തടവറയിലും പുറത്തും സമരജീവിതം
text_fields
രണ്ടു ഭരണകൂടങ്ങൾക്ക് കീഴിൽ തടവുജീവിതം നയിച്ച അനുഭവത്തിൽനിന്ന് ധാവലെ പറയുന്നത് ‘‘ഈ രണ്ട് പാർട്ടികളുടെ ഭരണകൂടങ്ങളും എല്ലാത്തരം വിയോജിപ്പുകളെയും അക്രമാസക്തമായാണ് അടിച്ചമർത്തിയത്’’ എന്നാണ്ഫാദർ സ്റ്റാൻ സ്വാമി മരിച്ചതിന്റെ പിറ്റേന്ന് തന്റെ ബാരക്കിൽ ഇരുന്ന് സഹതടവുകാരനായ സുധീർ ധവാലെ ‘പാതാൾഗഢിച്ച ഫാദർ’ (പാതാൾഗഢിയിലെ അച്ചൻ) എന്ന തലക്കെട്ടിൽ ഒരു നീണ്ട കവിത എഴുതി. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള, ‘വിദ്രോഹി’ എന്ന ജാതിവിരുദ്ധ...
രണ്ടു ഭരണകൂടങ്ങൾക്ക് കീഴിൽ തടവുജീവിതം നയിച്ച അനുഭവത്തിൽനിന്ന് ധാവലെ പറയുന്നത് ‘‘ഈ രണ്ട് പാർട്ടികളുടെ ഭരണകൂടങ്ങളും എല്ലാത്തരം വിയോജിപ്പുകളെയും അക്രമാസക്തമായാണ് അടിച്ചമർത്തിയത്’’ എന്നാണ്
ഫാദർ സ്റ്റാൻ സ്വാമി മരിച്ചതിന്റെ പിറ്റേന്ന് തന്റെ ബാരക്കിൽ ഇരുന്ന് സഹതടവുകാരനായ സുധീർ ധവാലെ ‘പാതാൾഗഢിച്ച ഫാദർ’ (പാതാൾഗഢിയിലെ അച്ചൻ) എന്ന തലക്കെട്ടിൽ ഒരു നീണ്ട കവിത എഴുതി. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള, ‘വിദ്രോഹി’ എന്ന ജാതിവിരുദ്ധ ദ്വൈമാസികയുടെ എഡിറ്ററായ ധവാലെ ജീവിതത്തിലാദ്യമായി എഴുതിയ കവിതയായിരുന്നു അത്. പക്ഷേ, ഫാദറിന്റെ മരണശേഷമുള്ള മൂന്നര വർഷംകൊണ്ട് കുറഞ്ഞത് നൂറുകവിതകളെങ്കിലും അദ്ദേഹമിപ്പോൾ എഴുതിക്കഴിഞ്ഞിരിക്കുന്നു.

ഫാ. സ്റ്റാൻ സ്വാമി
‘‘ഫാ. സ്വാമി എന്നെയൊരു കവിയാക്കി മാറ്റി’’, ഗോവണ്ടിയിലെ ചേരിയിലെ തന്റെ വാസസ്ഥലവും ഓഫിസുമായ വാടകമുറിയിലിരുന്ന് ജയിൽ രചനകൾ കാണിക്കവെ ധവാലെ പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റിന് മുമ്പ് ഇവിടം സാംസ്കാരിക പ്രവർത്തകരുടെയും ഗായകരുടെയും സുരക്ഷിത താവളമായിരുന്നു. എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് 2018 ജൂൺ ആറിനാണ് ധവാലെ അറസ്റ്റ് ചെയ്യപ്പെടുന്നത്. കുറ്റം ചാർത്താതെ വിചാരണയില്ലാതെ തടവറയിൽ 2424 ദിവസം കഴിഞ്ഞ ശേഷം ജനുവരി 24ന് ജാമ്യം ലഭിച്ചു.
വിചാരണയില്ലാതെ അനുഭവിച്ച നീണ്ട തടവാണ് അദ്ദേഹത്തിനും റോണാ വിൽസനും ജാമ്യം നൽകാൻ ബോംബെ ഹൈകോടതിയെ പ്രേരിപ്പിച്ച പ്രധാന കാരണങ്ങളിലൊന്ന്.
എതിർശബ്ദം എന്ന കുറ്റം
ധവാലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാവുന്നത് എൽഗാർ പരിഷത്ത് കേസിലൂടെയല്ല, 2011ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ അധികാരത്തിലുള്ളപ്പോഴും ഇദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. 2014 മേയ് മാസം എല്ലാ ആരോപണങ്ങളിൽ നിന്നും കുറ്റമുക്തനാക്കപ്പെട്ടപ്പോഴേക്ക് 40 മാസമാണ് അദ്ദേഹം തടവറയിൽ ചെലവിട്ടത്.
സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റുകൾ ഉയർത്തിക്കാട്ടുകയും അവ മാറ്റേണ്ടതുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നത് തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നതിന് തെളിവായി കാണാനാവില്ലെന്ന് ധാവലെയെ മോചിപ്പിച്ചുകൊണ്ടുള്ള ശക്തമായ വിധിയിൽ, പ്രത്യേക സെഷൻസ് കോടതി ജഡ്ജി ആർ.ജി. അസ്മാർ ചൂണ്ടിക്കാണിച്ചിരുന്നു.
രണ്ടു ഭരണകൂടങ്ങൾക്ക് കീഴിൽ നിരവധി വർഷങ്ങൾ തടവുജീവിതം നയിച്ച അനുഭവത്തിൽനിന്ന് ധാവലെ പറയുന്നത് ‘‘ഈ രണ്ട് പാർട്ടികളുടെ ഭരണകൂടങ്ങളും എല്ലാത്തരം വിയോജിപ്പുകളെയും വളരെ അക്രമാസക്തമായാണ് അടിച്ചമർത്തിയത്’’ എന്നാണ്.
അറസ്റ്റും ആരോപണങ്ങളും
എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിൽ കഴിഞ്ഞ ഘട്ടത്തിൽ ധവാലെയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായും രാഷ്ട്രീയമായും നിരവധി പ്രധാന സംഭവങ്ങളാണ് കടന്നുപോയത്. 2018 ജൂൺ ആറിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം പുണെ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഉറ്റസുഹൃത്ത് ഷാഹിർ ശന്തനു കാംബ്ലെ (‘കോർട്ട്’ എന്ന സിനിമ അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ്) അന്തരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കൽ, കോവിഡ്-19 മഹാമാരി, ഉറ്റസുഹൃത്തും നടനുമായ വീര സതീധറിന്റെ (‘കോർട്ട്’ സിനിമയിലെ നായകൻ) മരണം, ഡൽഹി കലാപം, പൗരത്വ ഭേദഗതി വിരുദ്ധ നിയമവും പ്രതിഷേധങ്ങളും, ഫാ.സ്വാമിയുടെ മരണം, പ്രഫ.ജി.എൻ. സായ്ബാബയുടെ മരണം എന്നിവയെല്ലാം ഈ കാലയളവിൽ നടന്നു. ഓരോ സംഭവത്തിലും പ്രതികരിച്ച് ധവാലെ രചനകൾ നടത്തി.
‘ദ വയർ’ നടത്തിയ അന്വേഷണങ്ങളുടെ വെളിച്ചത്തിൽ ഈ ലേഖിക സമർപ്പിച്ച ഹരജിയെത്തുടർന്ന് ജയിലുകളിലെ ജാതിവിവേചനത്തിനെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോഴും ധവാലെ ഒരു കവിതയെഴുതിയിരുന്നു. തടവിൽ കഴിയവെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. കൂടുതൽ കുഴപ്പങ്ങളിൽ കൊണ്ടെത്തിച്ചേക്കുമെന്ന് അദ്ദേഹത്തിന് തന്നെയറിയാവുന്ന കുറച്ചു പുസ്തകങ്ങൾ പണിപ്പുരയിലാണ്.
2017 ഡിസംബർ 31ന് പുണെയുടെ ഹൃദയഭാഗത്തുള്ള ശനിവാർവാഡയിൽ നടന്ന എൽഗാർ പരിഷത്ത് പരിപാടിയുടെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ധവാലെ. ഭീമ-കൊറെഗാവിൽ സമാധാനപരമായി നടന്ന സമ്മേളനം തടസ്സപ്പെടുത്തിയതിന് വലതുപക്ഷ നേതാക്കളായ മനോഹർ ഭിഡെ, മിലിന്ദ് എക്ബോട്ടെ എന്നിവരാണ് കാരണക്കാരെന്ന് അക്രമത്തിന്റെ ഇരകളും സാക്ഷികളും കുറ്റപ്പെടുത്തിയപ്പോൾ കലാപത്തിന് കാരണമായത് പരിഷത്താണെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ആരോപിച്ചു.
പിന്നീട്, എൽഗാർ പരിഷത്ത് സംഘാടകർക്കും പരിപാടിയുമായി ബന്ധമില്ലാത്ത ചിലർക്കുമെതിരെ ‘സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു, നിരോധിത മാവോവാദി സംഘടനക്ക് ധനസഹായം നൽകി, രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതി തയാറാക്കി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. മഹാരാഷ്ട്രയിൽനിന്നുള്ളവരല്ലാതെ എൽഗാർ പരിഷത്ത് കേസിലെ മറ്റു പ്രതികളുമായി കൂടിക്കാഴ്ച നടത്താനോ സംവദിക്കാനോ തനിക്ക് അതുവരെ അവസരം ലഭിച്ചിരുന്നില്ലെന്നും ബി.ജെ.പി സർക്കാർ ഞങ്ങളെ കൂട്ടിയോജിപ്പിച്ചെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.
നാഗ്പൂരിൽ ജനിച്ച ധവാലെ ജാതിവിരുദ്ധ റിപ്പബ്ലിക്കൻ പാന്തേഴ്സ്, ഖൈർലാഞ്ചി കൂട്ടക്കൊലവിരുദ്ധ സംഘർഷ സമിതി തുടങ്ങിയ വിവിധ കൂട്ടായ്മകളുടെ സ്ഥാപകനാണ്.
മരണഭയം നിഴലിട്ട മാരിക്കാലം
മരണത്തെക്കുറിച്ചുള്ള നിരന്തരമായ ഭയം നിഴലിട്ട കോവിഡ്-19 കാലമാണ് ജയിൽ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമെന്ന് അദ്ദേഹം ഓർത്തു പറയുന്നു.
തലോജ ജയിലിൽ നിന്ന് ടി.വി വാർത്ത വഴിയാണ് പകർച്ചവ്യാധിയെക്കുറിച്ച് കേൾക്കുന്നത്. കൈകൾ വൃത്തിയായി സൂക്ഷിക്കാൻ ടി.വി ചാനലുകൾ നിരന്തരം ഉപദേശിക്കുന്നുണ്ടായിരുന്നു. എന്നാൽ, തടവുകാർ എന്നനിലയിൽ, കഴുകാനും കുളിക്കാനും കുടിക്കാനും ശൗചാലയം ഉപയോഗത്തിനുമെല്ലാമായി ഞങ്ങൾക്ക് ഒരു ബക്കറ്റ് വെള്ളം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.
ബാരക്കിലെ മിക്കവാറും എല്ലാ തടവുകാരും അവരവരുടെ കിടക്കകളിൽ ഒതുക്കപ്പെട്ട നാളുകളുണ്ടായിരുന്നു. ഒരു തടവുകാരനെപ്പോലും പുറത്തുകൊണ്ടുപോയില്ല. പരമാവധി 23 പേരെ പാർപ്പിക്കാൻ ശേഷിയുള്ള എന്റെ ബാരക്കിൽ ഒരേസമയം 60-70 പേർ ഉണ്ടായിരുന്നു. രണ്ടാം തരംഗത്തിനുശേഷമാണ് മാസ്കുകളും സാനിറ്റൈസറും ലഭ്യമായത്-അദ്ദേഹം ഓർമിക്കുന്നു.
അണ്ഡാ സെല്ലിലെ തടവുജീവിതം
എന്നും എപ്പോഴും അവകാശ പ്രവർത്തകനായ ധവാലെ ജയിലിലും തന്റെ പ്രവർത്തനങ്ങൾ തുടർന്നിരുന്നു. ജയിൽ സൂപ്രണ്ടിന്റെ സന്ദർശന വേളയിൽ ചെരിപ്പ് ഊരിയിടാൻ വിസമ്മതിച്ചതിന് പ്രശ്നക്കാരൻ എന്ന ചാപ്പ കിട്ടി. താമസിയാതെ തലോജയിലെ ഭയാനകമായ അണ്ഡാ സെല്ലി(ഏകാന്ത തടവിലിടാനായി തയാറാക്കിയ കോഴിമുട്ടയുടെ ആകൃതിയിലുള്ള കുടുസ്സ് സെൽ) ലേക്ക് മാറ്റി. അദ്ദേഹം തോറ്റുമടങ്ങിയില്ല. അതിനകത്തിരുന്നും പരാതികളും വിവരാവകാശ അപേക്ഷകളും നൽകി. ആദ്യമായി പ്രക്ഷോഭം ആരംഭിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ചില അപ്പീലുകൾ തീർപ്പുകൽപ്പിച്ചിട്ടില്ല.
ജീവിച്ചതിൽ വെച്ച് ഏറ്റവും മോശപ്പെട്ട ഇടമാണ് തലോജയിലെ അണ്ഡാ സെൽ എന്ന് ധവാലെ പറയുന്നു. 23 മാസമാണ് ഈ മനുഷ്യൻ ഏകാന്തതടവിൽ കഴിഞ്ഞത്. അധികാരികളെ ചോദ്യം ചെയ്തതിനോ കോടതിയിൽ അപേക്ഷകൾ നൽകിയതിനോ കൂട്ടുപ്രതികളിൽ പലരെയും അവിടെത്തള്ളി. ‘‘ഞങ്ങളുടെ ചോദ്യം ചെയ്യൽ ഒരു സമ്പൂർണ പ്രക്ഷോഭമായി മാറുകയാണെങ്കിൽ, അത് കൈകാര്യം ചെയ്യാവുന്നതിലപ്പുറമാകുമെന്ന് ജയിൽ അധികൃതർ ഭയപ്പെട്ടു-അദ്ദേഹം പറയുന്നു.
27 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന തലോജ സെൻട്രൽ ജയിലിൽ നിരവധി ഏകാന്ത സെല്ലുകളുണ്ട്. രണ്ടു നിലകളുള്ള അണ്ഡാ സെൽ കോംപ്ലക്സിൽ മുറികൾ ഒരു വൃത്തംപോലെയാണ് നിർമിച്ചിരിക്കുന്നത്. താഴെ നിലയിൽ അടക്കപ്പെട്ടവർക്ക് പരിമിതമായ സ്ഥലത്തെങ്കിലും നടക്കാമെങ്കിൽ ഒന്നാം നിലയിലുള്ളവർക്ക് അവിടെ താമസിക്കുന്നിടത്തോളം കാലം സൂര്യപ്രകാശമോ ശുദ്ധവായുവോ ലഭിക്കില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ സകല ധാരണകളെയും ഹനിക്കാനാണ് ഇത്തരമൊരു നിർമാണരീതി -ധവാലെ കൂട്ടിച്ചേർക്കുന്നു.
ജയിലുകൾക്ക് അവരുടേതായ ലിഖിതവും അലിഖിതവുമായ നിയമങ്ങളുണ്ട്. തടവുകാർക്ക് ലഭിക്കുന്ന കത്തുകൾ അവർക്ക് മുമ്പേ വായിക്കുന്നത് ജയിൽ അധികൃതരാണ്. തടവുകാർ മറ്റുള്ളവർക്ക് അയക്കുന്ന കത്തുകളും അങ്ങനെതന്നെ. എന്നാൽ, എൽഗാർ പരിഷത്ത് കേസിൽ ജയിലിലടക്കപ്പെട്ടരുടെ കാര്യത്തിൽ ഒളിനോട്ടവും സൂക്ഷ്മപരിശോധനയും വിവിധ തലങ്ങളിലായിരുന്നു. ഇവർക്കുള്ള കത്തുകൾ നാഗ്പൂരിലെ നക്സൽവിരുദ്ധ ഓപറേഷൻ (എ.എൻ.ഒ) സെല്ലിലേക്ക് അയച്ചാണ് പരിശോധിച്ചിരുന്നത്. ഇതിനെ ധവാലെ സംസ്ഥാന മനുഷ്യാവകാശ കമീഷന് മുമ്പാകെ ചോദ്യം ചെയ്തിരുന്നു. മറാത്തിയിൽ തയാറാക്കിയ അദ്ദേഹത്തിന്റെ പരാതി നിരസിക്കപ്പെട്ടു. കൂട്ടുപ്രതിയായ അരുൺ ഫെരേര തയാറാക്കിയ സമാനമായ പരാതി അംഗീകരിച്ച് അവകാശങ്ങൾ ലംഘിച്ചതിന് രണ്ടു ലക്ഷം രൂപ നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറിനോട് നിർദേശിച്ചു.
മോചിതനായതോടെ പഴയ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഞാൻ ജയിലിലായിരുന്നപ്പോൾ, എന്റെ കൂട്ടായ്മ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ജയിലിൽ കഴിയുമ്പോഴും ഞാൻ എഴുത്ത് തുടർന്നു ഞങ്ങളെ ജയിലിലടച്ചതോടെ വിജയം നേടിയതായി ഭരണകൂടത്തിന് തോന്നിയിട്ടുണ്ടാവാം. എന്നാൽ, സമരങ്ങൾ അവസാനിച്ചില്ല. സാധാരണക്കാർ ചെറുത്തുനിന്നു. ആ ആവേശമാണ് ഞങ്ങൾ ജ്വലിപ്പിച്ച് നിലനിർത്താൻ ശ്രമിച്ചത് - ധവാലെ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.