Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശ്രീദേവിയുടെ മൃതദേഹം...

ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ സർ...?

text_fields
bookmark_border
ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ സർ...?
cancel

അനിൽ അംബാനിയുടെ സ്വകാര്യ വിമാനമായതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം തൂക്കി നോക്കിയിട്ടുണ്ടാവില്ല. ഇനി ഇന്ത്യൻ എയർലൈൻസി​​​​​െൻറ വിമാനമായിരുന്നാലും ശ്രീദേവി ആയതിനാൽ തൂക്കാനും പിടിക്കാനുമൊന്നും വിമാനക്കമ്പനിക്കാർ നിൽക്കില്ല. അഥവാ തൂക്കിയാൽ തന്നെ എത്ര പണം വേണമെങ്കിലും കൊടുത്ത്​ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രീദേവിയുടെ ബന്ധുക്കൾക്ക്​ കഴിയും. കാരണം, കുടുംബം പോറ്റാനുള്ള വെപ്രാളത്തിൽ കെട്ടിടം പണിക്കായി ഗൾഫിലെത്തി കുഴഞ്ഞുവീണ്​ മരിച്ച ഒരു സാദാ തൊഴിലാളിയല്ല ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്​റ്റാർ ആയിരുന്നു. ഇപ്പോൾ ഇതുപറയുന്നത്​ ശ്രീദേവിയോടുള്ള അവഹേളനമോ മറ്റോ അല്ല. ഒരു തികഞ്ഞ കലാകാരി വേർപെടു​േമ്പാഴുള്ള വേദനയുണ്ട്​. അന്വേഷണങ്ങളും പോസ്​റ്റ്​മോർട്ടവും നടപടിക്രമങ്ങളും നടത്തിയ ദുബൈ അധികൃതർ മൃതദേഹം ഇന്ത്യക്ക്​ കൈമാറിയത്​ ഒരു മലയാളിയിലൂടെയാണ്​. അഷ്​റഫ്​ താമരശ്ശേരി എന്നയാൾ.

ആരോരും തുണയില്ലാത്ത ആയിരക്കണക്കിന്​ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്കയച്ച അഷ്​റഫിന്​ പ്രവാസി ഭാരതീയ പുരസ്​കാരമൊക്കെ കിട്ടിയിട്ടുണ്ട്​. അദ്ദേഹത്തെക്കുറിച്ച്​ കുറേ വായിച്ചിട്ടുമുണ്ട്​. പക്ഷേ, നേരിൽ കാണുന്നത്​ ആദ്യമായി കഴിഞ്ഞ ആഴ്​ചയായിരുന്നു.. പ്രവാസി ഭാരതീയ പുരസ്​കാരമൊക്കെ കിട്ടിയ ആള്​ ഒര​ു വലിയ സംഭവമായിരിക്കും എന്നാണ്​ കരുതിയത്​. പക്ഷേ, കണ്ടപ്പോഴാണ്​ മനസ്സിലായത്​. ആളൊരു തനി നാടൻ കോഴിക്കോടൻ. താൻ ചെയ്​ത​െതാന്നും വലിയ കാര്യമാണെന്ന്​ കരുതാത്ത ഒരാൾ. താനല്ലെങ്കിൽ മറ്റൊരാൾ ആ സ്​ഥാനത്ത്​ വന്നുപെടുമെന്ന്​ അയാൾ വിശ്വസിക്കുന്നു.


കോഴിക്കോട്​ നഗരത്തിലെ കെ.പി. കേശവമേനോൻ ഹാളിൽ ഒരു പുസ്​തകപ്രകാശന ചടങ്ങിലായിരുന്നു അഷ്​റഫിക്കായെ കണ്ടത്​. അഷ്​റഫ്​ താമരശ്ശേരിയുടെ ജീവിതം കേന്ദ്രമാക്കി കെ.പി. സുധീര എഴുതിയ നോവൽ ‘സ്വർഗവാതിലി’​​​​​െൻറ പ്രകാശനം. അവസാന ഉൗഴത്തിൽ അഷ്​റഫിക്ക സംസാരിച്ചപ്പോൾ കണ്ണീരടക്കാൻ പാടുപെടേണ്ടിവന്നു...‘‘ഇൗ നാട്ടിൽ ജീവിക്കാൻ ഗതിയില്ലാഞ്ഞിട്ടാണ്​ വിറ്റും പെറുക്കിയും പ്രവാസ ജീവിതത്തിന്​ പലരും മരുഭൂമിയിലേക്ക്​ പോകുന്നത്​. തിരികെ വരു​േമ്പാ അവരുടെ സമ്പാദ്യം കുറേ രോഗങ്ങൾ മാത്രമായിരിക്കും. അതിനിടയിൽ പലരും അവിടെത്തന്നെ മരിച്ചുവീഴും. അവസാനമായെങ്കിലും ഒന്നു കാണാൻ കാത്തിരിക്കുന്ന ബന്ധുക്കൾക്കായി അവരുടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരു​േമ്പാൾ സങ്കടപ്പെടുത്തുന്ന ഒരു കാഴ്​ചയുണ്ട്​. ഇന്ത്യൻ എയർലൈൻസുകാർ മരിച്ചവ​​​​​െൻറ ശരീരം തൂക്കിനോക്കും. തൂക്കത്തിനനുസരിച്ച്​ പണം കൊടുത്താലേ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരൂ...ആ മരിച്ച മനുഷ്യൻ അവിടെ കിടന്ന്​ അധ്വാനിച്ചതി​​​​​െൻറ പങ്ക്​ അനുഭവിച്ചവരാണ്​ ഇൗ നാടും. മൃതദേഹം കൊണ്ടുവരുന്നതിന്​ ഫീസ്​ വാങ്ങിക്കോളൂ... പക്ഷേ, അവരുടെ ശരീരം ദയവായി തൂക്കി നോക്കരുത്​...’’ അദ്ദേഹത്തി​​​​​െൻറ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിന്നിരുന്നു. ഞെട്ടലോടെ അത്​ കേട്ടിരുന്ന സദസ്സിൽ കണ്ണീരണിയാത്തവർ ചുരുക്കമായിരുന്നു... എം.ജി.എസ്​. നാരായണ​​​​​െൻറ കൈയിൽനിന്ന്​ പുസ്​തകം ഏറ്റുവാങ്ങിയ നടൻ ഇബ്രാഹിം കുട്ടിയും മൃതദേഹം തൂക്കുന്ന ഇന്ത്യൻ എയർലൈൻസി​​​​​െൻറ അശ്ലീലത്തെക്കുറിച്ച്​ വികാരഭരിതനായിരുന്നു...

Sridevi-Body


നമ്മുടെ തൊട്ടയൽപക്കത്തെ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും പാക്കിസ്​താനുമൊക്കെ ഗൾഫ്​ രാജ്യങ്ങളിൽ മരിക്കുന്ന അവരുടെ പൗരന്മാരെ വിമാന ചെലവ്​ നൽകി നാട്ടിലെത്തിക്കു​േമ്പാൾ ഇന്ത്യയിൽ അങ്ങനെയൊരു സംവിധാനമില്ല എന്നത്​ ഞെട്ടിക്കേണ്ട വാർത്ത തന്നെയാണ്​. പ്രവാസികൾ പിരിവിട്ടും ചില സന്നദ്ധ പ്രവർത്തകരുടെയും ഉദാരമതികളുടെയും സ്​നേഹസൗമനസ്യങ്ങളുമാണ്​ മരിച്ചവ​​​​​െൻറ ദേഹം നാട്ടിലെത്തിക്കുന്നത്​. ശ്രീദേവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടാൻ ദുബൈ പൊലീസ്​ മോർച്ചറിക്കു മുന്നിൽ എംബസി ഉദ്യോഗസ്​ഥന്മാരുണ്ടായിരുന്നു. കാറിൽ എംബസി സീലുമായി കാത്തുനിന്നു അവർ. കാരണം, മരിച്ചത്​ ഒരു താരമാണ്​. തൊഴിൽ തേടിപ്പോയ ഒരു ​െതാഴിലാളിയല്ല. എംബസികൾക്കെതിരെ പ്രവാസികൾ എല്ലാ കാലത്തും പരാതി മാത്രമേ പറയാറുള്ളു. മറിച്ചൊന്ന്​ പറയാൻ എംബിസ്​ ഉദ്യോഗസ്​ഥർ അവസരം കൊടുത്തിട്ടുണ്ടാവില്ല.

ആ സംവിധാനമാണ്​ ഗ്രീസിട്ട ചക്രം കണക്കെ ദുബൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത്​. അത്രയില്ലെങ്കിലും മരിച്ചുവീഴുന്ന പ്രവാസികളുടെ കാര്യത്തിലെങ്കിലും കാണിക്കണം സാറന്മാരേ ഒരൽപം ജാഗ്രത. കുറഞ്ഞപക്ഷം മരിച്ചവ​​​​​െൻറ ശരീരം തൂക്കിനോക്കി വിലയിടുന്ന ഇൗ വൃത്തികെട്ട ഏർപ്പാടെങ്കിലും അവസാനിപ്പിക്കണം...അനേകായിരം മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച അഷ്​റഫ്​ താമരശ്ശേരിക്ക്​ രേഖാമൂലം ദുബൈ അധികൃതർ ശ്രീദേവിയുടെ മൃതദേഹം കൈമാറു​േമ്പാൾ അതിലൊരു അഭ്യർഥനയുണ്ട്​. സന്ദേശമുണ്ട്​. ശ്രീദേവിയുടെ മൃതദേഹം തൂക്കി​േനാക്കാതെ നാട്ടിലെത്തിച്ചതുപോലെ അവിടെ മരിച്ചുവീഴുന്ന ഒാരോ മനുഷ്യരെയും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥന. ശ്രീദേവിയുടെ മരണത്തി​​​​​െൻറ സാഹചര്യത്തിലെങ്കിലും നമ്മുടെ അധികൃതർ ഇൗ വൃത്തികേട്​ അവസാനിപ്പിച്ചെങ്കിൽ.കാരണം, നമ്മുടെ നാടി​​​​​െൻറ ഇൗ പളപളപ്പുണ്ടല്ലോ അത്​ വിപ്ലവത്തിലൂടെ നേടിയെടുത്തതല്ല, പ്രവാസികളുടെ വിയർപ്പിൽനിന്നുണ്ടായതാണ്​...

Show Full Article
TAGS:ASHRAF THAMARASSERYsrideviarticleopen forum
News Summary - sridevi -article-open forum
Next Story