, അതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണമാണിത്. ഭരണഘടനാ സ്ഥാപനങ്ങളോട് സംസാരിക്കുകയും അവരോട് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സമാധാനപരമായ പ്രതിഷേധത്തിന്റെ വഴി തെരഞ്ഞെടുത്തതിന് ഈ യുവജനങ്ങളോട് നമ്മൾ നന്ദിയുള്ളവരായിരിക്കണം. നിലവിലുള്ള സംവിധാനത്തെ ഭീഷണിപ്പെടുത്തുന്ന ഒരു കലാപത്തിന് പകരം, ഈ പ്രതിഷേധം ജനാധിപത്യ രാഷ്ട്രീയത്തിലുള്ള വിശ്വാസത്തിന്റെ പുനരുത്ഥാനമാണ്. ജന്തർ മന്തറിൽ ഒത്തുചേർന്ന യുവത ജനാധിപത്യത്തെ അട്ടിമറിക്കുകയല്ല, അതിനെ വീണ്ടെടുക്കുകയാണ് ചെയ്തത്.

(തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര യാദവ് സ്വരാജ് ഇന്ത്യ അംഗവും ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനറുമാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam articlesMadhyamam
News Summary - The country is indebted to the youth
Next Story