Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകൗമാരജീവിതം തകർക്കുന്ന...

കൗമാരജീവിതം തകർക്കുന്ന സോഷ്യൽമീഡിയ

text_fields
bookmark_border
കൗമാരജീവിതം തകർക്കുന്ന സോഷ്യൽമീഡിയ
cancel

നൂറ് കോടിയിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും കുറഞ്ഞ ചെലവിൽ ലഭ്യമാവുന്ന ഇന്റർനെറ്റ് സൗകര്യവുമുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വിപണികളിലൊന്നാണ്. റോഡുകളിലും വാഹനങ്ങളിലും വീട്ടിലും ക്ലാസിലും തൊഴിലിടങ്ങളിലുമെല്ലാം പ്രായഭേദമന്യേ ആളുകൾ സ്മാർട്ട്‌ഫോണുകളിൽ മുഴുകിയിരിക്കുന്നത് നിത്യകാഴ്ചയാണ്. ഇന്ത്യൻ സോഷ്യൽ മീഡിയ വിപണി വിഹിതത്തിന്റെ ഏകദേശം 42 ശതമാനവും കൈക്കലാക്കിയിരിക്കുന്നത് ഇൻസ്റ്റാഗ്രാമാണ്.

ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളും ചട്ടങ്ങളും പ്രകാരമാണ് ഇന്ത്യയിൽ സോഷ്യൽ മീഡിയകൾ നിയന്ത്രിക്കപ്പെടുന്നത്. ഗവൺമെന്റ് നിർദേശിക്കുന്ന ഉള്ളടക്കങ്ങൾ താമസംവിനാ നീക്കം ചെയ്യുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന നിർമിച്ച ഉള്ളടക്കങ്ങൾ കൃത്യമായി രേഖപ്പെടുത്തുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരം ഉള്ളടക്കങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുക തുടങ്ങിയ നടപടികൾസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ഉത്തരവാദിത്തമാണ്.

എന്നിരുന്നാലും, കൗമാരക്കാരിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന ദുസ്വാധീനം തടയാൻ ലക്ഷ്യമിടുന്ന പ്രത്യേക നിയമസംവിധാനങ്ങൾ ഒന്നും തന്നെ രാജ്യത്തില്ല. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കൗമാരക്കാരിൽ ഉറക്ക തടസ്സങ്ങൾക്കും പഠനനിലവാരത്തകർച്ചക്കും കാരണമാകുന്നു; കൂടാതെ ഉത്കണ്ഠ, സൈബർ ബുള്ളിയിങ്, മാനസീകാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികളിലേക്കും ഇത് വഴിതെളിക്കുന്നു.

രാത്രികാലങ്ങളിൽ ഒരു അനുഷ്ഠാനമെന്നോണം ഇരുന്ന് ഫോൺ സ്ക്രോൾ ചെയ്യുന്നത് ഉറക്കം വൈകിപ്പിക്കുകയും, ഇത് കൗമാരക്കാരുടെ തലച്ചോറിന്റെ ശരിയായ വികാസത്തിന് ആവശ്യമായ റെം ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു (ഉറക്കത്തിൽ തലച്ചോറും ശരീരവും ഏറ്റവും സജീവമാകുന്ന പ്രത്യേക ഘട്ടമാണ് റെം ഉറക്കം.REM എന്നതിന്റെ പൂർണ്ണരൂപം Rapid Eye Movement (ദ്രുത നേത്ര ചലനം) എന്നാണ്. ഈ ഘട്ടത്തിൽ ഉറങ്ങുന്ന ആളുടെ കണ്ണുകൾ അടഞ്ഞ കൺപോളകൾക്കുള്ളിൽ ഇരുന്ന് വേഗത്തിൽ ഇരുവശങ്ങളിലേക്കും ചലിച്ചുകൊണ്ടിരിക്കും).ഓൺലൈനിൽ അമിതമായി സമയം ചെലവിടുന്നത് വീട്ടുകാരുമായുള്ള സമ്പർക്കങ്ങൾ പോലും കുറക്കുകയും ആരോഗ്യകരമായ ആശയവിനിമയ ശേഷിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ലൈക്കുകളിൽ നിന്നും നോട്ടിഫിക്കേഷനുകളിൽ നിന്നും ലഭിക്കുന്ന ഡോപമൈൻ ഹിറ്റുകൾ ഫോണിലേക്കു തന്നെ നിരന്തരം നോക്കാൻ പ്രേരിപ്പിക്കുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നും ഗൃഹപാഠങ്ങളിൽ നിന്നും ശാരീരിക വ്യായാമങ്ങളിൽ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നു. സോഷ്യൽ മീഡിയ ഉപയോഗം വിലക്കിയതിന്റെ പേരിൽ കൂട്ടികൾ ജീവിതം അവസാനിപ്പിച്ച സംഭവങ്ങളും ഒട്ടനവധിയാണ്.

അമിതമായ സോഷ്യൽ മീഡിയ അടിമത്തം കൗമാരക്കാരുടെ ജീവിതത്തെ വിവിധ രീതികളിൽ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ, അവരെ രക്ഷിക്കാനായി ആഗോളതലത്തിൽ പല രാജ്യങ്ങളും ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്.സമഗ്രമായ നിയമനിർമ്മാണത്തിലൂടെ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ്, യൂട്യൂബ്, എക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഈ നിരോധന പരിധിയിൽ വരുമെങ്കിലും വാട്സാപ്പ്, സിഗ്നൽ പോലുള്ള മെസ്സേജിംഗ് ആപ്പുകളെയും ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെയുംഒഴിവാക്കിയിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ളവർക്ക് പൂർണ്ണ അക്കൗണ്ട് നിരോധനം ഏർപ്പെടുത്തുമ്പോൾ തന്നെ, 17 വയസ്സിൽ താഴെയുള്ളവർക്ക് അപരിചിതരുമായുള്ള ലൈവ് സ്ട്രീമിംഗും ചാറ്റിംഗും നിയന്ത്രിക്കും. 18 വയസ്സിൽ താഴെയുള്ളവർക്കാകട്ടെ രാത്രികാലങ്ങളിൽ അമിതമായി സ്ക്രോൾ ചെയ്യുന്നത് തടയാൻ സോഷ്യൽ മീഡിയ കർഫ്യൂവും ഏർപ്പെടുത്തും.

‘‘യുവജനങ്ങൾക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നതിനും സ്കൂളിലും കോളജിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കൂടുതൽ ഗുണമേന്മയുള്ള സമയം ചിലവഴിക്കുന്നതിനും ഈ നടപടികൾ നിർണായക പങ്കുവഹിക്കും’’ എന്നാണ് ബ്രിട്ടിഷ് സാങ്കേതികവിദ്യാ മന്ത്രി ലിസ് കെൻഡാൽ പ്രത്യാശപ്രകടിപ്പിച്ചത്. ബ്രിട്ടനിൽ നടത്തിയ സമീപകാല പഠനങ്ങളും വ്യക്തമാക്കുന്നത് സോഷ്യൽ മീഡിയ ഉപയോഗത്തിലെ നിയന്ത്രണങ്ങൾ ഉറക്കം, ഏകാഗ്രത, പൊതുവായ ആരോഗ്യം എന്നിവയിൽ വലിയ പുരോഗതിക്ക് കാരണമാവും എന്നാണ്. സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് ബ്രിട്ടൻ രൂപവത്കരിച്ച ആദ്യ നിയമസംഹിത ഈ വർഷാവസാനത്തോടെ പാർലമെന്റിൽ അവതരിപ്പിക്കും. യുവജനങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്ന ആദ്യ രാജ്യമായ ആസ്‌ട്രേലിയ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ പ്രധാന പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ കൈവശം വെക്കുന്നത് നിരോധിച്ചുകൊണ്ട് ഏറ്റവും കർശനമായ നടപടിയാണ് സ്വീകരിച്ചത്.

‘ഓൺലൈൻ സേഫ്റ്റി അമൻഡ്മെന്റ് (സോഷ്യൽ മീഡിയ മിനിമം ഏജ്) ആക്ട് 2024’ എന്ന പേരിൽ പാസാക്കിയ ഈ നിയമം, കുട്ടികളെയോ മാതാപിതാക്കളെയോ ശിക്ഷിക്കുന്നതിന് പകരം നിരോധനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സാങ്കേതികവിദ്യാ കമ്പനികളിലാണ് ചുമത്തുന്നത്. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾ 49.5 മില്യൺ ആസ്‌ട്രേലിയൻ ഡോളർ വരെയുള്ള പിഴ നേരിടേണ്ടി വരും. ഈ നിയമപ്രകാരം 16 വയസ്സിന് താഴെയുള്ളവർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്, എക്സ്, യൂട്യൂബ്, റെഡ്ഡിറ്റ്, ത്രെഡ്സ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ കിക്ക്, ട്വിച്ച് എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. മാതാപിതാക്കൾ അനുമതി നൽകിയിട്ടുണ്ട് എന്ന പേരിൽപോലും കുട്ടികൾക്ക് നിയമം ലംഘിച്ച് ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാവില്ല.

2025-ൽ ആസ്‌ട്രേലിയൻ സർക്കാർ നടത്തിയ പഠനത്തിൽ, 10-15 വയസ്സ് പ്രായമുള്ള 96 ശതമാനം കുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അവരിൽ പത്തിൽ ഏഴ് പേരും ഹാനികരമായ ഉള്ളടക്കങ്ങൾ കാണുന്നുണ്ടെന്നും വ്യക്തമായി. സ്ത്രീവിരുദ്ധത, അക്രമം എന്നിവ നിറഞ്ഞതും ഭക്ഷണ വൈകല്യങ്ങളെയും ആത്മഹത്യയെയും പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു.

നമ്മുടെ കുട്ടികൾ മുതിർന്നവരുടെ അനുമതിയോടെയോ അല്ലാതെയോ ഫോൺ ഉപയോഗിച്ച് കാണുന്ന ഉള്ളടക്കങ്ങൾ ഒന്ന് വിലയിരുത്തി നോക്കുക. സ്ത്രീവിരുദ്ധതയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതുമായ ഉള്ളടക്കങ്ങളാണ് ലഭ്യമാവുന്നതിൽ പകുതിയിലേറെയും. നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന അതിക്രമങ്ങളിലും കൗമാര കുറ്റകൃത്യങ്ങളിലും ഇവ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പുസ്തകങ്ങളും സിനിമകളുമെല്ലാം കർശനമായി നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്ന നമ്മുടെ സർക്കാർ, കൗമാരക്കാരുടെ ജീവിതം തകർക്കുന്ന സോഷ്യൽ മീഡിയ ദുരന്തങ്ങൾക്ക് മുന്നിൽ മാത്രം ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതേയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teenageopenforumAccountsSocial Medialife`breaking
News Summary - Social media is ruining teenage lives
Next Story