Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗ്രഹനില മാറുന്ന...

ഗ്രഹനില മാറുന്ന ചെങ്കോലും മരവുരിയും

text_fields
bookmark_border
sengol-narendra modi
cancel
ഹിന്ദുത്വത്തെ സംബന്ധിച്ച് ബ്രാഹ്മണരുടെ പ്രത്യയശാസ്ത്രമാണ് പ്രധാനം. അവർ നേരിട്ട് ഭരിക്കണമെന്നില്ല. ഇതാണ് വർണവ്യവസ്ഥയുടെ കാതൽ. അത് നിലനിർത്തുക എന്നതാണ് പ്രധാനം. വർണവ്യവസ്ഥക്കു പുറത്ത് ദലിതർ നിൽക്കണം. ‘ആദ്യം ബ്രാഹ്മണർ ഭരിച്ചു. പിന്നെ ക്ഷത്രിയരും. വൈശ്യരുടെ ഭരണമാണ് ഇപ്പോൾ. ഇനി ശൂദ്രരുടെ കാലംവരും’ എന്ന് വിവേകാനന്ദൻതന്നെ പറഞ്ഞിട്ടുണ്ട്. വർണവ്യവസ്ഥയെ അംഗീകരിച്ച്, കൊളോണിയലിസത്തിന്റെ നവീകരണബോധ്യങ്ങളെ ഉൾപ്പെടുത്തി ഹിന്ദുത്വത്തെ പുതുക്കി നിലനിർത്തുകയാണ്. ദലിതർക്ക്, പിന്നാക്കക്കാർക്ക്, ഇതിൽ പ്രത്യേക പങ്കുണ്ട്

രാമ​ന്റെ രാജ്യാഭിഷേകസന്ദർഭം മുതൽ ഭരത​ന്റെ വനയാത്രവരെയുള്ള രാമായണഭാഗം ഇതിവൃത്തമാക്കി എൻ. കൃഷ്ണപിള്ള എഴുതിയ ‘ചെങ്കോലും മരവുരിയും’ എന്ന നാടകം അറുപതുകളിൽ പത്താംക്ലാസ് കുട്ടികൾക്കുള്ള പാഠപുസ്തകമായിരുന്നു. രാമായണസന്ദർഭങ്ങളെ കൂടുതൽ നാടകീയമാക്കുക എന്നതല്ലാതെ വിമർശനാത്മക ഇടപെടലുകളൊന്നും ഇതിലില്ല. അദ്ദേഹത്തിെൻറ നാടകങ്ങളിൽ പ്രധാന വിഷയമായിരുന്ന ബൂർഷ്വകുടുംബത്തെ രാമായണത്തിലേക്കുകൂടി വ്യാപിപ്പിച്ചു വായിക്കുന്നു എന്നോ അല്ലെങ്കിൽ അതിെൻറ നിഴലുകൾ രാമായണത്തിൽ കണ്ടെത്തുന്നുവെന്നോ പറയാൻ കഴിയും.

പക്ഷേ, അതിനപ്പുറം ആ നാടകത്തിെൻറ തലക്കെട്ടിനു മറ്റൊരു സവിശേഷതയുണ്ടായിരുന്നു. ചെങ്കോലും മരവുരിയും വിരുദ്ധധ്രുവങ്ങളിലാണെന്ന അടിസ്ഥാന ബ്രാഹ്മണിക്കൽ മിത്തിനെ അത് പൂർണമായും ഉൾക്കൊക്കൊള്ളുന്നു.

ബ്രാഹ്‌മണിക്കൽ രാഷ്ട്രീയവ്യവസ്ഥയുടെ അടിസ്ഥാനം രാജ്യാധികാരത്തിെൻറ ചെങ്കോലും സന്യാസത്തിെൻറ മരവുരിയും തമ്മിലെ ആന്തരികമായ ഐക്യത്തെ മൂടി​െവച്ചുകൊണ്ടു സന്യാസം എന്ന സ്ഥാപനത്തിെൻറ നിലനിൽപും രാജ്യാധികാരത്തിെൻറ സാധൂകരണവും ഒരേ വ്യവസ്ഥയുടെ ആവശ്യമാണ് എന്നത് മറച്ചു​െവച്ചുകൊണ്ട്, ഇവയെ പരസ്പരം വൈരുധ്യങ്ങളുള്ള മൂല്യങ്ങളായി അവതരിപ്പിക്കുന്നു.

യഥാർഥത്തിൽ രാമൻ ചെങ്കോൽ ഉപേക്ഷിച്ചു മരവുരിയണിഞ്ഞു കാട്ടിലേക്ക് പോകുന്നത് മരവുരിയെ സംരക്ഷിക്കാനാണ്. ഭൗതികമായ അർഥത്തിൽ രാമൻ ഉപേക്ഷിച്ച ചെങ്കോലാണ് യഥാർഥത്തിൽ രാമ​െൻറ ഹിംസകളുടെ സാധുത നിർവചിക്കുന്നത്. ചെങ്കോൽ ഒരു ഭൗതികവസ്തു എന്നതിനേക്കാൾ ദക്ഷിണേന്ത്യൻ സങ്കൽപത്തിൽ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന അധികാരപ്രതീകമാണ്.

ചെങ്കോൽ എന്ന സങ്കൽപം നേരിട്ട് പ്രയോഗത്തിൽ ഇല്ലെങ്കിൽപോലും വൈദിക ഗ്രാമവ്യവസ്ഥയിൽനിന്ന് രാജാധികാരത്തിലേക്കു നീങ്ങുന്ന ഇന്ത്യൻ സാമുദായിക പരിണാമത്തെ കാളിദാസൻ തന്റെ നാടകങ്ങളിലും കാവ്യങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും അവതരിപ്പിക്കുന്നത് ചെങ്കോലും മരവുരിയും തമ്മിലെ ബന്ധത്തിന്റെ, രാജാധികാരവും ആശ്രമം എന്ന സ്ഥാപനവും തമ്മിലെ പാരസ്പര്യത്തിന്റെ പരിവർത്തനങ്ങൾ വെളിവാക്കിക്കൊണ്ടാണ്.

ഭരണകൂടം വർണവ്യവസ്ഥയിൽ ഉരുത്തിരിയുന്നതും നിലനിൽക്കുന്നതും മരവുരിയുടെ, ആശ്രമത്തിന്റെ, സന്യാസത്തിന്റെ പ്രതിസാധൂകരണത്തിലൂടെയാണ്.

ലക്ഷ്യം തമിഴ്​നാടിനുമപ്പുറം

പാർലമെന്റ് മന്ദിര ഉദ്ഘാടനവേളയിൽ ഭൗതിക അർഥത്തിൽത്തന്നെ ചെങ്കോൽ പൂജിക്കപ്പെടുകയും ആ പൂജക്ക്‌ മരവുരിയുടെ സമകാലപ്രതീകങ്ങൾ കൂടിയായ ശൃംഗേരിമഠത്തിലെ സന്യാസികൾ നേതൃത്വംനൽകുകയും ചെയ്തു. തമിഴ്‌നാട്ടിലെ അബ്രാഹ്മണ ശൈവമഠമായ തിരുവാടുതുറ അധീനത്തിലെ ശൈവസന്യാസിയാണ് 1947ൽ നെഹ്റുവിനു ഈ ചെങ്കോൽ സമ്മാനമായി നൽകുന്നത്.

ഇത് അധികാരക്കൈമാറ്റത്തിന്റെ ഒരു സവിശേഷ ചിഹ്‌നവത്കരണമായി കണക്കാക്കുന്നവരുണ്ട്. നെഹ്‌റു അങ്ങനെ കരുതിയതിനോ, ഒരു സമ്മാനം സ്വീകരിച്ചു അത് മ്യൂസിയത്തിന് നൽകിയതിൽ കവിഞ്ഞൊരു പ്രാധാന്യം അതിനു കൊടുത്തതിനോ ഒരു തെളിവുകളുമില്ല. ജനാധിപത്യം ചെങ്കോലിലല്ല, ചെങ്കോലില്ലാത്ത ജനാവലിയുടെ സാധൂകരണത്തിലൂടെയാണ് നിലനിൽക്കുന്നതെന്ന് നെഹ്റുവിനു അറിയാമായിരുന്നു.

എന്നാലിപ്പോൾ നരേന്ദ്ര മോദിയും സംഘ്പരിവാറും ആ പ്രതീകത്തെ പുനരാനയിക്കുകയാണ്. ഇതിലൂടെ നിർവഹിക്കപ്പെടുന്നത് ചെങ്കോൽ എന്ന ഭൗതികവസ്തുവിന്റെ പുനഃസ്ഥാപനമല്ല. അത് കേവലം തമിഴ്‌നാട് രാഷ്ട്രീയത്തിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ മാത്രം ഭാഗവുമല്ല.

അതിനപ്പുറം ഇന്ത്യചരിത്രത്തിൽ ചെങ്കോലും മരവുരിയും തമ്മിലെ, സന്യാസവും ഭരണാധികാരവും തമ്മിലെ ബന്ധത്തെ ചരിത്രത്തിൽനിന്ന് കണ്ടെടുത്തുകൊണ്ടു പരിവാർ രൂപംനൽകാൻ ആഗ്രഹിക്കുന്ന സോഷ്യൽ എൻജിനീയറിങ്ങിന്റെ ആധാരബിന്ദുവായി അതിനെ മാറ്റുക എന്നതാണ്.

നെഹ്​റു കാണാതെപോയത്​

ഇക്കഴിഞ്ഞ മാർച്ച്​ 12 മുതൽ 14വരെ പാനിപ്പത്തിൽ യോഗംചേർന്ന ആർ.എസ്.എസിന്റെ പരമോന്നത നയരൂപവത്കരണസമിതിയായ അഖിലഭാരതീയപ്രതിനിധിസഭ ഈ സോഷ്യൽ എൻജിനീയറിങ്ങിന്റെ അടിസ്ഥാനപ്രമേയങ്ങൾ നിർവചിക്കുകയുണ്ടായി. സാമൂഹിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതിസംരക്ഷണം, സ്വദേശിആചരണം, സിവിൽ അച്ചടക്കം എന്നിവയാണ് ആ നാല് ആദർശങ്ങൾ.

എന്നാൽ, എന്താണ് ഒരു അബ്രാഹ്മണ ശൈവമഠത്തിന്റെ പഴയ ഇടപെടലിനെ ഇതുപോലെ വീണ്ടെടുക്കാൻ കാരണം എന്നതുകൂടി നാം അന്വേഷിക്കേണ്ടതുണ്ട്. അക്കാലത്ത്​ നെഹ്‌റു ഒരുപക്ഷേ, അവഗണിച്ച ഒരു കാര്യം, എന്തായിരിക്കും ആ അബ്രാഹ്മണ ശൈവമഠത്തെ ഇത്തരമൊരു ഇടപെടലിന് പ്രേരിപ്പിച്ചതെന്ന വസ്തുതയാണ്.

അധികാരം ബ്രാഹ്‌മണ്യ വ്യവസ്ഥയിലേക്കു പോകരുതെന്നുള്ള ഒരു താക്കീതുകൂടിയായാണ് അത് നല്കിയിട്ടുണ്ടാവുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ദക്ഷിണേന്ത്യയുടെ അബ്രാഹ്മണ പാരമ്പര്യങ്ങളാണ് ദേശീയ ഉദ്ഗ്രഥനത്തിന്റെ അടിസ്ഥാനം എന്നൊരു സങ്കല്പം ആ ചെങ്കോൽ ദാനത്തിലുണ്ടായിരുന്നു.

ഇപ്പോൾ ഈ പഴയ സമ്മാനദാനം ഓർമിച്ചെടുക്കുന്ന ബി.ജെ.പിക്ക് സമാനമല്ലെങ്കിലും, അബ്രാഹ്മണ ഹിന്ദുബോധവുമായി പുതിയൊരു കരാറിൽ ഏർപ്പെടാനുള്ള വഴിതുറക്കുകയാണ് ഈ ചെങ്കോൽ കഥ.

ബ്രാഹ്മണിക്കൽ ഹിന്ദുത്വവുമായി വിടപറയുന്നു എന്നൊരു ധാരണ അടുത്തകാലത്തായി ആർ.എസ്.എസ് ഉണ്ടാകുന്നുണ്ട്. ഇത് പൂർണമായും അടിസ്ഥാനരഹിതമല്ല. എന്നാൽ, ഇത് മോദിയുടെ വിശാലമനസ്കതയോ ആർ.എസ്.എസിന്റെ മനംമാറ്റമോ അല്ല. കേരളത്തിൽതന്നെ ഈഴവവിഭാഗത്തിൽപ്പെട്ടവർ ധാരാളം ബി.ജെ.പി നേതൃത്വത്തിലേക്ക് വരുന്നുണ്ട്.

ഉത്തർപ്രദേശിലും രാജസ്ഥാനിലും കർണാടകയിലും മധ്യപ്രദേശിലും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ധാരാളം ആളുകൾ മന്ത്രിമാരും ബി.ജെ.പിയുടെ നേതാക്കന്മാരുമാണ്. ബ്രാഹ്മണരുടെ ഒരു സംഘടനമാത്രമായല്ലാതെ ആർ.എസ്.എസ് മാറിയിട്ടില്ലേ എന്നു സംശയിക്കാവുന്നതാണ്. ഈ സംശയത്തിന് ചരിത്രപരമായി വേണം നാം ഉത്തരം കണ്ടെത്താൻ.

അറിയപ്പെടുന്ന ഇന്ത്യാചരിത്രത്തിൽ ബ്രാഹ്മണരുടെ പ്രാധാന്യം പ്രത്യയശാസ്ത്രപരമാണ്. ഇതിഹാസങ്ങളിൽതന്നെ ദരിദ്രരായ ദ്രോണർ, കുചേലൻ തുടങ്ങിയ ബ്രാഹ്മണരുടെ കഥകൾ ഉണ്ടെങ്കിലും ദരിദ്രനായ ക്ഷത്രിയന്റെയോ വൈശ്യന്റെയോ കഥയില്ലെന്നു നാം ഓർക്കേണ്ടതുണ്ട്.

ബ്രാഹ്മണർ ഭരിക്കുന്നവരല്ല. ബ്രാഹ്മണ്യം എന്നത് ഒരു സവിശേഷ പ്രത്യയശാസ്ത്രമാണ്. ബ്രാഹ്മണർക്ക് അനുഷ്ഠാന അധികാരങ്ങളും ക്ഷത്രിയർക്ക് ഭരണാധികാരങ്ങളും വൈശ്യർക്ക് സാമൂഹികാവശങ്ങളും ശൂദ്രർക്ക് ഇവരുടെ മിനിയൽ വർക്കേഴ്സ് ആയിരിക്കാനുമുള്ള അവകാശവും വർണവ്യവസ്ഥക്ക് ഉള്ളിലുണ്ട്. ദലിതരാവ​ട്ടെ, ഈ വ്യവസ്ഥക്ക് പുറത്ത് അടിച്ചമർത്തപ്പെട്ടവരാണ്.

വർണവ്യവസ്ഥക്ക് ഉള്ളിൽ ഒരു സമ്മിതിയുണ്ട്. ശൂദ്രർ ഒരിക്കലും വർണവ്യവസ്ഥക്ക് എതിരെ ശക്തമായി പൊരുതിയിട്ടില്ല. ശംബുകന്റെ കഥകളൊക്കെ വർണധർമത്തോടുള്ള പ്രതിഷേധമായി പറയുമെങ്കിലും ശക്​തമായ ശൂദ്രപ്രതിരോധം ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇതിന്റെ കാരണം ആ വ്യവസ്ഥക്ക് ഉള്ളിലെ സമ്മിതിയാണ്. ശൂദ്രനെ സംബന്ധിച്ച് തന്റെ കർമങ്ങൾ നന്നായി അനുഷ്ഠിച്ചാൽ അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാം.

ഇതിന് പുറത്തുള്ളവർക്ക് ദൈവവും മോക്ഷവും ഇല്ലെന്ന് കരുതിയിരുന്ന ഭരണകൂടത്തിന് ആവശ്യമായ പ്രത്യയശാസ്ത്രനിർമിതികൾ രൂപപ്പെടുത്തുന്ന ഉപാധിയായിട്ടാണ് ബ്രാഹ്മണ്യം പ്രവർത്തിച്ചത്. ദീർഘകാലം നിലനിന്നുപോന്ന ഈ വിനിമയത്തിന് മാറ്റംസംഭവിക്കുന്നത് കൊളോണിയലിസത്തിന്റെ വരവോടെയാണ്.

പൗരസ്ത്യദേശങ്ങളെ മനസ്സിലാക്കുവാൻ കൊളോണിയൽ പണ്ഡിതന്മാർ ശ്രമിച്ചു. ഇന്ത്യയിൽനിന്നും മധ്യേഷ്യയിൽനിന്നും അവർ ജ്ഞാനങ്ങൾ ശേഖരിച്ചു. ഇന്ത്യയിൽ, പൗരസ്ത്യവാദികൾ ജ്ഞാനശേഖരണത്തിനുവേണ്ടി കൂടുതൽ ആശ്രിയച്ചത് അറിവധികാരമുണ്ടായിരുന്ന ബ്രാഹ്മണരെയായിരുന്നു.

സംസ്ക്യതകൃതികൾ വ്യാഖ്യാനിക്കുവാൻ പൗരസ്ത്യവാദികൾക്ക് ബ്രാഹ്മണരുടെ സഹായം ആവശ്യമായിവന്നു. അവർക്കനുകൂലമായി ജ്ഞാനശാസ്ത്രം വ്യാഖ്യാനിക്കപ്പെട്ടതോടെ ധാരാളം ബ്രാഹ്മണർ ഭരണനിർവഹണത്തിലേക്ക് കടന്നുവന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെ ഈ പ്രവണത തുടർന്നുപോകുന്നതായി കാണാം.

വർണവ്യവസ്​ഥയുടെ നിലനിൽപ്​

ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനത്തിൽ പുനർവിഭാവനം ചെയ്യപ്പെടുന്ന അബ്രാഹ്മണ ഹിന്ദുത്വത്തിന്റെ ധാരാളം പ്രായോഗിക ഉദാഹരണങ്ങളുണ്ട്. ക്ഷേത്രകേന്ദ്രിതമായ അനുഷ്ഠാനങ്ങളിൽ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ടവരെ പരിഗണിക്കുന്നു. കേരളത്തിൽ നായർ സമുദായത്തിനാണ് കൂടുതൽ സാംസ്കാരിക ആധിപത്യമുള്ളത്. ചില സ്ഥലങ്ങളിൽ ഈഴവർ അടക്കമുള്ള പിന്നാക്കവിഭാഗങ്ങൾക്ക് പ്രാധാന്യമുണ്ടെങ്കിലും ശൂദ്രകേന്ദ്രിതമായ വരേണ്യതയാണ് കേരളത്തിലുള്ളത്.

കേരളത്തിലെ ശൂദ്രാധിപത്യം ചരിത്രപരമാണ്. ചട്ടമ്പിസ്വാമികളുടെ രചനകളും മറ്റും ബ്രാഹ്മണ്യത്തെ പ്രതിരോധിച്ചുകൊണ്ട് ശൂദ്രാധിപത്യ സംസ്കാരം വളരുന്നതിന് ഇടയാക്കി. ഇതാണ് ഇപ്പോൾ ഇന്ത്യയൊട്ടാകെ സംഭവിക്കുന്നത്. സംഘ്പരിവാറിനകത്ത് ക്ഷത്രിയശൂദ്രവൈശ്യാധിപത്യമാണ് നടക്കുന്നത്.

ഹിന്ദുത്വത്തെ സംബന്ധിച്ച് ബ്രാഹ്മണരുടെ പ്രത്യയശാസ്ത്രമാണ് പ്രധാനം. അവർ നേരിട്ട് ഭരിക്കണമെന്നില്ല. ഇതാണ് വർണവ്യവസ്ഥയുടെ കാതൽ. അത് നിലനിർത്തുക എന്നതാണ് പ്രധാനം. വർണവ്യവസ്ഥക്കു പുറത്ത് ദലിതർ നിൽക്കണം. ‘ആദ്യം ബ്രാഹ്മണർ ഭരിച്ചു.

പിന്നെ ക്ഷത്രിയരും. വൈശ്യരുടെ ഭരണമാണ് ഇപ്പോൾ. ഇനി ശൂദ്രരുടെ കാലംവരും’ എന്ന് വിവേകാനന്ദൻതന്നെ പറഞ്ഞിട്ടുണ്ട്. വർണവ്യവസ്ഥയെ അംഗീകരിച്ച്, കൊളോണിയലിസത്തിന്റെ നവീകരണബോധ്യങ്ങളെ ഉൾപ്പെടുത്തി ഹിന്ദുത്വത്തെ പുതുക്കി നിലനിർത്തുകയാണ്.

ദലിതർക്ക്, പിന്നാക്കക്കാർക്കു, ഇതിൽ പ്രത്യേക പങ്കുണ്ട്. ഭരണത്തിലേക്ക് ആർക്കും വരാം. പക്ഷേ, അതിന്റെ പ്രതിനിധാനരാഷ്ട്രീയമാണ് പ്രധാനം. കൊളോണിയൽ കാലങ്ങളിൽ പൂർണമായിട്ടും വരേണ്യബ്രാഹ്മണരുടേതായ വ്യവസ്ഥ ഹിന്ദുത്വത്തിനുള്ളിൽ രൂപംകൊള്ളുന്നതിന്റെ സ്വാഭാവികപരിണാമമെന്നോണം പരിവാർ ഇപ്പോൾ ഇന്ത്യയെ ചെങ്കോലും മരവുരിയും തമ്മിലുള്ള പഴയ പരസ്പര്യത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്നു.

അതിനാവശ്യമായ രണ്ടു പ്രധാന കരുതലുകളായാണ് നവഹിന്ദുത്വം ഇസ്‌ലാമോഫോബിയയേയും ക്രൈസ്തവ സ്വാംശീകരണത്തെയും കാണുന്നത് എന്നുകൂടി ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimodi governmentparliamentsengol
News Summary - sengol-modi government-new parliament building
Next Story