ഹുർമുസ് അടഞ്ഞാൽ ലോകം ഇരുളും
text_fieldsലോകത്തെ ഏറ്റവും തിരക്കുപിടിച്ച എണ്ണ കയറ്റുമതി ചാനലായ ഹുർമുസാണ് ഇറാൻ ഭീഷണിയെ തുടർന്ന് അടഞ്ഞുകിടക്കുന്നത്. പ്രതിമാസം കടന്നുപോകുന്ന 3,000 കപ്പലുകളിൽ ഏറെയും എണ്ണയോ പ്രകൃതിവാതകമോ കയറ്റിപ്പോകുന്നവയാണ്. ലോകത്തെ പ്രമുഖ എണ്ണ ഉൽപാദക രാജ്യങ്ങളായ ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെയെല്ലാം പ്രധാന ജലപാത.
ഹുർമുസ് അടഞ്ഞുകിടന്നാൽ, ഇതുവഴിയുള്ള എണ്ണ കടത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചൈന, ഇന്ത്യ, ജപ്പാൻ രാജ്യങ്ങളാകും കൂടുതൽ പ്രതിസന്ധിയിലാവുക. ആഗോള വ്യാപകമായും പ്രതിസന്ധി കനക്കും. ഇന്ത്യയിൽ ഇപ്പോഴേ ഇതേക്കുറിച്ചുള്ള ആധികൾ പടർന്നുതുടങ്ങിയിട്ടുണ്ട്. ഹുർമുസ് വഴിയുള്ള എണ്ണ കടത്തിന്റെ 80 ശതമാനത്തിലേറെയും ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. 2022ൽ ഇത് 82 ശതമാനമായിരുന്നു.
ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാൻ, യു.എ.ഇ രാജ്യങ്ങളുമുള്ള ഹുർമുസ് ഇരുപ്രവേശന കവാടങ്ങളിലും 50 കിലോമീറ്റർ അകലമുണ്ടെങ്കിലും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 33 കിലോമീറ്റർ മാത്രമാണ് വീതി. ഓരോ രാജ്യത്തിനും സ്വന്തം തീരത്തുനിന്ന് 22.2 കിലോമീറ്റർ വരെ കടൽ സ്വന്തം അധികാരത്തിൽ സൂക്ഷിക്കാമെന്നതാണ് യു.എൻ ചട്ടം. എന്നുവെച്ചാൽ, വീതി കുറഞ്ഞ ഭാഗത്ത് പൂർണമായി ഇറാന് കപ്പലുകൾ എന്തും ചെയ്യാനാകും. ഇറാഖ്- ഇറാൻ യുദ്ധകാലത്ത് സമാന സാഹചര്യം രൂപപ്പെട്ടതോടെ അമേരിക്ക കുവൈത്ത് എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കിയിരുന്നു.
യുദ്ധം കണക്കിലെടുത്ത് ഇതുവഴിയുള്ള കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകില്ലെന്ന് കമ്പനികൾ അറിയിക്കുക കൂടി ചെയ്തതോടെയാണ് സമ്പൂർണമായി അടഞ്ഞുകിടക്കുന്നത്. എണ്ണക്കപ്പലുകളെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ഇറാനും പ്രതിദിനം 17 ലക്ഷം ബാരൽ എണ്ണ കയറ്റിയയക്കുന്നുണ്ട്. 2025ൽ രാജ്യം 6700 കോടി ഡോളറിന്റെ എണ്ണ കയറ്റിയയച്ചതായാണ് കണക്ക്. ഇറാന്റെ എണ്ണയിൽ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്.
നിലവിൽ, വിവിധ രാജ്യങ്ങൾ ഹുർമുസ് ഒഴിവാക്കി പുതിയ പൈപ് ലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കിവരുകയാണ്. യു.എ.ഇക്ക് ഹുർമുസ് ഒഴിവാക്കി ഫുജൈറ വഴി പൂർത്തിയാക്കിയ പൈപ് ലൈൻ വഴി പ്രതിദിനം 15 ലക്ഷം ബാരൽ എണ്ണ കടത്താനാവും. സൗദി 1,200 കിലോമീറ്റർ നീളത്തിൽ പൂർത്തിയാക്കിയതുവഴി പ്രതിദിനം 50 ലക്ഷം ബാരലും കൊണ്ടുപോകാം. ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിദിനം 80 ലക്ഷം മുതൽ ഒരു കോടി വരെ ബാരൽ എണ്ണ കടത്തിന്റെ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

