Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഏക സിവിൽകോഡ്...

ഏക സിവിൽകോഡ് ആർക്കെതിരെയാണ്?

text_fields
bookmark_border
ഏക സിവിൽകോഡ് ആർക്കെതിരെയാണ്?
cancel
camera_alt

അ​രു​ൺ ജെ​യ്റ്റ്ലി,വൈകോ,  കി​രോ​ഡി ലാ​ൽ മീ​ണ​

ഇന്ത്യയിൽ എന്തിനാണിത്രയും പ്രാദേശിക കക്ഷികളെന്ന് മുമ്പൊരിക്കൽ ചോദിച്ചത് അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലിയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ആർ.എസ്.എസ് ലക്ഷ്യത്തിലേക്ക് നരേന്ദ്ര മോദിയിലൂടെ ബി.ജെ.പി ചുവടുവെച്ചു തുടങ്ങുന്നതിനും മുമ്പാണത്. കേന്ദ്ര ഭരണത്തിൽ പ്രാദേശിക കക്ഷികളുടെ പങ്കാളിത്തം ഇന്ത്യയുടെ വളർച്ചയെ പിറകോട്ട് നയിക്കുമെന്ന വാദം ഇതിനെ ബലപ്പെടുത്താനായി ജെയ്റ്റ്ലി മുന്നോട്ടുവെച്ചു.

എന്നാൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയായിരുന്ന കേന്ദ്രത്തിലെ ഐക്യമുന്നണി സർക്കാറിന്റെ കാലത്തായിരുന്നില്ലേ രാജ്യം കൂടുതൽ വളർച്ച നേടിയതെന്ന് മാധ്യമപ്രവർത്തകരിലൊരാൾ സ്ഥിതിവിവരക്കണക്ക് വെച്ച് ക്രമപ്രശ്നം ഉന്നയിച്ചതോടെ ആ വാദത്തിന്റെ മുനയൊടിഞ്ഞു. സംസ്കാര വൈവിധ്യങ്ങളുടെ ഉപദേശീയതകളെ അംഗീകരിക്കാത്ത ഹിന്ദുത്വ ഇന്ത്യയെന്ന സംഘ്പരിവാർ ലക്ഷ്യത്തിന് വിഘാതമായത് കൊണ്ടാണ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച പ്രാദേശിക കക്ഷികളോട് ജെയ്റ്റ്ലിക്കുള്ള വിരോധമെന്ന് ആ സംസാരത്തോടെ വെളിപ്പെടുകയും ചെയ്തു.

ആർ.എസ്.എസിന്റെ ഈ അഭിലാഷം അരുൺ ജെയ്റ്റ്ലി പങ്കുവെക്കുമ്പോൾ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ച ബി.ജെ.പി ഗോവ ദേശീയ നിർവാഹകസമിതി ചേർന്നിട്ടില്ല. അതേസമയം ആർ.എസ്.എസിന്റെ കാർമികത്വത്തിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ പ്രസ്ഥാനം ഡൽഹിയെ ഇളക്കി മറിക്കുന്നുണ്ട്. ബി.ജെ.പി എം.പിയുടെ പത്രം 2 ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരുന്നുണ്ട്.

2ജി, കോമൺവെൽത്ത് ഗെയിംസ് അഴിമതികളുടെ പേരിൽ കേന്ദ്രത്തിലെയും ഡൽഹിയിലെയും കോൺഗ്രസ് സർക്കാറുകളെ കോടതികൾ ദിനേനയെന്നോണം നിർത്തിപ്പൊരിക്കുന്നുമുണ്ട്. കോൺഗ്രസിന് ഇനി മൂന്നാമതൊരു തവണ കൂടി കേന്ദ്രം കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കുന്ന അരുൺ ജെയ്റ്റ്ലി ബി.ജെ.പിയുടെ വളർച്ചക്ക് മുന്നിൽ അവശേഷിക്കുന്ന വിഘ്നമായി ചൂണ്ടിക്കാണിച്ചത് വിവിധ സംസ്ഥാനങ്ങളിലെ ഉപദേശീയതകൾക്ക് മേൽ ശക്തിയാർജിച്ച പ്രാദേശിക കക്ഷികളെയാണ്.

ഏക സിവിൽകോഡ് എന്ന ശത്രുസംഹാരപദ്ധതി

ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്ന് പറഞ്ഞ് മറ്റെല്ലാം തകർത്ത് ഹിന്ദുത്വ ഇന്ത്യയിലേക്ക് അതിവേഗം മുന്നോട്ടുപോകുന്ന ബി.ജെ.പിക്ക് അവശേഷിക്കുന്ന വിഘ്നങ്ങൾ തീർക്കാനുള്ള ശത്രുസംഹാരനീക്കമാണ് ഏക സിവിൽകോഡ് എന്ന് തമിഴ്നാട്ടിൽ നിന്നുള്ള ദ്രാവിഡ കക്ഷിയായ എം.ഡി.എം.കെയുടെ നേതാവ് വൈകോ രാജ്യസഭയിൽ മുന്നറിയിപ്പ് നൽകിയപ്പോൾ പതിറ്റാണ്ട് മുമ്പേ ജെയ്റ്റ്ലി പ്രകടിപ്പിച്ച അഭിലാഷമോർത്തു. ഏക സിവിൽകോഡ് നടപ്പാക്കുന്നതിനുള്ള കളമൊരുക്കുന്നതിനുള്ള പണി അനൗദ്യോഗികമായി തുടങ്ങിവെച്ചത് ശരിക്കും ഈ ഉപദേശീയതകളെ ലക്ഷ്യം വെച്ചാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു സ്വകാര്യ ബിൽ അവതരണവേളയിൽ നടന്ന ഹ്രസ്വ ചർച്ച.

ഇവർ ഒന്നിന് പിറകെ ഒന്നായി ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാക്കുകയാണെന്ന് ബി.ജെ.പി എം.പിമാരെ ചൂണ്ടി വൈകോ നടത്തിയ സംസാരം വൈകാരികമായിരുന്നു. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസ്കാരങ്ങളുമുള്ള നിരവധി ദേശീയതകൾ ചേർന്ന നാടാണെന്നും ഏക പറഞ്ഞ് വൈകോ ഏക സിവിൽകോഡിലൂടെ സംഘ്പരിവാർ ലക്ഷ്യം വെക്കുന്നതെന്താണെന്ന് പറഞ്ഞ് തുടങ്ങിയതോടെ ബി.ജെ.പി ബെഞ്ചുകൾ ഇളകി.

വൈകോക്ക് സ്വന്തം നിലപാട് പറയാൻ അവസരം നൽകുമെന്ന് പറഞ്ഞ് വളരെ പണിപ്പെട്ടിരുത്തിയ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിനെ സാക്ഷിയാക്കി ഒട്ടും മയമില്ലാതെ ഈ ദ്രാവിഡ നേതാവ് പറയാനുള്ളത് പറഞ്ഞു തീർത്തു. കശ്മീരിനെ അവർ അവസാനിപ്പിച്ചെന്നും ഇപ്പോൾ ഏക സിവിൽകോഡുമായി വന്ന് രാജ്യത്തെ തകർച്ചയിലേക്കും അനൈക്യത്തിലേക്കുമാണ് കൊണ്ടുപോവുകയെന്നും വൈകോ പറഞ്ഞു.

മുസ്‍ലിംകളുമായി മാത്രം ബന്ധപ്പെടുത്തുന്നതെന്തിന്?

ഏക സിവിൽകോഡിനെ മുസ്‍ലിംകളുമായി ബന്ധപ്പെട്ട് മാത്രം ചുരുക്കിക്കാണിക്കുന്ന സംഘ്പരിവാർ അജണ്ട സമാന രീതിയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള എൻ.സി.പി നേതാവ് ഫൗസിയ ഖാനും തുറന്നുകാണിച്ചു. ഏക സിവിൽകോഡ് മുസ്‍ലിംകളുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ലെന്ന് ഓർമിപ്പിച്ച ഫൗസിയ ഖാൻ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ തകർക്കുന്ന പൊതുവിഷയമായി അത് മാറുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തു.

രാജ്യത്ത് മുസ്‍ലിം സ്വത്വത്തെ അപരവത്കരിക്കാനുള്ള അജണ്ടകളുമായി മുന്നോട്ടുപോകുമ്പോൾ മൗനം പാലിക്കുന്ന നേതാക്കളും പാർട്ടികളും കേവലം അതുപോലൊരു ന്യൂനപക്ഷ വിരുദ്ധ അജണ്ടയായി മാത്രം ഏക സിവിൽകോഡിനെ കാണേണ്ടെന്നാണ് വൈകോയും ഫൗസിയ ഖാനുമെല്ലാം പറഞ്ഞുവെച്ചത്.

പൗരത്വ ഭേദഗതി നിയമത്തിലെന്ന പോലെ തങ്ങൾ പാർശ്വവത്കരിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിംകളെ മാത്രം ബാധിക്കുന്ന വിഷയമെന്ന ധാരണ പരത്തി മറ്റു ജാതി മത സമൂഹങ്ങളുടെ മനസ്സ് ഏക സിവിൽകോഡിന് അനുകൂലമാക്കുന്ന സംഘ്പരിവാർ തന്ത്രത്തെ ഇവർ തുറന്നുകാണിക്കുകയായിരുന്നു.

ഏക സിവിൽകോഡിന് മണ്ണൊരുക്കുന്നതിങ്ങനെ

കേന്ദ്രഭരണത്തിൽ പത്തുവർഷം തികക്കുമ്പോഴേക്കും ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കായി പ്രകടനപത്രികയിൽ പ്രഖ്യാപിച്ച പ്രധാന കർമപരിപാടികളെല്ലാം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബി.ജെ.പി. അതേ മാതൃകയിൽ തന്നെയാണ് ഏക സിവിൽകോഡ് അജണ്ടയും പുറത്തെടുത്തിട്ടുള്ളത്. ഏക സിവിൽകോഡിന് അനുകൂലമായ മണ്ണൊരുക്കുകയാണ് ആദ്യഘട്ടം. രാമക്ഷേത്രത്തിന്റെ കാര്യത്തിലെന്ന പോലെ കേന്ദ്രസർക്കാർ നേരിട്ടല്ല പാർലമെന്റും കോടതിയുമൊക്കെയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്ന് വരുത്താൻ കഴിയണം.

ബഹുമുഖ തന്ത്രമാണ് ബി.ജെ.പി ഏക സിവിൽകോഡിനായി ആവിഷ്‍കരിച്ചത്. ഏക സിവിൽകോഡ് നടപ്പാക്കാനാവില്ലെന്ന നിയമകമീഷൻ ശിപാർശക്ക് മേൽ നടപ്പാക്കണമെന്ന് നിർദേശിക്കുന്ന മറ്റൊരു നിയമകമീഷൻ ശിപാർശയാണ് അതിലൊന്ന്. അതിനായി പുതിയ നിയമകമീഷനെ നിയമിക്കുകയും ഏക സിവിൽകോഡ് പരിശോധന വിഷയമാക്കുകയും ചെയ്തിട്ടുണ്ട്.

ആർ.എസ്.എസ് അജണ്ടക്കായി പതിവായി പൊതുതാൽപര്യ ഹരജിയുമായെത്തുന്ന ബി.ജെ.പി നേതാക്കൾ വ്യക്തിപരമായി ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും സമർപ്പിച്ച ഹരജികളാണ് രണ്ടാമത്തെ തന്ത്രം. പാർലമെന്റിൽ ഏക സിവിൽകോഡ് ബിൽ കൊണ്ടുവരും മുമ്പ് ഏതൊക്കെ പാർട്ടികൾ അനുകൂലവും പ്രതികൂലവുമാണെന്നറിയാനുള്ള സ്വകാര്യ ബിൽ ബി.ജെ.പിയുടെ മൂന്നാമത്തെ തന്ത്രമാണ്.

ബില്ലിലുള്ളത് പറയാൻ അറിയാത്ത അവതാരകൻ

സ്വകാര്യ ബിൽ കൊണ്ടുവന്ന കിരോഡി ലാൽ മീണയെ അവതരിപ്പിക്കാനായി വിളിച്ചപ്പോൾ യൂനിഫോം സിവിൽകോഡിന് പകരം 'യൂനിയൻ' സിവിൽകോഡ് എന്നാണ് അദ്ദേഹം നോക്കിവായിച്ചത്. ബഹളം മൂലം തടസ്സപ്പെട്ട അവതരണം അധ്യക്ഷൻ ഇടപെട്ട് വീണ്ടും തുടർന്നപ്പോഴും കിരോഡി ലാൽ മീണക്ക് അത് 'യൂനിയൻ' സിവിൽകോഡ് തന്നെയായിരുന്നു.

അവതരിപ്പിക്കുന്ന എം.പിക്ക് തന്റെ ബില്ലിൽ എന്താണ് പറയുന്നതെന്ന് വ്യക്തമാക്കാൻ ആദ്യം അവസരം നൽകുകയാണ് സഭയിലെ കീഴ്വഴക്കം. അത് പാലിച്ച് ജഗ്ദീപ് ധൻഖർ സംസാരിക്കാനായി വിളിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ മീണ ചുറ്റിലുമുള്ള ബി.ജെ.പി അംഗങ്ങളെ നിസ്സഹായനായി നോക്കി.

'ഇപ്പോൾ സംസാരിക്കുന്നില്ലെന്നും പിന്നീട് ബിൽ വിശദമായ ചർച്ചക്ക് എടുക്കുമ്പോൾ സംസാരിക്കാമെന്നും പറഞ്ഞേക്കൂ' എന്ന് മുന്നിലുള്ള ബി.ജെ.പി എം.പിമാർ വിളിച്ചു പറഞ്ഞത് ഏറ്റുപറഞ്ഞ് മീണ ഇരിപ്പിടത്തിലിരുന്നു. മീണക്ക് പറയാൻ കഴിയാത്ത ബിൽ പാർട്ടി തയാറാക്കി ഏൽപിച്ചതാണെന്ന് വ്യക്തമാകാൻ ഇതിൽ പരമൊന്നും വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:single civil code
News Summary - single civil code against for who
Next Story