Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസെൻസസ്​ വേറെ, എൻ.പി.ആർ...

സെൻസസ്​ വേറെ, എൻ.പി.ആർ വേറെ

text_fields
bookmark_border
സെൻസസ്​ വേറെ, എൻ.പി.ആർ വേറെ
cancel

2019ലെ പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളത്തി​​​​െൻറ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്വീകരിച്ച നിലപാട്‌ പ്രത് യാശാനിർഭരമായിരുന്നു. മതത്തെ മാനദണ്ഡമാക്കുന്ന ഏതു വിവേചനവും ആധുനിക രാഷ്​ട്രസങ്കൽപങ്ങളെ നിരാകരിക്കുന്നതാണെന ്ന ശരിയായ വീക്ഷണം അവർ ഉയർത്തിപ്പിടിച്ചു.
ഈ പശ്ചാത്തലത്തിൽ സഗൗരവം കൈകാര്യം ചെയ്യേണ്ട മൗലികവിഷയമാണ്‌ കേന്ദ് രസർക്കാറി​​​​െൻറ നേതൃത്വത്തിൽ നടക്കുന്ന സെൻസസ്​ പ്രവർത്തനവും എൻ.പി.ആർ നടപടികളും. പൗരത്വനിയമ ഭേദഗതിയും എൻ.ആർ.സ ി ദേശീയതലത്തിൽ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തി ൽ ജനങ്ങളിൽ കനത്ത ആശങ്കയും ധാരാളം സംശയങ്ങളും നിലനിൽക്കുന്നു എന്ന യാഥാർഥ്യം മറച്ചുപിടിക്കാനാവില്ല.


സി.എ. എ, എൻ.പി.ആർ, എൻ.ആർ.സി തുടങ്ങിയ കേന്ദ്രനിയമങ്ങളും തീരുമാനങ്ങളും സംസ്ഥാനത്ത്‌ നടപ്പാക്കില്ലെന്ന പ്രസ്താവനകൊണ്ട്‌ ഈ പ്രശ്നം അവസാനിക്കില്ല. സെൻസസ്​ ഭരണഘടനയിലെ ഏഴാം പട്ടികയിൽപെടുന്ന 69ാം കേന്ദ്രവിഷയമാണെന്ന് ബന്ധപ്പെട്ടവർക്കെല്ലാം അറിയാം. സെൻസസ്​ പ്രവർത്തനം ഫലപ്രദമായി നടത്താനുള്ള ഉദ്യോഗസ്ഥരെ നൽകുന്നതടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനുള്ള നിയമം അനുശാസിക്കുന്ന ചുമതല മാത്രമാണ്‌ സംസ്ഥാനം നിർവഹിക്കുന്നത്‌. ഒരു ഫെഡറൽ വ്യവസ്ഥയിൽ അവരവരുടെ അധികാരവും ചുമതലയും നിയമപരമായി നിർവചിക്കപ്പെടുന്നുണ്ട്‌. അതൊന്നും ലംഘിക്കാനോ മറികടക്കാനോ ആവുമെന്ന് കരുതാനാവില്ല.
സെൻസസി​​​​െൻറ ഭാഗമായി എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നടപടിക്രമമനുസരിച്ച്‌ പ്രസ്തുത ഉത്തരവ്‌ കേരള ഗസറ്റിൽ 2019 ആഗസ്​റ്റ്​ 24 ന്‌ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 2019 ആഗസ്​റ്റ്​ 21ന്‌ ജി.എ.ഡി പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പു വെച്ച്‌ ഇറക്കിയ ഉത്തരവിൽ പറയുന്നത്‌ കേന്ദ്ര രജിസ്​ട്രാർ ജനറലും സെൻസസ്​ കമീഷണറും സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പം എൻ.പി.ആർ തയാറാക്കാനും പുതുക്കാനുമായി ഇറക്കിയ 2019 ജൂ​ൈല 31ലെ ഉത്തരവ്‌ ജനങ്ങളെ അറിയിക്കുന്നു എന്നാണ്‌.

തുടർന്ന്, 2019 സെപ്റ്റംബർ 21ന്‌ സെൻസസ്​ ഓഫിസർമാരുടെ നിയമന ഉത്തരവ്‌ ആറാമത്തെ സർക്കുലറായി കേന്ദ്രം ഇറക്കി. അതിൽ രണ്ടു ഘട്ടമായി നടക്കുന്ന സെൻസസ്​ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.പി.ആർ പുതുക്കുന്ന ജോലി കൂടി നിർവഹിക്കുമെന്ന് ആവർത്തിക്കുന്നുണ്ട്‌. അതി​​​​െൻറ നടപടികൾ തുടങ്ങിയിരിക്കുന്നു. ഉദ്യോഗസ്ഥന്മാരുടെ പരിശീലനം ആരംഭിക്കാറായി. 2020ലെ മാനുവലിലും സെൻസസിനൊപ്പം എൻ.പി.ആർ തയാറാക്കാനുള്ള നിർദേശങ്ങൾ വിശദീകരിച്ചിരിക്കുന്നു.
2020 ജനുവരി ഏഴിന്​ ഇന്ത്യയുടെ രജിസ്​ട്രാർ ജനറൽ ഇറക്കിയ ഉത്തരവിൽ 1948 ലെ സെൻസസ്​ ആക്​ടിലെ വകുപ്പ്‌ മൂന്ന്, 17 (എ), 1990ലെ സെൻസസ്​ ചട്ടം ആറ്​ (എ) അനുസരിച്ച്‌ സെൻസസ്​ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പറയുന്നു. പ്രസ്തുത ആക്​ടിലെ എട്ട്​ (ഒന്ന്​) വകുപ്പ്‌ പ്രകാരം നേരത്തേ തയാറാക്കിയ ചോദ്യങ്ങൾ മുഴുവൻ ത​​​​െൻറ അധികാരപരിധിയിൽ വരുന്ന ജനങ്ങളോട്‌ ഉന്നയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമപരമായി ബാധ്യസ്ഥരാണ്​. എട്ട്​ (രണ്ട്​) പ്രകാരം ഉത്തരം നൽകാൻ ജനങ്ങൾക്കും ബാധ്യതയുണ്ട്​.

സെൻസസും എൻ.പി.ആറും സംശയത്തി​​​​െൻറ നിഴലിൽ ഒരുമിച്ചു നടത്തുന്നത്‌ അസ്വീകാര്യവും അനഭിലഷണീയവുമാണെന്ന് നൂറോളം വിദഗ്​ധരും ഗവേഷകരും മുന്നറിയിപ്പ്‌ നൽകിയത്‌ ശ്രദ്ധേയമാണ്​. സെൻസസ്​ ആക്​ടിലെ 15ാം വകുപ്പ്‌ പ്രകാരം ബന്ധപ്പെട്ട രേഖകൾ കൈവശം വെക്കാൻ ഇടവരുന്നത്‌ നിയമവിരുദ്ധമാണെന്നും അതിനാൽ സെൻസസും എൻ.പി.ആറും ഒരുമിച്ച്‌ ഇപ്പോൾ നടത്തുന്നത്‌ ആശാസ്യമാവില്ലെന്നും ചൂണ്ടിക്കാണിക്കുന്ന അവരുടെ പക്വമാ
യ നിർദേശം മുഖവിലക്കെടുക്കാൻ ഭരണകൂടം അടിയന്തരമായി തയാറാവണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം യഥാസമയം യാഥാർഥ്യബോധത്തൊടെയും ദീർഘദൃഷ്​ടിയോടെയും തീരുമാനം കൈക്കൊണ്ട സന്ദർഭമല്ല ഇപ്പോൾ രാജ്യത്ത്‌ നിലനിൽക്കുന്നത്‌. പൗരത്വ ഭേദഗതി നിയമത്തെ ലോക്‌സഭയിലും രാജ്യസഭയിലും അനുകൂലിച്ചവരിൽ പലരും മാറ്റിപ്പറയുന്ന അവസ്ഥ വന്നിരിക്കുന്നു. പതിനഞ്ചോളം സംസ്ഥാനങ്ങൾ പരോക്ഷമായോ പ്രത്യക്ഷമായോ ഈ വിഷയത്തിൽ കേന്ദ്രസർക്കാറി​​​​െൻറ ഒപ്പമല്ലെന്നത്‌ നിസ്സാരമല്ല. എൻ.ആർ.സി ദേശീയതലത്തിൽ നടത്താനായി കേന്ദ്രം എൻ.പി.ആറിലൂടെ വളഞ്ഞവഴി തേടുകയാണെന്ന് കരുതുന്നവരുടെ എണ്ണം ദിനേന കൂടി വരുകയുമാണ്‌.
എൻ.ഡി.എ ഭരിക്കുന്ന ബിഹാറിലെ നിയമസഭ ഫെബ്രുവരി 25ന്‌ അംഗീകരിച്ച പ്രമേയം വലിയ പരിഗണനയർഹിക്കുന്നു. 2020ലെ ചോദ്യാവലി അനുസരിച്ച്‌ എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കാൻ സമ്മതിക്കില്ലെന്നും എൻ.ആർ.സി ബിഹാറിൽ ആവശ്യമില്ലെന്നും പ്രമേയം പറയുന്നു.

കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന ആന്ധ്രപ്രദേശ്‌ മന്ത്രിസഭ മാർച്ച്‌ നാലിന്‌ യോഗം ചേർന്ന് എൻ.പി.ആർ ജോലി നിർത്തിവെക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി വൈ.എസ്‌.ആർ. ജഗൻമോഹൻ റെഡ്​ഡിതന്നെയാണ്‌ ഈ വിവരം പത്രങ്ങൾക്ക്‌ നൽകിയത്‌. ശിവസേന ഭരിക്കുന്ന മഹാരാഷ്​ട്രപോലും എൻ.ആർ.സിക്ക്​ അനുകൂലമല്ല. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും ഇതേ അഭിപ്രായം നിയമസഭയിൽ പ്രകടിപ്പിച്ചു. എൻ.പി.ആർ പരിശീലനം പഞ്ചാബിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പറയുന്നു.
ചുരുക്കത്തിൽ ഒരു രാഷ്​ട്രീയ തീരുമാനം എടുക്കാൻ കേന്ദ്രത്തെ നിർബന്ധിക്കുന്ന ചുറ്റുപാടാണ്​ ഇന്ന് വളർന്നുവന്നിരിക്കുന്നത്‌. മൻമോഹൻ സിങ്ങി​​​​െൻറ 'ദ ഹിന്ദു'വിലെ ലേഖനവും മാധ്യമ നിലപാടും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും ഇത്തരമൊരു ഭരണനടപടി അനുപേക്ഷ്യമാക്കിയിരിക്കുന്നു. ഇതിനകം നൂറോളം പേരുടെ ജീവൻ ബലികൊടുക്കേണ്ടി വന്നു എന്നതും വിഷയത്തി​​​​െൻറ ഗൗരവം വർധിപ്പിക്കുന്നു. ലോകാഭിപ്രായവും പ്രത്യേകിച്ച്‌ കാലാകാലം നമുക്കൊപ്പം നിന്ന രാജ്യങ്ങളുടെ നിലപാടും അവഗണിക്കാനാവില്ല. ഈ ദിശാമാറ്റം ചൂണ്ടിക്കാണിക്കുന്ന സ്വാമിനാഥൻ എസ്‌. അങ്കലേശ്വരിയ അയ്യരും സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാരും അടക്കം നിരവധി പ്രമുഖരുടെ മുന്നറിയിപ്പുകൾ നിസ്സാരമാക്കുന്നത്‌ ഒരു ഭരണകൂടത്തിനും ഭൂഷണമാവില്ല.

ഈ സാഹചര്യത്തിൽ സെൻസസിനൊപ്പം എൻ.പി.ആർ തയാറാക്കാനുള്ള ശ്രമം കേന്ദ്രം ഉപേക്ഷിക്കുന്നതിന്‌ സഹായകമായ യോജിച്ച നീക്കം സംഘടിപ്പിക്കേണ്ടതുണ്ട്‌. കേരളം പതിവുപോലെ അതിനായി നേതൃത്വം വഹിക്കണം. സമാനാഭിപ്രായം പുലർത്തുന്ന സംസ്ഥാനങ്ങൾ ആ നീക്കത്തെ പിന്തുണക്കുമെന്ന കാര്യത്തിൽ സംശയമില്ല. പൗരത്വ നിയമത്തിലെ 14(എ) വകുപ്പും ഒന്നു മുതൽ അഞ്ചു വരെയുള്ള ഉപവകുപ്പുകളും അനുസരിച്ച്‌ നടത്തേണ്ട എൻ.പി.ആർ പ്രവർത്തനം സെൻസസ്​ പ്രവർത്തനവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് ന്യായമായും പറയാം. സെൻസസ്​ വേറെ, എൻ.പി.ആർ വേറെ-ഈ നിലപാട്‌ ധാരാളം സംസ്ഥാനങ്ങൾക്ക്‌ സ്വീകാര്യമായിരിക്കുന്നു എന്ന് ഇപ്പോൾ വ്യാപകമായി ഉയർന്നുവരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. നിയമപരമായ സാധുതയും അനുകൂലമായ പൊതുജനാഭിപ്രായ രൂപവത്​കരണവും ഒരുമിക്കുന്ന ശ്രദ്ധേയമായ നീക്കമായിരിക്കുമത്‌. എൻ.പി.ആറിലെ വിവാദപരമായ പുതിയ ചോദ്യങ്ങൾ അപ്പാടെ ഒഴിവാക്കുകയോ എൻ.പി.ആർനടപടികൾതന്നെ നിർത്തിവെക്കുകയോ ആണ്‌ കേന്ദ്രം പൊതുജനാഭിപ്രായം മാനിച്ച്‌ ചെയ്യേണ്ടത്‌. സെൻസസി​​​​െൻറ മറവിൽ എൻ.പി.ആർകൂടി തയാറാക്കാനുള്ള കേന്ദ്രത്തി​​​​െൻറ കുത്സിതനീക്കം നാം തടഞ്ഞേ പറ്റൂ. അതിനാവശ്യമായ സമ്മർദം ഉയർത്താൻ നമുക്കാവണം.

(മുസ്​ലിംലീഗ്​ നേതാവും നിയമസഭാംഗവുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlenprsenses
Next Story