Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഫാത്തിമ ലത്തീഫിൻെറ...

ഫാത്തിമ ലത്തീഫിൻെറ മരണവും ഐ.ഐ.ടികളിലെ സാമൂഹിക നീതിയും

text_fields
bookmark_border
ഫാത്തിമ ലത്തീഫിൻെറ മരണവും ഐ.ഐ.ടികളിലെ സാമൂഹിക നീതിയും
cancel

ഫാത്തിമ ലത്തീഫിൻെറ ദുരൂഹ മരണത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്. ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങളും സാമൂഹിക അനീതികളും പൊതുസമൂഹത്തിൽ ചർച്ചക്ക് വെക്കപ്പെട്ട സന്ദർഭം എന്ന നിലയിൽ ഈയൊരു ദിനം മറവിക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. ഐ.ഐ.ടി മദ്രാസിൽ നടന്ന ആത്മഹത്യകളെയെല്ലാം അതിൻെറ സാമൂഹിക ബന്ധങ്ങളിൽനിന്നെല്ലാം വേർതിരിച്ച് നിർത്തി വ്യക്തിഗത കാരണങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്ന അധികാരികളുടെ സമീപനത്തിന് ലഭിച്ച തിരിച്ചടിയായിരുന്നു ഫാത്തിമ ലത്തീഫ് വിട്ടേച്ച് പോയ കുറിപ്പുകൾ. വിഷാദം, മാർക്ക് കുറവ്, അക്കാദമിക സമ്മർദ്ദം തുടങ്ങി വ്യക്തിയുടെ മാനസിക അവസ്ഥകളെ ചുറ്റിപ്പറ്റി എന്തെങ്കിലും പ്രസ്താവനകൾ ഇറക്കുകയായിരുന്നു നടപ്പുശീലം. അതിനപ്പുറത്തേക്ക്, എന്തുകൊണ്ട് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഒരു കലാലയത്തിനകത്ത് നടക്കുന്നു എന്നതിനേക്കുറിച്ച ഒരു അന്വേഷണത്തിന് സ്ഥാപനം സന്നദ്ധമല്ലായിരുന്നു.

അതുകൊണ്ടുതന്നെ, നിശബ്ദമായി അനുസ്യൂതം നടന്നുകൊണ്ടിരുന്ന, വ്യവസ്ഥാപിതമായ വിവേചനങ്ങൾ പലപ്പോഴും ആരുടേയും ശ്രദ്ധയിൽ വരാതെ പോവുകയും ചെയ്തു. സംവരണവും സംവരണ അട്ടിമറികളുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈയൊരു പശ്ചാത്തലത്തിൽ ചർച്ചയിൽ കടന്ന് വരേണ്ടുന്ന ഒന്നാണ് ഇന്ത്യയിലെ ഉന്നത കലാലയങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഐ.ഐ.ടികളിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രധിനിധാനങ്ങളും അനുഭവങ്ങളുമെല്ലാം. അത്തരത്തിൽ ചില ചിന്തകൾ പങ്കുവെക്കുകയാണ് ഈ കുറിപ്പിൻെറ ലക്ഷ്യം.


ഐ.ഐ.ടികളും ജാതി കുത്തകകളും

കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസ സംസ്കാരത്തെ വളര്‍ത്താനാണ്‌ ഐ.ഐ.ടികൾ സ്ഥാപിച്ചത്. ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് സ്ഥാപന നടത്തിപ്പിലും ഫാക്കൽറ്റി നിയമനങ്ങളിലും കരിക്കുലം നിര്‍ണയത്തിലും സ്വയം ഭരണവും സ്വയംനിര്‍ണയവും (autonomy) ഐ.ഐ.ടികളുടെ പ്രത്യേകതയാണ്. ബൗദ്ധിക നിലവാരം, ഗുണനിലവാരം തുടങ്ങിയവ ഉറപ്പു വരുത്താൻ എന്ന പേരില് സ്ഥാപനത്തിന്‍റെ മെരിറ്റ് (merit) നിലനിറുത്തേണ്ടത് അത്യാവശ്യമാണെന്ന വാദം ഒരു കാലത്ത് ശക്തമായി നിലനിൽക്കുകയും തത്​ഫലമായി അമ്പതുകളിലും അറുപതുകളിലും സംവരണത്തിൽ നിന്നുവരെ ഐ.ഐ.ടികളെ മാറ്റി നിർത്തുകയും ചെയ്തു. ദലിത്‌ - ആദിവാസി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനം സംവരണം നൽകിയ 1973 ലെ എസ്.സി- എസ്.ടി ആക്ടും ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 27 ശതമാനം സംവരണം നൽകിയ 2006ലെ ഒ.ബി.സി ആക്ടും നടപ്പിലാക്കിയതോടെയാണ് ഐ.ഐ.ടികളുടെ ചരിത്രത്തിൽ ചെറിയ തോതിലെങ്കിലും സാമൂഹിക വൈവിധ്യങ്ങൾ വന്നു തുടങ്ങിയത്. അതേസമയം, രണ്ടു പ്രധാന സാമൂഹിക തന്ത്രങ്ങൾ ഐ.ഐ.ടികളിൽ പുത്തൻ ജാതി കുത്തക നിലനിർത്തുന്നതിന് സഹായകമായിട്ടുണ്ട് എന്ന് ഹാർവാഡ് സർവകലാശാല പ്രഫസറായ അജന്ത സുബ്രഹ്മണ്യം തൻെറ The Caste of Merit: Engineering Education in India എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

ഒന്ന്) ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്നത് ഗുണനിലവാരം, മികവ്, കാര്യക്ഷമത, മത്സരബുദ്ധി തുടങ്ങിയ ആധുനികവും ശാസ്ത്രീയവും സർവോപരി വ്യക്തിപരവും ആയ മാനദണ്ഡങ്ങള്‍ മാത്രമാണെന്ന് വാദിക്കപ്പെട്ടു. ഇതോടൊപ്പം ഐ.ഐ.ടി പ്രവേശനത്തിന്​ ജാതിപോലുള്ള പൂർവാധുനികവും മതപരവും സാമുദായികവുമായ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന മതേതര നിര്‍മിതി പൊതുചർച്ചയുടെ ഭാഗമായി വികസിക്കുകയും ചെയ്തു. മേല്‍ജാതി വിഭാഗങ്ങളുടെ യോഗ്യതയും കഴിവും ബുദ്ധിശക്തിയും അവരുടെ വ്യക്തിപരമായ ചരിത്രവുമായി മാത്രം ബന്ധപ്പെട്ടതാണെനും അവരുടെ സാമൂഹിക ചരിത്രവുമായി അതിന്‌ യാതൊരു ബന്ധവുമില്ലെന്നുമുള്ള ന്യായമാണ് ഇതിലൂടെ ഉന്നയിക്കപെട്ടത്‌.

രണ്ട്), 1973ൽ ഐ.ഐ.ടികളിൽ ആദിവാസി - ദലിത്‌ സംവരണം നടപ്പാക്കിയപ്പോൾ സംവരണത്തിലൂടെയല്ലാതെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ജാതിരഹിതരും (ജനറല്‍) മെറിറ്റ് മാത്രം കൈമുതലാക്കി ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയവരുമാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ടു. അങ്ങിനെ, എണ്ണത്തിൽ തുച്ഛമായ കീഴാള വിദ്യാര്‍ഥികൾ മാത്രം ജാതിയുടെ മുദ്രയുള്ളവരും ജനറൽ കാറ്റഗറി എന്ന പ്രയോഗത്തിലൂടെ ബഹുഭൂരിപക്ഷം മേല്‍ജാതി വിദ്യാര്‍ഥികള്‍ ജാതി രഹിതരും ആധുനികരും സാമൂഹിക സ്ഥാനത്തിന്‍റെ പാടുകൾ അവശേഷിക്കാത്തവരുമായി മാറി.

ജെ.ഇ.ഇ പോലുള്ള ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷകളെക്കുറിച്ച് വലിയ വിമർശനങ്ങൾ ഒരു വശത്ത് നടന്നു കൊണ്ടിരിക്കെ തന്നെ, വിദ്യാർഥി പ്രവേശനത്തിൽ സംവരണം നടപ്പിൽ വരുത്തിയതും മാനവീക വിഷയങ്ങളിൽ ഗവേഷക വിദ്യാർഥികളെ ഉൾകൊള്ളാൻ തയ്യാറായതുമെല്ലാം ചെറിയ തോതിൽ സവർണ കുത്തകയെന്ന നിലയിൽ നിന്നുള്ള മാറ്റങ്ങളിൽ നിർണായകമായിരുന്നു. അതേസമയം, വിദ്യാർഥി ഇതര നിയമനങ്ങളും അത്തരം നിയമനകളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാധിനിത്യവും പരിഗണിക്കുമ്പോൾ കാര്യങ്ങൾ അത്ര ആശാവഹമല്ല എന്ന് മനസ്സിലാവും.

സംവരണ അട്ടിമറികൾ

കൃത്യമായ വിവരങ്ങളുടെ പരിമിതി അല്ലെങ്കിൽ അവയുടെ പൂഴ്ത്തിവെപ്പ് എന്നത് ഇന്ത്യയിലെ ഉന്നത കലാലയങ്ങളായ ഐ.ഐ.ടി പോലുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ വിവേചനങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നതിൽ വലിയൊരു പരിമിതി തന്നെയാണ്. വിവരാവകാശ നിയമ പ്രകാരം ഐ.ഐ.ടി പൂർവ വിദ്യാർഥിയും ആക്ടിവിസ്റ്റുമായിരുന്ന ഇ. മുരളീധരന് ലഭിച്ച വിവരങ്ങൾ വ്യവസ്ഥാപിതമായ സംവരണ അട്ടിമറിക്ക് പേരുകേട്ട ഇടമാണ് ഐ.ഐ.ടി മദ്രാസ് എന്ന് തെളിയിക്കുന്നുണ്ട്. വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി നൽകിയ വിവരങ്ങൾ സംവരണ നയത്തിൻെറ നഗ്നമായ ലംഘനം നിയമനങ്ങളിൽ നടക്കുന്നു എന്ന് തെളിയിക്കുന്നുണ്ട്. എല്ലാ നിയമനങ്ങളിലും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടിക വർഗത്തിന്​ 7.5 ശതമാനവും ഒ.ബി.സിക്ക് 27 ശതമാനവും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, 2019 ജൂൺ വരെയുള്ള കണക്ക് പ്രകാരം സ്ഥാപനത്തിലെ 684 ഫാക്കൽറ്റികളിൽ 599 പേരും സവർണ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ഇത് മൊത്തം എണ്ണത്തിൻെറ 87 ശതമാനം വരുന്നു എന്നും പ്രസ്തുത വിവരങ്ങൾ പറയുന്നു. ആകെ നിയമനങ്ങളിൽ 16 പേർ പട്ടികജാതി വിഭാഗത്തിൽ, 66 പേർ OBC, പട്ടികവർഗത്തിൽനിന്ന്​ മൂന്നുപേർ എന്നതാണ് ഇടം കിട്ടിയ പിന്നാക്ക സമുദായങ്ങളുടെ കണക്ക് (യഥാക്രമം 2 ശതമാനം, 10 ശതമാനം, 0.4 ശതമാനം).


ഐ.ഐ.ടി-എം പക്ഷപാതത്തിലും സാമൂഹിക വിവേചനത്തിലും ഏർപ്പെടുന്നുവെന്ന് ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ആരോപിച്ചു. അതേസമയം വിവരാവകാശ അപേക്ഷയോട് പ്രതികരിച്ച സ്ഥാപനം, നിയമനങ്ങളിൽ ഒരു 'ഫ്ലെക്സി കേഡർ' സമ്പ്രദായം പിന്തുടരുകയാണെന്ന് അറിയിക്കുകയാണ് ചെയ്തത്. നേരെ ചൊവ്വേ പറഞ്ഞാൽ ഈ flexible cadre സിസ്റ്റം എന്ന് പറയുന്നത് അസി. പ്രഫസർ തസ്തികയിൽ മാത്രം സംവരണം നടപ്പിലാക്കുകയും അസോസിയേറ്റ്, പ്രഫസർ പോലുള്ള തസ്തികകളിൽ നടപ്പാക്കാതിരിക്കുകയും ചെയ്തു കൊണ്ട് സംവരണം അട്ടിമറിച്ച രീതിയാണ്.

എച്ച്‌.ആർ.‌ഡി മന്ത്രാലയം 2018 ഡിസംബറിൽ പാർലമെൻറിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം എസ്‌.സി, എസ്.ടി, ഒ.ബി.സി എന്നിവ ഐ.ഐ.ടികളിലെ മൊത്തം ഫാക്കൽറ്റികളിൽ വെറും ഒമ്പത്​ ശതമാനവും ഐ.ഐ.എമ്മിൽ ആറ്​ ശതമാനവും മാത്രമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ നിയമനകൾക്ക് റിസർവേഷൻ ബാധകമല്ല എന്ന 40 വർഷം പഴക്കമുള്ള ഒരു ഓർഡർ ഏറ്റു പിടിച്ചുകൊണ്ടാണ് ഇത്രയും കാലം ഐ.ഐ.ടി, ഐ.ഐ.എസ്​.ഇ.ആർ പോലുള്ള സ്ഥാപനങ്ങൾ ഈ വിവേചനം തുടർന്നത്. അതേസമയം, കഴിഞ്ഞ നവംബറിൽ സംവരണം എല്ലാ ഗ്രേഡിലും നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ നിഷ്​കർഷിച്ചിട്ടുണ്ട്. എങ്കിലും, ചരിത്രപരമായി സവർണ താൽപര്യങ്ങൾ പല തരത്തിൽ പഴുതുകളിലൂടെ നടപ്പാക്കാറുണ്ട് എന്നതിനാൽ നിതാന്ത ജാഗ്രതയും ഇടപെടലുകളും കൊണ്ട് മാത്രമേ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ കഴിയുകയുള്ളൂ.

എവിടെ പരാതിപ്പെടും

പിന്നാക്ക വിഭാഗങ്ങളുടെ പരാതികൾ കേൾക്കുവാനുള്ള സമിതികളുടെ കുറവും ഉള്ള സംവിധാനങ്ങൾ തന്നെ അവയുടെ കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. എസ്‌.സി, എസ്‌.ടി വിദ്യാർത്ഥികളുടെ സ്ഥിതി ഗൗരവമേറിയതാണെന്നും പ്രത്യാഘാതങ്ങളെ ഭയന്ന് അവരുടെ ആശങ്കകൾ ഉന്നയിക്കാൻ പോലും ഭയപ്പെടുന്നു എന്നും ദേശീയ പട്ടിക ജാതി കമീഷൻ മെമ്പറോട് വിദ്യാർത്ഥികൾ ആശങ്ക പങ്കുവെച്ചിരുന്നു. എസ്.സി/എസ്​.ടി./ഒ.ബി.സി/മൈനോറിറ്റി സെല്ലുകൾ രൂപവത്കരിക്കണമെന്ന ആവശ്യം ഫാത്തിമക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് വന്ന കൂട്ടായ്മകൾ ഉയർത്തുകയും ചെയ്തിരുന്നതാണ്.

അക്കാദമിക സമ്മർദ്ദം എന്നത് ഇത്തരം കലാലയങ്ങളിലെ ഒരു പൊതു യാഥാർഥ്യമായിരിക്കെത്തന്നെ, മറ്റു പല വിവേചനങ്ങളെയും തരണം ചെയ്തു മുന്നോട്ട് പോവേണ്ടി വരുന്നു എന്നതാണ് ദലിത്, ബഹുജൻ അനുഭവങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയുക. തങ്ങളുടെ സ്വത്വവുമായി ബന്ധപ്പെട്ട കളിയാക്കലുകളും പരിഹാസങ്ങളുമൊക്കെ സഹവിദ്യാർത്ഥികളിൽ നിന്നെല്ലാം അനുഭവിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ പലരും പങ്കുവെച്ചിട്ടുള്ളതാണ്. തൻെറ ക്രിക്കറ്റ് കളിക്കിടെയുണ്ടായ അനുഭവം കാശ്മീരിൽ നിന്നുള്ള സുഹൃത്ത് ഒരിക്കൽ പങ്കുവെച്ചിരുന്നു. മത്സരം നടക്കുന്നതിനിടെ എതിർ ടീമിലെ കളിക്കാരനെ അകലെനിന്നും എറിഞ്ഞു റൺ ഔട്ട് ആക്കിയപ്പോൾ കാണികളിലൊരാൾ പറഞ്ഞത് "അവന് നാട്ടിൽ ഈ പരിപാടി നല്ല പരിചയമുള്ളത് കൊണ്ടാണ്" എന്നാണ്. കൈയ്യടി കിട്ടേണ്ട സന്ദർഭങ്ങളിൽ പോലും അപരവൽക്കരണത്തിൻെറ ശരങ്ങളാണ് വരുന്നത് എന്നത് തെല്ലൊന്നുമല്ല അവനെ പ്രയാസപ്പെടുത്തിയത്.

മുസ്​ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം, ആൺകുട്ടികളുടെ പാൻറ്സിൻെറ ഇറക്കം, താടി, തൊപ്പി തുടങ്ങിയവയൊക്കെ സഹപാഠികളിൽനിന്നും, പ്രത്യേകിച്ച് നിരീശ്വരവാദികളിൽ നിന്നുമെല്ലാം, പഴഞ്ചൻ സംസ്കാരവുമായി നടക്കുന്നു എന്ന തരത്തിൽ കമൻറ്​ കിട്ടുന്നവയാണ്. ഇസ്​ലാമോഫോബിയ പോലുള്ള കാര്യങ്ങൾ ക്യാമ്പസിൽ എതു തരത്തിൽ പ്രവർത്തിക്കുന്നു എന്നതും ഫാത്തിമയുടെ വിഷയത്തിൽ അതും അന്വേഷണ വിധേയമാക്കണം എന്നുമൊക്കെ ആവശ്യം പറഞ്ഞത്തിൻെറ പേരിൽ ലിബറൽ മതേതര വാദികളുടെ "ഇസ്​ലാമിസ്റ്റ്​" പട്ടം കിട്ടിയവരുമുണ്ട്. അതേസമയം, നേരത്തെ പറഞ്ഞതു പോലെ, തങ്ങൾക്കു പറയാനുള്ളത് പറയാനും അത് വേണ്ട രൂപത്തിൽ കേൾക്കാനും നടപടികൾ സ്വീകരിക്കാനും സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലതും ഉള്ളിലൊളിപ്പിച്ച് ജീവിച്ച് പോവുക എന്നതാണ് സംഭവിക്കാറുള്ളത്.

അരാഷ്ട്രീയതയും കൂട്ടായ്​മകൾക്കുള്ള പരിമിതികളും

ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങളുടെ അകത്ത് നിലനിൽക്കുന്ന അരാഷ്ട്രീയതയും സംഘാടനങ്ങൾക്കുള്ള പരിമിതികളും വലിയൊരു പ്രശ്നം തന്നെയാണ്. ഔപചാരികമല്ലാത്ത കൂട്ടം കൂടലുകളെയെല്ലാം അത് കഴിയാവുന്നത്ര വിലക്കുന്നുമുണ്ട്. സുപ്രധാനമായ സന്ദർഭങ്ങളിൽ വിദ്യാർഥികൾ ഒത്തുകൂടാറുണ്ടായിരുന്ന പുൽത്തകിടിയിൽ 'പുല്ലിൽ ചവിട്ടരുത്' എന്ന ബോർഡ് എഴുതി വെച്ച് കൊണ്ടാണ് കൂട്ടായ്കമകളെ നിയന്ത്രിക്കാൻ ശ്രമിച്ചത്. വൈകാതെ തന്നെ നാലാൾ കൂടുന്നത് ഒഴിവാക്കാൻ മുഖത്തോട് മുഖം തിരിഞ്ഞിരിക്കുന്ന തീന്മേശകളും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട് എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്.


ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങൾ സാമൂഹിക വൈവിധ്യങ്ങളെ ഉൾകൊള്ളാൻ തയ്യാറാവുക എന്നത് സാമൂഹിക നീതിയുടെ സുപ്രധാനമായ ഭാഗമാണ്. എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും വിദ്യാർഥി, അധ്യാപക, അധ്യാപക ഇതര തസ്തികകളിലെല്ലാം ഉൾക്കൊള്ളുക എന്നത് പൊതു സംവിധാനങ്ങൾ എന്ന നിലയിൽ പരമ പ്രധാനമാണ്. തൂപ്പുകാർ പോലുള്ള തസ്തികകൾ കീഴ്ജാതികൾക്ക് ജനസംഖ്യ അനുപാതത്തെക്കാൾ ഇടം കൊടുക്കുകയും ഉന്നതമായ ഇടങ്ങളിൽ മൂന്നും നാലും ശതമാനമുള്ളവർ 87 ശതമാനമൊക്കെ കയറിയിരിക്കുകയും ചെയ്യുക എന്നത് ഭീകരമായ വിവേചനം തന്നെയാണ് വെളിവാക്കുന്നത്. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസവും ഈ മേഖലയിലെ സ്ഥാപനങ്ങളുമെല്ലാം വിമോചനത്തിന് പകരം വിവേചനത്തിൻെറ പുനരുൽപാദന ഇടങ്ങളാവുന്നു എന്നത് യാഥാർഥ്യമാണ്. ഇത് ചെറുക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഫാത്തിമ ലത്തീഫ് ഉയർത്തിവിട്ട ചർച്ചകളും ചിന്തകളും ചോദ്യങ്ങളും അത്തരമൊരു നാളേക്കുള്ള മുതൽക്കൂട്ടുകളാവട്ടെ.

Show Full Article
TAGS:IIT Fathima Latheef 
Next Story